വിദ്യാഭ്യാസവും ഫിന്‍ലന്‍ഡ് മാതൃകയും – ഡോ. ഏഞ്ജലിന്‍ മേബല്‍

വിദ്യാഭ്യാസവും ഫിന്‍ലന്‍ഡ് മാതൃകയും – ഡോ. ഏഞ്ജലിന്‍ മേബല്‍
മത്സരത്തിനുപരി സഹകരണത്തിന്റെ മനോഭാവവും സമഗ്ര വ്യക്തിത്വവികാസവും കുട്ടികളില്‍ വളര്‍ത്തിയെടുക്കാനാണ് ഫിന്നിഷ് വിദ്യാഭ്യാസം ലക്ഷ്യം വയ്ക്കുന്നത്. അവിടെ അദ്ധ്യാപനം മഹത്തായ ഒരു തൊഴിലായി കണക്കാക്കപ്പെടുന്നു. ഫിന്‍ലന്‍ഡ് വിദ്യാഭ്യാസ വ്യവസ്ഥിതിയുടെയും കേരള വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും ഒരു താരതമ്യ വിശകലനം.   ഇന്ത്യയുടെ വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുന്നതിനായി ചിന്തിക്കുമ്പോള്‍ കഴിഞ്ഞ കുറച്ചു നാളുകളായി ഉയര്‍ന്നുകേള്‍ക്കുന്ന പേരാണ് ഫിന്‍ലന്‍ഡ്. എന്താണ് ഫിന്‍ലാന്‍ഡിനെ ഇത്രമാത്രം സവിശേഷമാക്കുന്നത്?   കഴിഞ്ഞ വര്‍ഷത്തെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട്  പ്രകാരം ഫിന്‍ലന്‍ഡ് ആണ് ലോകത്തെ ഏറ്റവും സന്തോഷഭരിതമായ രാജ്യം. ജനങ്ങളുടെ ജീവിതനിലവാരം, സാമൂഹികമായ പിന്തുണ, ആയുര്‍ദൈര്‍ഘ്യം , ആരോഗ്യം, ജീവിതതിരഞ്ഞെടുപ്പുകളിലെ സ്വാതന്ത്ര്യം, കുറഞ്ഞ അഴിമതിയും അക്രമവും ഇവയെല്ലാമാണ്   സന്തോഷത്തിന്റെ അളവ് കണക്കാക്കുന്ന ഘടകങ്ങളെങ്കിലും ഇതിനെല്ലാം അടിത്തറയാകുന്നത് ആ നാട്ടിലെ വിദ്യാഭ്യാസമാണെന്നകാര്യത്തില്‍ സംശയമില്ല.  സന്തോഷവും വിദ്യാഭ്യാസവും പരസ്പപൂരകങ്ങളാണ്.  സന്തോഷം എന്നത് വിദ്യാഭ്യാസത്തിന്റെ  ലക്ഷ്യമാകുമ്പോള്‍ അത്  വ്യക്തിപരവും സാമൂഹികവുമായ  സന്തോഷത്തില്‍ പ്രതിഫലിക്കുകയും ചെയ്യുന്നു.   മികച്ച തൊഴില്‍ജീവിത നിലവാരം മുന്നോട്ടുവയ്ക്കുന്ന   ഒരു രാജ്യത്തെ വിദ്യാഭ്യാസ രീതി നമ്മുടെ നാട്ടില്‍  പ്രാവര്‍ത്തികമാക്കാന്‍ ചിന്തിക്കുമ്പോള്‍ ആ നാട്ടിലെ സമ്പ്രദായത്തെ പരിചയപ്പെടുന്നത് നന്നായിരിക്കും.   വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഫിന്‍ലന്‍ഡ് നൂതന ആശയങ്ങളുടെ രാജ്യമാണ്, മാത്രമല്ല അത്തരം നവീകരണം ഫലപ്രദവുമാണ്. അവിടത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പ്രധാന സവിശേഷത, മത്സരത്തിലേക്ക് തള്ളിവിടുന്നതിനേക്കാള്‍ സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ മികച്ച പ്രകടനം നടത്താന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നു എന്നതാണ്. ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ അളക്കുന്നതിനുള്ള  പ്രധാന ഉപാധിയായ   പ്രോഗ്രാം ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് അസസ്‌മെന്റ് (പിസ) ല്‍ സ്ഥിരമായി ഉയര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന  വികസിത രാജ്യങ്ങളില്‍ ഒന്നാണ് ഫിന്‍ലാന്‍ഡ്. എങ്ങനെയാണ് കേരളത്തിന്റെ ആറിലൊന്നു ജനസംഖ്യ മാത്രമുള്ള ഒരു ചെറിയ രാജ്യം  ചുരുങ്ങിയ നാളുകള്‍കൊണ്ട്  ലോകത്തിന് മാതൃകയായത് ?   കരുതല്‍ ചെറുപ്രായത്തില്‍   ജനിച്ചുവീഴുന്നതുമുതല്‍ തുടങ്ങുന്നു,  കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ഗവണ്‍മെന്റിന്റെ കരുതല്‍. മാതാപിതാക്കള്‍ക്കു കുട്ടികളുടെ വളര്‍ച്ചയില്‍ തുല്യ പങ്കാളിത്തമാണുള്ളത്.  ഒരു കുഞ്ഞിന് അമ്മയുടെ സാമിപ്യവും പരിചരണവും  അവശ്യമായ ആദ്യനാളുകളില്‍ അമ്മയ്ക്ക് എട്ട്  മാസത്തെ പ്രസവാവധി നിര്‍ബന്ധമാണ്. അച്ഛന്മാര്‍ക്ക് ഒമ്പതാഴ്ചത്തെ പിതൃത്വാവധിയും  സര്‍ക്കാര്‍ നല്‍കാറുണ്ട്. മാത്രമല്ല ശമ്പളത്തിന്റെ 70 ശതമാനവും ഇക്കാലയളവില്‍ നല്‍കുന്നു. മൂന്നു വയസ്സുവരെ കുട്ടികളെ നോക്കാന്‍ അച്ഛനോ അമ്മയ്‌ക്കോ ജോലിയില്‍നിന്നു അവധി എടുക്കാവുന്നതാണ്. ഏഴു വയസ്സുവരെ ഫിന്നിഷ് ഭാഷയില്‍ ‘നവോള’ എന്നുവിളിക്കുന്ന   സമ്പ്രദായത്തിന്റെ അടിസ്ഥാനത്തില്‍   പ്രത്യേക പരിശീലനംനേടിയ ഒരു നേഴ്‌സ് ആയിരിക്കും ഡേകെയര്‍ സെന്ററുകളില്‍ കുട്ടികളുടെ  മാനസികവും ശാരീരികവുമായ എല്ലാ വളര്‍ച്ചയും പരിശോധിക്കുന്നത്. കുട്ടികളെ ചെറുപ്രായത്തില്‍ത്തന്നെ പരാശ്രയം കൂടാതെ ചെറിയ കാര്യങ്ങള്‍ സ്വന്തമായി ചെയ്യുവാന്‍ പ്രോത്സാഹിപ്പിക്കുന്നു. സമ്മര്‍ദരഹിതമായ കുട്ടിക്കാലം കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നതിലാണ് ഫിന്‍ലന്‍ഡുകാര്‍ മുന്‍തൂക്കം നല്‍കുന്നത്. ഏഴാം വയസ്സില്‍ മാത്രമാണ് ഇവിടെ കുട്ടികള്‍ അക്ഷരങ്ങളുടെ ലോകത്ത് പ്രവേശിക്കുന്നത്. ലോകത്ത് ഏറ്റവും വൈകി വിദ്യാഭ്യാസം തുടങ്ങുന്നത് ഇവിടെയാണ്. ഈ സംവിധാനം പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള കരുത്തുറ്റ അടിത്തറയായി വര്‍ത്തിക്കുന്നു.   സാര്‍വത്രിക  പൊതുവിദ്യാഭ്യാസം   ആറുവയസ്സുള്ള കുട്ടികള്‍ക്ക് ഒരു വര്‍ഷത്തെ പ്രീപ്രൈമറി വിദ്യാഭ്യാസവും 7-16 വയസ്സ് പ്രായമുള്ള കുട്ടികള്‍ക്ക് ഒമ്പത് വര്‍ഷത്തെ ഏകീകൃത ഘടനയിലുള്ള  അടിസ്ഥാന വിദ്യാഭ്യാസവും നിര്‍ബന്ധിതമാണ്. നമ്മുടെ ‘വിഷയാധിഷ്ഠത’ പഠനത്തിനു പകരമായി അവിടെ  ‘പ്രശ്‌നാധിഷ്ഠിത’ പഠനമാണ് നടക്കുന്നത്. ആഴ്ചയില്‍ 20 മണിക്കൂറും വര്‍ഷത്തില്‍ 190 ദിവസം മാത്രം അധ്യയനം. 45 മിനിറ്റുള്ള ഓരോ പിരീയഡിനുശേഷം 15 മിനിറ്റ് ഇടവേള നിര്‍ബന്ധമാണ്. അടിസ്ഥാന വിദ്യാഭ്യാസത്തിന് ശേഷം, കുട്ടികള്‍ക്ക് പൊതുവായ അല്ലെങ്കില്‍  തൊഴില്‍പരമായ രണ്ട് ശാഖകളിലൊന്നില്‍ അപ്പര്‍സെക്കന്‍ഡറി വിദ്യാഭ്യാസത്തിനു ചേരാം.  മൂന്ന് വര്‍ഷമാണിതിന്റെ ദൈര്‍ഘ്യം. അതിനുശേഷമാണ്  സര്‍വകലാശാലാ പഠനത്തിന് യോഗ്യത നേടുന്നത്.