മരുഭൂക്കാഴ്ച്ചകള്‍ – സുഭാഷ് ഒട്ടുംപുറം

കുറേ നേരമായിരുന്നു ഞങ്ങള്‍ നടക്കാന്‍ തുടങ്ങിയിട്ട്. ഞങ്ങളെന്ന് പറഞ്ഞാല്‍ ഞാനും അയാളും. സൂര്യന്‍ ഒരു കൈയ്യകലത്തിലെന്നപോലെ ചൂട് ചൊരിഞ്ഞു കൊണ്ടിരുന്നു. എന്റെ കൈയ്യിലുള്ള കുപ്പിയില്‍ ഇത്തിരി മാത്രമേ വെള്ളമുണ്ടായിരുന്നുള്ളൂ. ഇനിയെത്ര ദൂരം നടക്കണം അയാള്‍ പറഞ്ഞ സ്ഥലത്തേക്കെന്ന് ഞാനാലോചിച്ചു.


”നടന്ന അത്രയും” – അയാള്‍ പറഞ്ഞു.

എനിക്ക് വല്ലാത്ത നിരാശ തോന്നി. വരേണ്ടായിരുന്നു.

പിന്നീടാലോചിച്ചപ്പോള്‍ ഇത്തിരി ആശ്വാസവും തോന്നി. മറ്റൊന്നുമല്ല; അയാള്‍ക്ക് വേണമെങ്കില്‍ പറയാമായിരുന്നു ”ഇനിയൊത്തിരി ദൂരമില്ല, നമ്മള്‍ എത്താറായെന്ന്.”


അങ്ങനെ പറഞ്ഞ് പ്രലോഭിപ്പിക്കുന്നതിന് പകരം ഒത്തിരി ദൂരത്തിന്റെ കാര്യം പറഞ്ഞത് അയാള്‍ക്ക് ഗൂഢമായ പദ്ധതികളൊന്നും ഇല്ലാത്തതിനാലാവുമെന്നായിരുന്നു എന്റെ അപ്പോഴത്തെ ആശ്വാസം. അപ്പോഴേക്കും ഞങ്ങള്‍ കാല്‍നടയായി ഒരിരുപത് കിലോമീറ്ററെങ്കിലും പിന്നിട്ടു കാണും. അയാള്‍ പറഞ്ഞ വാഗ്ദത്തഭൂമിയിലേക്ക് ഇനിയും ഇരുപത് കിലോമീറ്ററുകള്‍! നടക്കാതെ വേറെ വഴിയില്ലായിരുന്നു.


രാവിലെ ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലില്‍നിന്ന് പരിചയപ്പെട്ടതായിരുന്നു അയാളെ. ഹോട്ടലില്‍ നല്ല തിരക്കുണ്ടായിരുന്നു. ഒഴിഞ്ഞസ്ഥലം നോക്കി നോക്കി അയാള്‍ വന്നിരുന്നത് എന്റെ ടേബിളില്‍. മുഖാമുഖമിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഞാനയാളെ വെറുതെ ശ്രദ്ധിച്ചു. നാല്‍പ്പത് വയസ്സ് കഴിഞ്ഞിരിക്കണം. താടിയും മുടിയും പിന്നെ ആ മൂക്കും കണ്ടപ്പോള്‍ അയാളെ നല്ല പരിചയമുള്ളപോലെ എനിക്ക് തോന്നി. പക്ഷേ, എത്ര ശ്രമിച്ചിട്ടും എനിക്ക് അയാളെ ഓര്‍ത്തെടുക്കാനായില്ല.


 വളരെ പതുക്കെയായിരുന്നു അയാള്‍ ഭക്ഷണം കഴിച്ചിരുന്നത്. ഞാന്‍ ഏകദേശം കഴിച്ചു തീരാറായിരുന്നു. ആവശ്യമില്ലാതിരുന്നിട്ടുകൂടി ഞാനൊരു ചപ്പാത്തികൂടി ഓര്‍ഡര്‍ ചെയ്തു.  അത് മറ്റൊന്നും കൊണ്ടല്ല; കഴിച്ചുതീരുംവരെ അയാളെ ഓര്‍ത്തെടുക്കാനായിരുന്നു. എനിക്കാ ചപ്പാത്തി കഴിച്ചു തീര്‍ക്കാനായില്ല, അയാളെ ഓര്‍ത്തെടുക്കാനുമായില്ല. ഞാനെണീറ്റു…


അപ്പോഴാണയാള്‍ ചോദിച്ചത്:

”ഈ ചപ്പാത്തി ഞാനെടുത്തോട്ടെ?”

എനിക്കത്ഭുതം തോന്നി. ഞാന്‍ കഴിച്ചതിന്റെ ബാക്കി കഴിക്കാന്‍ അനുവാദം ചോദിക്കുകയോ?

”ഞാന്‍ മറ്റൊരെണ്ണം പറയാം.”

”വേണ്ട എനിക്കിതു മതി”

അയാള്‍ എന്റെ സമ്മതത്തിന് കാത്തുനില്‍ക്കാതെ അത് കഴിച്ചു തുടങ്ങി.

ഞാനൊന്നും മിണ്ടാതെ ക്യാഷ് കൗണ്ടറിലേക്ക് നടന്നു.

ഹോട്ടലിന് പുറത്തെത്തിയപ്പോള്‍ അയാള്‍ എന്റെ പിന്നാലെ വന്നു. പോക്കറ്റില്‍ നിന്നൊരു പത്ത് രൂപ എടുത്ത് നീട്ടി അയാള്‍ പറഞ്ഞു:

”അതിന്റെ കാശ്”

ഞാന്‍ വീണ്ടും അത്ഭുതപ്പെട്ടു.

”ഭക്ഷണം വെറുതെ കളയുന്നത് ശരിയല്ല.  അത് കിട്ടാത്ത ഒരുപാടു പേരുണ്ട്.”


അപ്പോഴാണ് എനിക്കാ മുഖം ഓര്‍മയില്‍ തെളിഞ്ഞത്. അത് വാന്‍ഗോഗിന്റെ മുഖമായിരുന്നു. ഒരു ചെവി ഇല്ലായിരുന്നെങ്കില്‍ അയാള്‍ ശരിക്കും വിന്‍സെന്റ്  വാന്‍ഗോഗ് തന്നെയാണെന്ന് ഞാനുറപ്പിച്ചേനെ. പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഞാന്‍ നില്‍ക്കുന്നതെന്നും  കരുതിയേനെ. അത്രയ്ക്കുണ്ടായിരുന്നു അയാള്‍ക്ക് വാന്‍ഗോഗുമായി രൂപസാദൃശ്യം. ഞാനതയാളോട് പറഞ്ഞു. അയാള്‍ക്കതില്‍ പ്രത്യേകിച്ച് അത്ഭുതമൊന്നും തോന്നിയില്ല. കാരണം അയാള്‍ക്ക് വാന്‍ഗോഗിനെ അറിയുകയേയില്ലായിരുന്നു.


അങ്ങനെയാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. ഒരു ചുരുട്ട് വലിച്ച് തീരുന്ന സമയത്തിനുള്ളില്‍ അയാള്‍ ഞാനാരാണെന്നും എവിടെനിന്ന് വരുന്നുമെന്നുമൊക്കെ മനസ്സിലാക്കി. അയാളെ പറ്റി ഞാന്‍ കൂടുതലൊന്നും ചോദിച്ചില്ല. അയാള്‍ പറഞ്ഞുമില്ല. അയാള്‍ ചുരുട്ട് വലിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് ക്ലിന്റ് ഈസ്റ്റ് വുഡിനെയാണ് ഓര്‍മവന്നത്. ചുരുട്ട് വലിക്കുകയല്ല; തിന്നുകയാണെന്ന് തോന്നും.  സംസാരിക്കുമ്പോള്‍ കടിച്ച് പിടിച്ച ചുരുട്ട് ചുണ്ടിന്റെ ഒരു കോണില്‍നിന്ന് മറ്റേ കോണിലേക്ക് അങ്ങോട്ടുമിങ്ങോട്ടും തികഞ്ഞ കലാബോധത്തോടെ സഞ്ചരിക്കുന്നുണ്ടായിരുന്നു.


”അപ്പോള്‍ നാടുചുറ്റുകയാണല്ലേ. എന്റെ കൂടെ വരികയാണെങ്കില്‍ രസകരമായ ഒരു സ്ഥലം ഞാന്‍ കാട്ടിത്തരാം.”- ചുരുട്ട് കെടുത്തിക്കൊണ്ട് അയാള്‍ പറഞ്ഞു.


പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാതെ ചുറ്റിക്കറങ്ങുകയായിരുന്ന എനിക്ക് അയാളുടെ കൂടെ പോകാന്‍ വിഷമമൊന്നുമില്ലായിരുന്നു. പക്ഷേ, അയാളെപ്പറ്റി ശരിക്ക് മനസ്സിലാക്കാതെ ഒപ്പം പോകുന്നതില്‍ ഒരു പന്തികേടുള്ളപോലെ. അപരിചിതനായ അയാള്‍ക്ക് എന്നെ കീഴ്‌പ്പെടുത്താനുള്ള കരുത്തൊന്നുമില്ലായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ തന്നെ അയാള്‍ക്ക് ഉപകാരപ്പെടുന്ന വിലപിടിപ്പുള്ള യാതൊന്നും എന്റെ പക്കലില്ലായിരുന്നു. ഇനി അയാള്‍ വല്ല അവയവക്കടത്തുകാരനുമാണെങ്കില്‍? ആളില്ലാത്ത സ്ഥലത്ത് കൊണ്ടുപോയി പിന്നില്‍നിന്ന് തലക്കടിച്ച് കൊലപ്പെടുത്തി കണ്ണും കരളും ഹൃദയവുമൊക്കെ തുരന്നെടുത്ത്….


അയാള്‍ എന്നില്‍നിന്നും അപഹരിച്ചതൊക്കെ മറ്റേതെങ്കിലും ശരീരത്തില്‍ തുടിച്ച് തുടങ്ങുന്നത് ഞാന്‍  സങ്കല്‍പ്പിച്ചു നോക്കി. വെറുതേ മണ്ണില്‍ അലിഞ്ഞുതീരുന്നതിന് പകരം അയാളടക്കം ഒത്തിരി പേരുടെ ജീവിതം എന്റെ ശരീരം കാരണം രക്ഷപ്പെടുമെങ്കില്‍ അതെത്ര കൗതുകം നിറഞ്ഞതാകുമെന്ന് ഞാന്‍ ആലോചിച്ചു.


അങ്ങനെ രണ്ടും കല്‍പ്പിച്ചാണ് ഞാനയാളോടൊപ്പം പുറപ്പെട്ടത്. അയാള്‍ പറഞ്ഞ സ്ഥലത്ത് എന്താണ് കാണാനുള്ളതെന്ന് ചോദിച്ചപ്പോള്‍ വഴിയേ പറയാം എന്നാണയാള്‍ പറഞ്ഞത്. ഉദ്വേഗജനകമായ ഒരു കുറ്റാന്വേഷണ കഥ പോലെ അയാളാ സ്ഥലത്തെ എന്റെ ആകാംക്ഷകളില്‍ കുടുക്കിയിട്ടു. ഏറെ നിര്‍ബന്ധിച്ചപ്പോള്‍ ഒന്ന് രണ്ട് സൂചനകള്‍ മാത്രം അയാള്‍ തന്നു.


”അതൊരു ചന്തയാണ്. അഞ്ച് വര്‍ഷത്തില്‍ ഒരു തവണ മാത്രം കൂടുന്ന ചന്ത. ബാക്കി വഴിയേ പറഞ്ഞുതരാം”


ബസ്സിലായിരുന്നു ഞങ്ങളുടെ യാത്ര. കുറേദൂരം പിന്നിട്ടിട്ടും അയാള്‍ ബാക്കി പറഞ്ഞില്ല. അതിന് കാരണം ബസ്സിലെ ബഹളമായിരുന്നു. വളരെ കുറച്ചാളുകള്‍ മാത്രമേ യാത്രക്കാരായി ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ബഹളം കൂടുതലായിരുന്നു. മര്‍മരങ്ങളും പൊട്ടിച്ചിരികളുമായി ബസ്സിനകം ഒരു ചന്തപ്പറമ്പ് പോലുണ്ടായിരുന്നു. ഇതിനുപുറമേ ബസ്സിന്റെ കുലുക്കവും. ഓരോ തവണ ബസ്സ് ആടിയുലയുമ്പോളും ഡ്രൈവറും യാത്രക്കാരും റോഡ് നന്നാക്കാത്തതിന് ആരെയൊക്കെയോ ശപിക്കുന്നുണ്ടായിരുന്നു.


ആള്‍വാസമൊന്നുമില്ലാത്ത ഒരു പ്രദേശത്തൂടെ ഒന്ന് രണ്ട് കിലോമീറ്ററുകള്‍ പിന്നിട്ടപ്പോള്‍ അയാള്‍ എന്നോട് പറഞ്ഞു:


”നമുക്കിറങ്ങാനുള്ള സ്ഥലമെത്താറായി”

”ഞങ്ങള്‍ക്കിവിടെ ഇറങ്ങണം”

ഡ്രൈവറുടെ മുഖത്ത് അമ്പരപ്പ്.

”ഇവിടെയോ?”

”ഉം” – അയാള്‍ മൂളി.

ബസ്സ് നിന്നു. ഞങ്ങളിറങ്ങി.

”സ്ഥലം മാറിയിട്ടില്ലല്ലോ?” – കണ്ടക്റ്റര്‍ ചോദിച്ചു.

അതിന് മറുപടി പറയാതെ അയാള്‍ നടന്നു തുടങ്ങി. ഞാന്‍ പിന്നാലെയും. ഒന്നു തിരിഞ്ഞു നോക്കിയപ്പോള്‍ ബസ്സിലെ ഡ്രൈവറും കണ്ടക്റ്ററും യാത്രക്കാരുമടക്കം അത്ഭുതപ്പെട്ട് ഞങ്ങളെ തന്നെ നോക്കി നില്‍ക്കുന്നത് കണ്ടു. അവരുടെ നോട്ടം എനിക്കിത്തിരി അസ്വസ്ഥതതയുണ്ടാക്കിയിരുന്നു.