മാറുന്ന വിദ്യാഭ്യാസത്തിന്റെ ഡിജിറ്റല്‍ മുഖം – രാജേശ്വരി. പി.ആര്‍
നിലനില്‍പ്പിന്റെ ഉപാധിയായി ഇന്ന് സാങ്കേതികവിദ്യ മാറിയിരിക്കുന്നു. വിദ്യാഭ്യാസരംഗത്തും ഇത് വേരൂന്നിക്കഴിഞ്ഞു. അപ്രതീക്ഷിതമായി തടസപ്പെട്ട അധ്യയന ദിനങ്ങള്‍ കേരളത്തിന്റെ മാത്രമല്ല ലോകത്തിനു മുന്നില്‍ തന്നെ വലിയൊരു ചോദ്യചിഹ്നമാകുന്നു. പഠനം എങ്ങനെ ഓണ്‍ലൈന്‍ വഴി സാധ്യമാക്കാം എന്നതിനെക്കുറിച്ച് യാതൊരു ധാരണയും മുന്നൊരുക്കവും നമുക്കുണ്ടായിരുന്നില്ല. കേരളത്തില്‍ ഡിജിറ്റല്‍ അസമത്വം കാര്യമായ പ്രശ്നം തന്നെയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം കേരളത്തില്‍ രണ്ടുലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ സൗകര്യങ്ങളില്ല. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെക്കുറിച്ച് അധ്യാപകര്‍, മാതാപിതാക്കള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള വിശകലന ചിന്തകളാണിവിടെ അവതരിപ്പിക്കുന്നത്.
മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നാം പ്രാപ്തരോ
നിലവിലെ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യയനം നഷ്ടപ്പെടാതിരിക്കാനുള്ള മികച്ച മാര്‍ഗം തന്നെയാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം. എന്നാല്‍ അത് ഭൂരിപക്ഷത്തെ നോക്കിമാത്രം എടുത്ത തീരുമാനമായിരുന്നു. മേല്‍ത്തട്ടുകാര്‍ക്കും ഇടത്തരക്കാര്‍ക്കും പ്രയോജനം ലഭിക്കുമ്പോള്‍ താഴെത്തട്ടിലുള്ളവരുടെ കാര്യം ഓര്‍ത്തില്ല. വീട്ടില്‍ ടിവിയോ, വൈദ്യുതിയോ എന്തിന് സ്വന്തമായി കിടപ്പാടം പോലും ഇല്ലാത്ത ഒരു ജനത നമുക്കു മുന്നിലുണ്ട് എന്ന് നാം പലപ്പോഴും മറക്കുന്നു. ആദിവാസി മേഖലയിലെ കുട്ടികളെ സംബന്ധിച്ച് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആകാശത്തെ അമ്പിളിയമ്മാവന് തുല്യമാണ്. കൂലിവേല ചെയ്യുന്ന മാതാപിതാക്കള്‍ക്ക് തൊഴില്‍ നഷ്ടമായി. അന്നന്നത്തെ അന്നത്തിനായി ഉപജീവനം നടത്തുന്ന ഇവര്‍ക്ക് മക്കളുടെ വിദ്യാഭ്യാസത്തിനായി സ്മാര്‍ട്ട് ഫോണുകളോ ടി.വിയോ വാങ്ങുക പ്രയാസകരമാണ്. എന്നാല്‍ പഠിക്കാനുള്ള ഇവരുടെ അതിയായ ആഗ്രഹം സന്നദ്ധസംഘടനകളുടെ സഹകരണത്തിന് വഴിതെളിച്ചു. സന്നദ്ധസംഘടനകള്‍ ടെലിവിഷന്‍ എത്തിച്ചെങ്കിലും കേബിള്‍ കണക്ഷന്‍ എടുക്കാന്‍ പോലും കഴിവില്ലാത്ത കുടുംബങ്ങള്‍ ഉണ്ട്. ചിലരുടെ വീടുകളിലേക്ക് വലിയ ദൂരത്തില്‍ തന്നെ കേബിള്‍ കണക്ഷന്‍ എടുക്കേണ്ടി വരും. മൊബൈല്‍ ഫോണ്‍ കിട്ടിയാലും നെറ്റ് കണക്ഷന്‍ റീചാര്‍ജ് എടുക്കാനും പണമില്ലാത്തവരുണ്ട്. കാറ്റൊന്നടിച്ചാല്‍ കറന്റു പോകുന്ന ഗ്രാമങ്ങള്‍ ഇന്നും നമ്മുടെ കേരളത്തിലുണ്ട്. വികസനത്തിന്റെ മേനി പറയുമ്പോഴും മുഖം മിനുക്കാത്ത ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക്, അക്ഷരവെളിച്ചം പകര്‍ന്നു നല്‍കി അവരെക്കൂടി വിദ്യാഭ്യാസത്തിന്റെ മേല്‍ത്തട്ടിലേക്ക് ഉയര്‍ത്താനുള്ള ചവിട്ടുപടികള്‍ ഒരുക്കിയാലേ ഇത്തരം ആധുനിക പരിശ്രമങ്ങള്‍ പൂര്‍ണതയിലെത്തൂ.
ഓണ്‍ലൈനില്‍ ഒതുങ്ങുന്ന ക്ലാസ് മുറികള്‍
വിദ്യാര്‍ത്ഥികളും അധ്യാപകരും ഒത്തുചേരുന്ന ക്ലാസ് മുറിയുടെ ആത്മബന്ധമാണ് ഓണലൈന്‍ ക്ലാസിലൂടെ നഷ്ടമാകുന്നത്. ഓരോ കുട്ടിയുടെയും പഠനനിലവാരം വ്യത്യസ്തമായതുകൊണ്ട് ഒട്ടേറെ ഉദാഹരണങ്ങളിലൂടെ അവരുടെ മനസ്സറിഞ്ഞാണ് അധ്യാപകര്‍ പഠിപ്പിക്കുന്നത്. ഒരു കുട്ടിക്ക് മനസ്സിലായില്ലെങ്കില്‍ അവരുടെ മുഖഭാവം കണ്ട് അധ്യാപകര്‍ അതു മനസ്സിലാക്കുകയും വീണ്ടും പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു. അധ്യാപകനോടൊപ്പമുള്ള കുട്ടികളുടെ ഇരുത്തം, ക്ലാസ് മുറിയുടെ അന്തരീക്ഷം, പാഠഭാഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ കിട്ടുന്ന ആശയങ്ങള്‍, കുട്ടികളുടെ ഉള്ളിലെ സംശയങ്ങള്‍ ഇത്തരം ആത്മബന്ധങ്ങളുടെ നനവ് ക്ലാസ് മുറിയെ കൂടുതല്‍ ദൃഢമാക്കും. കാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്ന അധ്യാപകന് ഓരോ കുട്ടിയേയും പ്രത്യേകമായി ശ്രദ്ധിക്കാനോ പരിഗണിക്കാനോ കഴിയുകയില്ല. കുട്ടികള്‍ക്കാണെങ്കില്‍ അപ്പപ്പോള്‍ സംശയം ചോദിക്കാനും കഴിയുകയില്ല. ഇത് ആശയവിനിമയത്തിനു പുറമെ സംശയദുരീകരണത്തിനും തടസമാകുന്നു. ക്ലാസ് മുറിയിലെ പഠനത്തിന്റെ പത്തിലൊന്നു പോലും ടിവിയുടേയോ മൊബൈലിന്റേയോ മുന്നില്‍ സാധ്യമാകില്ല. അറിവ് പകരുക മാത്രമല്ല ഓരോ അധ്യാപകനും ചെയ്യുന്നത്, അതിലുപരി കുട്ടികളുടെ ചിന്തയേയും ഭാവനയേയും ഉണര്‍ത്തുകയും ചെയ്യുന്നു. ഈ പരിമിതിയെ എങ്ങനെയാണ് മറികടക്കേണ്ടതെന്ന് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ മാത്രം ഒതുങ്ങിയാല്‍ കുട്ടികളുടെ സമഗ്രമായ വ്യക്തിത്വവികാസവും മൂല്യവത്തായ ജീവിതപരിശീലനവും സാധ്യമാവില്ല. മാത്രവുമല്ല കുട്ടികള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ മുന്‍നിര്‍ത്തി സമൂഹമാധ്യമങ്ങളിലും ഇന്റര്‍നെറ്റിന്റെ ദൂഷിതവലയത്തിലും എത്തിപ്പെടാനുള്ള സാധ്യതയും ഏറെയാണ്.
സ്‌കൂള്‍, ഒരു പഠനാന്തരീക്ഷം കുട്ടികള്‍ക്ക് നല്‍കുമ്പോള്‍ വീടങ്ങനെയല്ല. പഠനത്തിനും പാഠത്തിനുമപ്പുറമുള്ള പച്ചയായ ജീവിതമാണ് ഓരോ വീടും. വീട്ടില്‍ പഠനാന്തരീക്ഷം കിട്ടാത്ത, പുസ്തകം വരെ കത്തിച്ചു കളയുന്ന മദ്യപാനികളായ മാതാപിതാക്കളുള്ള വീടുകളുണ്ട്. അത്തരമൊരു സാഹചര്യത്തിലുള്ള കുട്ടി ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുക എന്നത് പരിതാപകരമാണ്. ഒറ്റമുറി വീടുകളില്‍ ഒതുങ്ങുന്ന കുട്ടിയുടെ പഠനവേളകളില്‍ വീട്ടിലെ ശബ്ദവും അടുപ്പിലെ പുകയും പഠനാന്തരീക്ഷത്തെ അരോചകമാക്കാം. സ്‌കൂളിനെ മാത്രം ആശ്രയിച്ചു വരുന്ന കുട്ടികളും നമ്മുടെ സമൂഹത്തിലുണ്ട്. പല കുട്ടികളേയും മാതാപിതാക്കള്‍ സ്‌കൂളുകളിലേക്ക് വിടുന്നത് പഠനം മാത്രം ലക്ഷ്യമിട്ടല്ല. അത്ര നേരമെങ്കിലും തന്റെ മക്കള്‍ സുരക്ഷിതരായി ഇരിക്കുമെന്നു കരുതിക്കൂടിയാണ്.
അധ്യാപകര്‍ക്കിത് രാപകല്‍ യജ്ഞം
അധ്യയനം അധ്യാപകര്‍ക്കിപ്പോള്‍ രാപകല്‍ യജ്ഞമായി മാറിയിരിക്കുകയാണ്. ടിവിയിലെ ക്ലാസിനു പുറമെ കുട്ടികള്‍ ചോദിക്കുന്ന വ്യത്യസ്ത സംശയങ്ങള്‍ പ്രത്യേകമായി തന്നെ ദുരീകരിക്കേണ്ടിയിരിക്കുന്നു. എയ്ഡഡ് സ്‌കൂളുകളിലാകട്ടെ അധ്യാപകര്‍ പ്രത്യേകം ഓണ്‍ലൈന്‍ ക്ലാസുകള്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുന്നുണ്ട്. സിബിഎസ്ഇ യും ഇത്തരം ക്ലാസുകളാണ് പിന്തുടരുന്നത്. വ്യത്യസ്ത ക്ലാസുകളില്‍ പഠിപ്പിക്കേണ്ടതിനാല്‍ അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇരട്ടി പ്രഹരമാണ് നല്‍കുന്നതെന്ന് അധ്യാപകര്‍ പറയുന്നു. ഏഴാം ക്ലാസിലെ കുട്ടികള്‍ക്കുള്ള വീഡിയോ തയ്യാറാക്കി നല്‍കിയശേഷം 8,9,10 ക്ലാസുകളിലെ കുട്ടികള്‍ക്കും പാഠഭാഗങ്ങള്‍ വീഡിയോ രൂപത്തില്‍ ഒരുക്കണം. വിവിധ ക്ലാസുകളിലെ കുട്ടികളുടെ ഒരേ സമയത്തുള്ള വ്യത്യസ്ത സംശയങ്ങള്‍ ദുരീകരിക്കുക എന്നത് അധ്യാപകരില്‍ കടുത്ത പിരിമുറുക്കമാണ് സൃഷ്ടിക്കുന്നത്. കൂടാതെ ഓരോ ദിവസവും കുട്ടികള്‍ക്ക് നല്‍കുന്ന ഹോം വര്‍ക്കുകളും മറ്റും നിശ്ചിത സമയത്തിനുള്ളില്‍ നോക്കി കൊടുക്കേണ്ടതിനൊപ്പം സ്വന്തം കുട്ടികളെ പഠിത്തത്തില്‍ സഹായിക്കേണ്ടി വരുന്നതും അധ്യാപകരില്‍ അമിത ജോലിഭാരമാണ് നല്‍കുന്നത്. ഇതിനൊക്കെ പുറമെ മൊബൈല്‍ ഫോണ്‍ ഇല്ലാത്ത, റേഞ്ച് കിട്ടാത്ത കുട്ടികള്‍ക്ക് വീടുകളില്‍ പോയി പ്രത്യേകം ക്ലാസുകള്‍ എടുക്കുന്ന അധ്യാപകരും ഏറെയാണ്. സാങ്കേതികവിദ്യയെ കുറിച്ച് വിരളമായ അറിവുകള്‍ മാത്രമുള്ള അധ്യാപകരും ഉണ്ട്. പാഠഭാഗങ്ങള്‍ തയ്യാറാക്കി വീഡിയോ എടുത്ത് എഡിറ്റ് ചെയ്ത് വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കാന്‍ പാടുപെടുന്ന അധ്യാപകരുമുണ്ട്.
അവധിക്ക് വിടപറയാത്ത കുട്ടി മനസ്സുകള്‍
അധ്യയനം ആരംഭിച്ചുവെങ്കിലും ഇപ്പോഴും കുട്ടികളുടെ മനസ്സ് വെക്കേഷന്‍ മൂഡിലാണ്. പല കുട്ടികളും വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നത്. സ്‌കൂള്‍ അന്തരീക്ഷം ഇല്ലാത്തതിനാല്‍ പഠനത്തെ വേണ്ടത്ര ഗൗരവത്തില്‍ എടുക്കാനും കുട്ടികള്‍ തയ്യാറാകുന്നില്ല. അധ്യാപകര്‍ നല്‍കുന്ന ഹോം വര്‍ക്കുകള്‍ ചെയ്തെന്നു വരുത്തി തീര്‍ക്കുന്ന കുട്ടികളും ധാരാളമുണ്ട്. അതുപോലെ പ്രദേശങ്ങളുടെ അന്തരവും ഭാഷയുടെ വ്യത്യാസവും കുട്ടികള്‍ക്ക് മുമ്പില്‍ വലിയ കടമ്പയാണ്. തിരുവനന്തപുരത്തെ അധ്യാപകന്റെ ഭാഷയല്ല കാസര്‍ഗോഡും അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലെ അധ്യാപകരും ഉപയോഗിക്കുന്നത്.
Close Window
Loading, Please Wait!
This may take a second or two.