ഇവിടെ ശത്രു അദൃശ്യനാണ് – സക്കറിയ റോസി തമ്പി
കോവിഡ്കാലം അടച്ചിരിപ്പിന്റേയും ഏകാന്തവാസത്തിന്റേയും കാലമാണ്. ലോകത്തിനു പരിചയമില്ലാത്തകാലം. 10 മാസമായി ഭയാനകമാംവിധം ഏകാന്തതയിലുമാണ് നമ്മള്‍ കഴിയുന്നത്. ഈ പ്രതിസന്ധിയെ എഴുത്തുകാരന്‍ എന്ന നിലയില്‍ സര്‍ഗാത്മക പ്രവര്‍ത്തനംകൊണ്ട് നമുക്ക് എങ്ങനെ നേരിടാന്‍ കഴിയും. എത്രമാത്രം ജാഗ്രത നമ്മള്‍ എഴുത്തുകാരില്‍ നിന്ന് ഉണ്ടാകണമെന്നാണ് താങ്കള്‍ ആഗ്രഹിക്കുന്നത് ?
എഴുത്തുകാരല്ല ഏതൊരു പൗരനെ സംബന്ധിച്ചാണെങ്കിലും ഇത് പ്രതിസന്ധിയുടെ കാലമാണ്. എന്റെ വ്യക്തിപരമായ കാര്യത്തില്‍ എഴുത്തും വായനയുമൊക്കെ യാതൊരു തടസ്സങ്ങളുമില്ലാതെ മുന്നോട്ടു പോയിട്ടുള്ള കാലമാണിത്. പുതിയ ജോലികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞു, യാത്രകള്‍ ഒഴികെ. കഴിഞ്ഞ 25 കൊല്ലത്തോളമായി എഴുത്തും വായനയുമൊക്കെയാണ് എന്റെ പ്രവര്‍ത്തനങ്ങള്‍. വീട്ടില്‍ തന്നെയിരുന്നാണ് എഴുത്തും വായനയും. പിന്നെ സന്ദര്‍ശകര്‍ ഉണ്ടാകുമായിരുന്നു. ഒപ്പം യാത്രകളും. നമ്മളെപ്പോലുള്ള മധ്യവര്‍ഗങ്ങള്‍ക്കും ഉന്നതമധ്യവര്‍ഗത്തിനും വരുമാനത്തിനു തടസ്സമില്ലാത്ത ആളുകളെ സംബന്ധിച്ചും കോവിഡ് ഒരു ഭൗതിക ജീവിതപ്രതിസന്ധിയായി ബാധിച്ചിട്ടില്ല. ചിലര്‍ക്ക് മക്കളുടെ വിവാഹത്തിനു അതിഥികളെ കുറച്ചു വിളിച്ചതിലെ വിഷമതകളും പ്രിയപ്പെട്ടവരുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെപോയി തുടങ്ങിയ സങ്കടങ്ങളുണ്ടായതല്ലാതെ മധ്യവര്‍ഗത്തിനും തൊട്ടുതാഴെയുള്ളവര്‍ക്കുപോലും സ്ഥിരമായി ഒരു വരുമാനമുള്ളവര്‍ക്കും കോവിഡ് ഒരു ഭീകരപ്രതിസന്ധിയായിരുന്നില്ല. ഇത് ബാധിച്ചത് പാവപ്പെട്ടവരെയാണ്. ചെറുകിട വ്യവസായികള്‍, ഓട്ടോത്തൊഴിലാളികള്‍, തട്ടുകടക്കാര്‍, കെട്ടിടനിര്‍മാണത്തൊഴിലാളികള്‍ ഇവരൊക്കെയാണ് പട്ടിണിയിലായത്. ഇവിടെ ഉണ്ടായിരുന്ന ലക്ഷക്കണക്കിന് ബംഗാളികള്‍ക്ക് തിരിച്ചുപോകേണ്ടി വന്നു. ശരീരംകൊണ്ട് പുറത്തിറങ്ങി അധ്വാനിച്ചാല്‍ മാത്രമേ അന്നന്നത്തെ അന്നത്തിനുള്ള വക കണ്ടെത്താന്‍ കഴിയൂവെന്ന അവസ്ഥയുള്ളവരുടെ ശക്തിയാണ് ഇല്ലാതായത്. ഇതാണ് കോവിഡിന്റെ പൊതുയാഥാര്‍ത്ഥ്യം. ഡല്‍ഹിയില്‍ നിന്നുള്ള കൂട്ടപലായനമൊക്കെ നമ്മള്‍ കണ്ടതാണ്. എനിക്ക് ഇതാണ് കോവിഡ്. കോവിഡിനെപ്പറ്റി എന്തെങ്കിലും പറയാന്‍ ആവശ്യപ്പെട്ടാല്‍ ഇതാണ് ഞാന്‍ കാണുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ പട്ടിണിയിലായ കുടുംബങ്ങളുണ്ട്. ഞാനോ എന്നെപ്പോലുള്ളവരോ ചോദിച്ചാല്‍ പണം കടം കൊടുക്കാന്‍ ആളുണ്ട്. പക്ഷേ, പാവപ്പെട്ടവര്‍ക്ക് കടം വാങ്ങാനോ കൊടുക്കാനോ ആളുകള്‍ ഇല്ല. അവരിപ്പോള്‍ ഈ പ്രതിസന്ധിയെ പതിരെ തരണം ചെയ്തു വരികയാണ്. കഴിഞ്ഞ 8,9 മാസമായി അവര്‍ക്ക് നരകമായിരുന്നു. വ്യക്തിപരമായി നമ്മള്‍ ഭാവനയുടെ ഭാഗത്തുനിന്ന് നോക്കുകയാണെങ്കില്‍ എന്റെ ഇത്രകാല ജീവിതത്തില്‍ ഇങ്ങനെയൊരു പ്രതിസന്ധി ഞാന്‍ അനുഭവിച്ചിട്ടില്ല. നമ്മള്‍ ഒരുപക്ഷേ ഒരു യുദ്ധം ഉണ്ടായി എന്തു സംഭവിക്കാം എന്നും മറ്റും ചിന്തിക്കാം. നമ്മള്‍ ആരും യുദ്ധം അനുഭവിച്ചിട്ടില്ലല്ലോ. ലോകമഹായുദ്ധങ്ങളോ, ഇന്ത്യാ-പാക് യുദ്ധത്തിന്റെ പോലുള്ള തീവ്രതകള്‍ നമ്മള്‍ ആരും അനുഭവിച്ചിട്ടില്ല. അതുപോലൊരു അവസ്ഥയാണ് ഇപ്പോള്‍ നമുക്ക് ഉണ്ടായത്. യുദ്ധത്തില്‍ ആരാണ് ശത്രുവെന്ന് നമുക്ക് അറിയാം. എവിടെയാണ് അയാള്‍, എങ്ങോട്ട് പോകരുതെന്നും പോയാല്‍ അപകടമാണെന്നും അറിയാം. പക്ഷേ, ഇവിടെ ശത്രു അദൃശ്യനാണ്. ഈ വിധത്തിലുള്ള ഭീകരാവസ്ഥ എന്നെ സംബന്ധിച്ച് എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് അനുഭവപ്പെടുന്നത്. ഇതിന് രൂപപരിണാമം വന്നാല്‍ അതിനൊരു അര്‍ത്ഥമുണ്ടാകുമെന്ന് എനിക്ക് തോന്നുന്നു. ഇതു കടന്നുപോയതിനുശേഷമേ ഇതിലേക്ക് തിരിഞ്ഞ് നോക്കാന്‍ കഴിയുകയുള്ളൂ. ഓര്‍മയാണ് ഭാവനയുടെ അടിസ്ഥാനം.
കോവിഡാനന്തര സാഹിത്യമെന്ന് പറയുന്നത് ഒരുപക്ഷേ, നമ്മള്‍ ഇതുവരെ എഴുതാത്തതോ വായിക്കാത്തതോ ആയ വേറൊരു ലോകം ഒരുപക്ഷേ വന്നേക്കാം അല്ലേ? എന്താണ് ഇതേക്കുറിച്ച് അഭിപ്രായം ?
അതേ അത് സാങ്കേതികപരമായ പുരോഗമനമാണ്. അതിനകത്ത് വരാന്‍ പോകുന്നത് കോവിഡിനെ സംബന്ധിച്ച നിയന്ത്രണവും മറ്റൊരു പാന്‍ഡമിക് ഉണ്ടാകാതിരിക്കാനുള്ള നിയന്ത്രണങ്ങളെക്കുറിച്ചുള്ള കാര്യങ്ങളുമാകും. ഇതിലൂടെ ഒരു നിയന്ത്രിത സമൂഹം നിലവില്‍ വന്നേക്കാന്‍ സാധ്യതയുണ്ട്. പക്ഷേ, ഇന്ത്യ പോലെയുള്ള ഒരു രാജ്യത്ത് ഒരു പരിധിവരെയേ ഇത്തരം നിയന്ത്രണങ്ങളെ പിടിച്ചുനിര്‍ത്താനോ വരുതിയില്‍ കൊണ്ടുവരാനോ സാധിക്കുകയുള്ളൂ. ലോകത്തില്‍ ഇന്ത്യപോലെ സര്‍വ സ്വാതന്ത്ര്യവുമുള്ള ഒരു രാജ്യം മറ്റെങ്ങും ഞാന്‍ കണ്ടിട്ടില്ല. ഇത് നമ്മുടെ പ്രത്യേക നയമാണ്. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ അത്ഭുതകരമായ കഴിവ് കൂടിയാണ്. ഇപ്പോള്‍ നമ്മള്‍ കൈ കഴുകുന്നത് മരണഭയം കൊണ്ടാണ്. പക്ഷേ, കുറച്ചു കഴിയുമ്പോള്‍ ഇതൊക്കെ മാറും. ആളുകള്‍ ഇതൊന്നും തുടരില്ല. പക്ഷേ, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ കോവിഡ് കാലം നന്നായി കാണിച്ചു തന്നിട്ടുണ്ട്. അധ്യാപകരെ ആദ്യമൊക്കെ കുറേ ആളുകള്‍ അപഹസിച്ചെങ്കിലും പല അധ്യാപകരും വളരെ മനോഹരമായ നിലയിലാണ് ക്ലാസുകള്‍ അവതരിപ്പിച്ചത്. ഇതു വലിയ കാര്യമാണ്. മറ്റൊന്ന് വര്‍ക്ക് ഫ്രം ഹോം എന്ന പേരില്‍ ഐടി കമ്പനികള്‍ ജോലി നടത്തുന്നത് വിപ്ലവകമായ മാറ്റമാണ്. 1000 ജോലിക്കാരെ ഇരുത്താന്‍ 15000 സ്‌ക്വയര്‍ ഫീറ്റുള്ള കെട്ടിടം പണിയുകയും മെയിന്റനന്‍സ് നടത്തുകയും ചെയ്യുന്ന സ്ഥാനത്ത് എത്രയോ ഭേദമാണ് 1000 പേര്‍ സ്വന്തം വീടുകളില്‍ ഇരുന്ന് ജോലികള്‍ ചെയ്യുന്നത്.
കേരളത്തില്‍ ഏറ്റവും അധികം കെട്ടിടങ്ങള്‍ പണിയുന്നത് വിദ്യാലയങ്ങള്‍ക്കും ദേവാലയങ്ങള്‍ക്കും ആശുപത്രികള്‍ക്കുമായാണ്. ഇത്തരം വലിയ കെട്ടിടങ്ങളായിരുന്നു നമ്മുടെ വികസനത്തിന്റെ മാനദണ്ഡങ്ങള്‍. ഒരുപക്ഷേ, ഇതിന്റെയൊന്നും ആവശ്യമില്ല എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന ഒരുകാലം കൂടിയാണ് ഇത്. എങ്ങനെ ഇതിനെ നോക്കിക്കാണുന്നു ?
ഇത്തരം കെട്ടിടങ്ങള്‍ ആവശ്യമില്ലെന്നു പറയേണ്ടതാണ്. പക്ഷേ ഐടി സെക്ടര്‍ ഒഴികെ മറ്റെങ്ങും ഇത് പ്രാവര്‍ത്തികമാണെന്ന് തോന്നുന്നില്ല. തിരികെ ക്ലാസ് മുറികള്‍ പഴയപടിയാകുമെന്നാണ് എന്റെ പ്രതീക്ഷ. അധ്യാപകനും വിദ്യാര്‍ത്ഥികളും മുഖത്തോട് മുഖം നോക്കി പഠിപ്പിക്കുന്ന കാലം വരും. അടിസ്ഥാനപരമായി നമ്മള്‍ പാരമ്പര്യവാദികളാണ്. അതുകൊണ്ട് വിദ്യാര്‍ത്ഥികളെ ഒറ്റക്കെട്ടായി കണ്‍മുമ്പില്‍ കാണുമ്പോള്‍ മാത്രമാണ് ഒരു വിദ്യാലയത്തിന്റെ ഭൗതികമായ അസ്തിത്വം സൃഷ്ടിക്കപ്പെടുന്നതെന്ന് പറയാം. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ ചിലവുകള്‍ ഗണ്യമായി കുറയ്ക്കാനും സാധിക്കും. വിദേശരാജ്യങ്ങളില്‍ വിദ്യാഭ്യാസം നടത്തുന്ന കുട്ടികള്‍ക്ക് ഇന്ന് കമ്പ്യൂട്ടറോ ലാപ്‌ടോപ്പോ ഉണ്ടെങ്കില്‍ വീടുകളില്‍ തന്നെയിരുന്ന് പഠിക്കാം. ദൂരെസ്ഥലത്തു പോയി താമസത്തിനും ഭക്ഷണത്തിനുമുള്‍പ്പെടെ കാശ് മുടക്കേണ്ട കാര്യവുമില്ല.