ആന്തരിക നിശ്ശബ്ദതയ്ക്കൊരുണർത്തുപാട്ട് – ജോയ് ഫിലിപ്പ് കാക്കനാട്ട്, സി.എം.എെ

അതുവരെ നിസ്സാരവും സ്വാഭാവികവുമായി കരുതിയിരുന്ന സഞ്ചാരസ്വാതന്ത്ര്യത്തിന്റെ അർത്ഥവും വിശാലതയും അന്നാണ് ഞാൻ ശരിക്കും ചിന്തിച്ചു തുടങ്ങിയത്. കേവലം നിസ്സാരമായി കരുതിയിരുന്ന പലവിധ സ്വാതന്ത്ര്യങ്ങളുടെ മൂല്യം കോവിഡിന്റെ വലിയ ഗുണപാഠമായിരിക്കുന്നു. ഇന്നലെവരെ എവിടെയെങ്കിലും പോകണമെങ്കിലോ ആരെയെങ്കിലും സന്ദർശിക്കണമെങ്കിലോ ഒരുപാടു വീണ്ടു വിചാരത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. യാത്രക്കാവശ്യമായ വാഹനം സംഘടിപ്പിക്കുക, കാണേണ്ടവരെ കാണുക, തിരികെ വരുക. എത്ര എളുപ്പമായിരുന്നു അതെല്ലാം! കോവിഡിന്റെ വരവോടെ സ്ഥിതി ആകെ മാറി. സഞ്ചാരസ്വാതന്ത്ര്യം ഒരു കിട്ടാക്കനിയായി രൂപാന്തരപ്പെട്ടിരിക്കുന്നു. അധികം ആലോചിക്കാതെയുള്ള യാത്രകളും സന്ദർശനങ്ങളും ഇന്നില്ല. ഒാരോ യാത്രയും ഒാരോ സന്ദർശനവും കാര്യമാത്രപ്രസക്തമാണോയെന്ന് പലവട്ടം ആലോചിക്കണം. എന്റെ സുരക്ഷയും ഞാൻ കണ്ടുമുട്ടുന്നവരുടെയും ഇടപെടുന്നവരുടെയും ക്ഷേമവും എന്റെ ഉത്തരവാദിത്വമായിരിക്കുന്നു.


മുൻപ്, കുറേക്കാലമായി കാണാത്തെ ഉറ്റവരെയും ഉടയവരെയും സ്നേഹിതരെയും കാണുമ്പോൾ ഒാടി അടുത്ത് ചെല്ലാൻ ആലോചന വേണ്ടാത്ത സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇന്ന് അടുത്തുചെല്ലാൻ ഒത്തിരി ആലോചിക്കണം, അകലം പാലിക്കുവാനേ സ്വാതന്ത്ര്യമുള്ളു. കോവിഡിനു മുൻപ് മറുനാട്ടിൽ നിന്നുള്ള സന്ദർശനം ഉറ്റവർക്കു വലിയ ആഹ്ളാദ വാർത്തയായിരുന്നു, ഇന്ന് വലിയ ഉത്കണ്ഠാകാരണവും. ആരാണ് വൈറസ് വാഹകർ എന്നറിയില്ലല്ലോ. പഴയ സന്ദർശക സ്വാതന്ത്ര്യത്തിന്റെ സന്തോഷം നഷ്ടമായിരിക്കുന്നു. കോവിഡ് നൽകുന്ന മറ്റൊരു സ്വാതന്ത്ര്യ ചിന്തയാണ് ഞാനൊരു ഭാരതീയനാണെന്ന സ്വത്വബോധം. മത, ജാതി, ഭാഷ ചിന്തകൾക്കതീതമായ, അതിനെയെല്ലാം ആശ്ലേഷിക്കുന്ന ഭാരതീയ അനന്യത നൽകുന്ന പൗരസ്വാതന്ത്ര്യം നിസ്സാരമല്ലെന്നു കോവിഡ് പഠിപ്പിക്കുന്നു. അതുപോലെ, മത, ജാതി, ഭാഷയുടെ വേർതിരുവിൽ ഇൗ സ്വാതന്ത്ര്യം നിരസിക്കരുതെന്ന ഒാർമ്മപ്പെടുത്തലും.


യൂറോപ്പിനേക്കാൾ വിസ്തൃതിയുള്ള ഭാരത്തിലുടനീളം ഭാരതീയൻ എന്നൊരൊറ്റ വിശേഷണത്താൽ സ്വതന്ത്രമായി സഞ്ചരിക്കാമെന്നതു എത്രയോ മഹത്തായ വിശേഷാവകാശമാണ്. കോവിഡിന് മുൻപുവരെ കന്യാകുമാരി മുതൽ കാശ്മീർ വരെ യാത്രചെയ്യാൻ അതിർത്തികളില്ലായിരുന്നു. നാം ആസ്വദിച്ചിരുന്ന തടസ്സമില്ലാത്ത യാത്രാസ്വാതന്ത്ര്യത്തിന്റെ അതുല്യത കോവിഡ് നമ്മെ ഒാർമപ്പെടുത്തി. ഇന്നിപ്പോൾ ബാംഗ്ലൂരിൽനിന്നു കേരളത്തിൽ എത്തണമെങ്കിൽ, പ്രവേശന പാസ്സ് വേണം, അതിർത്തിയിൽ ബോദ്ധ്യപ്പെടുത്തണം, പലവുരു യാത്രയുടെ ഉദ്ദേശവും, ആവശ്യകതയും ചോദിച്ചാൽ വ്യക്തമാക്കണം. നാട്ടിലെത്തിയാൽ സ്വതന്ത്രമായി നടക്കണമെങ്കിൽ പലനാൾ കാത്തിരിക്കണം; ആരുമായി സംസർഗ്ഗമില്ലാതെ കഴിയണം.


പക്ഷേ, ഇൗ നിയന്ത്രണങ്ങളെ എന്റെ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങാകുന്ന ഒരു പരാധീനതയായി ഞാൻ കരുതുന്നില്ല. മറിച്ച് ഞാൻ എന്റെ അവകാശമായി കരുതിയിരുന്ന സ്വാതന്ത്ര്യത്തിന്റെ അപാരതയെ മസ്സിലാക്കാനും, ബഹുമാനിക്കാനും കോവിഡ് ഒരു നിമിത്തമായി. അതുപോലെ എന്റെ അശ്രദ്ധകൊണ്ടും നിസ്സഹകരണം കൊണ്ടും ഇൗ സ്വാതന്ത്ര്യം തമോവത്കരിക്കപ്പെടുവാൻ ഇടയാകാതിരുകുവാൻ ഏറെ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയും ഇൗ കോവിഡ് കാലം എന്നെ പ്രബുദ്ധനാക്കുന്നു. അതുപോലെ, ഭാരതീയനെന്ന ഏകതയെ ചിന്നഭിന്നമാക്കാനുതകുന്ന രാഷ്ട്രീയ, മത, ഭാഷാ പ്രത്യയശാസ്ത്രങ്ങളേയും പ്രസ്ഥാനങ്ങളെയും പിന്താങ്ങരുതെന്ന് സന്ദേശവും ഞാൻ ശ്രദ്ധിക്കുന്നു. അവ ഞാനനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങാകുമെന്ന യാഥാർഥ്യം നൊമ്പരപ്പെടുത്തുന്നു.


കൊറോണ മഹാമാരി ഞാനുൾപ്പെടുന്ന മനുഷ്യകുലത്തിനു നൽകുന്ന മറ്റൊരു മുന്നറിയിപ്പ്, അവരുടെ പ്രപഞ്ചത്തിലെ അസ്തിത്വത്തെകുറിച്ചാണ്. ഇൗ പ്രപഞ്ചവും പ്രപഞ്ച സൃഷ്ടാവും തങ്ങളുടെ വരുതിയിലാണെന്നും, ഇൗ മനോഹര പ്രപഞ്ചം തങ്ങളുടെ മായാമോഹങ്ങൾക്കും ഇഷ്ടാനുഷ്ടങ്ങൾക്കും സുഖലോലുപതക്കും വേണ്ടി അമ്മാനമാടുവാനുള്ള ഒരു കളിപ്പാട്ടമാണെന്നുള്ള കാഴ്ചപ്പാട് മിഥ്യാധാരണയാണെന്നും പ്രകൃതിക്കല്ല മനുഷ്യനെക്കൊണ്ട് ആവശ്യം, മറിച്ചാണെന്നും കൊറോണ് വൈറസ് എന്ന സൂക്ഷ്മകണം വ്യക്തമാക്കുന്നു. അതുപോലെ, സൃഷ്ടാവിനെപോലും വെല്ലുവിളിച്ചു തങ്ങളാണ് ഇൗ പ്രപഞ്ചത്തിന്റെ കിരീടം ചൂടുന്ന കേന്ദ്രബിന്ദുവെന്നു ധരിച്ചുവശായ മനുഷ്യ കുലത്തോടു (വീാീ മെുശലി)െ നിങ്ങൾ അതിലെ കേന്ദ്രബിന്ദുവല്ല, അതിലെ ഒരു ഘടകം മാത്രമാണെന്നും ഇൗ വൈറസ് ഒാർമ്മപ്പെടുത്തുന്നു. ഏതാനും നാളുകൾക്കുമുൻപ് ഗ്രെറ്റ ടൂൻബെർഗ് (ഏൃലമേ ഠവൗിയലൃഴ) എന്ന കൗമാരക്കാരി, നമ്മളൊരു പകൃതിദുരന്തത്തിന്റെ വക്കിലാണെന്നും, പ്രകൃതിയോടുള്ള ആരോഗ്യപരമായ സമീപനം ഒരു സാധ്യതയല്ല, പ്രത്യുത അടിയന്തരാവശ്യമാണെന്നും, സാമ്പത്തികമുന്നേറ്റമെന്ന ഏകവിചാരം ഒരു കെട്ടുകഥയാകുമെന്ന പ്രവാചക ആക്രോശം യുഎന്നിൽ മുഴക്കിയപ്പോൾ പുച്ഛിച്ചുതള്ളിയവർ ഇന്നതിന് വിലകല്പിച്ചുതുടങ്ങിയിരിക്കുന്നു. ഇൗ ഭൂമി മുഴുവൻ ദേവഭൂമിയാണെന്നുള്ള തിരിച്ചറിവോടെ പ്രകൃതിയെയും പ്രപഞ്ചസൃഷ്ടാവിനെയും ബഹുമാനിക്കണമെന്നത് ഇവിടെ സ്വതന്ത്രമായി വ്യാപാരിക്കുവാനുള്ള മുന്നുപാധിയാണെന്നത് ക്രമേണ തിരിച്ചറിവായിരിക്കുന്നു. കൊറോണ വൈറസ് സമ്മാനിച്ച ലോക്ഡൗണും ക്വാറനൈ്റൻ ദിനങ്ങളും, ബഹളദിനങ്ങളിൽ നഷ്ടപ്പെട്ട ആന്തരിക നിശ്ശബ്ദതയെ തൊട്ടുണർത്തി,കൈവിട്ടുപോകരുതാത്ത ചില ദർശനങ്ങളിലേക്കു നമ്മെ നയിച്ചാൽ അത് നമ്മെ കൂടുതൽ സ്വാതന്ത്ര്യത്തിലേക്കു നയിക്കും. ഫ്രാൻസിസ് പാപ്പാ പറയുന്നതുപോലെ, പ്രകൃതിയോടും പതിതരോടും സഹാനുഭാവത്തോടെ പെരുമാറുന്ന ഒരു മാനവസംസ്കാരം രൂപപ്പെടുത്തുവാൻ ഇൗ കാലഘട്ടത്തിനായാൽ അന്യോന്യതയിലും സഹകരണത്തിലും അധിഷ്ഠിതമായ ശാന്തിയുടെയും സ്വാതന്ത്ര്യത്തിന്റെയും മേഖലയിലേക്ക് കൂടുതൽ ഉ•േഷത്തോടെ നടന്നടുക്കുവാൻ നമുക്കാവും.