കാടകങ്ങളറിഞ്ഞ വനപാലക
വനിതാദിന ഫീച്ചര്‍
കാടകങ്ങളറിഞ്ഞ വനപാലക
രാജേശ്വരി പി.ആര്‍
ഒരു കാട്…
ഒരു സ്ത്രീ…
കേട്ട കഥകളിലെങ്ങോ വൈകാരികതയുടെ ഇഴകളില്‍ കാടിനോട് ചേര്‍ത്തുവയ്ക്കപ്പെട്ട സ്ത്രീയുടെ ധീരകഥകള്‍ കേള്‍ക്കാം. അതാണ് സ്ത്രീയും കാടും തമ്മിലുള്ള ബന്ധം. ഇവിടെ സുധയെന്ന സ്ത്രീ കാടകങ്ങളിലെ മനുഷ്യരുടെ ജീവിതങ്ങളെ മറ്റൊരു തലത്തിലേക്ക് മാറ്റിക്കുറിച്ചിരിക്കുന്നു.
ആനയും കടുവയും കാട്ടുപോത്തുമുള്ള കൊടുംകാട്… സഹിക്കാന്‍ പറ്റാത്ത തണുപ്പ്. രണ്ടുമൂന്ന് സ്വറ്റര്‍ ഒക്കെയിട്ടാണ് കഴിച്ചുകൂട്ടിയത്. പുതച്ചു കിടക്കുന്ന വസ്ത്രങ്ങള്‍ കോടയുടെ ശക്തിയാല്‍ രാവിലെയാകുമ്പോള്‍ നനഞ്ഞുകുതിര്‍ന്നിരിക്കും. വലിയ ആഴിയൊക്കെയിട്ടാണ് കാട്ടുമൃഗങ്ങളുടെ ശല്യത്തെ ചെറുത്തത്. വെളിയിടവിസര്‍ജനത്തില്‍നിന്നും കാടകങ്ങളെ സംരക്ഷിക്കുക എന്ന ദൗത്യവുമായാണ് സുധ ഉള്‍വനത്തില്‍ ആ മൂന്നുമാസക്കാലം താമസിച്ചത്.
കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ചിനു കീഴിലെ ഗാര്‍ഡായ പി.ജി സുധ കേരളത്തിലെതന്നെ ആദ്യ വനിതാ ഗാര്‍ഡാണ്. പിണവൂര്‍കുടി ദലിത് കോളനിയില്‍ താമസിക്കുന്ന സുധയ്ക്ക് കാടും കാട്ടുജീവികളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു. ഒപ്പം ഉള്‍വനത്തിലേക്കുള്ള യാത്രകള്‍ പ്രതിസന്ധികള്‍ നിറഞ്ഞതാണെന്ന അറിവോടെതന്നെയാണ് തികഞ്ഞ നിശ്ചയദാര്‍ഢ്യത്തോടെ വനപാലകയുടെ വേഷമണിഞ്ഞത്. എന്നാല്‍ ഒറ്റയ്‌ക്കൊന്നും കാട്ടില്‍ പോയിട്ടില്ല. അത്രയ്ക്ക് ധൈര്യവും ഉണ്ടായിട്ടില്ല. പിന്നെ യൂണിഫോം ഇട്ടതോടെ വേറൊരാളായി മാറിയെന്ന് സുധ പറയുന്നു.ഏല്‍പ്പിക്കപ്പെട്ട ദൗത്യത്തിലൂടെ ലഭിച്ച അവസരം
ജീപ്പ് മാത്രം കടന്നുപോകുന്ന കാട്ടുവഴികളിലൂടെ കിലോമീറ്ററുകള്‍ സഞ്ചരിക്കണം. കുറേയങ്ങു കഴിഞ്ഞാല്‍ ജീപ്പും പോകില്ല. പിന്നെ ഇറങ്ങി നടപ്പാണ്. ഉള്‍വനത്തില്‍ ഫോണിന് റേഞ്ചും കിട്ടാറില്ല. സ്വച്ഛ്ഭാരത് പദ്ധതിപ്രകാരം ആദിവാസി ഊരുകളില്‍ ശുചിമുറികള്‍ നിര്‍മിക്കുന്നതിന്റെ കോര്‍ഡിനേറ്ററായിരുന്നു സുധ. കളക്ടര്‍ സഫീറുള്ളയായിരുന്നു സുധയെ നിയമിച്ചത്.
വനംവകുപ്പിലെ ജോലി ഏറെ സാഹസമാണ്. അതിനിടെയാണ് ശുചിമുറി നിര്‍മാണത്തിന്റെ ഉത്തരവാദിത്വം കൂടി സുധയെ ഏല്‍പ്പിച്ചത്. ചെന്നെത്താന്‍ പ്രയാസമുള്ള ഊരുകളില്‍ നിര്‍മാണം ഏറ്റെടുക്കാന്‍ കരാറുകാരും വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് നിര്‍മാണം പൂര്‍ത്തിയായത്. കുട്ടമ്പുഴ പഞ്ചായത്തിലെ ഉള്‍ക്കാടുകളില്‍ പലഭാഗങ്ങളിലായി ചിതറിക്കിടന്ന ഒമ്പത് ആദിവാസി കോളനികളില്‍ 500 ഓളം ശുചിമുറികളാണ് മൂന്നു മാസംകൊണ്ട് സുധയുടെ നേതൃത്വത്തില്‍ പണിതുതീര്‍ത്തത്. അതുവരെ കോളനിയിലുള്ളവര്‍ക്ക് മലമൂത്ര വിസര്‍ജനത്തിനായി കാടല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല.
പ്രതിസന്ധികള്‍ക്കു മുന്നില്‍ പതറാതെ
നിര്‍മാണത്തിനാവശ്യമായ സാധനസാമഗ്രികള്‍ എത്തിക്കുകയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. സിമന്റുകട്ടകളും കമ്പികളും ഉള്‍ക്കാട്ടിലൂടെ മണിക്കൂറുകളോളം നടന്നാണ് കോളനികളിലെത്തിച്ചത്. അതിനിടെ നിര്‍മാണ സാധനങ്ങളുടെ വില വര്‍ധിച്ചതും പ്രതിസന്ധി സൃഷ്ടിച്ചു. നിര്‍മാണസാമഗ്രികള്‍ പല തവണകളായി കൊണ്ടുപോകുന്നത് അമിതമായ പണച്ചെലവിനും കാലതാമസത്തിനും ഇടയാക്കി. ജീപ്പിന് ഒരു ട്രിപ്പിന് 3000, 4000 രൂപയാണ് ചെലവ്. ഒരു ജീപ്പില്‍ 30 സിമന്റ് കട്ടയാണ് കയറ്റാന്‍ കഴിയുക. 1500, 2000 കട്ടകള്‍ വേണമെങ്കില്‍ എത്ര ട്രിപ്പ് അടിക്കേണ്ടി വരും? പിന്നെ കമ്പി, സിമന്റ് തുടങ്ങിയവയും… നിര്‍മാണച്ചെലവിനൊപ്പം ട്രാന്‍സ്‌പോര്‍ട്ടിങ്ങ് ചാര്‍ജ് കൂടി സര്‍ക്കാര്‍ അനുവദിക്കേണ്ടിയിരിക്കുന്നു. വണ്ടിക്കൂലിക്കുള്ള കാശ് ലഭിക്കാത്തതുകൊണ്ടാണ് കോണ്‍ട്രാക്ടര്‍മാര്‍പ്പോലും ഇത്തരം കരാറുകള്‍ ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്നത്.
നാട്ടുകാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും പൂര്‍ണസഹകരണംകൊണ്ടുമാത്രമാണ് നിര്‍മാണം യഥാസമയം തീരാനിടയാക്കിയതെന്ന് സുധ പറയുന്നു. മൂന്നു മാസത്തെ അശ്രാന്തപരിശ്രമത്തിനെന്നോണം പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും അംഗീകാരങ്ങള്‍ സുധയെ തേടിയെത്തി. കൂടാതെ നെതര്‍ലാന്റ്‌സ്, യുഎസ് തുടങ്ങിയിടങ്ങളില്‍ നിന്നുള്ളവരുടെ ആദരവും ലഭിച്ചു. ഏല്‍പ്പിച്ച ജോലി ഭംഗിയായി തീര്‍ത്തതിന്റെ ചാരിതാര്‍ത്ഥ്യം ഇപ്പോഴും സുധയുടെ മുഖത്തു തെളിഞ്ഞുനില്‍ക്കുന്നു.
അനുഭവങ്ങളുടെ കാട്ടുപാതകള്‍
മറക്കാനാവാത്ത ഒട്ടേറെ അനുഭവങ്ങളാണ് സര്‍വീസ്ജീവിതത്തില്‍ സുധയ്ക്ക് പറയാനുള്ളത്. ഒരിക്കല്‍ കഞ്ചാവ് കേസിലെ പ്രതിയും അയാളുടെ ഭാര്യയും കാട്ടില്‍ ഒളിച്ചു താമസിക്കുന്നതായി വിവരം ലഭിച്ചു. ഞങ്ങള്‍ ആറേഴു പേര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജീപ്പില്‍ പുറപ്പെട്ടു. കാട്ടുമൃഗങ്ങളുള്ള ഘോരമായ വനത്തിലൂടെയായിരുന്നു യാത്ര. വനമധ്യത്തില്‍ ജീപ്പ് ഒതുക്കിയിട്ട് അവരവരുടെ ആയുധങ്ങളുമെടുത്ത് ടോര്‍ച്ചും തെളിച്ച് നടന്നു. അട്ടയും കുണ്ടും വഴുക്കലുമൊക്കെയുള്ള പാതയിലൂടെ ഇരുട്ടില്‍ അധികം ഒച്ചയോ വെളിച്ചമോ ഉണ്ടാക്കാതെയാണ് ഞങ്ങള്‍ നീങ്ങിയത്.