കയ്പ്

കയ്പ് പി.എഫ്.മാത്യൂസ് തൊട്ടരികിലുള്ള മാളില്‍ പോയിവന്നാലും ആറേഴു പുറം വിവരിക്കാനുണ്ടാകും ചിത്തന്. നിമിഷംകൊണ്ടു വാചകങ്ങള്‍ കവിയുടെ കാല്‍പ്പാടുകളായി മാറും. കനമില്ലാത്ത കാര്യങ്ങള്‍ പറയുമ്പോഴും കേള്‍ക്കുമ്പോഴുമുള്ള വിനിമയത്തില്‍ അമ്മയും മകനും പങ്കിട്ട നേര്‍മയേറിയ നിമിഷങ്ങളുണ്ടല്ലോ, അതാണ് ജീവിതത്തിന്റെ സത്ത് എന്നു നളിനിയും വിചാരിച്ചു. ഇപ്പോള്‍ ഈ നോര്‍ത്തമേരിക്കന്‍ യാത്ര കഴിഞ്ഞു വന്നിട്ട് മൂന്നുമാസം കടന്നുപോയിട്ടും മൗനംകൊണ്ട് മനസ്സിന്റെ ഇരുളേറിയ ഇടങ്ങളെ മൂടിവച്ചിരിക്കുകയാണ് ചിത്തന്‍. പറയാതെപോയ കാര്യങ്ങള്‍ ചാരമേഘശകലങ്ങളായി അവന്റെ ആകാശത്തിലെമ്പാടും പറ്റിച്ചേര്‍ന്നു കിടക്കുന്നുണ്ടെന്ന് നളിനി കരുതി. ഞായറാഴ്ചകളില്‍ പുലരിവെട്ടം വീഴുംമുമ്പേ ആ മുറിയില്‍ ഗോളാകാരത്തിലുള്ള എല്‍ഇഡി ബള്‍ബിന്റെ വെളിച്ചപ്രളയമായിരിക്കും. യാത്രകഴിഞ്ഞ് പതിമൂന്നാമത്തെ ഞായറാഴ്ചയും ആ മുറി അടഞ്ഞും നിശ്ശബ്ദവുമായിരിക്കുന്നതുകണ്ട് നളിനി വാതിലില്‍ മൂന്നുവട്ടം പതുക്കെ മുട്ടി. രാത്രി മുഴുവന്‍ ഉറങ്ങാതെ കഴിച്ചുകൂട്ടിയ മുഖമായിരുന്നു ചിത്തന്റേത്. കംപ്യൂട്ടറില്‍ താഴ്ന്നസ്വരത്തില്‍ ഓടിക്കൊണ്ടിരുന്ന സിനിമയിലെ നായകന്‍ വലിയൊരു ബസ്സോടിച്ചുകൊണ്ടിരിക്കുന്നത് അവന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. നളചരിതം തിരയുവാന്‍ വന്നതാണെന്ന മട്ടില്‍ നളിനി തുടക്കമിട്ടുവെങ്കിലും അവനതു തീരെ ഗൗരവത്തിലെടുത്തിട്ടില്ലെന്നു മുഖത്തെ ഈര്‍ഷ്യകൊണ്ടുതന്നെ വെളിപ്പെടുത്തിയപ്പോള്‍ ഉപായങ്ങളെല്ലാം ഉപേക്ഷിച്ചു നളിനി നേരെ കാര്യത്തിലേക്കു കടന്നു. ‘നീ ലാസ് വേഗാസിലേക്കു പോകുമെന്നൊക്കെ പറഞ്ഞിരുന്നല്ലോ എന്നിട്ടെന്താ എവിടേം പോകാഞ്ഞത്….’ താല്‍പ്പര്യമില്ലായിരുന്നു എന്ന ഭാവം മുഖത്തുവരുത്തിയിട്ട് ചിത്തന്‍ പുറത്തേക്കു നോക്കിയിരുന്നു. ആദ്യം കഥാപാത്രം നോക്കുകയും പിന്നെ അയാള്‍ നോക്കിയത് എന്താണെന്നു നമ്മളെ കാണിച്ചുതരികയും ചെയ്യുന്ന സിനിമകളുടെ പതിവനുസരിച്ച് അവന്റെ നോട്ടം ചെന്നു പതിക്കുന്നിടത്തേക്ക് നളിനി നോക്കി. ന്യൂയോര്‍ക്കിലേക്കു പുറപ്പെടുന്നതിനു മുമ്പേ മൂന്നു കുരുവിക്കുഞ്ഞുങ്ങള്‍ക്കു പിറക്കാനിടംകൊടുത്ത ചെടിയുടെ അവശേഷിച്ച ഇലകളിലേക്കാണ് അവന്റെ നോട്ടം അവസാനിക്കുന്നത്. ആ ചെടിയുടെ തൊട്ടരികില്‍ വൈകുന്നേരങ്ങളില്‍ നിറംമാറുന്ന വെളുത്ത റോസയിലേക്കുപോലും കണ്ണുപോയിട്ടില്ല. സായാഹ്നങ്ങളില്‍ ഭാവംമാറുന്ന മണമില്ലാത്ത നാട്ടുറോസുകള്‍ അവന്റെ കവിതകളിലോ കഥകളിലോ ഇതുവരെ കണ്ടിട്ടില്ലല്ലോ എന്നും നളിനി ആലോചിച്ചു. പൊതുവേ പൂക്കളേക്കുറിച്ച് എഴുതുന്നതുതന്നെ വിരോധമാണവന്. പൂക്കള്‍ ഭൂമിയിലെ അതിശയങ്ങളല്ലേ മോനേ എന്നോ മറ്റോ പറഞ്ഞാല്‍ നിങ്ങളൊരു കാലഹരണപ്പെട്ട മനുഷ്യ ജീവിയായിപ്പോയല്ലോ അമ്മേ എന്ന അര്‍ത്ഥം നിറച്ചുവച്ച ഒരു നോട്ടം മാത്രം. ബസ്സിലെ ഡ്രൈവര്‍ നോട്ടുപുസ്തകത്തിലെന്തോ കുറിച്ചുകൊണ്ടിരിക്കുന്നത് നളിനി ശ്രദ്ധിച്ചു. അയാള്‍ കുറിക്കുന്നതിനോടൊപ്പം കവിതാശകലങ്ങള്‍ എഴുതിവരുന്നുമുണ്ട്. കൊള്ളാം കവിയായ ബസ്സ് ഡ്രൈവര്‍. നളിനിക്ക് ആ സിനിമയില്‍ കൗതുകമുണ്ടായി. ‘ഇതേതാ സിനിമ…’ ഇപ്പോള്‍ ചിത്തനും സിനിമയിലേക്കു കണ്ണോടിച്ചു. ബസ്സ് ഡ്രൈവര്‍ വീട്ടിലെ അടുക്കളയിലാണിപ്പോള്‍. ചിത്രകാരിയും സുന്ദരിയുമായ തന്റെ കൂട്ടുകാരിക്ക് കൊണ്ടുനടന്നു പഴകിയ പുസ്തകം നോക്കി ഒരു കവിത വായിച്ചു കൊടുക്കുകയാണ്. നളിനി വാക്കുകള്‍ കാതുകള്‍കൊണ്ടു പെറുക്കാന്‍ തുടങ്ങി. ‘ I have eaten the plums that were in the icebox and which you were probably saving for breakfast Forgive me they were delicious so sweet and so cold ‘ * പുഞ്ചിരിയോടെ ചിത്തനെ നോക്കി നളിനി പറഞ്ഞു. ‘ഇതു കവിതയാണോ….’ ‘ഉം..വില്യം കാര്‍ലോസ് വില്യംസ്’ ‘ഓ കേട്ടിട്ടുണ്ട്… അയാള്‍ ഡോക്ടറോ മറ്റോ അല്ലേ…’ ചിത്തന്‍ വലിയ താല്‍പ്പര്യം കാണിക്കാതെ തലയനക്കി. ‘പക്ഷേ, അതു കവിതയല്ല…’ ‘നിങ്ങളിഷ്ടപ്പെടുന്ന മട്ടിലുള്ള കവിതകളൊന്നും ലോകത്തിലൊരാളും ഇപ്പോ എഴുതുന്നില്ല…’ ‘അതെന്തോ… ഇത് കവിതയാകാനിടയില്ല… കവി ഭാര്യയ്‌ക്കെഴുതിവച്ച കത്തുപോലെയാണ് തോന്നിയത്…. അത് വഴിതെറ്റി പുസ്തകത്തിലേക്കു കയറിക്കൂടിയതാകും… പ്രാതലിനു കഴിക്കാന്‍ ഭാര്യ ഐസുപെട്ടിയില്‍ എടുത്തുവച്ച പ്ലം തിന്നുതീര്‍ത്ത ഭര്‍ത്താവിന്റെ ക്ഷമാപണം… വെറും ഒരു കുറിപ്പ്… അതിനപ്പുറം അതിലൊന്നുമില്ല…’ മനസ്സിലെ പുച്ഛം മുഴുവനും മുഖത്തെഴുതിവച്ചിട്ട് ചിത്തന്‍ എഴുന്നേറ്റു. ഈ വിഡ്ഢിത്തള്ളയെ എങ്ങനെയാണ് ഒന്നിറക്കിവിടുന്നത്… അവന്റെ മുഖഭാവത്തെ നളിനി അങ്ങനെയാണ് വിവര്‍ത്തനം ചെയ്തത്. എന്നിട്ടും അതൊന്നും അവളെ ബാധിച്ചില്ല. അവള്‍ വളരെ ശാന്തതയോടെ കംപ്യൂട്ടറിനുമുന്നില്‍ കുത്തിയിരുന്ന് സിനിമ കാണാന്‍ തുടങ്ങി. ‘എന്താണീ സിനിമയുടെ പേര്…’ ‘പാറ്റേഴ്‌സണ്‍…’ ഒരാള്‍ക്ക് കുറച്ചു പ്രായമേറി എന്നതുകൊണ്ടു മാത്രം ബഹുമാനിക്കുകയോ സഹിക്കുകയോ ചെയ്യേണ്ട കാര്യമില്ല. ചെറുപ്പക്കാരെ എന്തെങ്കിലും പഠിപ്പിക്കാനുള്ള യോഗ്യത പ്രായത്തിനുണ്ടെന്നു ഞാന്‍ കരുതുന്നില്ല. ഇങ്ങനെയുള്ള വാചകങ്ങള്‍ ചിത്തനില്‍നിന്നു പലവട്ടം കേട്ടുശീലിച്ചതിനാല്‍ അയാള്‍ മുറിയില്‍ നിന്നിറങ്ങിപ്പോയപ്പോള്‍ നളിനിക്ക് വലിയ അതിശയമൊന്നും തോന്നിയില്ല.