മൂർച്ചയുള്ള ഒരറ്റത്ത് കുരുങ്ങിക്കിടക്കുകയാണ് എന്റെ വാക്ക്
ശരൺകുമാർ ലിംബാളെ / രോഷ്നിസ്വപ്ന
“വാക്കുകളെ നിങ്ങൾ എപ്പോഴെങ്കിലും നിങ്ങളുടെ ജീവിതം ഒരു കൈക്കുടന്ന വെള്ളത്തിന് കൊടുത്തിട്ടുണ്ടോ നഗ്നമായ …താന്തോന്നിയായ ഒരു വഴിയിലൂടെ അലഞ്ഞുതിരിഞ്ഞിട്ടുണ്ടോ വിശപ്പിന്റെയും ദാരിദ്ര്യത്തെയും പകലുകൾ താണ്ടിയിട്ടുണ്ടോ” ‘വാക്കുകൾ’ എന്ന കവിതയിൽ ശരൺകുമാർ ലിംബാളെ ഇങ്ങനെ എഴുതുന്നു. വാക്കുകളോടുള്ള പ്രണയത്തിന്റെ പേരിൽ പലവട്ടം തല അരിയപ്പെട്ട കവിയുടെ സാക്ഷ്യങ്ങളാണ് ഈ കവിത. എങ്കിലും സൂര്യനിലേക്ക് എന്നപോലെ വാക്കുകളെ ആവാഹിക്കുകയും ചെയ്യുന്നുണ്ട് കവി. 2021-ലെ സാഹിത്യത്തിനുള്ള സരസ്വതി സമ്മാൻ നേടിയ, ഇന്ത്യയിലെ ദളിത് സാഹിത്യത്തിലെ ഏറ്റവും തീക്ഷ്ണശബ്ദമായ ശരണ് കുമാർ ലിംബാളെ സംസാരിക്കുന്നു .
എന്താണ് ലിംബാളെക്ക് വാക്ക് ?
ഏറെ മൂർച്ചയുള്ള ഒരറ്റത്ത് കുരുങ്ങിക്കിടക്കുകയാണ് എന്റെ വാക്ക്. എനിക്കത് നിങ്ങൾ ആഗ്രഹിക്കും വിധം വ്യക്തമാക്കാൻ ആവുമോ എന്നുതന്നെ സംശയമാണ്. മനുഷ്യ സമൂഹത്തിന്റെ, ഭാഷയുടെ ചിന്തയുടെ ജാതിയുടെ നിറത്തിന് ഒക്കെ അറ്റങ്ങൾ ജീവനെ അറുത്തെടുക്കുക വിധം മൂർച്ചയേറിയതാണ് അത് വിഭജനങ്ങളുടെ തീവ്രയാതനകളെ അഭിസംബോധന ചെയ്യുന്നു. ആത്മഹത്യ ചെയ്യപ്പെട്ടവന്റെ കുടിലിൽ ഉറങ്ങാതിരിക്കുന്നു.കാണാതായവന്
ലിംബാളെയെ സംബന്ധിച്ച് എന്താണ് കവിത ? ‘ഞാൻ ആരാണ്’ എന്ന കവിതയിൽ താങ്കൾ എഴുതുന്നുണ്ടല്ലോ ! ‘’കത്തിജ്വലിക്കുന്ന ഈ സൂര്യൻ ആർക്കുവേണ്ടിയാണ് ?/അനന്തമായ ആകാശം ആർക്കുവേണ്ടിയാണ്?/ അഗാധമായ ജലസംഭരണി ആർക്കുവേണ്ടിയാണ്?/ ബൃഹത്തായ ഈ രാത്രി ആർക്കുവേണ്ടിയാണ് ?/നിയമനിർമ്മാണസഭ /ഭരണഘടന /മനുഷ്യർ /നിയമം……? എന്നിങ്ങനെ കവിതയും ജീവിതവും മനുഷ്യരും ഇടകലരുകയാണല്ലോ ! ‘’ഈ മനുഷ്യർ മനുഷ്യരേ അല്ല ./അലഞ്ഞുതിരിയുന്ന മൃഗതൃഷ്ണ കളുടെ സംഘമാണ് അവർ/ എനിക്കിവിടെ ജീവിക്കേണ്ട’’’ എന്ന് എഴുതുന്നത് എന്തുകൊണ്ട്?
കവിത എന്റെ ശ്വാസമാണ് ഒപ്പം സർഗാത്മകതയുടെ ഏറ്റവും തീവ്രമായ ഊർജ്ജപ്രവാഹവും .’’ ഞാൻ ആരാണ്’’ എന്നത് ആത്മവിമർശനത്തിന്റെ തീവ്രമായ അന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യമാണ്. തീർച്ചയായും മനുഷ്യരും മൃഗങ്ങളും ജീവൻ നിലനിർത്താൻ… വിശപ്പടക്കാൻ ….എന്തിന് സ്വന്തം പേർ പോലും ഉറക്കെ പറയാൻ ബുദ്ടിമുട്ടുന്നിടത്ത് ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നെ സംബന്ധിച്ച് കവിത /ദളിത് കവിത ഒരു പൊട്ടിത്തെറിയാണ് .എല്ലാ ബന്ധനങ്ങളെയും ഭേദിച്ച് കുതിച്ചുചാടലിന്റെ അടയാളമാണ്. സമൂഹത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും പ്രത്യാശകളും എന്റെ കവിതക്കൊപ്പമുണ്ട്. ഇത് എന്റെ രക്തവും തലച്ചോറുമാണ്. ഞാൻ ജീവിക്കുന്നതും നിലനിൽക്കുന്നതും കവിതയിലാണ്. കവിത ഇല്ലെങ്കിൽ ഞാൻ ശൂന്യൻ ആണ്. എന്റെ ആത്മാവ് കവിതകളുടെ ഒരു കൂമ്പാരമാണ്. സ്വപ്നങ്ങളുടെ ആൽബമാണത്. മനുഷ്യന് ആത്മാവില്ലാതെ ജീവിതമില്ല. ആത്മാവിന് സ്വപ്നങ്ങളെ കൂടാതെ നിലനിൽപ്പും ഇല്ല. എന്റെ കവിതകൾ എന്റെ സ്വപ്നങ്ങളാണ്. ഒരു ആയുധം പോലെയാണത്. സമൂഹത്തിൽ തുല്യത എന്ന ആശയം നടപ്പിലാക്കാൻ, സമൂഹത്തെ മാറ്റിയെടുക്കാൻ എനിക്ക് ആഗ്രഹമുണ്ട്. ഒരു തരത്തിൽ സമത്വം എന്നത് ഞാൻ കവിതകളിൽ കരുതുന്ന സുന്ദരമായ ഒരു സങ്കല്പമാണ്. സമൂഹത്തിൽ നീതി നടപ്പാക്കുക, സമൂഹത്തിൽ നിന്ന് അനീതി പൂർണമായും എടുത്തുകളയുക എന്നത് എന്റെ കവിതകളുടെ സ്വപ്നമാണ്. പക്ഷേ, എന്റെ ആത്മാവ് ഒന്നുമല്ല .സ്വാതന്ത്ര്യത്തിനുവേണ്ടി ഇന്നും പോരാടെണ്ടി വരുന്ന മനുഷ്യർ, അവരുടെ നിലവിളികൾ എന്റെ കവിതയിലും ആത്മാവിലും ഉണ്ട്.
ഇന്ത്യൻ ദളിത് കവിതകളുടെ ഇടം ഒന്ന് നിർവ്വചിക്കാമോ ? മുഖ്യ ധാരാ സാഹിത്യം ദളിത് കവിതകളെ പൂർണമായി ഉൾക്കൊള്ളുന്നുണ്ടോ ?
ദളിത് കവിത /സാഹിത്യം എന്നത് ഇപ്പോഴും മുഖ്യ ധാരയുടെ ഏറ്റവുമൊടുവിലത്തെ ‘പറച്ചിലായി (dialogue)മാത്രമായാണ് കരുതപ്പെടുന്നത് /പരിഗണിക്കപ്പെടുന്നത്. ദളിത് കവിതയുടെ ഭാഷ സമരത്തിന്റെയും വിപ്ലവതിന്റെയുമാണ്. ആർക്കും അത് അവഗണിക്കാനാവില്ല. ദളിത് കവിതയുടെ ഒച്ച കേൾക്കാതിരിക്കാൻ ആർക്കുമാവില്ല. ദളിത് കവിത നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നത് നിലനിൽപ്പിന്റെയും അതിജീവനത്തിന്റെയും രാഷ്ട്രീയത്തെക്കുറിച്ചാണ്. ഇത് അത്ര എളുപ്പത്തിൽ ഉള്ള ഒരു സംസാരമല്ല (dialogue). ആയിരക്കണക്കിന് വർഷങ്ങൾ നിശബ്ദരാക്കപ്പെട്ടവരാണ് ദളിതർ. അവർക്ക് ശബ്ദം ഉണ്ടായിരുന്നില്ല. ഒരു പക്ഷെ ശബ്ദം ഉണ്ടായിരുന്നു എന്ന് അവർ തിരിച്ചറിഞ്ഞിരുന്നില്ല. ഇപ്പോഴാണ് അവർക്ക് ശബ്ദം ലഭിച്ചിരിക്കുന്നത്. കവിതയിലൂടെ അത് ആര്ത്ത് വിളിക്കുന്നു. ഒരു കവിയുടെ മനസ്സിൽ നിന്നല്ല അത് ജനിക്കുന്നത്; തെരുവുകളിൽ നിന്നും ഓടകളിൽ നിന്നുമാണ് . മുഖ്യധാരയുമായി ഉറക്കെ സംസാരിക്കാനും യഥാര്ത്യങ്ങള് വിളിച്ചു പറയാനും ഇപ്പോൾ ഞങ്ങൾക്കറിയാം. തെരഞ്ഞെടുപ്പുകളുടെ, തീരുമാനങ്ങളുടെ രീതിശാസ്ത്രങ്ങളെക്കുറിച്ച് ഇപ്പോൾ ഞങ്ങൾക്കറിയാം. കാലങ്ങളായി പുറത്ത് കേൾക്കാതിരുന്ന ശബ്ദം ഇപ്പോൾ തുളച്ചുണരുന്നുണ്ട്. ആഴങ്ങളിൽ അടിച്ചമർത്തി വെച്ച ഒച്ചകളാണ് ഇപ്പോൾ കാറ്റിന്റെ സംഗീതമായി പുറത്തുവരുന്നത്. ഇത് പെട്ടെന്ന് രൂപപ്പെട്ട മാറ്റമല്ല. ഇന്ത്യയിലെ ഹിന്ദുക്കൾക്കിടയിൽ മാത്രമല്ല പുറത്താക്കപ്പെടലിന്റെയും കൂടായ്മയുടെയും ചരിത്രം കേൾക്കാനും അനുഭവിക്കാനുമാവുക. ലോകമാകെ അധഃകൃതർ എന്ന് മുദ്രകുത്തപ്പെട്ടവരുടെ അനുഭവങ്ങൾക്ക് സമാനതകളുണ്ട്. ദേശങ്ങളുടെയും സമൂഹങ്ങളുടെയും രാഷ്ട്രങ്ങളുടെയും അതിര്ത്തികള് മാറുമ്പോൾ അതിനോടുള്ള സമീപനങ്ങൾക്കും മാറ്റങ്ങൾ കാണാം. അധകൃതരോടുള്ള പ്രശ്നം എന്നത് ആഗോളതലത്തിലുള്ള പ്രശ്നം തന്നെയാണ്. 1960-കളിൽ തുടങ്ങി 2021-ൽ എത്തിനിൽക്കുന്ന ഇന്ത്യയിലെതന്നെ ദളിത് സാഹിത്യ പ്രസ്ഥാനത്തിന്റെ ചരിത്രം എടുത്തുനോക്കൂ. “തൊട്ടുകൂടാത്തവർ” എന്ന് വിലക്കി മനുഷ്യസമൂഹത്തിൽ നിന്ന് ചിലരെ മാത്രം അകറ്റി നിരത്തുന്നു . നിറം കൊണ്ട്, ജാതി കൊണ്ട് ചില മനുഷ്യർ മാത്രം അധകൃതരാകുന്നു. “കനത്തു തൂങ്ങിയ ഇരുട്ടിൽ ആർക്കും ആരുടെയും നിറങ്ങൾ മനസ്സിലാവില്ല’’ എന്ന് ‘സംഹാരം’ എന്ന കവിതയിൽ ഞാൻ എഴുതിയിട്ടുണ്ട്. ധർമ സൂക്തങ്ങളിലെ വാക്കുകൾ തെളിയാത്ത ….മനുഷ്യരുടെ തെളിച്ചം മാത്രം നിലനിൽക്കുന്ന ലോകത്ത് ,മനുഷ്യൻ മനുഷ്യരായി മാത്രം വെളിപ്പെടുന്ന, പരസ്പരം കെട്ടിപ്പിടിക്കുന്ന കാലത്തേക്കുള്ള കരുതി വെപ്പാണ് എന്റെ കവിത.
ഇന്ത്യൻ ദളിത് സാഹിത്യം എന്നത് വേറിട്ടൊരനുഭവം ആണെന്നാണോ പറയുന്നത്? അംബേദ്കറിൽ തുടങ്ങിയ പ്രതിരോധ അടയാളങ്ങൾക്ക് കൃത്യമായ രാഷ്ട്രീയം ഉണ്ടല്ലോ. താങ്കളുടെ ‘വൈറ്റ് പേപ്പർ’, ‘അമ്മ’, ‘ഒറ്റുകാരൻ’, ‘ധർമനീതി’ പോലുള്ള കവിതകളിൽ ഇത് സ്പഷ്ടമാണല്ലോ.
ദളിത് സാഹിത്യം/ ദളിത് കവിത എന്നത് മുഖ്യധാരാ സാഹിത്യത്തിൽ നിന്ന് തികച്ചും വ്യതിരിക്തമായ, സവിശേഷമായ ഒരു തലത്തിലാണ് നിലനിൽക്കുന്നതും അനുഭവപ്പെടുന്നതും ആവിഷ്കരിക്കപ്പെടുന്നതും. അതിന്റെ ഭാഷയും ശബ്ദവും മറ്റൊന്നാണ് . അതിന്റെ ഉള്ളടക്കവും പ്രതിബദ്ധതയും മറ്റൊന്നാണ്. അതിന്റെ ആഖ്യാനവും കഥാപാത്രങ്ങളും അതിലുള്ള മനുഷ്യരുടെ ജീവിതവും അവരുടെ മണ്ണും മനസ്സും ഒക്കെ മറ്റൊന്നാണ് . ദളിത് സാഹിത്യത്തിന്റെ ലക്ഷ്യവും പ്രതീക്ഷയും മറ്റൊന്നാണ്. അംബേദ്കർ ഞങ്ങളുടെ പ്രചോദനമാണ്. ഞങ്ങൾ സമത്വത്തിനും സാഹോദര്യത്തിനും സ്വാതന്ത്ര്യത്തിനുവേണ്ടി എഴുതുന്നു. പലതരത്തിലാണ് ദളിത് സാഹിത്യം മുഖ്യധാരയിൽ നിന്ന് മാറി നിൽക്കുന്നത്. എപ്പോഴൊക്കെയാണ് സമൂഹത്തിൽ നിഷ്ഠൂരമായ വിള്ളലുകളും വിഭജനങ്ങളും സംഭവിക്കുന്നത് അതിനെതിരെ ശക്തമായ എഴുത്തുകൾ ദളിത് സാഹിത്യത്തിൽ ഇപ്പോൾ ഉണ്ടാകുന്നുണ്ട്. മറ്റൊരു തരത്തിൽ ഞങ്ങൾ എല്ലാ മനുഷ്യരുടെയും അവകാശങ്ങൾക്കുവേണ്ടി കൂടിയാണ് എഴുതുന്നത്. അവസാനമില്ലാത്ത ഒരു കലാപം ആണിത്. ഭാവിയിൽ തീർച്ചയായും ഇന്ത്യൻ സാഹിത്യത്തിന്റെ മുഖച്ഛായ മാറ്റുക ദളിത് സാഹിത്യമായിരിക്കും എന്ന് ഉറപ്പാണ്.
കവി, മനുഷ്യാവകാശ പ്രവർത്തകൻ, ദളിത്ആക്ടിവിസ്റ്റ്, നോവലിസ്റ്റ്, എന്നിങ്ങനെയുള്ള വിവിധ ധർമങ്ങൾ എഴുത്തിനെയും എഴുത്തിന്റെ രാഷ്ട്രീയത്തെയും എങ്ങനെ നിർവചിക്കുന്നു ? ‘പ്രതിഷേധം’ എന്ന കവിതയിൽ താങ്കൾ എഴുതുന്നുണ്ടല്ലോ “ഓരോ ദിവസവും പത്രങ്ങളിൽ വായിച്ചത് എന്റെ തന്നെ അറസ്റ്റുകളെക്കുറിച്ചായിരുന്നു. എത്ര അനർഥങ്ങളാണ് ഈ ഉത്തരവുകൾ ! എന്നെ വെടിവെച്ചിട്ട ശേഷം കലാപമാണ് എന്റെ മരണകാരണമെന്ന് പറയുന്നു. എന്റെ മരണം ഞാൻ സ്ഥിരീകരിക്കുന്നു ഈ രാജ്യത്തിന്റെ കെട്ടുറപ്പിനായി മാതൃരാജ്യത്തിന്റെ നിറുകയിൽ എന്റെ ചാരം കൊണ്ട് ഒരു പൊട്ടു തൊടുക”
ഞാൻ ആദ്യം ആക്ടിവിസ്റ്റ് എന്ന് അഭിമാനിക്കുന്നു. എഴുത്തുകാരൻ എന്നത് രണ്ടാമതാണ്. അല്ലെങ്കിൽ ഞാൻ ഒരു ആക്ടിവിസ്റ്റ് റൈറ്റർ ആണ് എന്ന് പറയാം. ചലനമില്ലാതെ അലകളില്ലാതെ, എനിക്ക് എഴുതാനാവില്ല. ഭൂമിയുടെ, മനുഷ്യന്റെ, പ്രകൃതിയുടെ, കരച്ചിലുകളുടെ, വിശപ്പിന്റെ, വേദനയുടെ, അടിയേറ്റപാടിന്റെ, മുറിവുകളുടെ ഒക്കെ ചലനത്തിന്റെ മറ്റൊരു രൂപമാണ് എന്റെ എഴുത്ത്. സമൂഹം എന്ന ഉറച്ച മണ്ണിൽ വേരുകളാഴ്ത്തിക്കൊണ്ട് പടർന്നുവളരുന്ന ഒന്നാണ് ഞങ്ങളുടെ എഴുത്ത്. ‘ഞാൻ’ എന്ന് പറയാതെ ‘ഞങ്ങൾ’ എന്ന് പറയുന്നത് ബോധപൂർവ്വമാണ്. മണ്ണടരുകൾ ഇളക്കാനല്ല അതിന്റെ വേരുകളായി മണ്ണിനെ നിലനിർത്താനാണ് എന്റെ സാമൂഹ്യപ്രവർത്തനം. ഈ കവിതകൾ ഒക്കെ അങ്ങനെ ജനിച്ചതാണ് .
“ചരിത്രത്തിലെ ചൂലുകൊണ്ട് എനിക്ക് എന്റെ കാൽപ്പാടുകൾ മായ്ച്ചു കളയണം എന്റെ കഴുത്തിൽ തൂങ്ങി കിടക്കുന്ന മൺപാട്ടയിൽ നിങ്ങൾ തുപ്പുമ്പോൾ എന്റെ പരമാധികാരം ഉപ്പ് നിൽ കിടന്ന് യാതനകൾ അനുഭവിക്കുന്നു” (ഭൂരിപക്ഷം ) ശരൺകുമാർ ലിംബാളെയുടെ കവിതകൾ വായിക്കുമ്പോൾ തെളിയുന്ന വലിയൊരു ജീവിതചിത്രമുണ്ട്. അനുഭവങ്ങൾ എങ്ങനെയാണ് ആവിഷ്കരിക്കുന്നത് ?ഓർമകൾ, കവിതകൾ,ജീവിതം, വർത്തമാനം എന്നിവയ്ക്ക് വല്ലാത്തൊരു കാന്തിക ബന്ധം ഉണ്ടല്ലോ താങ്കളുടെ എഴുത്തിൽ ?
നൂറോളം കവിതകൾ ഞാൻ എഴുതിയിട്ടുണ്ട്.അത് അനുസ്യൂതമായ ഒരു പ്രക്രിയയാണ്.ദിവസേന നാലോ അഞ്ചോ കവിതകൾ വീതം എഴുതുന്നു. കവിത എന്നതിലുപരിയായി ദൈനംദിന അനീതികൾക്കെതിരെയുള്ള എന്റെ പ്രതികരണങ്ങൾ അവയെക്കുറിച്ചുള്ള സ്റ്റേറ്റ്മെന്റ് ഒക്കെയാണ് അത്. കവിതകളാണ് എന്റെ മനസ്സ് തുറപ്പിക്കുന്നതും ഇടിമുഴക്കം പോലെ പ്രകമ്പനം കൊള്ളിക്കുന്നതും. ആദ്യകാലങ്ങളിൽ പലതരത്തിലുള്ള പ്രചോദനങ്ങള് മൂലം ഒരുപാട് പ്രണയ കവിതകൾ എഴുതിയിട്ടുണ്ട്. പിന്നീട് ഹോസ്റ്റൽ വാസക്കാലത്ത് ദളിത് വിദ്യാർത്ഥികളോടൊപ്പം ഉള്ള സ്ഥിരവാസം ഇതിൽ വലിയ വ്യത്യാസം കൊണ്ടുവന്നു. ദളിത് പാന്തർ മൂവ്മെൻറ്മായി ചേർന്നുള്ള പ്രവർത്തനം അതുവരെയുള്ള ജീവിതത്തിൽ നിന്നും എന്നെ പറിച്ചെറിഞ്ഞു. ജന്മനാ ഉത്സുകനായിരുന്നു ഞാൻ. പക്ഷേ, ദളിതഁപാന്തർ മൂവ്മെൻറ് പ്രവർത്തനങ്ങൾ എന്റെ വാക്കിന് ശരിയായ ദിശ ചൂണ്ടിക്കാണിച്ചു തന്നു. എന്റെ ഉള്ളിലെ അഗ്നിയെ അത് ആളിക്കത്തിച്ചു .എന്റെ പിൽക്കാല ജീവിതത്തെ കൂടി പുനർനിർണയിച്ചു എന്ന് പറയുന്നതാവും ശരി. അപ്രതീക്ഷിതമായി പെട്ടെന്നൊരു ദിവസം കവിയായവനല്ല ഞാൻ. എഴുത്തിനെ ഞാൻ ബോധപൂർവ്വം, ചിന്തിച്ചുറച്ചു ജീവിതത്തിലേക്ക് സ്വീകരിച്ചതാണ്. വാക്ക് എന്റെ മടവാൾ ആണ്.
ഇന്ത്യൻ ചരിത്രരേഖകൾ, മനുസ്മൃതി, മറ്റ് സമീപനങ്ങൾ എല്ലാം തന്നെ ദളിത് അടയാളങ്ങളെ ക്രൂരമായി മാറ്റിനിർത്തുകയാണല്ലോ! അതിന്റെ പ്രതികരണങ്ങളല്ലേ യഥാർത്ഥത്തിൽ മഹാരാഷ്ട്രയിൽ എല്ലാം ആളിക്കത്തിയ സമരങ്ങൾ? “ദളിത് പ്രാതിനിധ്യം ഇല്ലായ്മ’’ എന്ന അനുഭവം ഇപ്പോഴും തുടരുന്നില്ല ഇത്തരമൊരു ചരിത്രത്തിന്റെ വർത്തമാനവും ഭാവിയും എന്താണ്?
സത്യമാണത് ഇന്ത്യാചരിത്രം ഭാഗികം ആണ്, അപൂർണമാണ്. ദളിതരുടെയും ആദിവാസികളുടെയും ജീവിതത്തെയും ചരിത്രത്തെയും അവഗണിച്ചാണ് അത് രചിക്കപ്പെട്ടിരിക്കുന്നത്. യുദ്ധം ജയിച്ച രാജാക്കന്മാരുടെയും വീരന്മാരുടെയും കഥകളാണ് അതിൽ. എന്തിന്,പടവെട്ടി മരിച്ച പടയാളികൾപോലും ആ ചരിത്രത്തിലില്ല ഒറ്റവരിയിൽ പോലും ആദിവാസികളെ കുറിച്ചോ ദളിതരെ കുറിച്ചോ നിങ്ങൾക്ക് അതിൽ കാണാനാവില്ല. ഇന്ത്യ ചരിത്രം എഴുതിയവരിൽ ആദ്യ൦ ജാതി ചിന്തയാണ് പ്രവർത്തിച്ചത്., പ്രവർത്തിക്കുന്നത്. ദളിത് ജീവിതത്തെ യാഥാർത്ഥ്യത്തെയും തിരിച്ചറിയാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ദളിതരോടുള്ള അവജ്ഞയും അവഗണനയും മരണതുല്യമായ നിശബ്ദതയും ആണ് ചരിത്രം എഴുതിക്കൊണ്ടിരിക്കുന്നവർ കാലങ്ങളായി നൽകിക്കൊണ്ടിരിക്കുന്നത്. ഈ ചരിത്രത്തെ ഓർത്ത് അഭിമാനിക്കാൻ എനിക്ക് സാധിക്കില്ല. ഞങ്ങളെ കൂടി ഉൾക്കൊള്ളാനാവാത്ത ചരിത്രം ഒരിക്കലും ഞങ്ങളുടെ ചരിത്രം ആവില്ലല്ലോ! ഇന്ത്യാചരിത്രം എഴുതിയവരിൽ ഉന്നതകുലജാതർ അല്ലാത്തവരെ ചൂണ്ടിക്കാണിക്കാൻ ഉണ്ടോ? ഉന്നതജാതിക്കാർ അവർക്ക് വേണ്ടി എഴുതിയതാണ് ഇന്ത്യാചരിത്രം. ഈ ചരിത്രത്തിലോ എഴുത്തിലോ എനിക്ക്,ഞങ്ങൾക്ക് വിശ്വാസമില്ല. എന്റെ ബാല്യം ഇരുണ്ടതും അനാഥവുമായിരുന്നു. മനുഷ്യജീവിതത്തിന്റെതായ പ്രതീക്ഷയുടെയും പ്രകാശത്തിന്റെയും ഒരു തരി പോലും അവിടെ ഉണ്ടായിരുന്നില്ല . “സഖാവ്”എന്ന കവിതയിൽ ആ “ഞാനുണ്ട്.” “മാറി വരുന്ന എല്ലാ ഋതുക്കളും ഞങ്ങളുടെ ശത്രുക്കളായി തീരുന്നു പൂക്കൾകൊണ്ട് കളിക്കുന്ന പ്രായത്തിൽ ഞങ്ങൾ എല്ലുകൾ വാരി വിറ്റു. ആമാശയവും പൃഷ്ടവും വിൽക്കുന്നതിലൂടെ ജീവിതം പണയവസ്തുവായിരിക്കുന്നു. എങ്ങനെയാണ് ഞാൻ ആകാശം സ്വന്തമാക്കുക?’’ ഞങ്ങൾ പുറംപോക്കികളായിരുന്നു. ചെറുപ്പത്തിൽ എനിക്ക് പാഠപുസ്തകങ്ങളിലെ സാഹിത്യം വായിക്കാനുള്ള സൗകര്യമേ ഉണ്ടായിരുന്നു. അതാകട്ടെ, പ്രതീക്ഷകൾ ഒഴിഞ്ഞ ശൂന്യമായ ഒരു വായനയും. പിന്നീട് വായനയിലേക്ക് എത്തിച്ചേർന്ന ചില പുരോഗമന ആശയങ്ങൾ പകർന്ന ചില എഴുത്തുകാരുടെ പുസ്തകങ്ങൾ എന്റെ മനസ്സിന്റെ സർഗ്ഗാത്മകതയെ ഉണർത്തി എന്ന് പറയാം. ജീവിതഗന്ധിയായ സോഷ്യലിസ്റ്റ് ആശയങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകങ്ങളായിരുന്നു അത് . അവർ ധൈര്യശാലികൾ ആയി എനിക്ക് അനുഭവപ്പെട്ടു. പുരോഗമന സോഷ്യലിസ്റ്റ് ആശയങ്ങൾ എഴുതിയ ഉയർന്ന ജാതിയിൽപ്പെട്ട എഴുത്തുകാർ അന്നത്തെ എന്റെ ഹീറോകളായി. വിഭാവരി ശിരുര്ക്കർ, ഗോദാവരി പറുലേക്കർ എന്നിവരെ ഞാൻ ആരാധിച്ചു ലെനിനെയും മാർക്സിനെയും വായിച്ചതോടെ മനസ്സ് കൂടുതൽ സ്വതന്ത്രമായി. കോളേജ് പഠനകാലത്താണ് അംബേദ്കർ വായിച്ചു തുടങ്ങിയത്. അതോടെ എന്റെ മനസ്സ് മുഴുവനായും മാറ്റത്തിന് തയ്യാറായി.
‘ആരോപണം’ എന്ന കവിതയിൽ താങ്കൾ എഴുതുന്നു: ‘ കരിങ്കല്ലു കൊണ്ടുള്ള ഒരു ആട്ടുകല്ലിനടിയിലാണ് ഞാൻ വളർന്നത് സ്വതന്ത്രനായി വളരാൻ എനിക്ക് അനുവാദമുണ്ടായിരുന്നില്ല.’’ ‘എതിരാളികളെ വരൂ’ എന്ന കവിതയിൽ എഴുതുന്നു : “എനിക്ക് എല്ലാവരിലും ഉള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. എന്റെ മരണം ഘാതകർക്കു മുന്നിൽ രേഖപ്പെടുത്തിക്കഴിഞ്ഞു.’’ നിലനിൽപ്പിനായുള്ള എല്ലാ കലഹങ്ങളും ഇപ്പോൾ അധികാരത്തിനെതിരെ അണിനിരന്നു കഴിഞ്ഞു. വാക്കുകൾ ചിന്തകൾ ആശയങ്ങൾ എല്ലാറ്റിനെയും അധികാരം തോക്കിൻ മുനയിൽ നിർത്തി കഴിഞ്ഞു. എങ്ങനെയാണ് നാമിനി ജീവിക്കേണ്ടത് ? ഭാഷയും കവിതയുടെയും വാക്കിന്റെയും വഴിയിൽ ഈ അതിജീവനത്തിന് അളവ് എത്രയാണ്?
കവിത ജീവിതത്തിന്റെ ഒരു വഴിയാണ്. പ്രതിരോധത്തിന്റെ ആയുധമായി കയ്യിൽ കവിത മാത്രമേ ഉള്ളൂ. എനിക്ക് ഇത് ഒരു തരത്തിലുള്ള യുദ്ധം കൂടിയാണ്. സംഘർഷങ്ങളിലൂടെ അല്ലാതെ യുദ്ധം നയിക്കാൻ ആവില്ല. ഞങ്ങളുടെ ജീവിതം നിലനിൽപ്പിനുള്ള സമരമല്ലാതെ മറ്റൊന്നുമല്ല. കേവലം ആനന്ദത്തിന് വേണ്ടിയല്ല ഞങ്ങൾ എഴുതുന്നത്. ഒരു വ്യക്തിക്ക് വേണ്ടിയും അല്ല, മറിച്ച് ആയിരക്കണക്കിനാളുകൾ ഞങ്ങൾക്ക് പിന്നിലുണ്ട് എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞു കൊണ്ട് തന്നെയാണ് ഞങ്ങളുടെ എഴുത്ത്. വലിയൊരു ആവശ്യമാണ് അത്. നിരാശയുടെ ഒരു കണികപോലും ഞങ്ങളിലേക്ക് വീഴില്ല. വാക്കുകളിൽ പ്രതീക്ഷയുടെയും സ്വപ്നത്തിന്റെയും വെളിച്ചം ഉണ്ടാകുമെന്നത് ഞങ്ങൾ അവർക്കു കൊടുക്കുന്ന വാഗ്ദാനമാണ്. ഇനിയും ഒഴിഞ്ഞു കിടക്കുന്ന ഇടങ്ങൾ ദളിത് സാഹിത്യത്തിലുണ്ട്. അവ പൂരിപ്പിക്കപ്പെടെണ്ടത് കാലത്തിന്റെ ആവശ്യമാണ്. ദളിതരുടെ സ്വാതന്ത്ര്യത്തെക്കുറിച്ച്, സമത്വത്തെക്കുറിച്ച്, അവകാശങ്ങളെക്കുറിച്ച് ആയിരക്കണക്കിന് വര്ഷങ്ങളായി ആരും പറഞ്ഞിട്ടില്ല, എഴുതിയിട്ടില്ല. സമൂഹത്തിൽ സമൂലമായ മാറ്റം കൊണ്ടുവരിക എന്നത് ദളിതരുടെ മാത്രം കടമയല്ല. എല്ലാവർക്കും അതിൽ പങ്കു ചേരാം. ഒരു ദേശീയ പ്രശ്നമാണിത്. സാധാരണ മനുഷ്യന്റെ ആത്മബലത്തെ പരിഗണിക്കാതെ, വളർത്താതെ, അവന്റെ ജീവിക്കാനുള്ള അവകാശത്തെ അഭിസംബോധന ചെയ്യാതെ എങ്ങനെയാണ് ഒരു മഹത് രാഷ്ട്രം കെട്ടിപ്പടുക്കാൻ നമുക്ക് ആവുക ?
ആഗോള കവിതയിൽ ദളിത് ഇന്ത്യയുടെ ഇടം എവിടെ എന്നാണ് പറയുക? ആഗോള സാഹിത്യത്തിന് ദളിത് സാഹിത്യത്തെ വേണ്ടവിധം ഉൾക്കൊള്ളാൻ ആയിട്ടുണ്ടോ?
കറുത്തവരുടെ ഐക്യദാർഢ്യത്തിന് സമൂഹത്തിൽ വലിയ സാധ്യതകളുണ്ട്. പുറത്താക്കപ്പെട്ടവർ, ജന്മനാ കൊലപാതകികളായി മുദ്രകുത്തപ്പെട്ടവർ, തൊട്ടുകൂടാത്തവർ, തീണ്ടിക്കൂടാത്തവർ, ആദിവാസികൾ ….ഇവരുടെ എല്ലാം പ്രശ്നങ്ങൾ ഒന്നാണ്. അനീതികൾക്കെതിരെയുള്ള എല്ലാ കലഹങ്ങളും പ്രതിരോധങ്ങളും ഒരേ മുഖച്ഛായയിൽ ആണ് കാണപ്പെടുന്നത്. നമുക്ക് ഒരുമിച്ച് നയിക്കാവുന്ന ഒരു സമരമാണിത്. ആഗോള സാഹിത്യത്തിൽ മുൻതട്ടിൽ എഴുതുക ഇംഗ്ലീഷിൽ എഴുതുന്ന എഴുത്തുകൾ ആയിരിക്കാം. ആ തട്ടിന്മേൽ വന്നുചേരുന്ന മേൽ കീഴ് വ്യതിയാനങ്ങൾ അളന്നു സമയം കളയാൻ ഒരു ദളിത് എഴുത്തുകാരൻ ഊർജ്ജം കളയേണ്ടതില്ല. ഞങ്ങൾ ഞങ്ങളുടെ യുദ്ധത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് മനുഷ്യത്വത്തിനുവേണ്ടിയുള്ള ഈ യുദ്ധത്തിൽ കുതിച്ചുചാടുകയാണ് ഞങ്ങൾ, അതാണ് ഞങ്ങളുടെ ലക്ഷ്യം.