സ്വതന്ത്രന്‍:അഥവാ നാട്ടാനയും കാട്ടാനയും – എം. കമറുദ്ദീന്‍

സ്വാതന്ത്ര്യവും പാരതന്ത്ര്യവുമെന്നത് ഒരു നാണയത്തിന്റെ ഇരുപുറമൊന്നുമല്ല. സ്വാതന്ത്ര്യത്തില്‍ പാരതന്ത്ര്യവും പാരതന്ത്ര്യത്തില്‍ സ്വാതന്ത്ര്യവും അനുഭവിച്ചും ആഘോഷിച്ചുമാണ് നാമെല്ലാം ജീവിക്കുന്നത്. സ്വാതന്ത്ര്യമുള്ളതുകൊണ്ടുമാത്രം എന്തും ചെയ്യുന്നവരെയും സ്വാതന്ത്ര്യമില്ലാത്തതുകൊണ്ടുമാത്രം ഒന്നും ചെയ്യാത്തവരെയും കണ്ടുമുട്ടാനെളുപ്പമല്ല. മനുഷ്യാനുഭവങ്ങളിലെല്ലാം ഈയൊരു വിപരീതസത്യം നിലവിലുണ്ട്.


കാലിലെ ചങ്ങലയഴിഞ്ഞയുടന്‍ റോഡില്‍ ഒരേ നില്പുനിന്ന ഒരു ആനയെ ഒരിക്കല്‍ കണ്ടിട്ടുണ്ട്. ആന ഓടാനല്ല ശ്രമിച്ചത്. അവിടെ നില്ക്കാനാണ്. അത് അഭ്യസന (ഹലമൃിശിഴ) ത്തിന്റെ ഫലമാണ്. പാപ്പാന്‍ ചങ്ങല മുറുക്കിയതിനുശേഷം മാത്രമാണ് ആന വീണ്ടും നടക്കാന്‍ തുടങ്ങിയത്. അതിന് നടക്കണമെങ്കില്‍ ആ ചങ്ങലയുടെ ഭാരം കൂടിവേണം. നിയന്ത്രിതമായ ഒരസ്വാതന്ത്ര്യമാണ് അതിന്റെ സ്വാതന്ത്ര്യം.


ഇത്തരം ചില സ്വാതന്ത്ര്യങ്ങള്‍ അനുഭവിച്ചുകൊണ്ടാണ് മനുഷ്യരും ജീവിച്ചുപോകുന്നത്. സ്വാതന്ത്ര്യവും പാരതന്ത്ര്യവുമെന്നത് പതിവായി പറഞ്ഞുവരുന്നതുപോലെ ഒരു നാണയത്തിന്റെ ഇരുപുറമൊന്നുമല്ല. സ്വാതന്ത്ര്യത്തില്‍ പാരതന്ത്ര്യവും പാരതന്ത്ര്യത്തില്‍ സ്വാതന്ത്ര്യവും അനുഭവിച്ചും ആഘോഷിച്ചുമാണ് നാട്ടാനകളും മനുഷ്യരുമെല്ലാം ജീവിക്കുന്നത്. സ്വാതന്ത്ര്യമുള്ളതുകൊണ്ടുമാത്രം എന്തും ചെയ്യുന്നവരെയും സ്വാതന്ത്ര്യമില്ലാത്തതുകൊണ്ടുമാത്രം ഒന്നും ചെയ്യാത്തവരെയും കണ്ടുമുട്ടാനെളുപ്പമല്ല. മനുഷ്യാനുഭവങ്ങളിലെല്ലാം ഈയൊരു വിപരീത സത്യം നിലവിലുണ്ട്.


നിശ്ശബ്ദതയെയും ഏകാന്തതയെയും പ്രകീര്‍ത്തിക്കാത്ത കവിതകളും ധ്യാനപദ്ധതികളും കുറവാണല്ലോ. എന്നാല്‍, നമ്മുടെ നിശ്ശബ്ദത മുറിയിലെ ഫാനിന്റെ ശബ്ദംകൂടി ഉള്‍ച്ചേര്‍ന്നതാണ്. റെയില്‍വേസ്റ്റേഷനടുത്ത് താമസിക്കുന്നവര്‍ക്ക് അത് പലതരം തീവണ്ടികളുടെ ഒച്ചകളുമായി ഇഴപിരിഞ്ഞതാണ്. ഫാന്‍ നിലച്ചാല്‍ നമ്മള്‍  അസ്വസ്ഥരാവുന്നത് കാറ്റ് ലഭിക്കാത്തതുകൊണ്ടുമാത്രമല്ല, സഹനീയമായ നിശ്ശബ്ദതയ്ക്കുപകരം അസഹനീയമായ നിശ്ശബ്ദത കടന്നുവരുന്നതുകൊണ്ടുകൂടിയാണ്. ശബ്ദം കൂടിച്ചേര്‍ന്ന നിശ്ശബ്ദതയാണ് മനുഷ്യരുടെ ഒരാദര്‍ശം.


അല്‍പം അകലെയാണെങ്കിലും എവിടെയൊക്കെയോ മനുഷ്യര്‍ പാര്‍ക്കുന്ന ഇടങ്ങളുണ്ട് എന്ന അറിവാണ് ഒരുവന്റെ ഏകാന്തതയെ ശബ്ദായമാനമാക്കുന്നത്. ശബ്ദായമാനമല്ലാത്ത, കടുത്ത ഏകാന്തത ചിലര്‍ക്ക് അനുഭവിക്കാന്‍ കഴിയുന്ന ഇടം ആളുകള്‍ കൂടിനിന്ന് ഒച്ചവയ്ക്കുന്ന സ്ഥലങ്ങളാണ്.


സ്വാതന്ത്ര്യമാണമൃതം അതുതന്നെ ജീവിതം എന്നൊക്കെ കവി പാടിയിട്ടുണ്ടല്ലോ. എന്നാല്‍, സ്വാതന്ത്ര്യം അനുഭവിക്കാന്‍ ആര്‍ക്കൊക്കെ കഴിയും എന്നത് തികച്ചും അസുഖകരമായ ഒരു ചോദ്യമാണ്. സ്വാതന്ത്ര്യം ഒരു താന്തോന്നിയുടെ ആഹ്ലാദാനുഭവമാണ് എന്ന് തോന്നാനിടയുണ്ട്. എന്നാല്‍, ഈ താന്തോന്നി ഒരു സമൂഹത്തിലാണ് ജീവിക്കുന്നതെങ്കില്‍ അയാളുടെ സ്വാതന്ത്ര്യത്തിന് അതിരുകള്‍ കൈവരുന്നു. തനിക്കു തോന്നുന്നതെല്ലാം തന്റെ മാത്രം തോന്നലുകളാണോ എന്ന ഒരു പ്രശ്‌നവും താന്തോന്നിയെ സംബന്ധിച്ചുണ്ട്.


എല്ലാ തോന്നലുകള്‍ക്കുപിന്നിലും അഭ്യസനങ്ങളുടെ ഒരു സ്വകാര്യ ചരിത്രമുണ്ട്. എന്നാല്‍, മനുഷ്യരും മൃഗങ്ങളുമില്ലാത്ത, ഏകാന്തവിജനമായ ഒരു ദ്വീപിലകപ്പെട്ട ഒരാള്‍ സ്വാതന്ത്ര്യത്തിന്റെ നിഗൂഢമായ ഭാരങ്ങളനുഭവിക്കാന്‍ തുടങ്ങുന്നു. സ്വതന്ത്രനാവേണ്ടതില്ലാത്തതുകൊണ്ട് അയാള്‍ക്ക് സ്വാതന്ത്ര്യം ഒരനുഭവമായി വരുന്നില്ല. അയാളുടെ സ്വാതന്ത്ര്യത്തിന് അതിര്‍ത്തി നിശ്ചയിച്ചിരിക്കുന്നത് ദ്വീപിനുചുറ്റും, ഓളങ്ങളടക്കി ശയിക്കുന്ന വിശാലമായ സമുദ്രമാണ്. അയാള്‍ക്ക് പ്രകൃതിനല്കുന്ന അസ്വാതന്ത്ര്യത്തില്‍നിന്നു പുറത്തുകടക്കാം. അത് മൂര്‍ത്തമായ സ്വാതന്ത്ര്യമാണ്. ദ്വീപില്‍ത്തന്നെ തന്റെയൊരു ലോകം സൃഷ്ടിക്കുകയും ചെയ്യാം. തിരമാലകളോട് മല്ലിട്ട് മല്ലിട്ട് വന്‍കരയിലെത്തുന്ന അയാള്‍ അഭിമുഖീകരിക്കുന്ന സ്വാതന്ത്ര്യവും അസ്വാതന്ത്ര്യവും മറ്റൊരുതരത്തിലുള്ളതാണ്.


ഞാന്‍ എനിക്കിഷ്ടമുള്ളതെല്ലാം ചെയ്യുന്നു. അതാണെന്റെ സ്വാതന്ത്ര്യം എന്നു വിശ്വസിക്കുന്നയാള്‍ തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ താന്‍ മാത്രമാണോ തീരുമാനിക്കുന്നത് എന്ന ചോദ്യത്തെ അഭിമുഖീകരിക്കുന്നില്ല. അയാളറിയാതെയും അറിഞ്ഞും കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന പലതരം അഭ്യസനങ്ങളിലൂടെയാണ് അയാളുടെ ഇഷ്ടാനിഷ്ടങ്ങള്‍ രൂപീകരിക്കപ്പെട്ടിട്ടുള്ളത്.