മന്നാന്‍ പാട്ടുകളുടെ ലാവണ്യ ദര്‍ശനം

സര്‍ഗാത്മകമായ ഏതു പ്രവൃത്തികളുടെയും അടിസ്ഥാനലക്ഷ്യങ്ങളിലൊന്ന് അനശ്വരതയാണ്. അനശ്വരത ആഗ്രഹിച്ചുകൊണ്ടുള്ള സൃഷ്ടികര്‍മങ്ങളില്‍ ഏര്‍പ്പെടുക എന്നത് ഏതൊരു സമൂഹവും അനുവര്‍ത്തിച്ചുപോരുന്ന ഒരു ജീവിതചര്യയാണ്. അതിജീവനമാണ് അതിന്റെ പ്രധാന ലക്ഷ്യം. ആട്ടത്തിലും പാട്ടിലും കഥപറച്ചിലിലും അഭിനയത്തിലും കരകൗശലത്തിലും മാത്രമല്ല, ഭൗതികമായ എല്ലാ നിര്‍മിതികളിലും ഈ അതിജീവനത്വര അന്തര്‍ലീനമായി വര്‍ത്തിക്കുന്നുണ്ട്. ബൈബിള്‍ പഴയനിയമത്തിലെ ഉല്‍പത്തി എന്ന അധ്യായത്തില്‍ വിവരിക്കുന്ന ബാബേല്‍ ഗോപുരത്തിന്റെ നിര്‍മാണം ഇതുമായി ബന്ധപ്പെട്ട ഏറ്റവും നല്ല ഉദാഹരണമാണ്. പിരമിഡുകള്‍, കോട്ടകള്‍, മതിലുകള്‍, കൊട്ടാരങ്ങള്‍, സ്മാരകങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങി ലോകാത്ഭുതങ്ങളുടെ പട്ടികയില്‍ വന്നിട്ടുള്ള എല്ലാ മനുഷ്യനിര്‍മിതികളും അടിസ്ഥാനപരമായി അനശ്വരതയുടെയും അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെതുമായ സന്ദേശം തന്നെയാണ് പങ്കുവയ്ക്കുന്നത്.


ബുദ്ധിയുമായി അഥവാ മനസ്സുമായി ബന്ധപ്പെട്ട സര്‍ഗാത്മക പ്രകിയകള്‍ക്ക് പ്രതിരോധത്തിന്റേതായ മൂല്യങ്ങള്‍ കൂടുതലുമാണ്. സാഹിത്യസൃഷ്ടികളും കലാസൃഷ്ടികളും മറ്റ് സൃഷ്ടികര്‍മങ്ങളില്‍ നിന്നും വേറിട്ടുനില്‍ക്കുന്നതും അതുകൊണ്ടാണ്.


കാട് ഗോത്രജനതയുടെ വീട്


‘കാട് മനുഷ്യനാദ്യം പിറന്നവീട്’ എന്ന കവിവാക്യമുണ്ടെങ്കിലും അപരിഷ്‌കൃതത്വത്തിന്റെ പര്യായമായി വിലയിരുത്താനാണ് ആധുനികസമൂഹം പലപ്പോഴും ശ്രമിക്കാറുള്ളത്. കാട് ചേര്‍ത്ത് വിശേഷിപ്പിക്കാറുള്ള പക്ഷികള്‍, മൃഗങ്ങള്‍ സസ്യജാലങ്ങള്‍ എന്തുമാവട്ടെ അതിനെല്ലാം ഒരു പ്രാകൃതത്വമോ കിരാതത്വമോ വന്യതയോ കല്പിച്ചുകൊടുക്കുന്നു. കാടുകയറുക എന്ന പ്രയോഗം പോലും തെറ്റുപറ്റുക എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിക്കുക. പരിഷ്‌കൃത സമൂഹത്തിന്റെ കാഴ്ച്ചപ്പാടില്‍ നിന്നുകൊണ്ടു നോക്കുമ്പോഴാണ് കാട് ഇപ്രകാരമുള്ള ഒരു പ്രാകൃത പരികല്പനയായി മാറുന്നത്. യഥാര്‍ത്ഥത്തില്‍ എന്താണു കാട്? വൃക്ഷലതാദികളും സസ്യജാലങ്ങളും പക്ഷിമൃഗാദികളും നീര്‍ച്ചോലകളും വള്ളിപ്പടര്‍പ്പുകളും എല്ലാം ചേര്‍ന്നു രൂപപ്പെടുന്ന സ്വരലയ വിന്യാസങ്ങള്‍ ഒരുമിക്കുന്ന, സമജ്ജസമായി സമ്മേളിക്കുന്ന ഒരു സമഗ്രതയാണ് കാടിനെ കാടാക്കി മാറ്റുന്നത്. കുറെ മരങ്ങള്‍ മാത്രം ഒരിടത്തു കൂടി നിന്നാല്‍ അതിന് കാടിന്റേതായ പരിവേഷം കിട്ടുകയില്ല. കുറെ കാട്ടുമൃഗങ്ങള്‍ ഒരിടത്തു തമ്പടിച്ചുനിന്നാലും ആ പ്രദേശത്തെ കാടായി വിശേഷിപ്പിക്കാനാവില്ല. സമഗ്രതയുടേതായ ഇത്തരം സവിശേഷതകള്‍ക്കപ്പുറം മറ്റു പലതും കൂടിയാണ് കാട്. ലാളിത്യത്തിന്റെയും പരിശുദ്ധിയുടെയും കളങ്കമില്ലായ്മയുടെയും ഉറവിടം കൂടിയാണ് കാട്. ശുദ്ധമായ വായു, ജലം, ആഹാരം, അഭയം എന്നിവയെല്ലാം കാട്ടില്‍ നിന്നു ലഭിക്കുന്നു. മനുഷ്യന് നൈസര്‍ഗികമായി നിലനില്‍ക്കാന്‍ വേണ്ടതെല്ലാം അവിടെയുണ്ട്.


ആദിവാസികളെ സംബന്ധിച്ച് കാട് അവരുടെ വീടായി മാറുന്നത് അങ്ങനെയാണ്. ഒരു അക്ഷയപാത്രം പോലെ കാട് അവര്‍ക്കെല്ലാം നല്‍കുന്നു. കേവലമായ സ്‌നേഹാദരങ്ങള്‍ക്കപ്പുറം ആരാധിക്കപ്പെടേണ്ട മറ്റു പലതുമെന്നപോലെ കാടും മാറിത്തീരുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്. കാട് അവരുടെ അന്നമാണ്, അഭയമാണ്, ദേവതയാണ്. ഗോത്രസമൂഹങ്ങളില്‍ നിലനില്‍ക്കുന്ന വനദേവതാ സങ്കല്പത്തിന്റെ പൊരുളും ഇതല്ലാതെ മറ്റൊന്നുമല്ല.


കാടും മേടും അരുവികളും പക്ഷികളും മൃഗങ്ങളും അതിസങ്കീര്‍ണമായ കാലാവസ്ഥാ സവിശേഷതകളുംകൊണ്ട് വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളില്‍ രൂപംകൊള്ളുന്ന കലകള്‍ക്കും കാട്ടുപാട്ടുകള്‍ക്കും അതിന്റേതായ പ്രത്യേകതകളും ലാവണ്യദര്‍ശനവുമുണ്ട്. നാടിനേക്കാള്‍ കുറേക്കൂടി ഓജസും കരുത്തും തനിമയും ജൈവപരമായ സവിശേഷതകളും അത് പ്രദാനം ചെയ്യുന്നു. കാടിന്റേതായ സമഗ്രതയില്‍ നിന്ന് ഉറവംകൊള്ളുന്ന ഒരു സൗന്ദര്യസങ്കല്പം അതില്‍ ലയിച്ചുകിടപ്പുണ്ട്. ഇടുക്കിയിലെ പ്രബല ഗോത്രങ്ങളായ മന്നാന്‍, മുതുവാന്‍, മലയപ്പുലയന്‍, പളിയന്‍, ഊരാളി, ഉള്ളാടന്‍ തുടങ്ങി ഏതു ഗോത്രങ്ങളിലെയും പാട്ടുകളിലും ഇതര കലാരൂപങ്ങളിലും ഈ ദര്‍ശനത്തിന്റെ ഉള്‍ച്ചേരലുകള്‍ കാണാം. ഇടുക്കിയിലെ ഏറ്റവും വലിയ ഗോത്രമായ മന്നാന്‍ പാട്ടുകളില്‍ ഇത് വളരെ കൂടുതലുമാണ്.


ആവാസവ്യവസ്ഥയുടെ ആവിഷ്‌ക്കാരങ്ങള്‍


കേരളത്തിലെ മിക്ക ആദിവാസി ഗോത്രങ്ങളുടെയും പ്രധാനപ്പെട്ട ആവാസകേന്ദ്രങ്ങള്‍ പശ്ചിമഘട്ട പര്‍വതനിരകളുടെ നിമ്‌നോന്നതങ്ങളാണ്. മലമുടികള്‍, ചെരിവുകള്‍, തടങ്ങള്‍ എന്നിങ്ങനെ ഒറ്റപ്പെട്ട പ്രദേശങ്ങളിലെ കുടിയിരിപ്പുകളായിട്ടാണ് അവ വിതരണം ചെയ്യപ്പെട്ടിട്ടുള്ളത്. സമുദ്രനിരപ്പില്‍ നിന്നും വളരെ ഉയര്‍ന്നു നില്‍ക്കുന്ന ഈ വന- പര്‍വത മേഖലകള്‍ ജൈവവൈവിധ്യങ്ങളുടെ കലവറ കൂടിയാണ്. ഇലപൊഴിയും കാടുകള്‍, നിത്യഹരിതവനങ്ങള്‍, ചോലവനങ്ങള്‍, ഈറ്റക്കാടുകള്‍, പുല്‍മേടുകള്‍ തുടങ്ങിയ വനവൈവിധ്യങ്ങളുടെ ധാരാളിത്തംകൊണ്ട് സമ്പന്നമായ ഭൂപ്രദേശം. വിവിധ ജനുസുകളില്‍പ്പെടുന്ന ആയിരക്കണക്കായ സസ്യജാലങ്ങളുടെയും ജന്തു- സൂക്ഷ്മാണു ജീവികളുടെയും ആവാസ കേന്ദ്രവുമാണ്. ഭൂപ്രകൃതിയിലും കാലാവസ്ഥയിലും മനുഷ്യപ്രകൃതിയിലുമെല്ലാം ഒട്ടേറെ വ്യത്യസ്തതകള്‍. സദാ ചീറിയടിക്കുന്ന കാറ്റും, കോടമഞ്ഞും തണുപ്പും നൂല്‍വണ്ണത്തില്‍ ചെയ്തിറങ്ങുന്ന മഴയും വിചിത്രമായ രൂപഭാവങ്ങളോടുകൂടിയ പക്ഷിമൃഗാദികളും എല്ലാംചേര്‍ന്ന് രൂപംകൊണ്ട ഒരു ആവാസവ്യവസ്ഥയിലാണ് പശ്ചിമഘട്ടത്തിലെ ഗോത്രജീവിതം തളിര്‍ത്തതും പൂത്തതും. അതുകൊണ്ടുതന്നെ അതിജീവനത്തിനായി അവര്‍ വിരിയിച്ചെടുത്ത എല്ലാ മാതൃകകളിലും വേറിട്ട ആവാസവ്യവസ്ഥകളുടേതായ സവിശേഷതകള്‍ അലിഞ്ഞു ചേര്‍ന്നു കിടക്കുന്നതുകാണാം.


മന്നാന്‍ പാട്ടുകള്‍


ചിലപ്പതികാര കഥയില്‍ നിന്നും വ്യത്യസ്തമായി ഒരു നാടോടി അവതരണ സ്വരൂപം കൈവരിച്ച കലാരൂപമാണ് മന്നാന്‍കൂത്ത്. മന്നാന്‍കൂത്തിലെ പാട്ടുകള്‍ക്കും ചൊല്ലുകള്‍ക്കും, സംഭാഷണങ്ങള്‍ക്കും എല്ലാം ഈ സവിശേഷതയുണ്ട്. കഥയുടെ പശ്ചാത്തലം മലയോരങ്ങളും മധുരാനഗരവും അതിന്റെ പ്രാന്തപ്രദേശങ്ങളുമാണ്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഇടുക്കി മലനിരകളില്‍ മന്നാന്മാര്‍ എത്തപ്പെടുന്നത് ഏകദേശം നാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ്. അതിനുമുമ്പും ഇവര്‍ തമിഴ്‌ദേശത്തിന്റെ മലമുടികളില്‍ ഗോത്രജനതയായിത്തന്നെ ജീവിച്ചിരുന്നവരാകാനാണു സാധ്യത. മന്നാന്‍കൂത്തിന് അതിന്റെ നാടോടി സ്വരൂപം കൈവരിച്ചത് എവിടെ വച്ചായിരിക്കും എന്നത് കൂടുതല്‍ ഉപരിപഠനം ആവശ്യപ്പെടുന്ന ഒരു വിഷയമാണ്. എന്തായാലും ഒരു കാര്യം ഉറപ്പാണ്. കാടും മലയും അടിവാരങ്ങളും നഗരദേശ പ്രൗഡികളും എല്ലാം ഉള്‍ച്ചേരുന്ന ഒരു ഭൂമികയിലാണ് മന്നാന്‍ കൂത്തിന്റെ രംഗപശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ആവാസവ്യവസ്ഥയുടെ ആവിഷ്‌കാരങ്ങളായി മന്നാന്‍പാട്ടുകള്‍ മാറുന്നുണ്ട്. ആകാശവും ഭൂമിയും മലയും താഴ്‌വരയും അരുവികളും പാറക്കെട്ടുകളും, പക്ഷികളും മൃഗങ്ങളും എല്ലാം കഥാപാത്രങ്ങളായി മാറുന്നു. കാട്ടറിവുകളുടെയും ജൈവവൈവിധ്യങ്ങളുടെയും നിറഞ്ഞുകവിയല്‍ കൂത്തിലെ പാട്ടുകളിലും ചൊല്ലുകളിലും ഉടനീളം ദര്‍ശിക്കാനാവും.


മന്നാന്‍കൂത്തിന്റെ തുടക്കംതന്നെ മലദൈവങ്ങളെയും ദേവതമാരെയും പ്രകീര്‍ത്തിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്. മുല്ലൂരാനാണ്ടവന്‍, ശബരിമല അയ്യപ്പന്‍, കാഞ്ചിയാത്തുമുത്തി, കോചികൂവാനാണ്ടവന്‍, മടിപ്പിചമുത്തി, കാടാടുമുത്തി, ചുത്തുവീര ഭഗവാന്‍ തുടങ്ങി എല്ലാ ദൈവങ്ങളെയും വന്ദിച്ചുകൊണ്ടുള്ള പാട്ടുകളാണത്.