ഇന്ത്യന്‍ ജനാധിപത്യം : പ്രതിസന്ധിയുടെ ആഴവും പരിഷ്‌ക്കരണത്തിന്റെ ആവശ്യകതയും
1947 ആഗസ്റ്റ് 15-ന് നടന്നൊരു സംഭവം ഓര്‍മവരുന്നു. സ്വാതന്ത്ര്യത്തിന്റെ മഹത്വത്തെക്കുറിച്ച് സമീര്‍ഘോഷ് എന്ന ഐ.സി.എസ്സുകാരന്‍ ബീഹാറിലെ ഒരു ഗ്രാമത്തില്‍ നടത്തിയ പ്രഭാഷണമാണ് പശ്ചാത്തലം. ചടങ്ങെല്ലാം കഴിഞ്ഞപ്പോള്‍ ജനങ്ങള്‍ക്ക് പക്ഷേ, അറിയേണ്ടിയിരുന്നത് മണ്ണെണ്ണയുടെ ലഭ്യതയെക്കുറിച്ച് മാത്രമായിരുന്നു! 1947 നും 2021 നും ഇടയ്ക്ക് രാജ്യം പലവുരു ജനിക്കുകയും മരിക്കുകയും ചെയ്തു. ഓരോ തലമുറയുടെ പിറവിയും, പിറവിയെടുത്ത തലമുറകളുടെ ശേഷക്രിയയും, രാഷ്ട്രത്തിന്റെ ജനിമൃതിയുടെ അടയാളമാണല്ലോ. ഇതിനിടയില്‍ നാം മംഗളയാനിലുമെത്തി (മംഗളയാന്‍ യാത്രയെക്കുറിച്ചാണ് പരാമര്‍ശം). മണ്ണെണ്ണയും മംഗളയാനും ഇന്ത്യയുടെ രണ്ടറ്റങ്ങളാണ്. നമ്മുടെ ഭരണസംവിധാനവും രാഷ്ട്രീയവും നവീകരിക്കേണ്ടത് എങ്ങനെയാവണം എന്ന് ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ്, ഇന്ത്യന്‍ ജനാധിപത്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ആഴവും പരപ്പും മനസ്സിലാക്കേണ്ടതുണ്ട്.
lപ്രതിസന്ധി
മണ്ണെണ്ണയ്ക്കും മംഗളയാനും ഇടയില്‍
ഈ രണ്ടറ്റങ്ങള്‍ക്കുമിടയില്‍ പലതും സംഭവിച്ചു. ആദ്യത്തെ അറ്റത്തുനിന്നുതന്നെ തുടങ്ങാം. ദേശീയ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ സംഭാവന അത് സാധാരണക്കാരെ തെരുവിലേക്ക് കൊണ്ടുവരുകയും അവര്‍ക്ക് അതുവരെ ഇല്ലാതിരുന്ന വിസിബിലിറ്റി (visibility) ഉണ്ടാക്കികൊടുക്കുകയും ചെയ്തു എന്നതാണ്. ഭരണഘടന തയ്യാറാക്കുന്നതിലും രാഷ്ട്രനിര്‍മാണത്തിലും (പ്രത്യേകിച്ച് സ്വാതന്ത്ര്യത്തിന്റെ ആദ്യ ദശകങ്ങളില്‍) ഇത് വലിയ സ്വാധീനം ചെലുത്തുകയുണ്ടായി. സ്വാതന്ത്ര്യം, വികസനം, പൗരാവകാശങ്ങള്‍ തുടങ്ങിയ പലതിനേയും കുറിച്ച് നമുക്കന്നുണ്ടായിരുന്ന കാഴ്ച്ചപ്പാട് ഇതിന്റെ തെളിവാണ്. സ്വാതന്ത്ര്യത്തെ സാംസ്‌ക്കാരിക പുരോഗതിയായും, പുരോഗതിയെ സാധാരണക്കാരുടെ ജീവിതത്തില്‍ അര്ത്ഥവത്തായമാറ്റംകൊണ്ടുവരാനു
എന്നാല്‍, 2021 – ല്‍ എത്തുമ്പോള്‍ രാജ്യം പല കാര്യങ്ങളിലും മുന്നോട്ടു പോയെങ്കിലും ജനാധിപത്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ദരിദ്രമായി. ഇന്ത്യന്‍ ജനാധിപത്യം ഇന്ന് ഡായിപ്പേഴ്‌സ് ധരിച്ച് നടക്കുകയാണ്. Indian democracy moves in diapers. 1947ലെ ഇന്ത്യാ വിഭജനം ഇപ്പോള്‍ ഇന്ത്യാക്കാരുടെ വിഭജനമായി മാറിയിരിക്കുന്നു; സ്വഭാവ രൂപീകരണവും രാഷ്ട്ര നിര്‍മാണവും അവയുടെ അഭാവം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നു; നെഹ്‌റു നിര്‍മിച്ചതിനെ മോഡി വില്‍ക്കുന്നു(പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യം ഓര്‍ക്കുക); രാഷ്ട്രീയം വിഗ്രഹവല്‍ക്കരിക്കപ്പെടുന്നു. എന്നാല്‍ രാഷ്ട്രീയ വിഗ്രഹങ്ങളില്‍ യഥാര്‍ത്ഥ രാഷ്ട്രീയം ഇല്ലതാനും. അധികാരം, എല്ലാവിധ പ്രത്യയശാസ്ത്ര നാട്യങ്ങളും മാറ്റിവച്ച്, രാഷ്ട്രീയത്തിന്റെ പ്രച്ഛന്ന വേഷമണിഞ്ഞ് ജനങ്ങളെ പറ്റിക്കുന്നു. ഭരണകൂടം രാജ്യത്തെ സ്വന്തം കാലില്‍ നിര്‍ത്തുന്നതിനു പകരം ജനങ്ങളോട് സര്‍ക്കാരിനെ ആശ്രയിക്കാതെ സ്വയം പര്യാപ്തരാവാന്‍ ആഹ്വാനം ചെയ്യുന്നു. പൗരാവകാശങ്ങളും ഭരണഘടനാ മൂല്യങ്ങളും വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഭരണഘടനാ സ്ഥാപനങ്ങള്‍ തകര്‍ച്ചയുടെ വക്കിലും.
പൗരാവകാശങ്ങളും ഭരണഘടനാ മൂല്യങ്ങളും
സ്വന്തമായി കൊടിയും ഭരണഘടനയും പാര്‍ലമെന്റും ഉണ്ടായതു കൊണ്ടുമാത്രം ഒരു രാജ്യത്തും ജനാധിപത്യം പുലരുന്നില്ല. പൗരാവകാശങ്ങളും ഭരണഘടനാ മൂല്യങ്ങളുമാണ് അതിന്റെ അടിത്തറ. ജനാധിപത്യം ആശയങ്ങളുടെ സ്വതന്ത്ര വിപണിയാകണമെങ്കില്‍ യോജിപ്പിനും യുക്തിപരമായ വിയോജിപ്പിനും, അഭിപ്രായ സ്വാതന്ത്ര്യത്തിനും അഭിപ്രായാനന്തര സ്വാതന്ത്ര്യത്തിനും (freedom after expression) ഇടമുണ്ടാവണം. നിര്‍ഭാഗ്യവശാല്‍, ഇവ ഇപ്പോള്‍ ശരശയ്യയിലാണ്. തെരുവില്‍ ട്രാഫിക്ക് നിയന്ത്രിക്കുന്നതുപോലെയാണ് ഭരണകൂടം ചിന്തയേയും പ്രവൃത്തിയേയും നിയന്ത്രിക്കുന്നത്. നമ്മുടെ രുചിയും (taste) അഭിരുചിയും മാധ്യമ പ്രവര്‍ത്തനവും അതിന്റെ റഡാറിനുള്ളിലാണ്. സംഘപരിവാറിന്റെ നിയന്ത്രണത്തിലുള്ള ആള്‍ക്കൂട്ടവും ഇതേ കര്‍മം നിറവേറ്റുന്നുണ്ട്. ഇത്തരക്കാര്‍ക്കൊപ്പം കൂടുക എന്നതായിരിക്കുന്നു പൗരന്മാരുടെ മുന്നിലുള്ള ഏക പോംവഴി. ചാള്‍സ് ഡിക്കന്‍സ് പറയും പോലെ (Pickwick Papers), ‘ഇത്തരം അവസരങ്ങളില്‍ ആള്‍ക്കൂട്ടത്തിനൊപ്പം ചേരുന്നതാണ് അഭികാമ്യം. ഇനി രണ്ട് ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടെങ്കില്‍, ഏറ്റവും വലുതിനോടൊപ്പം ചേരുക”! ഇന്ത്യനവസ്ഥയിലേക്ക് തിരികെവന്നാല്‍, പബ്‌ളിക്കും പ്രൈവറ്റും തമ്മിലുള്ള വ്യത്യാസത്തെ അപ്രസക്തമാക്കുമാറ് ആള്‍ക്കൂട്ടത്തിന്റെ കണ്ണുകള്‍ നമ്മുടെ സ്വകാര്യ ജീവിതത്തിലേക്ക് നീളുന്നു. ഇത്തരക്കാര്‍ നിയമം കയ്യിലെടുക്കുന്നത് നിയമം നടപ്പിലാക്കാനെന്നാണ് ഭരണകൂട ഭാഷ്യം. നിയമം നടപ്പിലാക്കാന്‍ നിയമം ലംഘിക്കാന്‍ അനുവദിക്കുകയും അഹിംസയ്ക്കുവേണ്ടി ഹിംസയെ ന്യായീകരിക്കുകയും ചെയ്യുന്ന ഒരേഒരു രാജ്യം ഒരുപക്ഷേ, ഇന്ത്യയായിരിക്കും.
എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും കൊല്ലപ്പെടുന്നതും അവര്‍ക്കെതിരെ രാജ്യദ്രോഹ കേസുകള്‍ കെട്ടിചമയ്ക്കപ്പെടുന്നതും നിത്യസംഭവമായിരിക്കുന്നു. ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട 405 കേസുകളില്‍ 96 ശതമാനവും 2014 നു ശേഷമുള്ളതാണെന്നതും, അതില്‍ തന്നെ 149 കേസുകള്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിനും, 144 കേസുകള്‍ യു.പി. മുഖ്യമന്ത്രി ആദിത്യനാഥിനെ വിവര്‍ശിച്ചതിനുമാണെന്നതും ബി.ജെ.പിയും മനുഷ്യാവകാശവും തമ്മിലുള്ള ബന്ധത്തിന്റെ തനിനിറം വെളിപ്പെടുത്തുന്നു.