ഉന്നത വിദ്യാഭ്യാസരംഗത്തെ വെല്ലുവിളികളും സാധ്യതകളും – ഡോ.കെ.കെ. ജോസ്

ഉന്നത വിദ്യാഭ്യാസരംഗത്തെ വെല്ലുവിളികളും സാധ്യതകളും  – ഡോ.കെ.കെ. ജോസ്
അടുത്തകാലത്ത് വിദ്യാഭ്യാസത്തിന്റെ ആത്യന്തികലക്ഷ്യം വിജ്ഞാനസമ്പാദനത്തേക്കാള്‍ ധനസമ്പാദനം എന്ന രീതിയിലേക്ക് മാറിയതായി കാണുന്നു. സനാതനമൂല്യങ്ങള്‍ ആര്‍ജിക്കുന്നതിനുപകരം മത്സരത്തില്‍ വിജയിക്കുന്നതിനുള്ള ട്രിക്കുകള്‍ പഠിക്കുക എന്ന രീതിയിലേക്ക് വിദ്യാഭ്യാസത്തെ മാറ്റിക്കഴിഞ്ഞു.   നമ്മുടെ രാജ്യത്താകമാനം വിദ്യാഭ്യാസരംഗം കലുഷിതമാണ്. 2019-ലെ ദേശീയ വിദ്യാഭ്യാസനയവും രാഷ്ട്രീയ അതിപ്രസരവും കലാപങ്ങളും സംഘര്‍ഷങ്ങളും ഭരണകൂടത്തിന്റെ കടന്നുകയറ്റവും ഇടപെടലുകളും വിദ്യാഭ്യാസത്തിന്റെ അന്തസ്സത്തയെത്തന്നെ ചോദ്യം ചെയ്യുന്നു. അടുത്തകാലത്ത് കേരളത്തിലെ സര്‍വകലാശാലകളുമായി ബന്ധപ്പെട്ടുണ്ടായ മാര്‍ക്കുദാന വിവാദങ്ങളും ഉന്നത വിദ്യാഭ്യാസരംഗത്തെപ്പറ്റിയുണ്ടായിരുന്ന മതിപ്പ് കുറയുവാന്‍ കാരണമായി. മികവിലേക്കു കുതിച്ചുകൊണ്ടിരുന്ന കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍ക്ക് സത്‌പേര് നഷ്ടമാകുവാന്‍ അതു വഴിവച്ചു. സമകാലിക വിദ്യാഭ്യാസ മണ്ഡലത്തില്‍ മാറ്റം വന്നേ മതിയാകൂ.   കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ രൂപംകൊടുത്ത 2019-ലെ ദേശീയ വിദ്യാഭ്യാസനയം ലക്ഷ്യമിടുന്നത് എല്ലാവരോടുമൊപ്പം എല്ലാവരുടെയും വികസനമാണ്. ഭാരതീയവും വൈദേശികവുമായ ഗവേഷണങ്ങളുടെ നല്ല ഘടകങ്ങള്‍ ഉള്‍ക്കൊണ്ട് വിജ്ഞാനസമ്പന്നമയ സമ്പദ്ഘടനയിലൂടെ ഇന്ത്യയുടെ സമഗ്രവികസനത്തിനായി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കാഴ്ചപ്പാടാണ് ഇതെന്നാണ് മനുഷ്യവിഭവ വികസനവകുപ്പ് അവകാശപ്പെടുന്നത്. ഏറ്റവും മികച്ച ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ സമതുലിതവും സജീവവുമായ വിജ്ഞാനസമൂഹമാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്. ഇതിനായി നിര്‍ദേശിച്ചിട്ടുള്ളത് നന്നേചെറുപ്പത്തിലേ മൂന്നു വയസ്സുമുതല്‍ത്തന്നെ കുട്ടികള്‍ക്ക് അറിവു നേടുവാനും കളിച്ചും കണ്ടും കേട്ടും പഠിക്കുവാനും സൗകര്യപ്രദമായ പ്രീസ്‌കൂള്‍ വിദ്യാഭ്യാസം നല്കിത്തുടങ്ങുക എന്നാണ്. 5+3+3+4 രീതിയിലേക്ക് ഇപ്പോഴത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തെ മാറ്റും. മൂന്നു വര്‍ഷത്തെ പ്രീസ്‌കൂള്‍ വിദ്യാഭ്യാസവും 1-2 ക്ലാസ്സുകളുമുള്ള അടിസ്ഥാന തലവും, മൂന്നു മുതല്‍ അഞ്ചു വരെ ക്ലാസ്സുകളിലെ തയ്യാറെടുപ്പും ആറു മുതല്‍ എട്ടു വരെ ക്ലാസ്സുകളിലെ മിഡില്‍ ഗ്രേഡും ഒമ്പത് മുതല്‍ 12 വരെയുള്ള ഹയര്‍ ഗ്രേഡുമായാണ് ഇപ്പോഴത്തെ ഹയര്‍ സെക്കണ്ടറിവരെയുള്ള പാഠ്യപദ്ധതിയെ മാറ്റുന്നത്. ഇപ്പോഴത്തെ രീതിയെ തച്ചുടച്ച് പുതിയ രീതിയിലേക്കു മാറുന്നത് എത്രമാത്രം ഗുണകരമാകുമെന്ന് കണ്ടറിയണം. എങ്ങനെയാണ് പഠിക്കേണ്ടതെന്ന് പഠിപ്പിക്കുകയാണ് ലക്ഷ്യമെന്നു പറയുമ്പോഴും ഇതെങ്ങനെ സാധ്യമാകുമെന്ന് തീര്‍ച്ചയില്ല.   ഭാഷ പഠിക്കുവാന്‍ രണ്ടു മുതല്‍ എട്ടു വയസ്സുവരെയുള്ള പ്രായമാണ് നല്ലതെന്നു പറഞ്ഞ് മൂന്നു ഭാഷകള്‍ അടിസ്ഥാനതല ക്ലാസ്സുകളില്‍ പഠിപ്പിക്കണമെന്നു ശഠിക്കുന്നതും സംസ്‌കൃതം എല്ലാ ഘട്ടങ്ങളിലും ഉണ്ടാകുമെന്നു പറയുന്നതും ഭരണഘടനയില്‍ പറഞ്ഞിരിക്കുന്നതുപോലെ ദേശീയോദ്ഗ്രഥനത്തിനായി ഹിന്ദി പഠിക്കുന്നത് നല്ലതാണെന്നു നിര്‍ദേശിക്കുന്നതും ആശങ്കപരത്തിക്കഴിഞ്ഞു. പലരുടെയും അനുഭവങ്ങളുടെ വെളിച്ചത്തില്‍ മാതൃഭാഷയിലൂടെ മാത്രമുള്ള വിദ്യാഭ്യാസമാണ് 12 വയസ്സുവരെ നല്ലതെന്നും അഭിപ്രായമുണ്ട്. കേരളത്തില്‍ എല്‍.കെ.ജി. മുതല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളോടുള്ള താല്പര്യവും നല്ലതാണോ എന്നതും തര്‍ക്കവിഷയമാണ്.   പരീക്ഷ ലഘൂകരിക്കുമെന്നു പറയുന്നതും വര്‍ഷത്തില്‍ രണ്ടു തവണയായി ബോര്‍ഡ് പരീക്ഷകള്‍ നടത്തുന്നതും എന്‍ട്രന്‍സ് പരീക്ഷകള്‍ നടത്തുന്നതിനായി ദേശീയ ടെസ്റ്റിംഗ് ഏജന്‍സിയെ ചുമതലപ്പെടുത്തുന്നതും കുട്ടികളില്‍ ആശങ്കയും ആശയകുഴപ്പവും ഉണ്ടാക്കും. വലിയ സ്‌കൂള്‍ കോംപ്ലക്‌സുകള്‍ വഴി മികച്ച മേല്‍നോട്ടം സാധ്യമാകുമെന്നതും അക്രഡിറ്റേഷന്‍ കൊണ്ടുവരുമെന്നു പറയുന്നതും ആശങ്കപ്പെടുത്തുന്നതാണ്.   ഉന്നത വിദ്യാഭ്യാസരംഗത്തു വരുത്തുവാനുദ്ദേശിക്കുന്ന മാറ്റങ്ങള്‍ ഗൗരവമേറിയതാണ്. 2022 മുതല്‍ വലിയ കാമ്പസുള്ള കോംപസിറ്ററി ഓട്ടോണമസ് കോളജുകളോ യൂണിവേഴ്‌സിറ്റികളുടെ ഭാഗമായ കോളജുകളോ റിസര്‍ച്ച് യൂണിവേഴ്‌സിറ്റികളോ മാത്രമാക്കി മാറ്റി ഗുണമേന്മ വര്‍ദ്ധിപ്പിക്കാമെന്ന ചിന്ത വെറും വ്യാമോഹം മാത്രമായി മാറാനേ സാധ്യതയുള്ളൂ. നമ്മുടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ തമ്മിലുള്ള അസന്തുലിതാവസ്ഥയും വിദ്യാഭ്യാസരംഗത്തെ പിന്നാക്കാവസ്ഥയും നിരക്ഷരരായ വലിയ വിഭാഗവും ഇതൊക്കെ സാധ്യമാക്കുന്നതിന് പ്രതിബന്ധം തന്നെയായി തുടരും. അദ്ധ്യാപന പരിശീലനരംഗത്തും കാതലായ മാറ്റങ്ങള്‍ വിഭാവനം ചെയ്യുന്നുണ്ട്.   ഇവയെല്ലാം യാഥാര്‍ത്ഥ്യമാക്കുന്നതിനായി ദേശീയ വിദ്യാഭ്യാസ കമ്മീഷന്‍ രൂപീകരിക്കുമെന്നു പറയുന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നേ കരുതാവൂ. വികേന്ദ്രീകരണമാണ് കൂടുതല്‍ മികവു കരസ്ഥമാക്കുന്നതിന് നല്ലത് എന്നാണ് ഇതുവരെയും മനസ്സിലാക്കിയിരുന്നത്. രാഷ്ട്രീയ വിമുക്തമായ മികവുള്ളവരെ മാത്രം ചേര്‍ത്ത് മികച്ച ഭരണസംവിധാനം കൊണ്ടുവരുമെന്നു പറയുന്നത് ആശയപരമായി നല്ലതാണെങ്കിലും പ്രായോഗികമായി രാഷ്ട്രീയ നേതൃത്വം അംഗീകരിച്ചു നടപ്പിലാക്കുമോ എന്നതും സംശയകരമാണ്.