മേല്‍മണ്ണും നാഗരികതയും – കെ.സഹദേവന്‍
‘Civilized man has marched across the face of the earth
and left a desert in his foot prints’
(anonymous quote in Dale & Carter)
പ്രകൃതി ദുരന്തങ്ങളെയും കാലാവസ്ഥാ വ്യതിയാനത്തെയും സംബന്ധിച്ച് കേരളീയര്‍ അല്പമെങ്കിലും ഉത്കണ്ഠപ്പെടാന്‍ തുടങ്ങിയത് അടുത്തകാലത്താണ്. 2018ലെ മഹാപ്രളയം വരെ നാം കരുതിയിരുന്നത് കാലാവസ്ഥാ വ്യതിയാനം വിദൂരമായ എന്തോ സംഗതിയാണെന്നായിരുന്നു. 2018 മുതല്‍ക്കിങ്ങോട്ട് ഏതാണ്ട് 600-700നും ഇടയ്ക്ക് ആളുകള്‍ പ്രകൃതി ദുരന്തങ്ങളുടെ ഫലമായി കൊല്ലപ്പെടുകയും നൂറുകണക്കായ ഉരുള്‍പൊട്ടലുകളും കൃഷി നാശവും സംഭവിക്കുകയും ചെയ്തു കഴിഞ്ഞപ്പോള്‍ മാത്രമാണ് കാര്യങ്ങള്‍ ഗൗരവതരമാണെന്ന ബോദ്ധ്യത്തിലേക്ക് നാം എത്തുന്നത്. അപ്പോഴും പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളിലേക്ക് കടക്കാനോ, നടന്നടുത്തുകൊണ്ടിരിക്കുന്ന ദുരന്തങ്ങളുടെ വ്യാപ്തി മനസ്സിലാക്കാനോ ഒരു സമൂഹം എന്ന നിലയില്‍ നാം തയ്യാറായിട്ടില്ല. പതിറ്റാണ്ടുകളായി തുടരുന്ന പ്രകൃതിഹത്യയുടെ അനന്തരഫലമാണ് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്
എല്ലാ ജീവജാലങ്ങളുടെയും പ്രാഥമിക ഊര്‍ജസ്രോതസ്സായ ഭക്ഷണം ഉല്‍പാദിപ്പിക്കുന്നതിന് ഏറ്റവും അത്യാവശ്യ വിഭവമായ മേല്‍മണ്ണിനെയും അതിന്റെ നാശത്തെയും വിശകലനം ചെയ്തുകൊണ്ട് നമുക്ക് ഈ വിഷയത്തെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാം.
കഴിഞ്ഞ എത്രയോ പതിറ്റാണ്ടുകളായി കേരളത്തിന്റെ പശ്ചിമഘട്ട മലനിരകളില്‍ നിന്നും കുത്തിയൊലിച്ച് പൊയ്‌ക്കൊണ്ടിരിക്കുന്ന മേല്‍മണ്ണെന്ന അമൂല്യവിഭവം വരുംതലമുറകളുടെ അന്നമാണെന്ന് തിരിച്ചറിയാന്‍ നമുക്കിപ്പോഴും സാധിച്ചിട്ടില്ല. മാലിന്യങ്ങള്‍ വാരിയെറിഞ്ഞും, കുത്തിയൊലിച്ചുപോകാനനുവദിച്ചും അലസതയോടെ നാം കൈകാര്യം ചെയ്യുന്ന ഈ വിശിഷ്ട വിഭവത്തിന്റെ നാശം എങ്ങനെയാണ് ഒരു സംസ്‌കാരത്തിന്റെ നാശത്തിന് കാരണമായിത്തീരുന്നതെന്നറിയാന്‍ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കുന്നത് നന്നായിരിക്കും.
മേല്‍മണ്ണും നാഗരികതകളും
മാനവ നാഗരികതകളുടെ വളര്‍ച്ചയെയും വികാസത്തെയും തകര്‍ച്ചകളെയും സംബന്ധിച്ച് നിരവധി പഠനങ്ങള്‍, ചരിത്രവസ്തുതകള്‍, പുരാവസ്തു തെളിവുകള്‍, ശാസ്ത്രീയ നിഗമനങ്ങള്‍ ഒക്കെയും ഇന്ന് ലഭ്യമാണ്. ഒരുകാലത്ത് ലോകചരിത്രത്തിന്റെ ഉത്തുംഗ ശൃംഗങ്ങളിലായിരുന്ന എല്ലാ നാഗരികതകളും ചരിത്രഗതിക്കിടയില്‍ മണ്ണടിഞ്ഞ് പോയതിനെക്കുറിച്ച് നാം പഠിക്കുന്നുണ്ട്. യുദ്ധങ്ങള്‍, സാമൂഹികവും ധാര്‍മികവുമായ അധഃപതനങ്ങള്‍, സാമ്പത്തിക അരാജകത്വം, നേതൃവിഹീനത, വംശീയ നാശങ്ങള്‍, തുടങ്ങി നിരവധി കാരണങ്ങള്‍ ഈ നാഗരികതകളുടെ തകര്‍ച്ചയ്ക്ക് കാരണമായി നാം കണ്ടെത്തുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നിലനിന്നിരുന്ന നൈല്‍, മെസപ്പൊട്ടേമിയ, സിന്ധുനദീതട സംസ്‌കാരങ്ങള്‍ തൊട്ട് ഏതാനും നൂറ്റാണ്ടുകള്‍ മാത്രം ആയുസ്സുണ്ടായിരുന്ന അസ്സീറിയന്‍ നാഗരികതകള്‍ വരെ ചരിത്രകാരന്മാരുടെയും പുരാതത്വ ഗവേഷകന്മാരുടെയും പഠനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഒരു നാഗരികതയുടെ നാശത്തിന് ഏകപക്ഷീയമായ കാരണങ്ങള്‍ ഉണ്ടാകുക എന്നത് അസംഭാവ്യമായ കാര്യമാണ്. ഏതൊരു രാഷ്ട്രീയ ഭരണസംവിധാനങ്ങളും തകര്‍ച്ചകളെ നേരിടുന്നതില്‍ വിവിധങ്ങളായ ഘടകങ്ങള്‍ ഏറിയും കുറഞ്ഞും കാരണങ്ങളാകുന്നുണ്ട്. വിവിധ ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള കുടിപ്പകകളും യുദ്ധങ്ങളും ആഭ്യന്തര കലാപങ്ങളും ഒരു കാരണമാകുമ്പോള്‍ സാമ്പത്തിക അരാജകത്വവും കഴിവുകെട്ട നേതൃത്വവും അത്തരം സാഹചര്യങ്ങളില്‍ ദേശത്തിന്റെ തകര്‍ച്ചയ്ക്ക് വേഗതയേറ്റുന്നു. നാഗരികതകളുടെ തകര്‍ച്ചയ്ക്ക് കാരണമായ സാമൂഹിക-രാഷ്ട്രീയ കാരണങ്ങള്‍ സംബന്ധിച്ച് ഒട്ടനവധി വിലയിരുത്തലുകള്‍ ചരിത്രകാര പണ്ഡിതന്മാര്‍ നടത്തിയിട്ടുണ്ടെങ്കിലും മനുഷ്യന്റെ ഭൂമിയുടെ മേലുള്ള ഇടപെടലുകളും മണ്ണുമായി അവനുണ്ടായിരുന്ന ബന്ധങ്ങളില്‍ വന്ന മാറ്റങ്ങളും നാഗരികതകളുടെ നാശങ്ങള്‍ക്ക് കാരണമായതു സംബന്ധിച്ച പഠനങ്ങള്‍ വളരെ കുറഞ്ഞതോതില്‍ മാത്രമേ നടന്നിട്ടുള്ളൂ എന്നതാണ് വസ്തുത.
ഭൂമിയില്‍ ജീവന്റെ സുഗമമായ വളര്‍ച്ചയ്ക്കും പെരുപ്പത്തിനും കാരണമായ മണ്ണ് രൂപപ്പെട്ട് തുടങ്ങിയത് ഏതാണ്ട് മുമ്പത്തിയഞ്ച് കോടി വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നുവെന്ന് ശാസ്ത്രം തെളിവുനിരത്തുന്നുണ്ട്. കല്ലുകളും പാറക്കെട്ടുകളും നിറഞ്ഞ പ്രദേശങ്ങളില്‍ കാലാവസ്ഥയുടെ നിരന്തരമായ പ്രതിപ്രവര്‍ത്തനങ്ങള്‍ മണ്ണിന്റെ രൂപീകരണത്തിന് കാരണമായെന്നും നാം പഠിക്കുന്നു. ജീവന്റെ ആദ്യതുടിപ്പുകള്‍ ജലത്തില്‍ നിന്ന് ഉറവെടുക്കുന്നതും പിന്നീട് സസ്യങ്ങളുടെ രൂപത്തിലൂടെ ആദ്യകാല മണ്‍സ്തരങ്ങളില്‍ വളര്‍ച്ചപ്രാപിക്കുന്നതും നാം പഠനവിധേയമാക്കി. ഭൂമിയില്‍ രൂപംകൊണ്ട സസ്യങ്ങള്‍ ഭൂമിയിലേക്ക് ജൈവവസ്തുക്കള്‍ സംഭാവന ചെയ്യാന്‍ തുടങ്ങിയത് മണ്ണിന്റെ ഉര്‍വരത വര്‍ദ്ധിപ്പിക്കുന്നതിനും അതുവഴി ജീവജാലങ്ങളുടെ പെരുക്കങ്ങള്‍ക്ക് ആക്കംകൂട്ടുകയും ചെയ്തു. ലക്ഷക്കണക്കിന് വര്‍ഷങ്ങളുടെ ഇത്തരത്തിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ ഒരേസമയം ഭൂമിയിലെ ഏറ്റവും ഉര്‍വരമായ മേല്‍മണ്ണിന്റെ സൃഷ്ടിയിലേക്കും അതോടൊപ്പം തന്നെ ഈ മേല്‍മണ്ണിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താനുള്ള ഊര്‍ജ്ജം കണ്ടെത്താന്‍ ജീവജാലങ്ങള്‍ക്ക് സാധിക്കുകയും ചെയ്തു. ഒരുഭാഗത്ത് പ്രകൃതിദുരന്തങ്ങള്‍ ഭൂമിയുടെ ഘടനയില്‍ മാറ്റംവരുത്തിക്കൊണ്ടിരുന്നപ്പോ
നാം ഇന്ന് അറിയുന്ന നാഗരികതകളുടെ ആരംഭം ഏതാണ്ട് ആറായിരം വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്ന് പുരാതത്വ ശാസ്ത്രം പറയുന്നു. കാര്‍ബണ്‍ ഡേറ്റിംഗ് സാങ്കേതികവിദ്യകളുടെ സഹായത്തോടെ കഴിഞ്ഞ അമ്പത് പതിറ്റാണ്ടിനുള്ളില്‍ ഈ രീതിയിലുള്ള പഠനങ്ങള്‍ വളരെയധികം മുന്നോട്ടുപോയിട്ടുള്ളതായി നമുക്കറിയാം. പ്രാചീന മനുഷ്യരും നാഗരിക മനുഷ്യനും തമ്മിലുള്ള ഏറ്റവും അടിസ്ഥാനപരമായ വേര്‍തിരിവ് പ്രകൃതിയോടുള്ള മനോഭാവത്തിലും കാഴ്ചപ്പാടിലും ഉള്ള വ്യത്യാസമാണെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കും. പ്രാചീന മനുഷ്യന്‍ പ്രകൃതിയെ ആരാധനയോടും ഭയത്തോടും കൂടി വീക്ഷിക്കുകയും അവയ്ക്ക് കീഴടങ്ങി ജീവിക്കുവാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ നാഗരിക മനുഷ്യന്‍ പ്രകൃതിയെ കീഴടക്കുകയും അവയുടെ മേല്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. സ്വതന്ത്രമായ കൈകളും തലച്ചോറിന്റെ വികാസവും നിലനില്‍പിനായി ഉപകരണങ്ങളുടെ കണ്ടുപിടുത്തങ്ങളിലേക്ക് നയിച്ചു. പ്രകൃതിയുടെ കാരുണ്യങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ തനിക്കാവശ്യമായവ കൃഷി ചെയ്തുല്‍പ്പാദിപ്പിക്കാന്‍ മനുഷ്യനെ സാങ്കേതികവിദ്യകള്‍ സഹായിച്ചു.