നിലപാടുതറയിലെത്തിയ ഇന്ത്യന്‍ യുവത – ഡോ. സെബാസ്റ്റ്യന്‍ ജോസഫ്
സാങ്കേതികവിദ്യയും അതിന്റെ പ്രയോഗസാധ്യതകളും അധികാരസ്ഥാനത്തെത്തിയ ഇരുപതാംനൂറ്റാണ്ടിന്റെ അവസാനദശാബ്ദം മുതല്‍ ഒരു പുതിയ യുവതയെ ലോകം കണ്ടുതുടങ്ങിയതാണ്. നെറ്റിസണ്‍, ഹാഷ്ടാക് പ്രവര്‍ത്തകര്‍, ജനറേഷന്‍, അരാഷ്ട്രീയര്‍ എന്നൊക്കെയുള്ള വിഭാഗത്തില്‍ ചേര്‍ത്ത് ഡിജിറ്റല്‍ ലോകത്തിന്റെ അടിമകളായി ഇക്കൂട്ടര്‍ ചിത്രീകരിക്കപ്പെട്ടു. ഇതില്‍നിന്നു വളരെ വ്യത്യസ്തരായ ഒരു കൂട്ടമാണെന്ന് തെളിയിച്ച ഒരു ഇന്ത്യന്‍ യുവതയെയാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി നാം കണ്ടനുഭവിച്ചുകൊണ്ടിരിക്കുന്നത്. അധികാരിയുടെ അധികാരപ്രയോഗങ്ങളും വ്യവസ്ഥാപരമായ യുക്തിബോധവും സൃഷ്ടിച്ചെടുത്ത ഇരുമ്പു തിരശ്ശീലയെ പിച്ചിച്ചീന്തി, ഭരണഘടനാപരമായ യുക്തിബോധവും, ജീവലോകത്തിന്റെ യുക്തിബോധവും സമന്വയിപ്പിച്ച് ഒരു സാമൂഹികവിപ്ലവസ്ഥിതി സംജാതമാക്കുവാന്‍ സുധീരനിലപാടെടുത്ത ഇന്ത്യന്‍ യുവത, ഇതേവരെ ഇവരെ ഇകഴ്ത്തി കാണിച്ചിരുന്ന വീക്ഷണ/വാദഗതികളെ പുറംതള്ളി, ദേശരാഷ്ട്രത്തിനാവശ്യമായ ഒരു നിലപാടുതറയിലെത്തി നില്‍ക്കുന്നു; ഫ്രാന്റസ് ഫാനന്‍ പറഞ്ഞതുപോലെ, തങ്ങളുടെ ആശയവിനിമയത്തെ അവരാല്‍ത്തന്നെ നിയന്ത്രിക്കുന്ന ഒരു പുതിയ സാമൂഹികവര്‍ഗമായി ഈ യുവത മാറിയിരിക്കുന്നു.
സ്വാതന്ത്ര്യസമരമെന്ന ചിഹ്നവിളക്ക്
ഏതൊരു രാഷ്ട്രത്തിന്റെയും രാഷ്ട്രീയ കുടമാറ്റ പ്രക്രിയയില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് വിദ്യാര്‍ത്ഥി സമൂഹങ്ങള്‍; എല്ലാ കാലത്തും, എല്ലാ ദേശത്തും. ഇന്ത്യന്‍ ദേശീയ സമരത്തില്‍ കൊളോണിയല്‍ ഭരണകൂടത്തിനെതിരെ പോരാടിയവരില്‍ യുവജനത ഒരഭിവാജ്യഘടകമായിരുന്നു. നിസ്സഹകരണ പ്രസ്ഥാനത്തിലും, മറ്റു ദേശീയ സമരമുഖങ്ങളിലും, ദേശത്തെ ഭിന്നിപ്പിച്ചു ഭരിച്ച കൊളോണിയല്‍ സാമ്രാജ്യശക്തിയെ യാതൊരു ഭയവും കൂടാതെ നേരിട്ടവരില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മുന്‍പന്തിയിലായിരുന്നു. കോളജുകളും, സ്‌കൂളുകളും ബഹിഷ്‌ക്കരിച്ച് സമരതീച്ചൂളയിലേക്ക് എടുത്തുചാടിയ യുവജനങ്ങള്‍ അവരുടെ വ്യക്തി താല്പര്യങ്ങളേക്കാള്‍ മുകളില്‍ കണ്ടത് രാജ്യത്തിന്റെ താല്പര്യങ്ങളാണ്. അവര്‍ ഉപേക്ഷിച്ചുവന്നത് അവരുടെ ഇഷ്ടപ്പെട്ട സുരക്ഷാതാവളങ്ങളായിരുന്നു. ഈയടുത്ത നാളുകളില്‍ നാം രാജ്യത്തുടനീളം കണ്ടത് യാഥാസ്ഥിത കെട്ടുപാടുകളെയും സാമൂഹിക ധ്രുവീകരണഘടനകളെയും നിരാകരിച്ച്, ദേശരാഷ്ട്രത്തിന്റെ സുസ്ഥിരതയ്ക്കും അഖണ്ഡതയ്ക്കും അനിവാര്യമായ, വൈവിധ്യങ്ങളെയും, ബഹുസ്വരതയെയും കാത്തുസൂക്ഷിക്കണമെന്ന തീവ്രനിലപാടെടുത്ത ഇന്ത്യന്‍ യുവതയെയാണ്. ദേശീയസമരത്തില്‍ ഇത്തരത്തില്‍ നിലപാടെടുത്ത ഒരു പൊതുസമൂഹത്തിന്റെ മൂല്യങ്ങളും, ജനാധിപത്യബോധവും പുനരാവിഷ്‌ക്കരിക്കപ്പെട്ട പൊതുഇടങ്ങള്‍ ഇവര്‍ ഇന്ത്യയില്‍ സൃഷ്ടിക്കുകതന്നെ ചെയ്തു.
ആധുനിക ഇന്ത്യയും യുവതയും
1947-നുശേഷമുള്ള ആധുനിക ഇന്ത്യാ ചരിത്രത്തില്‍ അഴിമതിക്കും, മറ്റു ഭരണ ജീര്‍ണതയ്ക്കുമെതിരെ പ്രതിഷേധമുയര്‍ത്തിയവരാണ് ഇന്ത്യന്‍ യുവത. ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ കൗശലപൂര്‍വം ഇത്തരത്തിലുള്ള യുവാക്കളുടെയും/വിദ്യാര്‍ത്ഥികളുടെയും പ്രതിഷേധ സമരങ്ങളെ തങ്ങളുടെ രാഷ്ട്രീയ ഉന്നമനത്തിനായി ഉപയോഗിച്ചവരുമാണ്. ജെ.പി. പ്രസ്ഥാനം മുതല്‍ അണ്ണാഹസാരെയുടെ അഴിമതിവിരുദ്ധ സമരം വരെ ഏതൊരു പ്രതിഷേധ സമരത്തിലും നിര്‍ണായക കൂട്ടങ്ങളായിരുന്നു ഇന്ത്യന്‍ യുവത. ഡല്‍ഹിയില്‍ പ്രതീക്ഷ നല്‍കുന്ന എ.എ.പിയുടെ രൂപീകരണത്തില്‍ വലിയ പങ്കുവഹിക്കുവാന്‍ യുവജനങ്ങള്‍ക്ക് സാധിച്ചു. വ്യവസായ പ്രമുഖര്‍, സിനിമാ അഭിനേതാക്കള്‍, കായികതാരങ്ങള്‍ എന്നിവരടങ്ങുന്ന ഇന്ത്യയിലെ പ്രസിദ്ധര്‍ മൗനവ്രതം നടത്തിയപ്പോള്‍, ഇവരെ ആരാധിച്ചിരുന്ന യുവജനങ്ങളാണ് അഴിമതി നിറഞ്ഞ ഭരണകൂടങ്ങള്‍ക്കെതിരെ സമരമുഖത്തെത്തിയവര്‍. ഇതുവഴി ഇന്ത്യയിലെ യഥാര്‍ത്ഥ താരങ്ങളായി മാറുകയായിരുന്നു ഈ യുവത. ഈ സമരങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായ, ഒരു വിപ്ലവാന്തരീക്ഷം തന്നെ സൃഷ്ടിച്ച്, സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ജനകീയ സമരങ്ങള്‍ക്ക് ഘടനാപരമായ മാറ്റംകൊണ്ടുവന്ന സമരങ്ങളാണ് ഇന്ത്യന്‍ ക്യാമ്പസുകളില്‍ ഈയടുത്ത നാളുകളില്‍ അരങ്ങേറിയത്. സി.എ.എ./എന്‍.ആര്‍.സിക്കെതിരെ നടന്ന വിദ്യാര്‍ത്ഥി സമരങ്ങള്‍ ഇന്ത്യയെ വീണ്ടെടുക്കുന്ന സമരങ്ങളായി മാറിയപ്പോള്‍, ഒരു ദേശരാഷ്ട്രത്തിനകത്തു നടന്ന ആന്തരിക സ്വാതന്ത്രസമരമായി മാറുകയായിരുന്നു ഈ വീണ്ടെടുപ്പു പ്രതിഷേധ സമരങ്ങള്‍.
ക്യാമ്പസുകള്‍ കത്തിജ്വലിച്ചപ്പോള്‍
ഇന്ത്യയിലെ മുന്‍പന്തിയില്‍ നില്‍ക്കുന്ന സര്‍വകലാശാലകളിലും സാങ്കേതിക പഠനസ്ഥാപനങ്ങളിലും അനേകം കോളജുകളിലും അരങ്ങേറിയ വിദ്യാര്‍ത്ഥി സമരങ്ങള്‍, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന ഭരണ കൈകടത്തലുകള്‍ക്കും, ഉന്നതവിദ്യാഭ്യാസരംഗത്തെ വെറും പ്രയോജനവാദപരമായ നയരൂപീകരണങ്ങള്‍ക്കുമെതിരെ തുടങ്ങിയതാണെങ്കിലും, ദേശരാഷ്ട്രത്തെ ബാധിക്കുന്ന പൗരത്വഭേദഗതി ബില്ലിനെതിരെ തിരഞ്ഞ്, ക്യാമ്പസുകളില്‍ ചെറു പൊതുഇടങ്ങള്‍ സമരങ്ങളായി മാറി. ജാമിയ മില്ലിയയിലും, അലിഗഡിലും ചില ഐ.ഐ.ടികളിലും ഈ സമരങ്ങള്‍ അരങ്ങേറിയെങ്കിലും, തീവ്രതകൊണ്ടും, നീണ്ടനില്പുകൊണ്ടും പ്രസിദ്ധമായത് ജെ.എന്‍.യുവിലെ സമരങ്ങളായിരുന്നു. ജെ.എന്‍.യു. സര്‍വകലാശാലയില്‍ ഭാരതത്തിന്റെയും, ലോകത്തിന്റെയും പലഭാഗങ്ങളില്‍നിന്നു വന്നു പഠിക്കുന്ന വിദ്യാര്‍ത്ഥികളും, അധ്യാപകരും, ആ മഹാവിദ്യാലയത്തെ ഒരു ചെറിയ ഇന്ത്യതന്നെയാക്കി മാറ്റിയിരുന്നു.
Close Window
Loading, Please Wait!
This may take a second or two.