വട്ടവടയിലെ തീരാത്ത കർഷക ദുരിതം – അമൽ ബി.

വട്ടവടയെന്ന കാർഷിക ഗ്രാമം മലയാളിയുടെ പരിചിത സ്ഥലനാമങ്ങളിലൊന്നായി മാറിയിട്ട് നാളുകളധികമായിട്ടില്ല. കേരളത്തിലെ ശീതകാല പച്ചക്കറി കൃഷിയുടെ കേന്ദ്രമെന്ന നിലയിലാണ് നാമാദ്യം വട്ടവടയെ അറിയുന്നത്. പിന്നീട് പരമ്പരാഗത ടൂറിസം കേന്ദ്രങ്ങളിൽ നിന്ന് മാറി പുതിയ ഇടങ്ങൾ തേടിയിറങ്ങിയ സഞ്ചാരികളിലൂടെയും നാമീ നാടിനെ പരിചയപ്പെട്ടു. കോണ്ടൂർ രീതിയിൽ തട്ടുതട്ടായി തിരിച്ച കൃഷിഭൂമിയുടെ ദൃശ്യഭംഗിയും ഉൗഷ്മളമായ കാലാവസ്ഥയും ഗോത്ര സംസ്ക്കാരവുമെല്ലാം ഇൗ തമിഴ് ഭൂരിപക്ഷ ഗ്രാമത്തിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കാരണമായി. ഏറ്റവുമൊടുവിൽ മഹാരാജാസ് ക്യാമ്പസിൽ കൊലചെയ്യപ്പെട്ട അഭിമന്യുവിലൂടെയും വട്ടവട ചർച്ച ചെയ്യപ്പെട്ടു.


എന്നാൽ നാമറിയുന്നതിനും നൂറ്റാണ്ടുകൾ മുന്നെ മനുഷ്യൻ ഇൗ പർവത ശിഖരത്തിൽ കൂട് കൂട്ടിയിരുന്നു. നട്ടും നനച്ചും കഴിഞ്ഞ അഞ്ച് നൂറ്റാണ്ടിലധികമായി വട്ടവടയിൽ അവരുടെ തലമുറകൾ ഉപജീവനം നടത്തുന്നുണ്ട്. മൈസൂർ ഭരണാധികാരിയായ ഹൈദരലിയുടെ പടയോട്ടത്തെ ഭയന്ന് മധുരയിൽ നിന്നും പലായനം ചെയ്തെത്തിയവരാണ് ഇൗ മണ്ണിലെ ആദ്യ കുടിയേറ്റക്കാർ. പിന്നീട് മൂന്നാറിലെ കണ്ണൻദേവൻ തോട്ടങ്ങളിൽ നിന്നും വിരമിച്ച  തൊഴിലാളികളും ജീവനോപാധികൾ തേടി ഇൗ കുന്നുകളിലേക്കെത്തി. കൃഷിതന്നെയാണ് അന്നുമിന്നും മുഖ്യ വരുമാനം. ഭൂരിഭാഗവും പച്ചക്കറി കൃഷി തന്നെ. വിവിധ ഫലവൃക്ഷങ്ങളും കൃഷി ചെയ്തു വരുന്നു.


ക്യാരറ്റും ബീൻസും കാബേജും വെളുത്തുള്ളിയും ഉരുളക്കിഴങ്ങും ഗ്രീൻപീസും മല്ലിയും സ്ട്രോബറിയും ഒാറഞ്ചുമൊക്കെയായി നമ്മുടെ അടുക്കളയിലേക്കും തീൻ മേശകളിലേക്കും വേണ്ടതിൽ മിക്കതും ഇൗ മലഞ്ചെരിവുകളിലെ മണ്ണിൽ വട്ടവടക്കാർ വിളയിച്ചെടുക്കാറുണ്ട്. ആ വിളവ് മധുരയിലേക്കും കൊച്ചിയിലേക്കുമൊക്കെയുള്ള ചരക്ക് വണ്ടികളിൽ കയറി മലയിറങ്ങുമ്പോഴാണ് ഇവിടുത്തെ മനുഷ്യരുടെ ജീവിതത്തിലും പച്ചപ്പ് പടരുന്നത്.


എന്നാൽ ഇത്തവണ കർഷകരുടെ മുഴുവൻ പ്രതീക്ഷയും തെറ്റി, മഴ ചതിച്ചു. വർഷത്തിൽ മൂന്ന് കൃഷിയാണ് വട്ടവടയിൽ. ആദ്യ കൃഷി ആരംഭിക്കുന്നത് മാർച്ച് – ഏപ്രിൽ മാസങ്ങളിലാണ്. നിലമൊരുക്കി വിത്തുപാകിക്കഴിഞ്ഞാൽ വേനൽ മഴയെത്തും. അതോടെ തളിർത്തു കയറുന്ന ചെടികളിൽ നിന്ന് ജൂൺ മുതൽ മൂന്ന് തവണ വരെയെങ്കിലും വിളവെടുക്കാൻ സാധിക്കും. ഇത്തവണയതുണ്ടായില്ല. വേനൽ മഴ പെയ്തില്ല. ഇടവപ്പാതിയാകട്ടെ ഇടവം കഴിഞ്ഞിട്ടുമെത്തിയില്ല. മാർച്ചിൽ നട്ട പച്ചക്കറി ചെടികളിൽ ഏതാണ്ടെല്ലാം തന്നെ ജൂണായപ്പോഴേക്കും കരിഞ്ഞുണങ്ങി.


വട്ടവടയിലെ കർഷകനായ പരശുരാമനും അമ്മയും ഭാര്യയും ചേർന്ന് തങ്ങളുടെ ഒരേക്കറോളം സ്ഥലത്ത് ബട്ടർ ബീൻസ് നട്ടിരുന്നു. സാധാരണ ജൂൺ മുതൽ ജൂലൈ അവസാനം വരെ മൂന്ന് തവണയെങ്കിലും കായ് ലഭിക്കുന്നതാണ്. എന്നാൽ ഇത്തവണയാകട്ടെ ആദ്യ വിളവെടുപ്പോടുകൂടിത്തന്നെ ചെടികൾ പഴുത്തുണങ്ങാൻ തുടങ്ങി. ഞാൻ എത്തുമ്പോൾ ഉണങ്ങിയ വള്ളികളിൽ അങ്ങിങ്ങായി മാത്രം കായ്ച്ച ഒന്നോ രണ്ടോ ബീൻസുകൾ പറിച്ചെടുക്കുകയായിരുന്നു  പരശുവും കുടുംബവും. കൂട്ടുകാരന്റെ തൊട്ടടുത്ത തോട്ടത്തിലെ വളർച്ച മുരടിച്ചു നിൽക്കുന്ന വെളുത്തുള്ളിയും മല്ലിച്ചെടികളും പരശുരാമൻ തന്നെ കാണിച്ച് തന്നു.


അറുപതുകാരനായ രാമലിംഗത്തിന്റെയും ഭാര്യ രാമത്തായിയുടെയും സ്ഥിതി അതിലേറെ കഷ്ടമാണ്. ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി. അതിനുള്ള പണമാകട്ടെ ബാങ്കിൽ നിന്നും ലോണെടുത്തതാണ്. അവർ നട്ട ബീൻസ് ചെടികളിലൊന്നുപോലും കായ്ച്ചില്ല. തോട്ടത്തിൽ കണ്ട കാഴ്ച രാമലിംഗം ഉണങ്ങിക്കരിഞ്ഞ ചെടികൾ പറിച്ച് കൂട്ടിയിട്ട് കത്തിക്കുന്നതാണ്. രണ്ടു ദിവസം മുൻപ് മാത്രം പെയ്തു തുടങ്ങിയ മഴയിലെ നനവ് കണ്ട് രാമത്തായി നിലമൊരുക്കി വീണ്ടും വിത്ത് പാകുന്നു. ഇരട്ടി ചെലവ്, ഇരട്ടി അദ്ധ്വാനം.


സമീപത്തെ തോട്ടത്തിലെ ഉമയാകട്ടെ മഴ പെയ്യാത്തതിനാൽ മാർച്ചിൽ കൃഷിയിറക്കിയില്ല. വൈകിവന്ന മൺസൂണിന് ശേഷമാണ് ഇപ്പോൾ വെളുത്തുള്ളി നടാൻ നിലമൊരുക്കുന്നത്. അതായത് വർഷത്തിലെ മൂന്ന് കൃഷികൾ ഇത്തവണ രണ്ടിലേക്ക് ചുരുക്കി.


വട്ടവട പഞ്ചായത്തിലെ രണ്ട് വില്ലേജുകളിലായി ഏതാണ്ട് രണ്ടായിരത്തോളം കർഷകരുണ്ട്. എല്ലാവരുടെയും സ്ഥിതി ഇത് തന്നെയാണ്. എന്നാൽ പെയ്യാത്ത മഴയെ മാത്രം പഴിച്ച് കൊണ്ട് ചർച്ച ചെയ്യേണ്ട വിഷയമല്ല വട്ടവടയിലെ കർഷക ദുരിതവും ജല ദൗർലഭ്യവുമെന്നതാണ് യാഥാർത്ഥ്യം.


കാരണം രണ്ട് പതിറ്റാണ്ട് മുൻപ് വരെ വട്ടവടയിലെ പച്ചക്കറിത്തോട്ടങ്ങളിൽ പലതിലും വേനലിൽ പോലും വിളഞ്ഞിരുന്നത് വെള്ളമേറെ ആവശ്യമുള്ള നെല്ലും റാഗിയും വാഴയുമൊക്കെയായിരുന്നു. വേനൽ മഴ കിട്ടിയാലുമില്ലെങ്കിലുമൊക്കെ നല്ല വിളവും ലഭിച്ചിരുന്നു. അതായത് കൊടിയ വേനലിലും മഴയില്ലായ്മയിലുമെല്ലാം വട്ടവടയുടെ മണ്ണിൽ നനവുണ്ടായിരുന്നുവെന്നാണ് ഇവിടുത്തുകാർ പറയുന്നത്.


പിന്നെയെന്താണ് സംഭവിച്ചത്?  നെല്ലും വാഴയുമൊക്കെ വിട്ട് കർഷകർ താരതമ്യേന വെള്ളം കുറവാവശ്യമുള്ള പച്ചക്കറി കൃഷിയിലേക്ക് പൂർണമായും മാറാനുണ്ടായ കാരണമെന്താണ്? ആ ചോദ്യത്തിനുത്തരമായി നെടുവീർപ്പോടെ വട്ടവടക്കാർ മലമുകളിലേക്ക് വിരൽ ചൂണ്ടും, അവിടെ തോട്ടങ്ങളുടെ അതിരുകൾ തൊട്ട് മലയുടെ അറ്റം വരെ വളർന്ന് നിൽക്കുന്ന യുക്കാലിപ്റ്റസ് മരങ്ങളിലേക്ക്. ഏതാണ്ട് ഇരുപത് വർഷം മുൻപ് മുതൽ ഇവിടെ വളർന്ന് തുടങ്ങിയ ഇൗ വിദേശ വൃക്ഷം തങ്ങളുടെ മണ്ണിനെ കൃഷിയോഗ്യമല്ലാത്ത ഉൗഷരഭൂമിയാക്കി മാറ്റിക്കൊണ്ടിരിക്കുകയാണെന്നാണ് കർഷകർ ഒരേ സ്വരത്തിൽ പറയുന്നത്.


തന്റെ ചെറുപ്പകാലത്ത് മേടച്ചൂടിലും നിറഞ്ഞൊഴുകിയിരുന്ന നീർച്ചാലുകളും കൈത്തോടുകളും രാമലിംഗം കാണിച്ച് തന്നു. അവയെല്ലാമിപ്പോൾ വറ്റി വരണ്ടിരിക്കുന്നു. പൊതുപ്രവർത്തകനായ അഴകേശ് തന്റെ കുട്ടിക്കാലത്ത് നീന്തിക്കുളിച്ചിരുന്ന നാഗറടിപള്ളം തോടിനെക്കുറിച്ചും പറഞ്ഞു തന്നു. അന്നൊക്കെ വട്ടവടയിലെ എല്ലാ ഉൗരുകളിലേക്കുമാവശ്യമായ വെള്ളം ഇൗ തോട്ടിലുണ്ടായിരുന്നു. വേനൽക്കാലത്ത് പോലും വറ്റാതിരുന്ന നാഗറടിപള്ളം തോട് പക്ഷേ, ഇന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. പിന്നീട് വിദഗ്ധരോടന്വേഷിച്ചപ്പോഴും കർഷകരുടെ ദുരിതത്തിന് കാരണക്കാരനായ വില്ലൻ  യൂക്കാലിപ്റ്റസ് തന്നെയാണെന്ന് ബോധ്യപ്പെട്ടു.


രണ്ട് പതിറ്റാണ്ട് മുൻപ് അഗ്രോ ഫോറസ്ട്രിയുടെയും സോഷ്യൽ ഫോറസ്ട്രിയുടെയും ഭാഗമായി വേൾഡ് ബാങ്കിന്റെയും സർക്കാരിന്റെയും വനം വകുപ്പിന്റെയുമൊക്കെ പിന്തുണയോടെയാണ് വട്ടവടയിലേക്ക് ആളുകൾ  യൂക്കാലിപ്റ്റസ് കൃഷിയുമായി എത്തുന്നത്. പൊതുവെ ഹൈറേഞ്ചിലെ മലനിരകളിൽ മൂന്ന് തരം യൂക്കാലിപ്റ്റസ് മരങ്ങളാണ് വളർത്തുന്നത്. ഫർണിച്ചർ ആവശ്യങ്ങൾക്കായുള്ള യൂക്കാലിപ്റ്റസ് റെഡ് വുഡ്, തൈലമുണ്ടാക്കാനുള്ള യൂക്കാലിപ്റ്റസ് ടെർട്ടികോർണിസ്, പേപ്പർ നിർമാണത്തിന് ഉപയോഗിക്കുന്ന  യൂക്കാലിപ്റ്റസ് ഗ്രാന്റിസ്. ഇവയിൽ നമ്മുടെ പ്രകൃതിക്ക് ഏറ്റവും അപകടകാരിയായ ഗ്രാന്റിസ് മരങ്ങളാണ് വട്ടവടയിൽ കാണപ്പെട്ടുന്നത്. രണ്ട് വിധത്തിലാണ്  ഗ്രാന്റിസിന്റെ വരവ് വട്ടവടയുടെ ജലസമൃദ്ധിയെ ഇല്ലാതാക്കിയത്.


ഇന്ന് ഇൗ വൃക്ഷങ്ങൾ വളർന്നു നിൽക്കുന്ന പ്രദേശങ്ങളിൽ  ഭൂരിഭാഗവും ഒരു കാലത്ത് പുൽമേടുകളായിരുന്നു. പശ്ചിമഘട്ടത്തിന്റെ തന്നെ ജൈവ വൈവിധ്യത്തെ സമ്പന്നമാക്കുന്ന പുൽമേടുകൾ വലിയ ജലസംഭരണികൾ കൂടിയാണ്. മലമുകളിൽ പെയ്തിറങ്ങുന്ന മഴയെ മുഴുവൻ പുൽമേടുകൾ അവയുടെ ഹൃദയത്തിലേക്കാവാഹിക്കും. പിന്നെ കൊടുംവേനലിലും താഴ്വാരത്തെ നനവ് കർഷകരുടെ ഭൂമിയിലേക്ക് കനിഞ്ഞിറങ്ങും. പുൽമേടുകൾ അപ്രത്യക്ഷമായതോടെ അവിടങ്ങളിലെ പ്രകൃതിദത്ത ജലസംഭരണ കേന്ദ്രങ്ങളും അപ്രത്യക്ഷമായി.


പുൽമേടുകൾക്ക് പകരം വന്ന ഗ്രാന്റിസാകട്ടെ അമിതമായി ജലം ഉൗറ്റിയെടുക്കുന്ന വൃക്ഷങ്ങളാണ്. പൊതുവെ ചതുപ്പുനിറഞ്ഞ പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുക. ഒാസ്ട്രേലിയയിലേത് പോലുള്ള അത്തരം പ്രദേശങ്ങളിൽ മണ്ണിൽ ആവശ്യത്തിലധികമുള്ള ഇൗർപ്പം വലിച്ചെടുക്കാൻ ഇവ സഹായിക്കാറുണ്ട്. എന്നാൽ നമ്മുടെ ഭൂമിശാസ്ത്രത്തിനോ പരിസ്ഥിതിക്കോ അനുയോജ്യമായവയേയല്ല ഇത്തരം വൃക്ഷങ്ങളെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.


പ്രശസ്ത പരിസ്ഥിതി പ്രവർത്തകയായ വന്ദനശിവ ഗവേഷകനായ ജയന്ത് ബദ്ധ്യോപാധ്യായയുമായി ചേർന്ന് 1987 ൽ പ്രസിദ്ധീകരിച്ച എക്കോളജിക്കൽ ഒാഡിറ്റ് ഒാഫ് യൂക്കാലിപ്റ്റസ് കൾട്ടിവേഷൻ എന്ന പുസ്തകത്തിൽ ഇവ നമ്മുടെ പരിസ്ഥിതിയിൽ സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. മറ്റ് വൃക്ഷങ്ങളെ അപേക്ഷിച്ച് അതിവേഗത്തിൽ വളരുന്ന യൂക്കാലിപ്റ്റസ് മരങ്ങൾ ഇതിനാനുപാതികമായി അമിതമായി ജലം ആഗീരണം ചെയ്യുന്നു. ഇതോടൊപ്പം തന്നെ മണ്ണിൽ സമാന്തരമായി പടരുന്ന തരത്തിലുള്ള ഇടതൂർന്ന ലാറ്ററൽ റൂട്ട്സ് വിഭാഗത്തിൽപ്പെടുന്ന ഇവയുടെ വേരുകൾ മണ്ണിനടിയിലേക്ക് ജലം ഒലിച്ചിറങ്ങുന്നതിനെ തടയുന്നതായും  ഇതുമൂലം മണ്ണിന്റെ വാട്ടർ റീച്ചാർജിങ് പ്രക്രിയ തടസപ്പെടുകയും ഭൂഗർഭജല തോത് കുറയുകയും ചെയ്യുന്നതായി ഇവരുടെ പഠനത്തിൽ പറയുന്നു.


മുകുന്ദ് ജോഷി, പളനിസ്വാമി എന്നീ ഗവേഷകർ 2011 ൽ കർണാടകയിലെ ബംഗലൂരു (റൂറൽ), കൊലാർ ജില്ലകളിലെ യൂക്കാലിപ്റ്റസ് തോട്ടങ്ങളിൽ നടത്തിയ പഠനങ്ങളിലും സമാനമായ കണ്ടെത്തലുകൾ നടത്തിയിരുന്നു. ഇവരുടെ പഠന റിപ്പോർട്ടിൽ പറയുന്നത് ഇരുപതുവർഷത്തെ യൂക്കാലിപ്റ്റസ് കൃഷിയിലൂടെ ഇൗ പ്രദേശത്തെ ഭൂഗർഭ ജലനിരപ്പ് ഗണ്യമായി കുറഞ്ഞു എന്നാണ്.


ഇൗ ജില്ലകളിൽ യൂക്കാലിപ്റ്റസ് മരങ്ങളുടെ വരവിന് ശേഷം പുതുതായി നിർമിക്കുന്ന കുഴൽ കിണറുകളിൽ 260 മീറ്റർ താഴ്ചയിലാണ് വെള്ളം ലഭിക്കുന്നത്. എന്നാൽ മുൻപ് ഇവിടുത്തെ കുഴൽ കിണറുകളിലെ ജലനിരപ്പ് ശരാശരി 177 മീ. ആയിരുന്നെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.


കൊലാർ ജില്ലയിലെ യൂക്കാലിപ്റ്റസ് തോട്ടങ്ങളിൽ നിന്നും ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ സ്ഥിതി ചെയ്യുന്ന കിണറുകളിൽ 35 മുതൽ 42 മീറ്റർ വരെയും ഒന്നുമുതൽ മൂന്ന് കിലോമീറ്റർ ചുറ്റളവിനുള്ളിൽ കാണപ്പെടുന്ന കിണറുകളിൽ 25 മുതൽ 37 മീറ്റർ വരെയും ജലനിരപ്പ് താഴ്ന്നതായും പഠനത്തിൽ പറയുന്നുണ്ട്.


പഠനങ്ങളുടെ അടിസ്ഥാനത്തിൽ സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ് ഇൗ പ്രദേശത്തെ അതിതീവ്ര ജലചൂഷണം നടക്കുന്ന പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. 2017 ്രെബഫുവരിയിൽ കർണാടക സർക്കാർ ഇവിടെ യൂക്കാലിപ്റ്റസ് കൃഷി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കുകയും ചെയ്തു. എന്നാൽ തോട്ടമുടമകളുടെ ഹർജിയെത്തുടർന്ന് 2019 ജനുവരിയിൽ കർണാടക ഹൈക്കോടതി ഇൗ നിരോധനം സ്റ്റേ ചെയ്യുകയാണുണ്ടായത്. സമാനമായ സ്ഥിതി തന്നെയാണ് വട്ടവടയിലും. പുൽമേടുകളുടെ നാശത്തോടെ ജലസമൃദ്ധി ഒാർമ മാത്രമായി മാറിയ വട്ടവടയിലെ അവശേഷിക്കുന്ന നനവുകൾ  കൂടി ഉൗറ്റിയെടുത്ത് ഗ്രാന്റിസ് (യൂക്കാലിപ്റ്റസ്) മരങ്ങൾ ഇന്നാട്ടുകാർക്ക് ഇരട്ടി പ്രഹരം നൽകുന്നു.


മറ്റൊരു പ്രതിസന്ധി കൂടി ഇൗ വിദേശ വൃക്ഷം വട്ടവടയ്ക്ക് നൽകി. ഒരു കാലത്ത് ആയിരക്കണക്കിന് കന്നുകാലികളുണ്ടായിരുന്ന സ്ഥലമായിരുന്നു ഇവിടം. വിശാലമായ പുൽമേടുകളിൽ മേഞ്ഞ് നടന്നാണ് അവ ഭക്ഷണം കണ്ടെത്തിയിരുന്നത്. എന്നാൽ പുൽമേടുകൾ അപ്രത്യക്ഷമായതോടെ കർഷകരുടെ പ്രധാന വരുമാന മാർഗമായിരുന്ന കന്നുകാലികളും ഇൗ ഗ്രാമങ്ങളിൽ നിന്നും ഇല്ലാതായിത്തുടങ്ങി. വട്ടവടയുടെ ശാപമായി മാറിയ ഗ്രാന്റിസ് മരങ്ങളിവിടെ വെറുതെ പൊട്ടിമുളച്ചവയല്ല. മണ്ണിനെയും മനുഷ്യനെയും നശിപ്പിക്കുമെന്നറിഞ്ഞിട്ട് തന്നെ നട്ടുവളർത്തിയവയാണ്. പക്ഷേ, ഇവിടുത്തുകാരല്ലെന്ന് മാത്രം. ഇൗ മണ്ണിൽ കണ്ണ് വച്ച് മലകയറി വന്ന പുറം നാട്ടുകാരാണ് വട്ടവടയോട് ഇൗ ക്രൂരത ചെയ്തത്.


അവരിവിടെ കർഷകരിൽ നിന്നും ചുളുവിലയ്ക്ക് ഭൂമി സ്വന്തമാക്കി. ചിലർ വ്യാജ പട്ടയമുണ്ടാക്കി സർക്കാർ ഭൂമി കയ്യേറി. പിന്നെ അവിടെയെല്ലാം ഗ്രാന്റിസ് നട്ടു. പിന്നെ മലയിറങ്ങി. നിത്യദ്ധ്യാധ്വാനം വേണ്ട,വളവും പരിചരണവും വേണ്ട, വട്ടവടയുടെ ജലസമൃദ്ധിയെ മുഴുവൻ ഉൗറ്റിക്കുടിച്ച് അവ വളരും. ആറോ ഏഴോ വർഷത്തിലൊരിക്കൽ മലകയറി വന്നവർ വീണ്ടും വരും. മെഴുത്ത് നിൽക്കുന്ന മരങ്ങളെ വെട്ടി വിറ്റ് കീശ നിറയെ തുട്ടുമായി മടങ്ങും. മരക്കുറ്റികളിൽ നിന്നും വീണ്ടും പുതിയ മരമുണ്ടാകും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇതാണിവിടുത്തെ പതിവ്. സോഷ്യൽ ഫോറസ്ട്രിയുടെ ഭാഗമായി അന്ന് വനം വകുപ്പും ലോക ബാങ്കുമെല്ലാം ഇൗ മരം വളർത്തലിനെ പ്രോത്സാഹിപ്പിച്ചിരുന്നു എന്നതാണ് ഇതിലെ വിരോധാഭാസം. വനം വകുപ്പിന് പിന്നീട് തിരിച്ചറിവുണ്ടായി.  ഗ്രാന്റിസ് മരങ്ങൾ മുറിച്ച് മാറ്റി പുൽമേടുകളും കൃഷിത്തോട്ടങ്ങളും തിരികെ കൊണ്ടുവരണമെന്ന നിലപാട് തന്നെയാണ് ഇപ്പോൾ വനം വകുപ്പിനും. എന്നാൽ ഇവ നട്ടുവളർത്തിയവരിൽ പണം കൊണ്ടും അധികാരം കൊണ്ടും വലിയ സ്വാധീനങ്ങളുള്ളവരുണ്ട്. അവരുടെ ഇടപെടലുകൾ വട്ടവടയെ പഴയ വട്ടവടയാക്കുന്നതിന് തടസ്സമാകുന്നു.


കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് യൂക്കാലിപ്റ്റസ് വളർത്തൽ നിരോധിച്ച് കൊണ്ടുള്ള ഉത്തരവിറങ്ങിയിരുന്നു. ഇതേതുടർന്ന് 2013-15 കാലത്ത് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ 100 ഹെക്ടറിലെ ഗ്രാന്റിസ് മരങ്ങൾ മുറിച്ച് മാറ്റി വീണ്ടും പഴം – പച്ചക്കറി കൃഷികൾ ആരംഭിക്കാൻ കഴിഞ്ഞിരുന്നതായി വട്ടവടയിലെ കൃഷി ഒാഫീസർ മുരുകൻ പറഞ്ഞു. എന്നാൽ അതൊരു ഒറ്റപ്പെട്ട നീക്കം മാത്രമായൊതുങ്ങിപ്പോയി.


വട്ടവടയടക്കമുള്ള ദേവികുളം താലൂക്കിലെ അഞ്ച്നാട് പ്രദേശത്തെ ഭൂപ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ അതേ സർക്കാർ തന്നെ അന്നത്തെ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരന്റെ നേതൃത്വത്തിൽ ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞിരുന്നത് വട്ടവടയിലെ യൂക്കാലിപ്റ്റസ് തോട്ടങ്ങൾ ഭൂരിഭാഗവും സ്വകാര്യ വ്യക്തികൾ അനധികൃതമായി കൈവശപ്പെടുത്തിയ സർക്കാർ ഭൂമിയിലാണെന്നും ഇവ വെട്ടി വിൽക്കുന്നതിലൂടെ സർക്കാരിനെ വഞ്ചിച്ച് സ്വകാര്യ വ്യക്തികൾ ലാഭമുണ്ടാക്കുന്നുവെന്നുമാണ്. അതിനാൽ കൃത്യമായ ലാന്റ് വേരിഫിക്കേഷൻ നടപടികൾക്കുശേഷം മാത്രമെ മരങ്ങൾ മുറിച്ച് മാറ്റുന്ന നടപടിയിലേക്ക് കടക്കാവൂ എന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു.


ഇത് പ്രകാരം 2015 ്രെബഫുവരി 16 ന് ഇറക്കിയ സർക്കാർ ഉത്തരവിൽ യൂക്കാലിപ്റ്റസ് വെട്ടിമാറ്റുന്നത് നിരോധിക്കപ്പെട്ടു. എന്നാൽ കമ്മീഷൻ വട്ടവടയിലെത്തുകയോ നേരിട്ട് കണ്ട് പ്രശ്നങ്ങൾ പഠിക്കുകയോ ചെയ്യാതെ മൂന്നാറിലിരുന്ന് തയ്യാറാക്കിയ റിപ്പോർട്ടാണ് സർക്കാരിന് സമർപ്പിച്ചതെന്നും പട്ടയമുള്ള കൃഷിഭൂമിയടക്കം വനഭൂമിയായി കണക്കാക്കുന്ന വിധത്തിലാണ് കമ്മീഷൻ റിപ്പോർട്ടിന്റെ ഉള്ളടക്കമെന്നും കർഷകർക്ക് ആക്ഷേപമുണ്ട്. മാത്രമല്ല ഉത്തരവിറങ്ങിയെങ്കിലും   ലാന്റ് വേരിഫിക്കേഷനു വേണ്ടിയുള്ള നടപടികളൊന്നും പിന്നീട് നടന്നില്ല.


അതിനുശേഷം വന്ന എൽഡിഎഫ് സർക്കാർ നിവേദിതാ പി. ഹരൻ റിപ്പോർട്ടിനെ തള്ളിക്കളയുകയും യുക്കാലിപ്റ്റസ് മരങ്ങൾ മുറിച്ച് മാറ്റി അവിടങ്ങളിൽ പഴം- പച്ചക്കറികൃഷികൾ വ്യാപിപ്പിക്കുന്നതിന് അനുമതി നൽകുകയും ചെയ്തു. എന്നാൽ ഇത് സംബന്ധിച്ചിറങ്ങുന്ന റവന്യൂ വകുപ്പ് ഉത്തരവുകളിലുണ്ടാകുന്ന തെറ്റുകളും പാളിച്ചകളും സൃഷ്ടിക്കുന്ന സാങ്കേതിക പ്രശ്നങ്ങൾ മരം മുറിക്കുന്നതിന് വീണ്ടും തടസമാകുകയാണ്. ഇത്തരം സാങ്കേതിക പ്രശ്നങ്ങൾ ബോധപൂർവം സൃഷ്ടിക്കുന്നതാണെന്നാണ് കൃഷിക്കാരുടെ ആരോപണം.


വൻകിട തടിക്കച്ചവടക്കാരുമായി റവന്യൂ  ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർക്കുള്ള ബന്ധമാണ്  മരം മുറിക്കൽ വൈകിപ്പിക്കുന്നതിന് പിന്നിലെ കാരണമെന്നാണ് കർഷകർ പറയുന്നത്. വട്ടവടയിലെ യൂക്കാലിപ്റ്റസ് തോട്ടങ്ങൾ മുൻകൂറായി കരാറിൽ വാങ്ങിയ വൻകിട തടി കോൺട്രാക്ടർമാരുണ്ട്. ഇവരെ സംബന്ധിച്ച് കൂട്ടത്തോടെയുള്ള മരം മുറിക്കൽ നഷ്ടക്കച്ചവടമാണ്. ഒരുമിച്ച് ഇത്രയധികം മരങ്ങൾ വിപണിയിലെത്തിച്ചാൽ ഉണ്ടാകാവുന്ന  വിലയിടിവ് മുന്നിൽ കണ്ടാണ് ഉദ്യോഗസ്ഥ തലത്തിൽ മരം മുറിക്കൽ വൈകിപ്പിക്കാനുള്ള ഇടപെടലുകൾ ഇവർ നടത്തുന്നതെന്ന് വട്ടവട പഞ്ചായത്ത് പ്രസിഡന്റ് രാംരാജും