സൗഹാര്‍ദത്തിലൂടെ അതിജീവനം
കെ. ബാബു ജോസഫ്
‘നിലനില്പിനുവേണ്ടി സമരം; ഏറ്റവും അനുയോജ്യമായതിന്റെ അതിജീവനം’- ഇതാണല്ലോ ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിന്റെ കാതല്‍. സമൂഹത്തിലെ സംഘര്‍ഷങ്ങളെയും അക്രമങ്ങളെയും വിശദീകരിക്കുന്നതിന് ഈ പരിപ്രേക്ഷ്യം ഉപയോഗിക്കാറുണ്ട്. എന്നാല്‍, മത്സരം മാത്രമല്ല, സൗഹാര്‍ദത്തിലൂടെയും അതിജീവനം സാധ്യമാണെന്ന കണ്ടെത്തലിന് ഏറെ പഴക്കമില്ല. ന്യൂറോശാസ്ത്രവും മനശ്ശാസ്ത്രവും പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ചില ഗവേഷണപഠനങ്ങളുടെ ഫലമാണിത്. പരോപകാരശീല (Altruism) ത്തെക്കുറിച്ച് മുന്‍പ് നിര്‍ദേശിക്കപ്പെട്ടിരുന്ന സാമൂഹികതല തിരഞ്ഞെടുപ്പ് (Group Selection), ബന്ധുതലതിരഞ്ഞെടുപ്പ് (Kin Selection) തുടങ്ങിയ സാമ്പ്രദായിക ചിന്തകളുടെ പരിധിവിട്ട് നിര്‍വഹിച്ച പഠനങ്ങളാണ് 2011 ല്‍ പ്രസിദ്ധീകരിച്ച, പ്രശസ്ത പരിണാമപരമനശ്ശാസ്ത്രജ്ഞനായ സ്റ്റിവെന്‍പിങ്കറുടെ The Better Angels of Our Nature എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നത്. കുറേക്കാലമായി ലോകത്ത് അക്രമങ്ങള്‍ കുറഞ്ഞുവരികയാണെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. മനുഷ്യപ്രകൃതിയിലെ മൂല്യവത്തായ ചില ഘടകങ്ങളെയാണ് അദ്ദേഹം മാലാഖാ മാരെന്ന് വിശേഷിപ്പിക്കുന്നത്. ഇവയുടെ സ്വാധീനത്തില്‍ ആഗോളതലത്തില്‍ സംഘര്‍ഷം കുറഞ്ഞുകൊണ്ടിരിക്കുകയാണത്രേ. പുരോഗമനാത്മകമായ ഒരു നവയുഗപ്പിറവി!
ഈ സംക്രമണത്തിന്റെ പ്രേരകഘടകങ്ങളെ പിങ്കര്‍ വേര്‍തിരിച്ചുകാട്ടുന്നത് നിരവധി കഥകളുടെയും ചരിത്ര ഏടുകളുടെയും, എല്ലാറ്റിനുമുപരി ഡേറ്റയുടെയും സഹായത്തോടെയാണ്. മത്സരത്തിന്റെ സമ്മര്‍ദമല്ല, സന്മനസ്സിന്റെ സഹകരണമാണ് അതിജീവനത്തിന് കൂടുതല്‍ പ്രയോജനകരമെന്ന വാദമാണ് 2020 ല്‍ പ്രസിദ്ധീകരിച്ച ബ്രയന്‍ ഹെയര്‍, വനേസ്സ വുഡ്‌സ് എന്നിവര്‍ രചിച്ച Survival of the Friendliest എന്ന പുസ്തകവും, റട്ജര്‍ ബ്രെഗ്മാന്റെ Humankind എന്ന പുസ്തകവും സമര്‍ത്ഥിക്കാന്‍ ഉദ്യമിക്കുന്നത്. ഇവര്‍ പിങ്കറുടെ ഡേറ്റയെയും സങ്കല്പനങ്ങളെയും ചോദ്യം ചെയ്യുന്നുണ്ട്. പരിണാമം സംഭവിക്കുന്നത്, പ്രകൃതി നിര്‍ദ്ധാരണം (Natural Selection) എന്ന് പറയുന്ന, സംഭാവ്യതാപരമായ (Probabilistic), ഡാര്‍വീനിയന്‍ പ്രക്രിയയിലൂടെയാണ്. സ്‌നേഹവും സഹകരണവുമാണ് അതിജീവനത്തിനുള്ള ഏറ്റവും മികച്ച തന്ത്രമെന്നതിന് തെളിവാണ് സംഘര്‍ഷങ്ങളില്‍ വന്നിട്ടുണ്ടെന്ന് പറയപ്പെടുന്ന കുറവ്. അതിജീവനമാണ് സമാധാനത്തിന്റെ പ്രഥമലക്ഷ്യം.
സമകാലിക ലോകരാഷ്ട്രീയം പരിശോധിച്ചാല്‍, സംയോജനമല്ല വിയോജനവും വിഭജനവുമാണ് ഭരണകൂടങ്ങള്‍ ജനങ്ങളുടെമേല്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന തന്ത്രങ്ങളെന്ന് മനസ്സിലാക്കാം. ജാതി, മത, വര്‍ഗ, വര്‍ണ പരിഗണനകളുടെ പേരില്‍ ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിച്ച് മുതലെടുക്കുന്ന നയം. ഒരേസമയം വികസനത്തെപ്പറ്റി വാതോരാതെ സംസാരിക്കുകയും വിഭജനം നടപ്പിലാക്കുകയും ചെയ്യുന്നു അവരെന്ന് ഏത് പൊട്ടനും മനസ്സിലാക്കാവുന്നതാണ്. ഈ ഇരട്ടത്താപ്പിന്റെ ഫലമായി സമൂഹത്തില്‍ സുസ്ഥിര സമാധാനമോ, പുരോഗതിയോ ഉണ്ടാകുന്നില്ല.
പിങ്കറുടെ സമീപനം
പിങ്കര്‍ ഉദ്ധരിക്കുന്ന പല ഡേറ്റയേയും മറ്റുള്ളവര്‍ വിമര്‍ശിക്കുന്നുണ്ടെങ്കിലും ഗുണപരമായ അര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ അനുമാനങ്ങളെ ആരും ഖണ്ഡിച്ചിട്ടില്ല. ആദിമനുഷ്യരുടെ ഇടയില്‍ നിലനിന്നിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന അവ്യവസ്ഥയെ പരാമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ വാദം ആരംഭിക്കുന്നത്. തോമസ് ഹോബ്‌സെന്ന് ഇംഗ്ലീഷ് ചിന്തകന്റെ ലെവിയാഥന്‍ (Leviathan) എന്ന സിദ്ധാന്തത്തെ അദ്ദേഹം പിന്തുടരുന്നു. അധികാരകേന്ദ്രങ്ങളും (ഉദാ: നേതാവ്/തലവന്‍/ രാജാവ്/ പുരോഹിതന്‍/ സ്‌റ്റേറ്റ്) തുടര്‍ന്ന് നിയമവ്യവസ്ഥയും, രൂപവത്കൃതമായപ്പോള്‍ മനുഷ്യനില്‍ അച്ചടക്കബോധം വികസിച്ചുവെന്ന് ലെവിയാഥന്‍ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം സിദ്ധാന്തിക്കുന്നു. ഇതുപോലുള്ള സാഹചര്യങ്ങള്‍ നിമിത്തമാണ് സാമൂഹ്യ ജീവിതം സാധ്യമായതെന്നും അദ്ദേഹം. നൂറ്റാണ്ടുകള്‍ക്കുശേഷം, നവോത്ഥാനകാലത്ത് ബുദ്ധിയും യുക്തിയും മേല്‍ക്കൈ നേടി. അനുകമ്പ, ആത്മനിയന്ത്രണം, സന്മാര്‍ഗചിന്ത, ധാര്‍മികവിലക്കുകള്‍ തുടങ്ങിയവയും ജനങ്ങളെ സ്വാധീനിച്ചു. പരിണാമപരമായ മാറ്റങ്ങളും ഉണ്ടായിരിക്കാമെന്നും പിങ്കര്‍ സങ്കല്പനം ചെയ്യുന്നു.