ചിന്തിക്കുന്ന തെരുവുകള്‍ നിശ്ചലമാകാന്‍ നിന്നുതരില്ല – ബിജു ജോര്‍ജ്

ചിന്തിക്കുന്ന തെരുവുകള്‍ നിശ്ചലമാകാന്‍ നിന്നുതരില്ല – ബിജു ജോര്‍ജ്

ഒരു രാജ്യം അവിടെ പിറന്നുവീഴുന്ന ഓരോ ശിശുവിനുവേണ്ടിയുള്ള ഈടുവയ്പാണ് എന്ന് തിരിച്ചറിയാന്‍ കഴിയാത്തവരാണ് നാമെങ്കില്‍ വിദ്യാസമ്പന്നരെന്നും പരിഷ്‌കൃതരെന്നും അഭിമാനിക്കുന്നതില്‍ എന്തുകാര്യം? അഗാധമായ നീതിബോധവും പീഡിതരോടുള്ള സാഹോദര്യവും വ്യക്തിസത്തയ്ക്ക് മുറിവേല്‍ക്കാതെ ജീവിക്കാനുള്ള സ്വാതന്ത്ര്യവും ഒരിക്കലും അടര്‍ത്തിമാറ്റാനാവാത്ത സമത്വചിന്തയും മുറുകെപ്പിടിക്കുന്നതുകൊണ്ടാണ് ‘നമ്മള്‍ ഇന്ത്യയിലെ ജനങ്ങള്‍’ എന്ന വിളിപ്പേര് സമ്പാദിച്ചത് എന്ന കാര്യം മറക്കരുത്. നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത് എന്ത് എന്നതിനല്ല നിങ്ങള്‍ എന്താണ് ഓര്‍മിക്കുന്നത് എന്നതിനാണ് പ്രാധാന്യമെന്ന് ഗബ്രിയേല്‍ മാര്‍ക്ക്വെസ് പറഞ്ഞിട്ടുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന ഇന്ത്യ എന്ന സങ്കല്പ്പത്തെക്കുറിച്ചുള്ള ഓര്‍മകളെ പുനരാനയിക്കേണ്ടത് നമ്മുടെ പൗരാവകാശ, ജനാധിപത്യ, നൈതിക അവബോധത്തിന് കൂടുതല്‍ വ്യക്തത കൈവരുവാന്‍ അനിവാര്യമാണ്. ഭരണകൂടവും സ്വേച്ഛാധിപത്യശക്തികളും ഇന്ന വഴിയേ സഞ്ചരിക്കൂയെന്ന് നിര്‍ബന്ധിക്കുമ്പോള്‍ എന്റെ വഴി അതല്ല എന്ന് ഉറക്കെപ്പറയുവാനും ഈ ഓര്‍മകള്‍ നല്‍കുന്ന കരുത്ത് അത്ര ചെറുതല്ല. നാം മറന്നുവച്ച ഭരണഘടനാമൂല്യങ്ങളെയും സാംസ്‌കാരിക നന്മകളെയും നമുക്കായി തിരിച്ചുനല്‍കാന്‍ ചിന്തിക്കുന്ന ഇന്ത്യന്‍ യുവത്വം തെരുവുകളില്‍ പ്രതിരോധത്തിന്റെ സൗന്ദര്യവഴികള്‍ തീര്‍ക്കുകയാണ്.


ജനാധിപത്യം ഇന്ത്യയില്‍ അതിന്റെ ഏറ്റവും വലിയ പരീക്ഷണഘട്ടത്തെ അഭിമുഖീകരിക്കുമ്പോള്‍ സര്‍വകലാശാലകളും കലാലയങ്ങളും വിട്ടിറങ്ങിയ യുവത്വം തടിച്ചുകൂടി നില്‍ക്കുന്ന തെരുവുകള്‍ ശക്തമായ സൂചകമാണ്. ഭരണകൂടം ജനങ്ങള്‍ക്കിടയില്‍ വിഭജനത്തിന്റെ മുഴക്കങ്ങള്‍ തീര്‍ക്കുമ്പോള്‍ മനുഷ്യസ്‌നേഹികള്‍ക്ക് ചെയ്യാവുന്ന ഏറ്റവും ഉദാത്തമായകാര്യം ഉച്ചത്തില്‍ എതിര്‍ശബ്ദമുയര്‍ത്തുകയാണെന്ന് അവര്‍ക്കറിയാം. ആനന്ദ് ഒരു അഭിമുഖത്തില്‍ പങ്കുവച്ചതുപോലെ, ”ഇന്ത്യയില്‍ വളരെ പോസിറ്റീവ് ആയിട്ടുള്ള ആശ നല്‍കുന്ന ഒരു സംഗതി ഇവിടെ ഇപ്പോള്‍ നടക്കുന്ന സമരങ്ങളില്‍ കാണാം. ചില മൂല്യങ്ങളുടെയും ആശയങ്ങളുടെയും പേരിലാണ് ഈ പ്രകടനങ്ങള്‍ നടക്കുന്നത്.” ഇന്ത്യാവിഭജനം നമ്മെ അപമാനിച്ചതുപോലെ വേദനാജനകമാണ് ഭരണകൂടം സമകാലിക ഇന്ത്യയില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പൗരാവകാശലംഘനവും മനുഷ്യാവകാശ പ്രശ്‌നങ്ങളും. ഇതിനെതിരെ ഡല്‍ഹി ജാമിയ മില്ലിയ ഇസ്ലാമിക, അലിഗഡ് മുസ്ലീം സര്‍വകലാശാലകളില്‍ അലയടിച്ച പ്രതിഷേധങ്ങള്‍ ജെ.എന്‍.യുവിലും, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലും മാത്രമല്ല ചലനങ്ങള്‍ സൃഷ്ടിച്ചത്. ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, പൂന, ലക്‌നൗ, ഭോപ്പാല്‍ തുടങ്ങിയ ചെറുതും വലുതുമായ നഗരങ്ങളിലും വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു.


സമരമുഖത്തുള്ള വിദ്യാര്‍ത്ഥികള്‍ ഈ കാലത്തിന്റെ സമരഭൂമിയില്‍ മുന്‍നിര നായകരായി ഉയര്‍ന്നു നില്‍ക്കുന്നത് യുവജനങ്ങളാണ്. എന്തുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങേണ്ടിവന്നത് എന്ന ചോദ്യം പ്രാഥമികമായി രാഷ്ട്രീയ വിഷയമാണ്. അവര്‍ സംസാരിക്കുന്നത് പുതിയൊരു രാഷ്ട്രീയഭാഷയാണ്. ദേശീയ പൗരത്വപട്ടികയും പൗരത്വ ഭേദഗതി നിയമവുമാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനുള്ള പെട്ടെന്നുള്ള കാരണങ്ങള്‍. അതോടൊപ്പം ഈ സന്ദര്‍ഭം മറ്റു പല പ്രശ്‌നങ്ങളോടു പ്രതികരിക്കാനുള്ള അവസരമായി അവര്‍ കണ്ടു. കഴിഞ്ഞ കുറെ നാളുകളായി കാമ്പസുകളില്‍ ശക്തിപ്രാപിച്ചുവരുന്ന അസ്വസ്ഥതകളുടെ സ്‌ഫോടനാത്മകമായ പ്രതികരണം കൂടിയാണ് ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭം. പൗരത്വഭേദഗതി നിയമം ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങളെ ലംഘിക്കുന്നുവെന്നും ഹിന്ദുത്വ അജണ്ട നടപ്പിലാക്കുവാന്‍ വലതുപക്ഷകക്ഷികള്‍ കൃത്യമായി അളന്നുമുറിച്ചു നടത്തുന്ന രഹസ്യതന്ത്രമാണെന്നും യുവാക്കള്‍ കണ്ടെത്തിയിരിക്കുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന മതനിരപേക്ഷതയും നിയമത്തിനുമുന്നിലുള്ള തുല്യതയും സംരക്ഷിക്കാന്‍ ശക്തമായ ജനകീയ ശബ്ദങ്ങള്‍ ഉയരുമ്പോള്‍ മാത്രമേ അരികുവത്കരിക്കപ്പെട്ടുപോകുന്ന ചെറുശബ്ദങ്ങള്‍ക്ക് ചെറുത്തുനില്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഇന്ത്യന്‍ യുവത്വം മനസ്സിലാക്കി. 2019 ഡിസംബര്‍ 9-ന് ലോക്‌സഭയില്‍ പാസാക്കിയ ബില്‍ 12-ന് രാജ്യസഭ അംഗീകരിക്കുമ്പോഴേക്കും ഡല്‍ഹി ജന്തര്‍മന്തര്‍ പ്രതിഷേധിക്കാരെക്കൊണ്ട് നിറഞ്ഞിരുന്നു. ഇവിടെനിന്ന് ഉയര്‍ന്ന ജനരോഷമാണ് കാമ്പസുകളിലേക്ക് വ്യാപിച്ചത്. അലിഗഢ് സര്‍വകലാശാലയില്‍ രൂപവത്കരിക്കപ്പെട്ട എ.എം.യു. സ്റ്റുഡന്റ്‌സ് കലക്ടീവ്, ജാമിയ മില്ലിയയിലെ സ്റ്റുഡന്റ്‌സ് കമ്യൂണിറ്റി ഓഫ് ജാമിയ എന്നീ സംഘടനകള്‍ പൗരത്വനിയമഭേദഗതിക്കെതിരെയും ദേശീയ പൗരത്വ പട്ടിക സംബന്ധിച്ചും ബോധവത്കരണം നടത്താനും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും മുന്‍കൈ എടുത്തു. ഡിസംബര്‍ 10-ന് അലിഗഢ് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചു. അവര്‍ക്കുനേരെ പോലീസും സി.ആര്‍.പി.എഫും ചേര്‍ന്ന് മര്‍ദ്ദനം അഴിച്ചുവിട്ടു. പോലീസ് ഹോസ്റ്റലുകളില്‍ കയറി വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചു. സര്‍വകലാശാലയ്ക്ക് താല്‍ക്കാലിക അവധിനല്‍കി. വിവിധ സംഘടനകള്‍ നേതൃത്വം നല്‍കിയ പാര്‍ലമെന്റ് മാര്‍ച്ചോടുകൂടിയാണ് ജാമിയ മില്ലിയയില്‍ പ്രക്ഷോഭം ശക്തമായത്. മാര്‍ച്ചിനെ ഡല്‍ഹി പോലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ച രീതികള്‍ വലിയ പ്രതിഷേധത്തിന് കാരണമായി. സമാധാനപൂര്‍ണമായി പ്രതിഷേധിക്കാനും അഭിപ്രായസ്വാതന്ത്ര്യവും നിഷേധിക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നു. വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ നടത്തിയ വിദ്യാഭ്യാസബന്ദ് പൂര്‍ണ വിജയമായിരുന്നു. പരീക്ഷകള്‍പോലും ബഹിഷ്‌കരിച്ച് വിദ്യാര്‍ത്ഥികള്‍ സമരമുഖത്തേക്ക് ഇറങ്ങിയപ്പോള്‍ സര്‍വകലാശാലയ്ക്ക് താല്‍ക്കാലിക അവധി നല്‍കേണ്ടിവന്നു. സമാനതകളില്ലാത്ത പോരാട്ട വീര്യവുമായി തെരുവിലിറങ്ങിയ അലിഗഢ്, ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി രാജ്യവ്യാപകമായും വിദേശത്തും നൂറുകണക്കിന് കാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടമായി തീരുമാനമെടുത്തു. കലാലയം വിട്ടിറങ്ങണം. തങ്ങളുടെ അമര്‍ഷവും പ്രതിഷേധവും രേഖപ്പെടുത്തണം.


പൗരത്വപട്ടികയെക്കുറിച്ചുള്ള അസന്ദിഗ്ധത സൃഷ്ടിക്കുന്ന ഭീതിയും അരക്ഷിതാവസ്ഥയും മുസ്ലീം സമുദായത്തെയും വടക്കുകിഴക്കന്‍ ജനതയെയും മാത്രമല്ല യുവമനസ്സുകളിലും പ്രതിഷേധാഗ്നി ജ്വലിപ്പിച്ചു.