ഫാ. സ്റ്റാന്‍ സ്വാമീ, ഞങ്ങള്‍ മറക്കില്ലങ്ങയെ ഒരിക്കലും : സുബോദ് ബേദ്രെ
തന്റെ അറസ്റ്റിനു രണ്ടു ദിവസം മുന്‍പ് രേഖപ്പെടുത്തിയ വീഡിയോ സന്ദേശത്തില്‍ ഫാ. സ്റ്റാന്‍ ഇങ്ങനെ പ്രസ്താവിച്ചു: ”നിശ്ശബ്ദനായ ഒരു കാഴ്ചക്കാരനല്ല. എന്തുവില നല്‍കാനും ഞാനൊരുക്കമാണ്.” എതിരഭിപ്രായം പ്രകടിപ്പിക്കാനും അധികാരികളോടു ചോദ്യം ചോദിക്കാനുമുള്ള സ്വാതന്ത്ര്യം എനിക്കുവേണം. ഏറ്റവും വലിയ വില തന്നെ തന്റെ ജീവന് – അതിനായി അദ്ദേഹം നല്കി. ആയതിനാല്‍, ഇക്കാര്യത്തില്‍ നാം ലജ്ജിക്കേണ്ടതായോ അല്ലെങ്കില്‍ നമ്മുടെ മനസ്സിലുള്ളത് മറച്ചുപിടിക്കേണ്ടതായോ ഒന്നുമില്ല. പാവപ്പെട്ടവരുടെ അവകാശങ്ങള്‍ക്കുവേണ്ടി, എല്ലാം നഷ്ടപ്പെട്ടവരുടെ സംരക്ഷണത്തിനുവേണ്ടി, അദ്ദേഹം നിലകൊണ്ടു എന്ന ‘രാജ്യദ്രോഹക്കുറ്റ’മാണ് അദ്ദേഹം ചെയ്തത്രേ!
ഫാ. സ്റ്റാന്‍ സ്വാമി ഭൂജാതനായത് തമിഴ്നാട്ടിലെ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിലെ പുലയമ്പാടിക്കടുത്തുള്ള വിരാഗലൂര് ഗ്രാമത്തിലാണ്. സ്റ്റാനിസ്ലാവുസ് ലൂര്ദുസ്വാമിയെന്നാണ് പൂര്‍ണ നാമധേയം. 1937-ഏപ്രില്‍ 26-ാം തീയതിയാണ് ജനനം. പിതാവ് കര്‍ഷകനും മാതാവ് വീട്ടിമ്മയുമായിരുന്നു. സെന്റ് ജോസഫ്്സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പഠിച്ച അദ്ദേഹം 20-ാം വയസ്സില്‍ ഈശോസഭയില്‍ ചേര്‍ന്നത് 1957-മെയ് 30-ാം തീയതിയാണ്. 1970-ഏപ്രില്‍ 14-ാം തീയതി അദ്ദേഹം വൈദികപട്ടം സ്വീകരിച്ചു. ഫിലിപ്പൈന്‍സിലെ മനില യൂണിവേഴ്സിറ്റിയില്‍ നിന്നാണ് അദ്ദേഹം എം.എ.ബിരുദം നേടിയത്. തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ പഠനം ബല്‍ജിയത്തിലെ ബ്രസ്സല്‍സിലായിരുന്നു. അവിടെയാണ്, അദ്ദേഹം ബ്രസീല്‍ ആര്‍ച്ച്-ബിഷപ്പായ ഹെല്‍ഡര്‍ കാമറയെ കണ്ടുമുട്ടുന്നതും അദ്ദേഹവുമായി സൗഹൃദത്തിലാവുന്നതും. ബ്രസീലിലെ പാവപ്പെട്ടവരുടെയിടയിലുള്ള ആര്‍ച്ചുബിഷപ്പ് കാമറയുടെ പ്രവര്‍ത്തനങ്ങളും അവഗണിക്കപ്പെട്ടവരോട് സഭ കൂടുതല്‍ ആഭിമുഖ്യം കാണിക്കണമെന്നുള്ള ആശയത്തിന് അദ്ദേഹം നല്കുന്ന പിന്തുണയും സാധൂകരണവും ഫാ. സ്റ്റാനിനെ ഏറെ ആകര്‍ഷിച്ചു, സ്വാധീനിച്ചു. ആര്‍ച്ചുബിഷപ്പ് കാമറയുടെ ഒരു പ്രസ്തവാന സ്റ്റാന്‍ സ്വാമിയച്ചനും യോജിക്കും: ”പാവങ്ങള്‍ക്കു ഞാന്‍ ഭക്ഷണം നല്കുമ്പോള് അവര്‍ എന്നെ വിശുദ്ധനെന്നും വിളിക്കുന്നു. എന്തുകൊണ്ടാണ് നിങ്ങള്‍ പാവങ്ങളായിരിക്കുന്നതെന്നു ചോദിക്കുമ്പോള്‍ അവരെന്നെ ‘കമ്മ്യൂണിസ്റ്റ്’ എന്നു വിളിക്കുന്നു.”
പിന്നീട് 1975 മുതല്‍ 1986 വരെ അദ്ദേഹം ഇശോസഭ നടത്തുന്ന ബംഗലുരുവിലെ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി സേവനം ചെയ്തു. തുടര്‍ന്ന് അദ്ദേഹം അവിഭക്ത ബീഹാര്‍ സംസ്ഥാനത്തെ ആദിവാസികളുടെയിടയില്‍ പ്രവര്‍ത്തിച്ചു. ജാര്‍ഖണ്ഡിലെ ആദിവാസികളോടൊത്താണ് അദ്ദേഹം ജീവിതത്തിന്റെ കൂടുതല്‍ കാലവും ചെലവഴിച്ചത്. അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്ത് അദ്ദേഹം അന്തരിക്കുകയും ചെയ്തു!
ആദിവാസികളോടും ദലിതരോടുമൊത്തു പ്രവര്‍ത്തിക്കുക വഴി അദ്ദേഹത്തിനു വേഗംതന്നെ മനസ്സിലാക്കാനായത് അവര്‍ അനുഭവിക്കുന്ന പീഡനത്തിനു മുഖ്യകാരം സ്ഥാപനവത്കരിക്കപ്പെട്ട സംവിധാനം തന്നെയാണെന്നാണ്. ഭൂമിയുടെയും വനത്തിന്റെയും അവരുടെ അദ്ധ്വാനത്തിന്റെയും മേലുള്ള ആദിവാസികളുടെ, വനവാസികാളുടെ അവകാശങ്ങള്‍ക്കുവേണ്ടി അദ്ദേഹം വാദിച്ചു. സമരം നയിച്ചു. ഫാ. സ്റ്റാന്‍ സ്വാമിയും കൂടെ ചേര്‍ന്നാണ് 2006ല്‍ റാഞ്ചിയുടെ പ്രാന്തപ്രദേശമായ നാംകും എന്ന സ്ഥലത്ത് ‘ബഗെയ്ച’ എന്ന ഗവേഷണപരിശീലന കേന്ദ്രം സ്ഥാപിച്ചത്,. അവിടെ താമസിച്ചാണ് അദ്ദേഹം പ്രവര്‍ത്തനം നടത്തിയത്. 1908-ലെ ചോട്ടാനാഗപ്പൂര്‍ ടെനന്‍സി നിയമമനുസരിച്ച്, 16 ജില്ലകളില്‍ ആദിവാസിഭൂമി ആദിവാസികളല്ലാത്തവര്‍ക്ക് കൈമാറ്റം ചെയ്യപ്പെടാന്‍ നിയന്ത്രങ്ങളുണ്ട്. 1876-ലെ സന്താള്‍ പര്‍ഗാന ടെനന്‍സി നിയമപ്രകാരം ആദിവാസിഭൂമി ആദിവാസികളല്ലാത്തവര്‍ക്ക് വില്ക്കുകയെന്നതും സന്താള്‍ പര്‍ഗാന മേഖലയില്‍ നിരോധിച്ചിട്ടുണ്ട്. ഏതാനും വര്‍ഷം മുമ്പ്, ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഈ നിയമം ഭേദഗതി ചെയ്യാന്‍ ഒരു ശ്രമം നടത്തി. ആദിവാസികളുടെ ഭൂമിയിലുള്ള അവകാശങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ പോന്നതായിരുന്നു ഈ ഉദ്യമങ്ങള്‍. ഫാ. സ്റ്റാന്‍ സ്വാമി ധീരതയോടെ ഇക്കാര്യത്തില്‍ ഇടപെട്ടു. ഈ നിയമം പരിരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഫാ. സ്റ്റാന്‍ അക്ഷീണം പ്രയത്നിച്ചു. ഈ നിയമഭേദഗതിക്കെതിരെ പ്രതിപക്ഷത്തെ അണിനിരത്തി നിയമഭേദഗതി നിര്‍ദേശം പിന്‍വലിപ്പിക്കുകയായിരുന്നു.
2017-18 കാലഘട്ടത്തില്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഏറ്റെടുത്തത് 2.1 ദശലക്ഷം ഏക്കര്‍ ഭൂമിയാണ്. വ്യവസായ യൂണിറ്റുകള്‍ക്കായി വിതരണം ചെയ്യാനുള്ള ‘ലാന്റ് ബാങ്ങിനു’ വേണ്ടിയായിരുന്നു, ഈ ഭൂമി ഏറ്റെടുക്കല്‍. ഗ്രാമസഭയുടെ ആദിവാസി ഉപദേശക സമിതി (Tribal Advisory Committee) യുടെ അനുമതി കൂടാതെയായിരുന്നു, ഈ സ്ഥലമെടുപ്പ്. ഇതിനെ ശക്തമായി പ്രതിരോധിച്ച ഫാ. സ്റ്റാന്‍ സാധാരണക്കാരുടെയിടയിലും മാധ്യമങ്ങളിലും ശ്രദ്ധനേടി. ആദിവാസികള്‍ക്കും മൂലവാസികള്ക്കും വിരുദ്ധമാണീ നയങ്ങളെല്ലാമെന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു.1996-ലെ പെസ നിയമം. പഞ്ചായത്തീരാജ് എക്സ്റ്റന്‍ഷന്‍ ടു ദ ഷെഡ്യൂള്‍ഡ് ഏരിയാസ് ആക്റ്റ് (PESA ACT) നടപ്പിലാക്കാത്തതിനെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തി. അതുപോലെ ഇന്ത്യന്‍ ഭരണഘടനയിലെ അഞ്ചാമത്തെ പട്ടിക (Fifth Schedule) നടപ്പിലാക്കാത്തതിനെതിരെും അദ്ദേഹം വാചാലനായി. ഈ നിയമങ്ങള്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ അവഗണിക്കുകയായിരുന്നു. ‘പതല്‍ഗഡി’ പ്രസ്ഥാനത്തെയും അദ്ദേഹം അനുകൂലിച്ചു. ഈ നിയമങ്ങള്‍ നടപ്പിലാക്കാത്തതിനെതിരെയുള്ള ഒരു നീക്കമായിരുന്നു, ഈ പ്രസ്ഥാനം.
2000-ലെ സുപ്രീംകോടതി വിധി നടപ്പിലാക്കാത്തതിനെയും ഫാ. സ്റ്റാന്‍ വിമര്‍ശിച്ചു. ഭൂമിയുടെ ഉടമയ്ക്കുതന്നെയാണ്, ഭൂമിക്കിടയിലെ ധാതുക്കളുടെ അവകാശവും എന്നതായിരുന്നു, ഈ വിധി. ഇതും 2013 – ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിനെതിരെയുള്ള ഫാ. സ്റ്റാന്‍ സ്വാമിയുടെ നിലപാടും അദ്ദേഹത്തെ വ്യവസായികളുടെ ശത്രു എന്നു മുദ്രകുത്തുന്നതിനിടയാക്കി. അദ്ദേഹം പറഞ്ഞു: ”വ്യവസായികളുടെ നിര്‍ബന്ധത്തെക്കാള്‍, അവരുെ താത്പര്യത്തെക്കാള്‍ മുന്‍തൂക്കവും മുന്‍ഗണനയും സര്‍ക്കാര്‍ നല്‍കേണ്ടത് പൗരന്മാരോടുള്ള രാജ്യത്തിന്റെ കടമയ്ക്കാണ്.” അദ്ദേഹം പ്രസ്താവിച്ചു: ”കുഴിക്കുന്ന ഓരോ ഖനിയും നശിപ്പിക്കുന്നത് ഹരിതചാരുതയാര്‍ന്ന വനഭൂമി മാത്രമല്ല, ഫലഭൂയിഷ്ടമായ കൃഷിഭൂമിയും. ജലസ്രോതസ്സുളും ജലാശയങ്ങളും മാത്രമല്ല, ഒപ്പം ഒരു ഗ്രാമീണ ജനതയുടെ ആവാസവ്യവസ്ഥയും പരിസ്ഥിതിയുമാണ്. അവര്‍ അവിടെ നിന്നു നിര്‍ബന്ധിതരായി കുടിയിറക്കപ്പെടുന്നു.”
ജാര്‍ഖണ്ഡില്‍ വിചാരണകൂടാതെ തടവില്‍ കഴിയുന്നവരെ മോചിപ്പിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യവും, സര്‍ക്കാരിന്റെ വിരോധം സമ്പാദിക്കാന്‍ ഇടയാക്കി. ആയിരക്കണക്കിനുള്ള ആദിവാസികളെയാണ് യാതൊരു തത്ത്വദീക്ഷയും കൂടാതെ ‘നക്സല്‍ബാരി’കളെന്ന വ്യാജമുദ്രകുത്തി അന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ചെയ്ത് അടവിലാക്കിയത്. സര്‍ക്കാരിനെതിരെ ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ ഒരു പൊതുതാല്പര്യഹര്ജിയും അദ്ദേഹം ഫയല്‍ ചെയ്തിരുന്നു. താമസിയാതെ വിചാരണ ആരംഭിക്കണമെന്നും ആള്‍ജാമ്യത്തില്‍ അവര്‍ക്ക് ജാമ്യം നല്‍കണമെന്നുമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ”പ്രകൃതിവിഭവങ്ങ’ളുടെ മേലുള്ള അവകാളങ്ങള് നഷ്ടപ്പെട്ട ദരിദ്രരായ ആദിവാസികള്‍ക്ക് ലഭിക്കുന്നത് ജയിലും തടവും” എന്ന പേരില്‍ ബഗെയ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് – ജാര്‍ഖണ്ഡിലെ വിചാരണ തടവുകാരെക്കുറിച്ചുള്ള സമഗ്രമായ ഗവേഷണപഠനമാണ്. ഇതിനു നേതൃത്വം നല്‍കിയത് ഫാ. സ്റ്റാന്‍ ആയിരുന്നു. ആദിവാസികള്‍, മൂലവാസികള് ദലിതര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട എത്രയോ ആയിരങ്ങളെയാണ് വ്യാജക്കേസില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്തിട്ടുള്ളത്! ഭരണഘടനയും മനുഷ്യാവകാശങ്ങളും പ്രദാനം ചെയ്യുന്ന അവകാശങ്ങള്‍ അവര്‍ ആവശ്യപ്പെട്ടുവെന്നതാണ്. ഉന്നതകുലജാതരെയും അവരുടെ താത്പര്യം സംരക്ഷിക്കുന്ന സര്‍ക്കാരിനെയും ചൊടിപ്പിച്ചത് എന്നു വ്യക്തം!
ഫാ. സ്റ്റാന്‍ സ്വാമീ, ഞങ്ങള്‍ മറക്കില്ലങ്ങയെ ഒരിക്കലും : സുബോദ് ബേദ്രെ
Print this article
Font size -16+