ബദലുകളുടെ രാഷ്ട്രീയം എന്ത് ?
പ്രഫ. കുസുമം ജോസഫ്
യഥാര്‍ത്ഥത്തില്‍ ബദല്‍ രാഷ്ട്രീയമെന്നു പറയുന്നത് മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഉണ്ടാവേണ്ട പാരിസ്ഥിതികമായ, സ്ത്രീപക്ഷമായ സംസ്‌ക്കാരമാണ്. അതിലേക്ക് വരാന്‍ പറ്റിയാല്‍ സമൂഹവും നാടും രക്ഷപ്പെടും.
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബദലായി പുതിയ സംവിധാനം വേണമെന്ന് ജനം ആഗ്രഹിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്്. അവര്‍ തൊടാന്‍ മടിക്കുന്ന വിഷയങ്ങളാണ് പരിസ്ഥിതി, സ്ത്രീ, ദലിത് എന്നിവ. ഇത്തരം, വിഷയങ്ങളെ അഭിസംബോധന ചെയ്യുന്ന ഒരു ബദല്‍ രാഷ്ട്രീയം വരണം എന്നുതന്നെയാണ് എന്റെ നിലപാട്. സത്യത്തില്‍ ഒരു ബദല്‍ ജനാധിപത്യ സംസ്‌ക്കാരമാണ് ഉണ്ടാകേണ്ടത്. ഇപ്പോഴുള്ള രാഷ്ട്രീയ പാര്‍ട്ടികളെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള ഒരു ബദല്‍ രാഷ്ട്രീയം വരാനുള്ള സാധ്യതയില്ല. നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളെ മാറ്റിനിര്‍ത്തി പുതിയ ഒരു രാഷ്ട്രീയ സംവിധാനം വരിക എന്നത് എളുപ്പമാവില്ല. നിലവിലുള്ളതില്‍ നിന്ന് വ്യത്യസ്തമായ ഒരു ജനാധിപത്യസംസ്‌ക്കാരം ആണ് ഉണ്ടാകേണ്ടത്. രാഷ്ട്രീയപാര്‍ട്ടികള്‍ ജനാധിപത്യവത്ക്കരിക്കപ്പെടേണ്ടതുണ്ട്. നമ്മുടെ മതങ്ങളുടെ വലിയ പ്രശ്‌നം അതിന് ജനാധിപത്യം ഇല്ല എന്നതാണ്. വലിയ തോതില്‍ പുരുഷാധിപത്യം നിലനില്‍ക്കുന്ന ഒരു വ്യവസ്ഥയാണ് മതം. ഇതുപോലെ തന്നെയാണ് രാഷ്ട്രീയ പാര്‍ട്ടികളും.
ബദല്‍ വരേണ്ടത് പ്രധാനമായും സ്ത്രീകളുടെ പ്രശ്‌നത്തെയും പാരിസ്ഥിതിക വിഷയത്തെയും അടിസ്ഥാനമാക്കിയാണ്. ദലിതുകളുള്‍പ്പെെടയുള്ള പാര്‍ശ്വവത്കൃതരായവരുടെ സാമൂഹികാവസ്ഥയും പരിഗണിക്കണം. പ്രധാനപ്പെട്ട ഈ മൂന്നുകാര്യങ്ങള്‍ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ അഭിസംബോധന ചെയ്യുന്നേയില്ല. അവര്‍ക്കതിനെക്കുറിച്ച് ഭയം ഉണ്ട്. മുപ്പത്തിമൂന്നു ശതമാനം സംവരണം പാര്‍ലമെന്റിലും നിയമസഭയിലും വേണമെന്ന് പറയാന്‍ തുടങ്ങിയിട്ട് പത്തിരുപതു വര്‍ഷമായി. എന്നാല്‍ വനിതാസംവരണബില്ല് പാസാക്കി എടുക്കാനുള്ള യാതൊരു ജാഗ്രതയും ഇക്കഴിഞ്ഞ രണ്ടു യു.പി.എ. സര്‍ക്കാരുകളോ അതിനുശേഷം വന്ന എന്‍.ഡി.എ സര്‍ക്കാരോ കാണിച്ചിട്ടില്ല. അക്കാര്യം അവരുടെ മാനിഫെസ്റ്റോയില്‍ പറയുമെങ്കിലും പ്രയോഗത്തിലേക്കു വരാന്‍ വിദൂര സാധ്യതപോലുമില്ലാത്ത വെറും പറച്ചിലാണതെന്നു നമുക്കറിയാം. ഇതിനുകാരണം രാഷ്ട്രീയ പാര്‍ട്ടികള്‍ ജനാധിപത്യവത്ക്കരിക്കപ്പെടാത്തതുകൊണ്ടാണ്. ജനാധിപത്യം എന്നാല്‍ തുല്യതയായിരിക്കണം. അല്ലാതെ ഭൂരിപക്ഷത്തിന്റെ തീരുമാനത്തെ മാത്രം ജനാധിപത്യമെന്ന് പറഞ്ഞുകൂടാ. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നടക്കുന്ന ജനാധിപത്യ ക്രമവും, തിരഞ്ഞെടുപ്പുക്രമവും എല്ലാം ചര്‍ച്ചയ്ക്കും മാറ്റങ്ങള്‍ക്കും വിധേയമാക്കേണ്ടതുണ്ട്. ഒരു തിരഞ്ഞെടുപ്പ് ജയിച്ചിട്ട് അഞ്ചുകൊല്ലം ഒരാള്‍ അധികാരിയായിരിക്കും. ഒരു വോട്ടിന് പരാജയപ്പെട്ട ആള്‍ നാട്ടിലെ ഒരു അധികാരപ്രക്രിയയിലും ഇല്ലാതെ പോകുകയും, പൊതുസമൂഹത്തില്‍ ഇല്ലാതെ പോകുകയും ചെയ്യുന്ന അവസ്ഥയുണ്ട്. വ്യക്തികള്‍ക്കായാലും രാഷ്ട്രീയപാര്‍ട്ടിക്കായാലും ഈ പ്രശ്‌നമുണ്ട്.
നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളില്‍ സ്ത്രീകള്‍ എവിടെയാണ്? രാഷ്ട്രീയപാര്‍ട്ടികളും മതങ്ങളും തമ്മില്‍ വളരെ കൃത്യമായ സമാന്തരങ്ങള്‍ ഉണ്ട്. മതത്തില്‍ തീരുമാനങ്ങളെടുക്കുന്ന ഒരു രംഗത്തും സ്ത്രീകള്‍ ഇല്ലാതിരിക്കുകയും എന്നാല്‍ മതത്തിന്റെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും അവര്‍ ഭ്രാന്തമായി, പങ്കെടുക്കുകയും ചെയ്യുന്നു. സമാനമായ രീതിയാണ് രാഷ്ട്രീയപാര്‍ട്ടികളിലും കാണുന്നത്. തീരുമാനമെടുക്കുന്ന ഒരു ഘട്ടത്തിലും സ്ത്രീകളില്ല. കേരളത്തില്‍ പഞ്ചായത്തുതലത്തില്‍ 50 ശതമാനം സ്ത്രീകളാണെന്നതിനെ അങ്ങേയറ്റം അഭിനന്ദിക്കണം. അടിത്തട്ടില്‍ മാറ്റമുണ്ടാകണമെന്നാണല്ലോ സാധാരണ പറയാറ്. 50 ശതമാനം സ്ത്രീകള്‍ അടിത്തട്ടിലെ ഭരണം കൈയാളുകയാണ്. ജനപ്രതിനിധികള്‍ മാത്രമല്ല അദ്ധ്യക്ഷസ്ഥാനത്തേക്കും അവര്‍ വരികയാണ്. എന്തുകൊണ്ടാണ് ഈയൊരു സംഗതി നിയമസഭയിലേയ്ക്കും പാര്‍ലമെന്റിലേക്കും വരാത്തത്? നിയമനിര്‍മാണസഭകളില്‍, നയരൂപീകരണപ്രക്രിയയില്‍ സ്ത്രീകള്‍ക്കു പങ്കുണ്ടാവണം. പശ്ചായത്തില്‍ അവര്‍ക്കു തീരുമാനിക്കാമല്ലോ എന്ന് ചിലപ്പോള്‍ പറയുമായിരിക്കും. പക്ഷേ, അവിടെ ജനപ്രതിനിധികളായ സ്ത്രീകള്‍ ഓരോരോ പാര്‍ട്ടിയുടെ അംഗങ്ങളാണ്. അവര്‍ ആ പാര്‍ട്ടിയുടെ തീരുമാനങ്ങളോ നയങ്ങളോ ആണ് നടപ്പിലാക്കുന്നത്.
പാര്‍ട്ടിയുടെ നയം ആരാണ് തീരുമാനിക്കുന്നത്? പാര്‍ട്ടിയുടെ നയരൂപീകരണ സമിതിയില്‍ അല്ലെങ്കില്‍ സെന്‍ട്രല്‍ കമ്മിറ്റികളിലൊക്കെ മഹാഭൂരിപക്ഷവും പുരുഷന്മാരാണ്. ‘പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്താ കാര്യം’ എന്ന ചൊല്ല് പോലെയാണ് സ്ത്രീകളുടെ അവസ്ഥ. തീരുമാനം എടുക്കുന്നിടത്തു അവര്‍ക്കു കാര്യമൊന്നുമില്ല; ദലിതുകള്‍, ട്രാന്‍സ്ജന്‍ഡറുകള്‍, ആദിവാസികള്‍ എന്നിവരുടെയൊക്കെ അവസ്ഥ അതുതന്നെയാണ്. പെണ്ണുങ്ങള്‍ക്ക് സീറ്റ് കൊടുക്കുമ്പോള്‍ പുരുഷ നേതാക്കള്‍ക്കുവേണ്ടാത്ത സീറ്റ് കൊടുക്കാം എന്ന മട്ടാണ് കാണുന്നത്. വോട്ടര്‍മാരില്‍ പകുതിയിലധികം സ്ത്രീകളായ ഒരു സംസ്ഥാനത്ത് ലോക്‌സഭയിലേക്കുള്ള 20 സീറ്റില്‍ ഒരെണ്ണമോ മറ്റോ ആണ് സ്ത്രീകള്‍ക്ക് കിട്ടുന്നത്. അത്തരത്തിലുള്ള ഒരു ജനാധിപത്യ ക്രമത്തിന്റെ മാറ്റം ആണ് പ്രതീക്ഷ, സ്ത്രീകളുടെ കാര്യത്തില്‍, ദലിതരുടെ കാര്യത്തില്‍, ട്രാന്‍സ്ജന്‍ഡറുകളുടെ കാര്യത്തില്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ത്രീകള്‍ക്കു വേറെ വിഭാഗം ഉണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയായാലും കോണ്‍ഗ്രസ്സായാലും സ്ത്രീകള്‍ക്ക് മഹിളാ വിഭാഗം എന്ന് വേറെ വിഭാഗം ഉണ്ടാക്കിയിരിക്കുന്നത് എന്തിനാണ്? അങ്ങനെയല്ലല്ലോ യഥാര്‍ത്ഥത്തില്‍ വേണ്ടത്. അവര്‍ക്കുവേണ്ടി വേറൊരു ഗ്രൂപ്പ് അല്ല വേണ്ടത്.