ചരിത്രത്തില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ ചരിത്രത്തിലേക്ക് ( പ്രാദേശിക ചരിത്രം) – ഇ.സി.സുരേഷ്
ചരിത്രം ആരുടെ ചരിത്രമാണ്? രാജക്കന്‍മാരുടെ… നാടുവാഴികളുടെ… സവര്‍ണ്ണരുടെ… സമ്പന്നരുടെ… അവരെല്ലായ്‌പ്പോഴും ചരിത്രത്തിന്റെ ഉടമകളായി വരുന്നു. സംസ്‌കാരത്തിന്റെ ഉറവിടങ്ങളായി വാഴ്ത്തപ്പെടുന്നു. ദളിതുകളോ… ആദിവാസികളോ… അവര്‍ ചരിത്രമില്ലാത്തവരായി… സംസ്‌കാരമില്ലാത്തവരായി എന്നും പുറത്ത് നിര്‍ത്തപ്പെടുന്നു.
ഇങ്ങനെ ചരിത്രത്തില്‍ നിന്നും പുറത്താക്കപ്പെട്ട ജനതയിലെ ഒരു പ്രധാന വിഭാഗമാണ് പുലയര്‍. ചാലക്കുടിയിലെ പുലയ ഗോത്രങ്ങളുടെ ചരിത്രം എന്ന് മുതലാണ് ആരംഭിക്കുന്നത്? കൃത്യമായൊരുത്തരം പറയാന്‍ സാദ്ധ്യമല്ല.
‘പുലം’ എന്നാല്‍ നിലം, ഉഴവുചാല്‍, ചേറ് എന്നെല്ലാമാണ് അര്‍ത്ഥം. പുലം എന്നാല്‍ നെല്‍വയല്‍, പൊലി എന്നാല്‍ നെല്ല്. ‘പുലവന്‍ ‘ വയലിന്റെ അധിപന്‍. ‘പൊലിവന്‍ ‘ വിളവുണ്ടാക്കുന്നവര്‍. ഈ അര്‍ത്ഥത്തിലാകണം ‘പുലയന്‍’ എന്ന പേരുണ്ടായത്. ചാലക്കുടിയും പരിയാരവും അതിരപ്പിള്ളിയും ഇന്നത്തെ കോടശ്ശേരിയുമെല്ലാം ഉള്‍പ്പെടുന്ന പഴയ കോടശ്ശേരിനാട് ദീര്‍ഘകാലം ഭരിച്ചത് കോടശ്ശേരി കര്‍ത്താക്കള്‍ എന്ന നാടുവാഴി കുടുംബമായിരുന്നു. കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശങ്ങള്‍ സാമൂതിരി ആക്രമിച്ച് കീഴ്‌പ്പെടുത്തിയിരുന്നു. സാമൂതിരിയുടെ ആക്രമണകാലത്ത് ഈ നാടിന്റെ കിഴക്കന്‍ ഭാഗങ്ങള്‍ കോടമലയന്‍ എന്ന ഗോത്ര നേതാവിന്റെ കീഴിലായിരുന്നു. കോടമലയന്റെ കീഴില്‍ നിന്ന് ഈ ദേശത്തിന്റെ ഭരണം സാമൂതിരി പിടിച്ച് പാലിയത്തച്ഛനെ ഏല്പിച്ചു. പാലിയത്തച്ഛനാണ് കോടശ്ശേരി കര്‍ത്താക്കളെ ഭരണം ഏല്പിക്കുന്നത്. കീഴടക്കപ്പെട്ട് അടിമകളാക്കപ്പെട്ട കോടമലയന്റെ പിന്‍മുറക്കാരാണോ ഇവിടത്തെ പുലയ ഗോത്രങ്ങള്‍. പാടങ്ങളുടെ ചള്ളകളിലും കുന്നിന്‍ ചെരിവുകളിലും ഭൂമിയും പൗരാവകാശങ്ങളുമില്ലാത്തവരായി അടിമപ്പറ്റങ്ങളെപോലെ മൃഗതുല്യമായ ജീവിതം നയിച്ച പുലയരുടെ ആവാസ കേന്ദ്രങ്ങളെ ‘മട’ കള്‍ എന്നാണ് വിളിച്ചിരുന്നത്. പുലയരുടെ കുലദൈവം ‘മടപതി’ യാണ്. അമ്മദൈവം ഭഗവതിയും. മടകളുടെ അധിപതിയാണ് മടപതി. മടപതിയുടെ സഹധര്‍മിണിയാണ് ഭഗവതി. പുലയരുടെ അനുഷ്ഠാന പാട്ടുകളില്‍ നിന്ന് കോടശ്ശേരിയിലെ നാലായിരംകുടി പുലയരുടെ (കോടശ്ശേരി നാലായിരം) കുലദൈവമായ മടപതിയുടെ പേര് കാളുറുമ്പന്‍ എന്നാണ് എന്ന് മനസ്സിലാക്കാം. കൊച്ചു കുറുമ്പ എന്നാണ് ഭഗവതിയുടെ പേര്.
ജനനം, തിരണ്ട് കല്യാണം, വിവാഹം, മരണം തുടങ്ങി വിവിധ സന്ദര്‍ഭങ്ങളില്‍ നടത്തുന്ന അനുഷ്ഠാന ചടങ്ങുകള്‍ ഉണ്ടായിരുന്നു. ഓരോന്നിനും പ്രത്യേകം പാട്ടുകളും ഉണ്ട്. വാവ്, ശിവരാത്രി തുടങ്ങിയ ദിവസങ്ങളില്‍ ആണ് ഉത്സവങ്ങള്‍ എന്ന നിലയില്‍ ആഘോഷിക്കുക. പതികള്‍ ആണ് ആരാധനാസ്ഥലങ്ങള്‍. ഒരു തറയില്‍ കുത്തിനിര്‍ത്തിയ കല്ലുകള്‍ ആണ് പ്രതിഷ്ഠ. ഒരു കുടുംബം അല്ലെങ്കില്‍ ഒരു കുലം എന്ന നിലയില്‍ പതികള്‍ ഉണ്ടാകാറുണ്ട്. പതിയുമായി ബന്ധപ്പെട്ട് വെളിച്ചപ്പാടുകള്‍ ഉണ്ട്. അവരാണ് കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുക. അരി, നെല്ല്, പൊരി, മലര്‍, അവില്‍, കള്ള് ഇവയെല്ലാം നിവേദ്യങ്ങളായി ഉപയോഗിക്കും. കോഴി, ആട് എന്നിവയെ വെട്ടി ഗുരുതി നടത്തുന്നതും ഇതിന്റെ ഭാഗമാണ്. ‘ഇരുതല’ എന്ന് വിളിക്കുന്ന ചെണ്ടയും തുടിയുമാണ് വാദ്യോപകരണങ്ങള്‍. പ്രത്യേക താളത്തില്‍ കൊട്ടിപാടുന്നു. പാട്ടിന്റെ താളത്തിനൊപ്പം കാളകളിയും മുടിയാട്ടവും ഉണ്ടാകും. മടപതിയും ഭഗവതിയും മരിച്ചു പോയ പ്രധാന കാര്‍ന്നവന്‍മാരുമാണ് ഉറഞ്ഞുതുള്ളി വന്ന് അരുളപ്പാട് പറയുക. ഒരു കാര്യം പ്രത്യേകം പറയേണ്ടതുണ്ട്, കേരളത്തില്‍ പുലയര്‍ക്ക് പൊതുവായ ഒരാചാരമോ അനുഷ്ഠാനരീതികളോ ഇല്ല. കോടശ്ശേരിയില്‍ ഒരു ആത്മീയ നേതൃത്വം എന്ന നിലയില്‍ ഒരാളുണ്ടായിരുന്നു. മടപതിയുടെ പിന്‍തുടര്‍ച്ചക്കാരനായി കരുതുന്ന ഇയാള്‍ അയാളുടെ മകനോ മരുമകനോ അല്ലെങ്കില്‍ പ്രധാന ശിഷ്യനോ ഇതിന്റെ പാരമ്പര്യം കൈമാറി പോരുകയാണ് പതിവ്. കോടശ്ശേരി കുഞ്ഞയ്യപ്പന്‍ എന്ന ഒരാളാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഇതിലെ അവാസത്തെ കണ്ണി.
ജന്മി – നാടുവാഴിത്വകാലത്ത് തന്നെ പുലയര്‍ക്കിടയില്‍ ഒരു വിഭാഗം പല കാരണങ്ങളാല്‍ കുറച്ച് മെച്ചപ്പെട്ട ജീവിതനിലവാരത്തിലേക്ക് വന്നതായി കാണാം. ജന്മിമാര്‍ക്ക് അവരുടെ പാടത്തും പറമ്പിലും അടിമപണിയെടുക്കുമ്പോള്‍ തന്നെ സ്വന്തമായി കൈവന്ന കുറച്ച് ഭൂമിയില്‍ പണിയെടുത്ത് ചെറിയ സമ്പാദ്യം ഉണ്ടാക്കാന്‍ ഒരു വിഭാഗത്തിന് അവസരം ഉണ്ടായി. ഇങ്ങനെ കുറച്ച് മെച്ചപ്പെട്ട ഈ വിഭാഗം ജാതിവ്യവസ്ഥയുടെ ചട്ടക്കൂടിനകത്ത് പ്രത്യേക ഉപവിഭാഗമായി കരുതപ്പെട്ടു. വെള്ളായ്മ പുലയര്‍ എന്നാണിവര്‍ അറിയപ്പെട്ടിരുന്നത്. മറ്റ് വിഭാഗത്തെ പൈപുലയര്‍ എന്നും.
കേരളീയ ജാതിവ്യവസ്ഥയനുസരിച്ച് ദളിത് ജാതികള്‍ മാത്രമല്ല ഈഴവാതി പിന്നോക്കവിഭാഗങ്ങളെല്ലാം ക്ഷേത്രങ്ങളില്‍ നിന്നും പൊതുവഴികളില്‍ നിന്നുമെല്ലാം മാറ്റി നിര്‍ത്തപ്പെട്ടവരായിരുന്നു. ഇവിടെ അയിത്തം സവര്‍ണരും അവര്‍ണരും തമ്മില്‍ മാത്രമല്ലല്ലോ! ജാതികള്‍ തമ്മില്‍ തമ്മിലാണ്. കോടശ്ശേരിയില്‍ കോതേശ്വരം ക്ഷേത്രത്തില്‍ ശിവരാത്രി ദിവസം പുലയരുടെ കൊട്ടും കളിയും കൊണ്ടുചെല്ലാം. ചുറ്റുമതിലിന്റെ ഉള്ളില്‍ കയറി ഒരു വലത്ത് വച്ച് പുറത്തുകടന്നാല്‍ പിന്നെ പ്രവേശനമില്ല. അമ്പല പറമ്പിനോട് ചേര്‍ന്ന മേലേ കണ്ടത്തിലിരുന്ന് ഉത്സവം കൂടാം. പൊതുവഴിയിലൂടെ നടന്നുകൂടാ. കോടശ്ശേരിയിലെ ആദ്യത്തെ ചായക്കടകളിലൊന്ന് ‘ബെബ്ലിയാ’ന്റെ ചായക്കടയാണ്. അവിടെ പുലയന് ചിരട്ടയിലായിരുന്നു ചായ. ബെഞ്ചിലിരിക്കാന്‍ പാടില്ല. മാറി നിന്ന് ചായ വാങ്ങിക്കുടിച്ച് ചിരട്ട കമിഴ്ത്തിവച്ച് പൊയ്‌കൊള്ളണം.
പുലയര്‍ പാടത്ത് പണിയെടുക്കുന്നവരാണ്. ശരീരബലവും ആത്മ ബലവുമുള്ളവരാണ്. അതുകൊണ്ട് തന്നെ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ശക്തമായ പ്രതികരണങ്ങള്‍ സ്വാഭാവികമായും ഉയര്‍ന്നുവന്നു. 1940 കളോടെ ഈ പ്രതികരണങ്ങള്‍ സംഘടിതമായി. അതിന് കാരണം 1939 ല്‍ പരിയാരം കേന്ദ്രീകരിച്ച് ഉയര്‍ന്നുവന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇടപെടലാണ്. കുണ്ടുകുഴിപ്പാടം കേന്ദ്രമാക്കി രൂപപ്പെട്ട എസ്.എന്‍.ഡി.പി യുടെ ശാഖയും കുറ്റിച്ചിറ കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിച്ച അഖിലകൊച്ചി പുലയ മഹാസഭയുടെ ശാഖയും ജാതിക്കെതിരായ പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തി.