ലൂയിസ് ഗ്ലിക്ക്: വാക്കിനെ പിന്തുടരുന്ന കവി’വാക്ക് ഞാനാകുന്നു’ – മദന്‍ ബാബു

ലൂയിസ് ഗ്ലിക്ക്: വാക്കിനെ പിന്തുടരുന്ന കവി’വാക്ക് ഞാനാകുന്നു’ – മദന്‍ ബാബു

(ഈ വര്‍ഷത്തെ സാഹിത്യ നോബല്‍ ജേതാവ് ലൂയിസ് ഗ്ലിക്കിന്റെ കാവ്യവഴികള്‍)


കവിത, ലൂയിസ് ഗ്ലിക്കിന് ആത്മസംവേദനമാണ്, ആത്മസഞ്ചാരവുമാണ്. സ്വത്വവും സത്തയും ദു:ഖവും ഏകാന്തതയും മരണവും മാലാഖമാരുമെല്ലാം വിഷയമായ സ്വന്തം കവിതകൊണ്ട് ഗ്ലിക്ക് തന്നോടുതന്നെ സംസാരിക്കുകയാണ്. അതിനാല്‍, ലൂയിസ് ഗ്ലിക്കിന്റെ എഴുത്തുകള്‍ ‘ആത്മകഥാംശ’മുള്ളവയല്ല മറിച്ച് ‘ആത്മകവിതാംശ’മുള്ളവയാണ്. അക്ഷരങ്ങളിലെ ആഴമാര്‍ന്ന ഈ ആത്മാംശങ്ങളെയാണ് ലോകം ഇത്തവണ നൊബേല്‍ സമ്മാനം നല്കി ആദരിച്ചത്. ഏറ്റവും സത്യസന്ധമായ ആത്മഭാഷണങ്ങള്‍ ഏറ്റവും സുതാര്യമായ ബഹിര്‍ ഭാഷണങ്ങളുമാണല്ലോ.


സാഹിത്യം, വിശേഷിച്ച്, കവിത അനുദിനം സംവേദനാത്മകമാകുന്ന ഒരു കാലഘട്ടത്തില്‍ കവിതയില്‍ മാത്രം ജീവിച്ച ഒരെഴുത്തുകാരി നൊബേല്‍ സമ്മാനിതയാകുന്നത് അങ്ങേയറ്റം അര്‍ത്ഥവത്താണ്. അരനൂറ്റാണ്ടിലേറെ നീണ്ട എഴുത്തുജീവിതത്തിനിടെ 12 കവിതാ സമാഹാരങ്ങളും കവിതയെ സംബന്ധിച്ച രണ്ടു ലേഖന സമാഹാരങ്ങളുമാണ് ലൂയിസ് ഗ്ലിക്കിന്റേതായി പുറത്തുവന്നത്. അതേക്കുറിച്ച് ഗ്ലിക്ക് ഒരിക്കല്‍ പറഞ്ഞത്, ‘പുസ്തകമാകും വരെ കവിതകള്‍ പരിചിതമായ ഒരു ചെറിയ സൗഹൃദവലയത്തില്‍ മാത്രമാണ് വായിക്കപ്പെടുന്നത്. അത് സന്തോഷകരമാണ്. പക്ഷേ, പുസ്തകമായിക്കഴിഞ്ഞാല്‍ ലോകം അതിനെ തട്ടിയെടുത്തതുപോലെയാണ്. ഓരോ പുസ്തകം പുറത്തിറങ്ങുമ്പോഴും ആ ഭയവും സംഭ്രമവുമുണ്ട്”.  


കവിത ഗ്ലിക്കിനെ സംബന്ധിച്ച് അത്രയേറെ സ്വകാര്യമായ സര്‍ഗവ്യവഹാരമാണ്. കവിതയെ തന്നിലേക്കിങ്ങനെ ചേര്‍ത്തുപിടിക്കുമ്പോഴും ഗ്ലിക്കിന്റെ കവിതകളിലൊന്നും ‘ഞാന്‍’ ഒരു ശ്രദ്ധേയവിഷയമോ വസ്തുവോ അല്ല. തന്നെ, കവിതയില്‍നിന്നും തന്നില്‍നിന്നും അകറ്റിനിര്‍ത്തുന്ന രചനാരീതിയാണ് ലൂയിസ് ഗ്ലിക്കിന്റേത്. ആദ്യകാലത്തിറങ്ങിയ സമാഹാരങ്ങളിലെ കവിതകള്‍ പരാജയപ്പെട്ട  പ്രണയങ്ങളുടെ അനന്തരഫലമനുഭവിക്കുന്ന മനുഷ്യരെയും ദുരന്തപൂര്‍ണമായ വൈവാഹിക ജീവിതപരിസരങ്ങളെയും അസ്തിത്വപരമായ നിരാശകളെയും പ്രതിഫലിപ്പിക്കുന്നവയാണെങ്കില്‍, പില്ക്കാല കവിതകളിലെ കാമ്പ്, മനുഷ്യസത്ത അഭിമുഖീകരിക്കുന്ന പീഡകളാണ്. കുട്ടിക്കാലത്ത്കേട്ട ഗ്രീക്ക് മിത്തുകളും തത്ത്വചിന്താപരമായ കഥകളും ഗ്ലിക്കിന്റെ പില്ക്കാല വരികളെ സ്വാധീനിച്ചിട്ടുണ്ട്. ‘കുട്ടിയായിരിക്കുമ്പോള്‍ ഒരിക്കലേ നമ്മളീ ലോകത്തെ നോക്കിക്കാണുന്നുള്ളൂ, പിന്നീടുള്ളതെല്ലാം അതിന്റെ  ഓര്‍മയാണെന്ന്’ ഗ്ലിക്ക് പറയുന്നത് ഈ പശ്ചാത്തലത്തിലാവണം.


1943ല്‍ ന്യൂയോര്‍ക്ക്  നഗരത്തിലാണ് ലൂയിസ് എലിസെബത്ത് ഗ്ലിക്ക് എന്ന ലൂയിസ് ഗ്ലിക്ക് ജനിച്ചത്. പിതാവ് ബിസിനസ്സുകാരനായ ഡാനിയല്‍ ഗ്ലിക്കിന്റെ അച്ഛനമ്മമാര്‍ ഹംഗറിയില്‍ നിന്നുള്ള  ജൂതകുടിയേറ്റക്കാരായിരുന്നു. അമ്മ ബിയാട്രിസ് റഷ്യന്‍ ജൂതകുടുംബാംഗവും. അനാരോഗ്യംമൂലം ഗ്ലിക്കിന് കുട്ടിക്കാലവും വിദ്യാഭ്യാസവുമൊന്നും സുഖകരമായിരുന്നില്ല. ഗ്ലിക്ക് ജനിക്കും മുമ്പേ മരിച്ചുപോയ സഹോദരിയുടെ ഓര്‍മ വീട്ടിലേവരെയും പിന്തുടര്‍ന്നിരുന്നെങ്കിലും ഗ്ലിക്കിനെയാണ് അതേറെ സ്വാധീനിച്ചത്. ആ മാനസികാഘാതത്താലും അനാരോഗ്യത്താലും അക്കാദമികപഠനം പൂര്‍ത്തിയാക്കാന്‍ ലൂയിസ് ഗ്ലിക്കിന് കഴിഞ്ഞില്ല. ഈ വ്യഥകളെ മറികടക്കാനുള്ള മരുന്നായിരുന്നു ആദ്യകാലത്ത് ലൂയിസ് ഗ്ലിക്കിന് കവിതയെഴുത്ത്. പിന്നീടത് ആത്മാന്വേഷണത്തിന്റെ അനുസ്യൂത ബലിയായി. ലൂയിസ് ഗ്ലിക്ക് ഇന്ന് അമേരിക്കന്‍ കവിതയുടെ ആധികാരിക മുഖമാണ്, അമേരിക്കയുടെ ആസ്ഥാന (Poet Laureate) കവിയുമാണ്.


ആത്യന്തികമായി, വാക്കിനെ പിന്തുടരുന്ന കവിയാണ് ലൂയിസ് ഗ്ലിക്ക്. അതുകൊണ്ടുതന്നെ, ഘടനയില്‍, ചെറുവാക്യങ്ങളുടെ ചെറുസംഘങ്ങളാണ് ഗ്ലിക്കിന്റെ കവിതകളധികവും. കാഫ്കയുടെ കഥകളിലെപ്പോലുള്ള ചെറുവാക്യങ്ങള്‍. നാട്ടുകവലകളിലെ നേരസ്ഥരായ മനുഷ്യരെപ്പോലെ കാഴ്ചയില്‍ ലളിതമാണവ. പക്ഷേ, ആ നാട്ടുമനുഷ്യരെപ്പോലെതന്നെ ആ നേര്‍പദങ്ങളൊക്കെയും വലിയ ജീവിതാനുഭവങ്ങളെ അകംകൊള്ളുന്നുണ്ട്. ഒരു ആശയമായല്ല, മറിച്ച് ഒരു വാക്കോ, വാക്യമോ ആയാണ് കവിത തന്റെ മനസ്സില്‍ നാമ്പിടുന്നതെന്ന് ഒരഭിമുഖത്തില്‍ ഗ്ലിക്ക് പറഞ്ഞിട്ടുണ്ട്. ഒരു വാക്കില്‍ മനസ്സ് കൊരുത്താല്‍ പിന്നെ ആ വാക്കിനെ പിന്തുടരുകയാണ് കവി.