നീയും ഞാനും ഒന്നായ നമ്മളും എന്ന സമവാക്യം – ബിഷപ് അലക്സ് വടക്കുംതല
ബോധി
ജാതി മത വര്‍ണ വര്‍ഗ ചേരിതിരിവുകളുടെ അപകടസാധ്യത നമ്മുടെ ഭവനങ്ങളുടെ പടിപ്പുരകളില്‍ വരെ വന്നെത്തിയിരിക്കുന്നുവോ? സമഭാവനയോടെ ചിന്തിക്കാനും സൗഹാര്‍ദതയോടെ ഇടപഴകാനും ഒരുമയോടെ നീങ്ങാനുമായില്ലെങ്കില്‍ പിന്നെ എന്തു വിദ്യാഭ്യാസ മേന്മ? എന്തു വിശ്വാസ പൈതൃകം?
‘നാമാരൊക്കെയെന്തൊക്കെ നാത്തൂനേ’ എന്ന ചോദ്യത്തിന് കവി മുരുകന് കാട്ടാക്കടയുടെ ‘ഒരു നാത്തൂന്‍പാട്ട്’ എന്ന കവിതയിലെ മറുപടി ഇപ്രകാരമാണ്. ‘ആയിരം ജാതികളായിരം ചേരികള്‍ അമ്പതിനായിരം നീയും ഞാനും!’
വിഭജിച്ച്, വിഘടിച്ച് ശൈഥില്യം സംഭവിക്കുന്ന ഒരു സമൂഹത്തിന്റെ അപായസൂചന ഈ വരികളിലുണ്ട്. ഈ അപായമണി മുഴങ്ങുന്നതാര്‍ക്കുവേണ്ടി എന്ന് ഗൗരവതരമായി നാമിന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ജാതി മത വര്‍ണ വര്‍ഗ ചേരിതിരിവുകളുടെ അപകടസാധ്യത നമ്മുടെ ഭവനങ്ങളുടെ പടിപ്പുരകളില്‍ വരെ വന്നെത്തിയിരിക്കുന്നുവോ? സമഭാവനയോടെ ചിന്തിക്കാനും സൗഹാര്‍ദതയോടെ ഇടപഴകാനും ഒരുമയോടെ നീങ്ങാനുമായില്ലെങ്കില്‍ പിന്നെ എന്തു വിദ്യാഭ്യാസ മേന്മ? എന്തു വിശ്വാസ പൈതൃകം?
2002-ലെ ഗുജറാത്ത് വര്‍ഗീയ കലാപത്തിന്റെ തൊട്ടടുത്ത ദിനങ്ങളില്‍ ഡല്‍ഹിയില്‍ നിന്ന് ആരംഭിച്ച ഒരു ‘സദ്ഭാവന തീര്‍ത്ഥയാത്ര’യില്‍ ഞാനും അംഗമായിരുന്നു. ഈയിടെ അന്തരിച്ച സ്വാമി അഗ്നിവേശിനോടും ഗാന്ധിയന്‍ നിര്‍മല ദെഷ്പാന്തയോടുമൊപ്പം ഞങ്ങള്‍, ഫാദര്‍ ഡൊമിനിക് ഇമ്മാനുവേലും, സൈലേസ് ഗാന്ധിയും വത്സല്‍ തമ്പുവും ഷാഹൂല്‍ അഹമ്മദും ഒക്കെ ഉണ്ടായിരുന്നു. 2002 ഫെബ്രുവരി 27-ന് അയോധ്യയില്‍ നിന്ന് തിരിച്ചെത്തിയ സബര്‍മതി എക്സ്പ്രസില്‍ 56 കര്‍സേവകര്‍ ഗുജറാത്തിലെ ഗോദ്റ സ്റ്റേഷനടുത്തുവച്ച് വെന്തെരിഞ്ഞ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപത്തിന്റെ ദുരന്തസ്പന്ദനങ്ങളുടെയും ഉണങ്ങാത്ത മുറിവുകളുടെയും കെട്ടടങ്ങാത്ത പകയുടെയും വിദ്വേഷത്തിന്റെയും മദ്ധ്യത്തിലേക്കാണ് ഞങ്ങള്‍ വണ്ടിയിറങ്ങിയത്. ദൈന്യതയും ഭയവും വെറുപ്പും ഉള്ളിലൊതുക്കി ക്യാമ്പുകളില്‍ കഴിയുന്നവരെ ഞങ്ങള്‍ ചെന്നുകണ്ടു. അവരോടു സംസാരിച്ചു. വിവിധ രാഷ്ട്രീയ മതനേതാക്കളുമായി സംവദിച്ചു. വഡോദരയിലും ഭാവ്നഗറിലും രാജ്കോട്ടും ഒക്കെ ഞങ്ങള്‍ ശാന്തിദൂതുമായി സഞ്ചരിച്ചു. അഹമ്മദാബാദിലെത്തിയപ്പോള്‍ ഒരുമിച്ചുകൂടിയത് വിഖ്യാതമായ സെന്റ് സേവ്യേഴ്സ് കോളേജിന്റെ അങ്കണത്തിലെ പുല്‍തകിടിയില്‍ വലിയ തണല്മരത്തിന് കീഴിലായിരുന്നു. രണ്ട് ക്യാമ്പസുകളിലായി കിന്റര്‍ ഗാര്‍ട്ടന്‍ മുതല്‍ ബിരുദാനന്തര ബിരുദം വരെ ഒരേ ക്ലാസ് മുറികളില്‍ പഠിച്ച വിവിധ മതവിഭാഗങ്ങളിലെ സഹപാഠികള്‍ ആ സന്ധ്യയില്‍ ഒരുമിച്ചുവന്നു. അന്ന് അവര്‍ പരസ്പരം ചോദിച്ചു: ‘നമ്മളെന്തേ നമ്മള് പഠിച്ച പാഠങ്ങള്‍ മറന്നുപോയി? നമ്മുടെ ചുറ്റുപാടുകള്‍ കലാപഭൂമിയായപ്പോള്‍ നമ്മളും എന്തേ വിവിധ ചേരികള്‍ തിരിഞ്ഞ് യുദ്ധത്തില്‍ പങ്കുചേര്‍ന്നു? നാം സമ്പാദിച്ച ഉന്നത വിദ്യാഭ്യാസം എന്തേ നമ്മെ ഉയര്‍ന്നു ചിന്തിക്കാന്‍ സഹായിച്ചില്ല?! നമ്മുടെ വിശ്വാസം എന്തേ നമ്മെ ഒരുമിപ്പിച്ചില്ല?!’
സമാധാനത്തിന്റെയും സമഭാവനയിലൂടെ സ്വാതന്ത്ര്യത്തിന്റെയും പാത തെളിയിച്ച പ്രവാചകനെ ലോകത്തിനു സമ്മാനിച്ച നാട്ടില്‍ ഈ തിരിച്ചറിവും ചിന്തയും ചോദ്യങ്ങളും കുറച്ചുപേരിലെങ്കിലും ഉയര്‍ന്നത് സ്വാഭാവികം. ‘യങ്ങ് ഇന്ത്യ’യില്‍ 1924 മെയ് 29-ന് മഹാത്മാ ഗാന്ധി എഴുതി: ഹിന്ദു – മുസ്ലീം ഹൃദയ ഐക്യമാണ് ഭാരത സ്വാതന്ത്ര്യത്തിന്റെ അവശ്യഘടകം. (S. Abid Husain, Gandhiji and Communial Unity, Orient Longman, Bombay, 1969, p.23). മറ്റൊരിക്കല്‍ മഹാത്മജി കുറിച്ചു: ‘സത്യത്തെ അറിയുകയും അതിന്റെ അനിവാര്യത അനുഭവപ്പെടുകയും ചെയ്ത നിമിഷം മുതല്‍ ക്രിസ്തുമതത്തെയോ മറ്റേതെങ്കിലും മതങ്ങളെയോ പരസ്യമായി അംഗീകരിക്കുന്നതില്‍ നിന്നും എന്നെ തടയാന്‍ ഈ ലോകത്തില്‍ യാതൊന്നിനും കഴിയുമായിരുന്നില്ല. ബൈബിളും ഖുറാനും പഠിക്കാന്‍ അവസരം ലഭിച്ചതോടെ ഞാനൊരു ക്രിസ്താനിയോ മുസല്മാനോ ആണെന്ന് പറയുവാന്‍ എനിക്ക് മടിയില്ലാതെയായി. ഹിന്ദു, ക്രിസ്ത്യാനി, മുസല്മാന് തുടങ്ങിയവ സമാനാര്ത്ഥങ്ങളുള്ള പദങ്ങളാണ്’. (യങ്ങ് ഇന്ത്യ, 02.09.1926, മഹാത്മാഗാന്ധി, ഞാനറിയുന്ന ക്രിസ്തു, വിവര്‍ത്തനം, പ്രൊഫ. ടോണി മാത്യു, ഗാന്ധിഭവന്, കൊച്ചി, 1999, പേജ് 6).
യഥാര്‍ത്ഥ വിശ്വാസിയായിരിക്കുകയും, എന്നാല്‍ സമഭാവനയോടും സഹാനുഭൂതിയോടും കാണാനുള്ള മഹാത്മജിയുടെ മഹത്വമാണ് ഇന്നും മാതൃകയാക്കേണ്ടത്. ഈ മഹത്വമാണ് മലയാളത്തിന്റെ മഹാകവി വള്ളത്തോള്‍ മനോഹരമായി വാഴ്ത്തി പാടിയത്.