കലയും ജീവിതവും ഒന്നായ ഒരാള്‍

”കലയും ജീവിതവും ഒന്നായ ഒരാള്‍”
പ്രശസ്ത നാടകകൃത്ത് സി.എല്‍. ജോസുമായുള്ള അഭിമുഖം
ജോണ്‍ തോമസ്

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തോടുകൂടിയാണ് കേരളത്തിന്റെ നവോത്ഥാന പ്രക്രിയകള്‍ക്ക് സജീവമായ ചലനം സംഭവിക്കുന്നത്. എന്നാല്‍ അതിന് കൂടുതല്‍ ആക്കം സംഭവിക്കുന്നത് 1950 കള്‍ക്കുശേഷമാണ്. സാഹിത്യ സാംസ്‌കാരികമേഖലകളില്‍ സമഗ്രമായ പുതുക്കങ്ങള്‍ ഈ കാലഘട്ടത്തില്‍ സംഭവിക്കുന്നുണ്ട്.
കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങള്‍ക്കൊപ്പം വളര്‍ന്ന കലാരൂപമാണ് നാടകം. സാമൂഹിക പരിഷ്‌കാരങ്ങള്‍ക്കൊപ്പം സമുദായ നവീകരണത്തിനും ഇടയാക്കിയ പരിഷ്‌കാരങ്ങള്‍ നടന്നത് നാടകത്തിലൂടെയാണ്.
ആധുനിക കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തില്‍ നാടകരചനകളിലൂടെ തുടക്കം കുറിച്ചവരാണ് വി.ടി. ഭട്ടതിരിപ്പാടും, കെ. ദാമോദരനും, ചെറുകാടും, എം.പി. അയ്മുവും, ഇടശ്ശേരിയും മറ്റും.
ജനപ്രിയ നാടകവേദിക്കു വലിയ സംഭാവനകള്‍ നല്‍കിയവരാണ് തുടര്‍ന്നുവന്ന തോപ്പില്‍ഭാസിയും, എന്‍.എന്‍. പിള്ളയും, കെ.ടി. മുഹമ്മദും, എസ്.എല്‍. പുരം സദാനന്ദനും, വൈക്കം ചന്ദ്രശേഖരന്‍ നായരും അടങ്ങുന്ന നാടകരചയിതാക്കള്‍ പ്രൊഫഷണല്‍ നാടകസമിതികള്‍ ശക്തിപ്രാപിച്ചു തുടങ്ങുന്ന കാലത്ത് തന്നെയാണ് കേരളത്തിലെ അമേച്വര്‍ നാടകരംഗത്ത് സി.എല്‍. ജോസും, പറവൂര്‍ ജോര്‍ജും, പി.ആര്‍. ചന്ദ്രനും മറ്റും തങ്ങളുടെ തൂലികയിലൂടെ ഒരു സമാന്തര നാടകപാരമ്പര്യം രൂപപ്പെടുത്തിയത്. അക്കൂട്ടത്തില്‍ ഏറ്റവും തലയെടുപ്പുള്ള നാടകകൃത്താണ് സി.എല്‍. ജോസ്.
ഒരെഴുത്തുകാരന്റെ ജീവിതവും കൃതികളും ആദര്‍ശപൂര്‍ണമായ മാതൃകയാകുന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് സി.എല്‍. ജോസ്. അദ്ദേഹത്തിന്റെ നാടകങ്ങള്‍ പ്രേക്ഷകര്‍ക്കു പകര്‍ന്നു കൊടുക്കുന്ന മൂല്യബോധം കേവലം ഏട്ടിലെ പശുവല്ല; മറിച്ച് അദ്ദേഹം തന്റെ ജീവിതത്തിലൂടെ തെളിച്ചുകാണിച്ച മൂല്യങ്ങള്‍ തന്നെയാണ് തന്റെ കൃതികളിലൂടെ പ്രേക്ഷകരിലേക്കു പകര്‍ന്നു നല്‍കിയത്. അധര്‍മ്മത്തിന്റെ പ്രവാചകരായ കഥാപാത്രങ്ങള്‍ക്കു മാനസാന്തരം സംഭവിച്ച് ആദര്‍ശമൂര്‍ത്തികളായി മാറുന്നതാണ് സി.എല്‍. ജോസിന്റെ നാടകങ്ങളുടെ സവിശേഷത.
പ്രവര്‍ത്തിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ പറയരുത് എന്ന കാര്യത്തില്‍ സി.എല്. ജോസിന് നിര്‍ബന്ധമുണ്ട്. മലയാളികളുള്ള ഇടങ്ങളിലെല്ലാം സി.എല്‍. ജോസിന്റെ നാടകങ്ങള്‍ അരങ്ങേറുകയും ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള മലയാളികള്‍ സി.എല്‍. ജോസിന്റെ നാടകത്തില്‍ ഏതെങ്കിലും വിധത്തില്‍ ഭാഗഭാക്കായവരാണ്.
കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ യുവജനസംഘങ്ങളും ക്ലബ്ബുകളും, സി.എല്‍. ജോസിന്റെ നാടകങ്ങള്‍ ആവേശപൂര്‍വം അവതരിപ്പിച്ചു. കേരളത്തിലെ പ്രൊഫഷണല്‍ നാടകസമിതികളുടെ സൃഷ്ടികള്‍ ആസ്വദിക്കാനാവശ്യമായ നാടകാസ്വാദകരെ രൂപപ്പെടുത്തി എടുക്കുന്നതില്‍ സി.എല്‍. ജോസിന്റെ നാടകങ്ങള്‍ക്കുള്ള പങ്ക് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
നോവല്‍ സാഹിത്യത്തെ ജനപ്രിയമാക്കുന്നതില്‍ മുട്ടത്ത് വര്‍ക്കിക്കുള്ള സ്ഥാനമാണ് നാടകത്തെ ജനപ്രിയമാക്കുന്നതില്‍ സി.എല്‍. ജോസിനുള്ളത്. ഇദ്ദേഹത്തിന്റെ നാടകങ്ങള്‍ പിന്നീട് എത്രയെത്ര പ്രൊഫഷണല്‍ നാടകരചയിതാക്കളും സംവിധായകരും, ജനപ്രിയ സിനിമാ രചയിതാക്കളും അനുകരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നറിയാന്‍ പിന്നീട് വന്ന പ്രൊഫഷണല്‍ നാടകങ്ങളും, ജനപ്രിയ സിനിമകളും സൂക്ഷ്മമായി വിശകലനം ചെയ്താല്‍ വ്യക്തമാകും.
36 നാടകങ്ങള്‍, 16 ഏകാങ്കനാടക സമാഹാരങ്ങള്‍, കുട്ടികള്‍ക്കുള്ള നാടകമായ ‘നാമ്പുകള്‍ നാളങ്ങള്‍’, ഓര്‍മ്മകള്‍ക്ക് ഉറക്കമില്ല (ആത്മകഥ), നാടകത്തിന്റെ കാണാപ്പുറങ്ങള്‍ (സ്മരണകള്‍), ചിരിയുടെ പൂരം, ചിരിയുടെ മേളം (ഫലിതങ്ങള്‍), ‘നാടകരചന’ എന്ത്, എങ്ങനെ (പഠനം), എന്റെ നാടകജീവിതം (നാടകാനുഭവങ്ങള്‍) എന്നിങ്ങനെ 59-ല്‍പ്പരം കൃതികളുടെ കര്‍ത്താവായ സി.എല്‍. ജോസ് ഇപ്പോള്‍ നവതിയുടെ നിറവിലാണ്.
1956-ലാണ് സി.എല്‍. ജോസ് ആദ്യ നാടകം രചിച്ചത്. അതിനുശേഷം 30 വര്‍ഷത്തോളം അമേച്വര്‍ നാടകമേഖല കടന്നുപോയതത്രയും സി.എല്‍. ജോസിന്റെ തൂലികയിലൂടെയാണ്. ജീവിതഗന്ധിയായ നാടകങ്ങളിലൂടെ, പച്ചമനുഷ്യരുടെ ജീവിതത്തിലൂടെ, അവരുടെ സംഘര്‍ഷാത്മകമായ അനുഭവങ്ങളിലൂടെ, നാടകീയ മുഹൂര്‍ത്തങ്ങളിലൂടെ അദ്ദേഹം തന്റെ നാടകങ്ങളെ രൂപപ്പെടുത്തി.
ഇദ്ദേഹത്തിന്റെ പുതിയ നാടകഗ്രന്ഥം പ്രസിദ്ധീകരിച്ചു എന്ന വാര്‍ത്ത പുറത്ത് വന്നാല്‍ പുസ്തകശാലയുടെ മുമ്പില്‍ നാടകാസ്വാദകര്‍ ക്യൂ നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു.
നാടകപ്രവര്‍ത്തകരുടെ ഹൃദയം കണ്ടറിഞ്ഞ് നാടകങ്ങള്‍ മെനഞ്ഞെടുക്കുന്നതില്‍ സി.എല്‍. ജോസിനുള്ള സാമര്‍ത്ഥ്യം എടുത്തു പറയേണ്ടതാണ്.
മലയാള നാടകവേദിയുടെ വളര്‍ച്ചയ്ക്ക് സി.എല്‍. ജോസ് നല്‍കിയ സംഭാവനകളെ വിലയിരുത്തുകയാണ് ഈ അഭിമുഖം.
? സി.എല്‍. ജോസ് എന്ന മനുഷ്യനില്‍ ഒരു നാടകക്കാരന്‍ ഉണ്ടെന്ന വാസ്തവം എപ്പോഴാണ് താങ്കള്‍ തിരിച്ചറിഞ്ഞത്?
1956-ലാണ് എന്റെ ആദ്യനാടകമായ ‘മാനം തെളിഞ്ഞു’ എഴുതിയത്. എന്റെ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഈ നാടകം എഴുതിയത്. ലൂര്‍ദ്ദ് പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് ഒരു നാടകം അവതരിപ്പിക്കണം എന്നു സുഹൃത്തുക്കള്‍ ചേര്‍ന്ന് തീരുമാനിച്ചു. അതിനുവേണ്ടി അന്നു ലഭ്യമായിരുന്ന നിരവധി നാടകഗ്രന്ഥങ്ങള്‍ വാങ്ങി വായിച്ചു. ഒന്നും അത്ര തൃപ്തികരമായി അനുഭവപ്പെട്ടില്ല. മിക്ക നാടകങ്ങളും സദാചാരവിരുദ്ധമായ ആശയങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ചതുഷ്‌കോണ, മുക്കോണ പ്രണയങ്ങള്‍, ആത്മഹത്യ, നിലവാരമില്ലാത്ത പ്രമേയങ്ങള്‍, ഒക്കെയാണ് മിക്ക നാടകങ്ങളിലും കൈകാര്യം ചെയ്യുന്നത്. മേല്‍പ്പറഞ്ഞ നാടകങ്ങളൊന്നും പള്ളി അങ്കണത്തില്‍ അവതരിപ്പിക്കാന്‍ അനുയോജ്യമായിരുന്നില്ല. സുഹൃത്തുക്കളില്‍ പലരും ‘ജോസിനെന്തുകൊണ്ട് ഒരു നാടകം എഴുതിക്കൂടാ’ എന്നു ചോദിച്ചു തുടങ്ങി. രണ്ട് മാസത്തെ കാലാവധിയുണ്ട്. അതിനോടകമായി നല്ല നാടകകൃതികളൊന്നും കണ്ടെത്താനായില്ലെങ്കില്‍ ഒരു നാടകം എഴുതുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. എന്തായാലും അതു സംഭവിച്ചു എന്നു പറയാം. അങ്ങനെ ‘മാനം തെളിഞ്ഞു’ നാടകം പിറവികൊണ്ടു. എന്നില്‍ ഒരു നടനും സംവിധായകനുമുണ്ടെന്നുള്ള തിരിച്ചറിവുകൂടി ആയിരുന്നു ഇവിടെ സംഭവിച്ചത്.
‘മാനം തെളിഞ്ഞു’ നാടകം കാണാന്‍ സെന്റ് തോമസ് കോളേജിലെ വൈസ് പ്രിന്‍സിപ്പാള്‍ ആയിരുന്ന ജോസഫ് വെട്ടം മാഷ് എത്തി. സ്റ്റേജിന്റെ മുന്‍നിരയില്‍തന്നെ ഇരുന്നു അദ്ദേഹം നാടകം കണ്ടു. നാടകം തീര്‍ന്നുകഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു ”ജോസേ… ഞാന്‍ നാടകം തുടങ്ങിക്കഴിഞ്ഞു പോകാം എന്നു കരുതിയാണ് വന്നത്. എന്നാല്‍ ജോസിന്റെ നാടകം എന്നെ പിടിച്ചിരുത്തിക്കളഞ്ഞു. കൊലപാതകമില്ല; ആത്മഹത്യയില്ല; പ്രേമമില്ല…. രണ്ട് മണിക്കൂര്‍ കടന്നുപോയത് അറിഞ്ഞില്ല…! വിസ്മയകരമായ അനുഭവമാണ് ജോസിന്റെ നാടകം തന്നത്….!”
അതിനുശേഷം എല്ലാ വര്‍ഷവും ഓരോ നാടകങ്ങള്‍ എഴുതിത്തുടങ്ങി. പിന്നെ നിരന്തരമായി നാടകരചനയില്‍ ഏര്‍പ്പെട്ടു. എന്നിലെ നാടകകൃത്തിനെ കണ്ടെത്തുന്നതില്‍ എന്റെ സുഹൃത്തുക്കള്‍ക്ക് വലിയ പങ്കുണ്ട്. എന്നെകൊണ്ടതിനു കഴിയുമെന്നു അവര്‍ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു.
? ആദ്യനാടകഗ്രന്ഥം പുറത്തുവന്ന സാഹചര്യം എന്തായിരുന്നു?
ആദ്യ നാടകമായ ‘മാനം തെളിഞ്ഞു’ തൃശൂര്‍ മരിയപുരത്തെ എം.എം. പ്രസ്സുകാര്‍ 500 കോപ്പി അച്ചടിച്ചു തരാമെന്നു സമ്മതിച്ചു. ലൂര്‍ദ്ദ് ദേവാലയത്തിലെ അസിസ്റ്റന്റ് വികാരി 25 രൂപാ പ്രസിദ്ധീകരണത്തിനായി തന്നു. പുസ്തകത്തിന് ഒരു അവതാരിക വേണമെന്നു തോന്നി. ആരെക്കൊണ്ട് എഴുതിക്കും എന്നാലോചിച്ചപ്പോള്‍ തൃശൂരിലെ പ്രശസ്ത സാഹിത്യകാരനായ പുത്തേഴത്ത് രാമമേനോനെയാണ് ഓര്‍മ വന്നത്. അദ്ദേഹത്തിന്റെ വീട്ടിലെത്തി, എന്നെ പരിചയപ്പെടുത്തി. ആവശ്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ‘താനിപ്പോള്‍ സാഹിത്യരംഗത്ത് നിന്നും മാറിനില്‍ക്കുകയാണെന്നും, മറ്റ് വല്ലവരെയും സമീപിച്ചുകൂടെ’ എന്നും ചോദിച്ചു. അതിനു ഞാനദ്ദേഹത്തോട് പറഞ്ഞ മറുപടിയിലാണ് അദ്ദേഹം വഴങ്ങിയത്. ‘സാര്‍, ആരെക്കൊണ്ട് അവതാരിക എഴുതിക്കണം എന്നു തീരുമാനിക്കാനുള്ള അവകാശം എനിക്കു വിട്ടുതരണമെന്നു ഒരപേക്ഷയുണ്ട്. എനിക്ക് അങ്ങയുടെ അവതാരികതന്നെ വേണമെന്നാണ് ആഗ്രഹം.’
രണ്ട് ദിവസം കഴിഞ്ഞുവന്നോളൂ എന്നു പറഞ്ഞ് അദ്ദേഹം എന്നെ മടക്കി അയച്ചു. എന്നാല്‍ എനിക്കു അദ്ദേഹത്തിന്റെ വീട്ടിലേക്കു പോകേണ്ടിവന്നില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ ജോലി ചെയ്യുന്ന ക്ഷേമവിലാസം കുറിക്കമ്പനിയിലേക്കു എന്നെ തേടി ഒരാള്‍ എത്തി. പുത്തേഴത്ത് രാമമേനോന്‍ സാര്‍ കൊടുത്തുവിട്ട അവതാരിക എന്നെ ഏല്‍പ്പിച്ചു. പ്രൗഢഗംഭീരമായ ഒരു അവതാരികയാണ് ‘മാനം തെളിഞ്ഞു’ എന്ന നാടകത്തിനു എഴുതിത്തന്നത്. ഈ അവതാരിക ചേര്‍ത്താണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
? പുത്തേഴത്തത്തുമായുള്ള സൗഹൃദം പിന്നെയും തുടര്‍ന്നുവോ?
ഉവ്വ്…. പലവട്ടം ഞാനാ ജ്ഞാനവൃദ്ധനെ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നോടദ്ദേഹത്തിനു പ്രത്യേക സ്‌നേഹവാത്സല്യങ്ങള്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ ചെന്നപ്പോള്‍ അദ്ദേഹമെന്നോട് ചോദിച്ചു, ജോസിന്റെ പുതിയ രചനകളൊന്നുമില്ലേ എന്ന്. ഞാന്‍ പറഞ്ഞു ‘ഇല്ല സാര്‍,.. നാടകരചന തുടരണമോ എന്നാണ് ഞാനിപ്പോള്‍ ചിന്തിക്കുന്നത്…?”
അദ്ദേഹം ചോദിച്ചു, എന്തുകൊണ്ടാണ് അങ്ങനെ ചിന്തിക്കാന്‍ കാരണമെന്ന്.
സാറിന്റെ അവതാരികയോടുകൂടി വന്ന ‘മാനം തെളിഞ്ഞു’ നാടകത്തിന്റെ കോപ്പികള്‍ എല്ലാ പത്രസ്ഥാനങ്ങള്‍ക്കും അയച്ചുകൊടുത്തു. എന്നാല്‍ തൃശൂരില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന കരുണാകരന്‍ നമ്പ്യാര്‍ പത്രാധിപരായുള്ള എക്‌സ്പ്രസ് പത്രവും, ഫാ. വടക്കന്റെ പത്രാധിപത്യത്തിലുള്ള ‘തൊഴിലാളി’ പത്രവും മാത്രമാണ് നാടകത്തെക്കുറിച്ചുള്ള അവലോകനം പ്രസിദ്ധീകരിച്ചത്. മറ്റൊരു പ്രസിദ്ധീകരണവും എന്റെ നാടകത്തെക്കുറിച്ചു ഒരു വരിപോലും എഴുതാന്‍ തയ്യാറായില്ല.
ഇതിനുള്ള മറുപടിക്കു പകരം പുത്തേഴന്‍ രണ്ടു ദിവസങ്ങള്‍ക്കുമുമ്പ് വന്ന ഒരു പത്രവാര്‍ത്തിയിലേക്കാണ് എന്റെ ശ്രദ്ധ ക്ഷണിച്ചത്. സോവ്യറ്റ് യൂണിയന്‍ ‘സ്പുട്‌നിക്’ എന്ന ബഹിരാകാശ വാഹനത്തില്‍ ‘ലെയ്ക’ എന്ന നായെ ശൂന്യാകാശത്തേക്കു അയച്ച വാര്‍ത്ത വായിച്ചില്ലേ എന്നു ചോദിച്ചു.
‘ഉവ്വ് സാര്‍ വായിച്ചിരുന്നു.’
‘അതേക്കുറിച്ച് ജോസിനുള്ള അഭിപ്രായം എന്താണ്?”
ഞാന്‍ പറഞ്ഞു, ‘ശാസ്ത്രത്തിന്റെ വലിയ നേട്ടങ്ങളിലൊന്നായി ഇതിനെ വിശേഷിപ്പിക്കാം….”
പുത്തേഴന്റെ മറുപടി പെട്ടെന്നായിരുന്നു.
‘ജോസ് സ്പുട്‌നിക്കിലെ പട്ടി ആകാന്‍ ശ്രമിക്കരുത്….! ജോസേ… കയറ്റിവിടാന്‍ ആളുണ്ടെങ്കില്‍ ഏത് പട്ടിക്കും ഉയരാനാകും…! അത് പട്ടിയുടെ കഴിവല്ല… കയറ്റിവിട്ടവന്റെ കഴിവാണ്….! ജോസില്‍ പ്രതിഭയും അര്‍പ്പണബോധവും കഴിവും, കഠിനാദ്ധ്വാനവുമുണ്ടെങ്കില്‍ എത്ര ഉയരത്തിലേക്കു വേണമെങ്കിലും കുതിച്ചുയരാം…!”