ഇരട്ടദുരന്തം

അഫ്ഗാനിസ്ഥാനിലെ ജനങ്ങളോടൊപ്പം അവരുടെ ഇരട്ട ദുരന്തത്തില്‍ നമുക്കും വിലപിക്കാം. ഒന്നാമത്തെ ദുരന്തം, 20 വര്‍ഷം മുമ്പ് അമേരിക്കന്‍ പട്ടാളം അന്യായമായി നീതിമത്കരിക്കാനാവാത്ത രീതിയില്‍ നടത്തിയ അധിനിവേശമാണ്. ഇന്നത്തെ ദുരന്തത്തിനു കളമൊരുക്കിയത് ഈ അധിനിവേശമാണ്. രണ്ടാമത്തെ ദുരന്തം ഇസ്ലാം മതമൗലികവാദികളായ താലിബാന്‍കാരുടെ അധികാരം പിടിച്ചെടുക്കലാണ്. പാശ്ചാത്യസാമ്രാജ്യത്വ ചിന്തയുടെ തുടര്‍ച്ചതന്നെയായിരുന്നു ഈ അധിനിവേശം. അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാന്‍ വിട്ടുപോയതില്‍ കണ്ണീരൊഴുക്കിയവരുമുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍, ജനാധിപത്യശക്തികളുടെ മുന്നേറ്റവും വിദേശസാമ്രാജ്യത്വ കൊളോണിയല്‍ ശക്തികളുടെ പരാജയവുമാണ് നമുക്ക് കാണാനാവുന്നത്.  നിര്‍ഭാഗ്യവശാല്‍, ചില നാടുകളില്‍ സ്വേച്ഛാധിപത്യഭരണകൂടം നിലവില്‍വരുന്നതിന് ഇടയായിട്ടുണ്ട്. നാം ഉയര്‍ത്തിപ്പിടിക്കേണ്ട അടിസ്ഥാന ധാര്‍മിക രാഷ്ട്രീയ പ്രമാണം സ്വേച്ഛാധിപത്യഭരണകൂടങ്ങളെ പിഴുതെറിയാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യത്തെയാണ്. (വളരെ അപൂര്‍വമായി ഇതിന് ഒഴികഴിവുകളുണ്ടാവാം) ഇന്ത്യക്കാര്‍ ബ്രിട്ടീഷുഭരണത്തെ തൂത്തെറിഞ്ഞതും, ഇന്‍ഡോനേഷ്യക്കാര്‍ ഡച്ചുകാരെ പുറത്താക്കിയതും സൗത്ത് ആഫ്രിക്കക്കാര്‍ വര്‍ണവിവേചനത്തിനെതിരെ നിലപാടെടുത്തതും ഈ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ്. വിദേശസൈനിക ഇടപെടലിലൂടെ വിമോചനമെന്നത് ഏറെ വ്യത്യസ്തമായ സംഗതിയാണ്.
1978-ലെ സൗര്‍വിപ്ലവത്തെത്തുടര്‍ന്ന്, പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി ഓഫ് അഫ്ഗാനിസ്ഥാന്‍ അധികാരത്തിലെത്തി. മതനിരപേക്ഷവും പുരോഗമന-പരിഷ്‌ക്കരണ ചിന്തകളും സോവ്യറ്റ് കമ്മ്യൂണിസ്റ്റ് അനുഭാവവുമുള്ള കക്ഷിയായിരുന്നുവെങ്കിലും കാബൂളിനു വെളിയില്‍ അതിനു വലിയ സാമൂഹിക അടിത്തറയൊന്നുമുണ്ടായിരുന്നില്ല. കൂടാതെ, ആഭ്യന്തരപ്രശ്‌നങ്ങളും തൊഴുത്തില്‍കുത്തുംമൂലം കുഴപ്പങ്ങള്‍ വര്‍ധിച്ചു. ഈ സര്‍ക്കാരിനെ പിന്തുണച്ചുകൊണ്ട് നടന്ന സോവ്യറ്റ് അധിനിവേശവും നീതിമത്കരിക്കാനാവാത്തതുമായിരുന്നു. രാഷ്ട്രീയമായി അതൊരു ദുരന്തമായി മാറി. വൈദേശിക അധിനിവേശത്തിനെതിരെ, ജനകീയ ദേശീയ സമരത്തിന്റെ നേതൃത്വം അല്‍ഖ്വദ, താലിബാന്‍ എന്നീ ഇസ്ലാമിക വിഭാഗങ്ങളുടെ കരങ്ങളിലായി. ഇവര്‍ക്ക് സൈനികസഹായവും യുദ്ധോപകരണങ്ങളും പരിശീലനവും എല്ലാം നല്‍കിയത് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും അടങ്ങിയ സഖ്യമാണ്. പാക്കിസ്ഥാനും ഇവരെ നല്ലപോലെ സഹായിച്ചു. ഒടുവില്‍, 1989-ല്‍ സോവ്യറ്റ് യൂണിയന്‍ പിന്മാറി. സോവ്യറ്റ് യൂണിയന്റെ പിന്തുണയോടെ അധികാരത്തിലേറിയിരുന്ന സര്‍ക്കാര്‍ നിലംപതിച്ചതിനെത്തുടര്‍ന്നായിരുന്നു, ഈ പിന്മാറ്റം. വിവിധ ഇസ്ലാം വിഭാഗങ്ങള്‍ക്കിടയില്‍ നടന്ന ആഭ്യന്തരകലഹങ്ങളാണ്, ഇതിനു വഴിവച്ചത്. 1996-ല്‍ താലിബാന്‍ 90 ശതമാനം പ്രദേശങ്ങളും കൈയടക്കുകയും അവരുടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.
2011-ലെ ട്വിന്‍ ടവേഴ്‌സ് പെന്റഗണ്‍ ആക്രമണത്തെ മനുഷ്യരാശിക്കെതിരെയുള്ള ഒരു കുറ്റകൃത്യമായി അടയാളപ്പെടുത്താന്‍ അമേരിക്ക വിസമ്മതിച്ചു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ കുറ്റം ചെയ്തവരെയും അവരുടെ ശൃംഖലയെയും മാത്രം ലക്ഷ്യംവച്ചു നീങ്ങാനും അവരെ നശിപ്പിക്കാനും മാത്രമേ കഴിയുമായിരുന്നുള്ളു. എന്നാല്‍ അതിനുപകരം, ഭീകരവാദത്തിനെതിരെ ഒരു ആഗോളയുദ്ധം തന്നെ പ്രഖ്യാപിക്കുക വഴി പല കാര്യങ്ങളാണ് അമേരിക്ക ലക്ഷ്യംവച്ചത്. കുറ്റകൃത്യത്തിനു ഗൂഢാലോചന നടത്തിയവരെന്നോ, ഭീകരവാദികള്‍ക്ക് താവളമൊരുക്കുന്നുവെന്ന് അമേരിക്ക പ്രഖ്യാപിച്ച സര്‍ക്കാരുകള്‍ അല്ലെങ്കില്‍ രാഷ്ട്രങ്ങള്‍ എന്നോ വ്യത്യാസമില്ലാത ഈ വിഷയത്തെ കാണുമെന്നും അമേരിക്ക പ്രഖ്യാപിച്ചു. ഇതുവഴി, അമേരിക്കയും ഒരു സര്‍ക്കാരിതര സംഘടനയുമായുള്ള സംഘട്ടനത്തെ പശ്ചിമേഷ്യയിലെയും മധ്യേഷ്യയിലെയും വിവിധ രാജ്യങ്ങളുമായുള്ള സംഘട്ടനമായി ചിത്രീകരിക്കാന്‍ അമേരിക്കയ്ക്ക് വഴിയൊരുക്കി. ഈ മേഖലയിലെ തന്ത്രപ്രധാനമായ ആഗോള നേതൃത്വം അമേരിക്കയുടെ അധീനത്തിലാക്കുകയെന്ന ലക്ഷ്യം ഇവിടെ വ്യക്തമാണ്.  ഈ സഹസ്രാബ്ദത്തില്‍ സൈന്യത്തിന്റെ ആക്രമണത്തിനു ആദ്യം വിധേയമാകുന്ന രാഷ്ട്രം അഫ്ഗാനിസ്ഥാനാണ്. അമേരിക്കയുടെ വിദേശകാര്യവിഭാഗം ചൈന, റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളെ പ്രത്യേകം നിരീക്ഷിക്കേണ്ടതാണെന്നു മനസ്സിലാക്കിയിട്ടുണ്ട്. പാക്കിസ്ഥാനു പുറമേ, ഇറാന്‍, ചൈന, റഷ്യയോട് ആഭിമുഖ്യം പുലര്‍ത്തുന്ന മധ്യേഷ്യയിലെ റിപ്പബ്ലിക്കുകള്‍ അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തി പങ്കുവയ്ക്കുന്ന രാജ്യങ്ങളാണ്. ഓയിലിന്റെയും ഗ്യാസിന്റെയും ചൂഷണം ചെയ്യപ്പെടാതെ കിടക്കുന്ന വലിയ നിക്ഷേപം ഈ മധ്യേഷ്യന്‍ മേഖലയിലുണ്ട്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അമേരിക്കന്‍ സൈന്യവും അതിന്റെ പാവസര്‍ക്കാരും അറിയപ്പെടാത്ത കലാപകാരികള്‍ക്കെതിരായി ബോംബാക്രമണങ്ങളും, തിരച്ചില്‍ ശ്രമങ്ങളും ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളും നിരവധി തവണ നടത്തുകയുണ്ടായി. ഏകദേശം 6500 അമേരിക്കന്‍ സൈനികര്‍ ജീവത്യാഗം ചെയ്തു. 2019 വരെയുള്ള കണക്കനുസരിച്ച് 1,60,000 അഫ്ഗാനികളുടെ വിലപ്പെട്ട ജീവന്‍ നഷ്ടമായി. ഇവരില്‍ സൈനികര്‍, പോലീസുകാര്‍, പ്രതിലോമകാരികള്‍, സിവിലിയന്‍സ് എന്നിവര്‍ ഉള്‍പ്പെടും. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത പൗരന്മാരുടെ മരണക്കണക്കും ലക്ഷക്കണക്കിനാണ്. അവിടുത്തെ മൊത്തം ജനസംഖ്യ 35 മുതല്‍ 40 ദശലക്ഷം വരെയാണെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. നാലു ദശലക്ഷം അഫ്ഗാന്‍കാര്‍ സ്വദേശത്തുതന്നെ വീടുവിട്ട് ചിതറിത്താമസിച്ചിരിക്കുകയാണ്. 2.7 ദശലക്ഷം അഭയാര്‍ത്ഥികളുമുണ്ടവിടെ. ഇപ്പോഴത്തെ കണക്കനുസരിച്ച് 48 ശതമാനം ജനങ്ങളും ദേശീയ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. പുരോഗമനപരമായ ഏതാനും നിയമങ്ങളും പരിഷ്‌ക്കാരങ്ങളും നടപ്പിലാക്കിയെങ്കിലും അവയൊന്നും അമേരിക്കന്‍ സാന്നിധ്യത്തെയും ഭരണത്തെയും സാധൂകരിക്കാന്‍ പോന്നതല്ല. ഇന്ത്യയില്‍ ബ്രിട്ടീഷുകാരും ആശുപത്രികളും സ്‌കൂളുകളും സ്ഥാപിക്കുകയും, നിയമനിര്‍മാണം നടത്തുകയും തിരഞ്ഞെടുപ്പും ഭാഗികമായ വോട്ടവകാശം ഏര്‍പ്പെടുത്തുകയും ഒക്കെ ചെയ്തതാണെങ്കിലും അവയൊന്നും കോളനിവാഴ്ചയെ സാധൂകരിക്കാന്‍ സമര്‍ത്ഥമല്ല.
സൈനികരും, പോലീസും പൗരസേനയും അടങ്ങുന്ന മൂന്നു ലക്ഷത്തിലധികം വരുന്ന കൂട്ടായ്മയുടെ നാടകീയമായ പരാജയമാണിവിടെ കണ്ടത്. അത്യാധുനിക യുദ്ധോപകരണങ്ങളും,  വ്യോമമേഖലയുടെ നിയന്ത്രണവും ഉണ്ടായിരുന്നിട്ടും ഈ പരാജയം സംഭവിച്ചുവെന്നുള്ളത് ചില സൂചനകള്‍ നല്‍കുന്നുണ്ട്. താഴെത്തട്ടിലുള്ള ജനങ്ങളുടെ പിന്തുണയും പൊതുജനങ്ങളുടെ അംഗീകാരവും (ഭയംമൂലമാവാം) അവര്‍ക്കുണ്ടായിരുന്നുവെന്നുവേണം കരുതാന്‍. പ്രബലവിഭാഗമായ പഷ്തൂണ്‍ സമൂഹത്തിന്റെ  പിന്തുണയ്ക്കു പുറമേയാണിത്. മൊത്തം ജനസംഖ്യയുടെ 42 ശതമാനവും ഈ പഷ്തൂണ്‍ വിഭാഗക്കാരാണ്. എന്നാല്‍, പേര്‍ഷന്‍ ഭാഷ സംസാരിക്കുന്ന താജിക്കുകളായി ഇവര്‍ക്ക് കൊടിയ ശത്രുതയാണുള്ളത്. ജനസംഖ്യയില്‍ 27 ശതമാനം താജിക്കുകളാണ്. ഇക്കൂട്ടരെ അടിച്ചമര്‍ത്താനുള്ള ശ്രമം ഭാവിയില്‍ ആഭ്യന്തരയുദ്ധത്തില്‍ കലാശിക്കാനുള്ള സാധ്യതയും ഉണ്ട്. അന്തര്‍ദേശീയ തലത്തില്‍ താലിബാനുണ്ടായ ഒറ്റപ്പെടലില്‍ നിന്ന് എന്തെങ്കിലും പാഠങ്ങള്‍ അവര്‍ പഠിച്ചോ എന്നുറപ്പില്ല. ചില പാഠങ്ങള്‍ അവര്‍ പഠിച്ചിട്ടുണ്ടെങ്കില്‍ സാമൂഹികമായ അടിച്ചമര്‍ത്തലിനു ഇനി അവര്‍ മുതിരുകയില്ല.