സാംസ്‌കാരികമായ ആത്മപരിശോധനയ്ക്കുള്ള സമയം – ഹര്‍ഷ് മന്ദര്‍

ദേശീയ അടച്ചുപൂട്ടലിനെ തുടര്‍ന്നുള്ള മാസങ്ങള്‍ ശാരീരികവും മാനസികവുമായി ഏറെ ആഘാതം ഏല്പിക്കുകയും ഒപ്പം നമ്മെ അലട്ടുന്ന ചില സത്യങ്ങള്‍ മറനീക്കി കാണിക്കുകയും ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും പ്രാബല്യവും സവിശേഷാവകാശവുമുള്ളവരും പാവപ്പെട്ട തൊഴിലാളികളും തമ്മിലുള്ള അകലമാണ് അവയിലൊന്ന്. സമ്പന്നരും പ്രബലരുമായ ഒരു വിഭാഗം ആളുകള്‍ സുഖലോലുപരായി ആശ്വാസത്തോടെ കഴിയുന്നു. അസമത്വം പ്രകടമാണ്. അടിസ്ഥാനപരമായ സഹാനുഭൂതിയും ഐക്യദാര്‍ഢ്യവും അക്കൂട്ടര്‍ കാണിക്കുന്നില്ല. അവര്‍ സ്ഥിരീകരിക്കുന്ന ഒരു കാര്യം ഇതാണ് : ആധുനികതയുടെ നാട്യങ്ങളും ഭരണഘടനയുടെ പുരോഗമനപരമായ ധാര്‍മിക മൂല്യങ്ങളും ബാബാ സാഹേബ് അംബേദ്കറിന്റെ പ്രവാചക ശൈലിയില്‍ പറഞ്ഞാല്‍, പെയിന്റിന്റെ ആവരണത്തേക്കാള്‍ ഒട്ടും ആഴത്തിലുള്ളവയല്ല.


പാവപ്പെട്ടവന്റെ രാജ്യഭ്രഷ്ട് (നാടുകടത്തല്‍)


ഈ ഗ്രന്ഥകാരന്റെ പുസ്തകമാണ് Looking Away : Inequality, Prejudice and Indifference in New India ! (നവീന ഇന്ത്യയിലെ അസമത്വവും മുന്‍വിധിയും നിസ്സംഗതയും : ഒരു നിരീക്ഷണം.) ഈ ഗ്രന്ഥത്തില്‍ ഇന്ത്യയിലെ സമ്പന്നരെയും മധ്യവര്‍ഗത്തില്‍പ്പെട്ടവരെയും ലോകത്തിലെതന്നെ ഏറ്റവും സ്വാര്‍ത്ഥരും മറ്റുള്ളവരോടു പരിഗണനയില്ലാത്തവരും ആയ ഒരു വിഭാഗമായിട്ടാണ് ഞാന്‍ വിവരിച്ചിട്ടുള്ളത്. ജാതിയുടെയും വര്‍ഗത്തിന്റെയും ചെളിക്കുണ്ടില്‍ മുങ്ങിയിരിക്കുകയാണിക്കൂട്ടര്‍. അനീതിയുടെയും പീഡനങ്ങളുടെയും മുമ്പില്‍നിന്ന് നിസ്സംഗതയോടെ മുഖംതിരിച്ചു കളയാനുള്ള സവിശേഷമായ സിദ്ധി അവര്‍ക്കുണ്ട്. നമ്മുടെ മനസ്സാക്ഷിയില്‍ നിന്നും അവബോധത്തില്‍ നിന്നും പാവപ്പെട്ടവരെ നാടുകടത്തുന്നതിനെക്കുറിച്ച് ഞാന്‍ എഴുതി. ഈ നാടുകടത്തല്‍ എത്ര പൂര്‍ണവും മാപ്പ് അര്‍ഹിക്കാത്തതുമാണെന്ന് ഈ അടച്ചുപൂട്ടല്‍ക്കാലം വ്യക്തമായി വെളിപ്പെടുത്തി.


മധ്യവര്‍ഗഭവനങ്ങളില്‍ വളര്‍ന്നുവരുന്ന ഏതൊരു യുവാവിനും യുവതിയ്ക്കും എങ്ങോട്ടു തിരിഞ്ഞാലും, പാവപ്പെട്ടവരെ കാണാനാവും. തങ്ങളുടെ ഓരോ ആവശ്യവും സാക്ഷാത്കരിക്കുന്നതിനു സഹായകമാകുന്ന ഉപകരണങ്ങളെന്ന നിലയ്ക്കാണ് അവരുടെ അസ്തിത്വം കാണപ്പെടുന്നത്. സഹപാഠികള്‍, സഹപ്രവര്‍ത്തകര്‍, ജോലിയില്‍ മത്സരിക്കുന്നവര്‍, കളിസ്ഥലങ്ങളിലെയും സിനിമാ തിയേറ്ററുകളിലെയും സുഹൃത്തുക്കള്‍ എന്ന നിലയിലൊന്നും ഈ പാവപ്പെട്ടവരെ അവര്‍ കണ്ടുമുട്ടുന്നില്ല.


കൊവിഡ് – 19 അണുബാധ നമ്മെ വേട്ടയാടിയപ്പോള്‍ രോഗം പകര്‍ത്താന്‍ സാധ്യതയുള്ള അപകടകാരികളായാണ് നാം പാവപ്പെട്ട തൊഴിലാളികളെ കണ്ടത്. ഉടന്‍ തന്നെ അവരെ ഒറ്റപ്പെടുത്തി അകറ്റി നിര്‍ത്താനാണ് നാം ആഗ്രഹിച്ചത്. ഒരു കാര്യം നാം സൗകര്യപൂര്‍വം മറന്നു: പാവപ്പെട്ടവരല്ല നമ്മെ അപകടത്തിലാക്കിയത്. മറിച്ച് നാമാണ് പാവപ്പെട്ടവരെ അപകടത്തിലാക്കിയത്. അവര്‍ നമ്മോടു ബന്ധപ്പെട്ടപ്പോഴാണ് അവര്‍ക്ക് രോഗം പിടിച്ചത്. സാമ്പത്തികശേഷിയുള്ളവര്‍ തന്നെയാണ് കൊറോണ വൈറസിനെ ഇന്ത്യയിലെത്തിച്ചതെന്ന കാര്യം നാം മറന്നുകൂടാ.


അടച്ചുപൂട്ടല്‍ – ലോക്ഡൗണ്‍-എന്ന തന്ത്രത്തെ നാം സുസ്വാഗതം ചെയ്തു. ഏറ്റവും കഠിനവും ലോകത്തിലെതന്നെ ഏറ്റവും വലുതുമാണത്. എന്നാല്‍, ആശ്വാസപദ്ധതികള്‍ ഏറ്റവും പരിമിതമായിരുന്നു. അടച്ചുപൂട്ടി നാം വീട്ടിലിരുന്നാല്‍ സുരക്ഷിതത്വമായി എന്നു നാം കരുതി. വീട്ടുജോലിക്കായി ആരെയും ലഭിക്കാതെ വന്നപ്പോള്‍ നമുക്ക് ഏറെ അസൗകര്യവും അസ്വസ്തതയും അനുഭവപ്പെട്ടു. എന്നാല്‍, നമ്മുടെ തന്നെ രക്ഷയെക്കരുതി നാം തന്നെ എല്ലാം കൈകാര്യം ചെയ്തു. വീട്ടിലിരുന്നുതന്നെ ജോലി ചെയ്യല്‍ നാം പതിവാക്കി. നമ്മുടെ ശമ്പളവും സമ്പാദ്യവും അതിജീവനത്തിനു മതിയാവും എന്നു നാം കരുതി. പൈപ്പിലെ ജലം ഉപയോഗിച്ച് നാം കൈകള്‍ കഴുകുക പതിവാക്കി. ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളതിനാല്‍ ചെലവേറിയ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ലഭിക്കുമലോയെന്നു നാം ആശ്വസിച്ചു. വിരസതയോടും ഇടയ്ക്കിടെയുണ്ടാകുന്ന മാനസിക വിഷാദത്തോടും നമുക്കു പൊരുതേണ്ടി വന്നു. അതേസമയം കുടുംബാംഗങ്ങളോടുള്ള ബന്ധം കെട്ടിപ്പടുക്കാനുള്ള അവസരം കൂടിയായിരുന്നു അത്.


ദശലക്ഷക്കണക്കിനു തൊഴിലാളികളുടെമേല്‍ ഒരു ഉല്‍ക്കപോലെ പതിച്ച അടച്ചുപൂട്ടലിനോട് നിസ്സംഗതയാണ് നാം പുലര്‍ത്തിയത്. സര്‍ക്കാരിന്റെ സഹായം ഒന്നും കൂടാതെ വളരെ കര്‍മനിരതമായ ജീവിതമാണ് അവര്‍ അതുവരെ നയിച്ചിരുന്നത്. കാര്യമായ സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത സ്‌കൂളില്‍ ഏതാനും വര്‍ഷം മാത്രം പഠിച്ചശേഷം കൊടിയ പട്ടിണിയില്‍നിന്നും ഗ്രാമങ്ങളിലെ ജാതിയുടെ പേരിലുള്ള പീഡനങ്ങളില്‍ നിന്നും രക്ഷപ്പെടുന്നതിനായി നാടുവിട്ട് അകലങ്ങളിലേക്ക് മൈലുകള്‍ താണ്ടുകയായിരുന്നു അവര്‍. നഗരങ്ങളെല്ലാം അവരെ സ്വാഗതം ചെയ്യുന്നതില്‍ വിമുഖരായിരുന്നു. തൊഴിലാളികള്‍ എന്ന നിലയില്‍ അന്തസ്സോടെ കുറഞ്ഞ ചെലവില്‍ വസിക്കാന്‍ പറ്റിയ ഇടങ്ങളൊരുക്കുന്നതില്‍ സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ല. അവരുടെ അവകാശങ്ങള്‍ ഒന്നും സംരക്ഷിക്കപ്പെട്ടില്ല. നേരെമറിച്ച് സര്‍ക്കാര്‍ നടപടികള്‍ അവര്‍ക്ക് എന്നും എതിരെയുള്ളവയായിരുന്നു. അവരുടെ ചേരികള്‍ നിയമാനുസൃതമല്ലെന്നു കണ്ട് നശിപ്പിക്കുകയും റോഡരുകില്‍ കച്ചവടം നിരോധിക്കുകയും ചെയ്തു. എന്നിരുന്നാലും, ലക്ഷക്കണക്കിനു വരുന്ന അതിഥി തൊഴിലാളികള്‍ അത്യദ്ധ്വാനം ചെയ്ത് കെട്ടിടങ്ങളുടെ നിര്‍മാണത്തിലും നഗരങ്ങളുടെ ശുചീകരണ പ്രവര്‍ത്തനത്തിലും അവ മോടിയില്‍ നിലനിര്‍ത്തുന്നതിലും പങ്കാളികളായി എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു. സ്‌റ്റേറ്റിന്റെ നീതിയും സംരക്ഷണവും ലഭിക്കാതിരുന്നിട്ടും ഈ തൊഴിലാളികള്‍ കുടുംബം പോറ്റുന്നതില്‍ വിജയിച്ചു.