കത്തുന്ന ആമസോണ്‍ വനങ്ങളും സിനഡ് വിചാരങ്ങളും – ബിനോയ് പിച്ചളക്കാട്ട്
2019 ഒക്‌ടോബര്‍ മാസം ആറു മുതല്‍ 27 വരെ റോമില്‍ നടന്ന ആമസോണ്‍ സിനഡിന്റെ നിര്‍ദേശങ്ങള്‍ ഇന്ന് ആഗോളതലത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. ആമസോണ്‍ പ്രദേശത്തിനും അവിടത്തെ ജനതയ്ക്കുംവേണ്ടി പ്രത്യേകം സംഘടിപ്പിക്കപ്പെട്ട ഈ സിനഡ് എന്തുകൊണ്ട് ഇത്രയേറെ ചര്‍ച്ചാവിഷയമായി? കാരണങ്ങള്‍ പലതാണ്. കത്തോലിക്കാസഭയുടെ കാനോനിക നിയമമനുസരിച്ച് സിനഡ് മെത്രാന്മാരുടെ കൂട്ടായ്മയാണ്. സഭാപ്രവര്‍ത്തനങ്ങളില്‍, പ്രത്യേകിച്ച് വിശ്വാസവും ധാര്‍മികതയും സംബന്ധിച്ച കാര്യങ്ങളില്‍, സമുചിതമായ തീരുമാനങ്ങളെടുക്കുന്നതിന് മാര്‍പ്പാപ്പയെ സഹായിക്കുന്ന ഉപദേശകസമിതിയാണിത്. മുന്‍കാല സിനഡുകളില്‍ ഏറിയപങ്കും ഭൂഖണ്ഡാടിസ്ഥാനത്തിലാണ് സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. ഏഷ്യന്‍ സിനഡ്, ആഫ്രിക്കന്‍ സിനഡ്, യൂറോപ്യന്‍ സിനഡ് തുടങ്ങിയവ അതിനുദാഹരണങ്ങളാണ്. ആമസോണ്‍ സിനഡാകട്ടെ, ആമസോണ്‍ നദീതട സംസ്‌കാരവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒന്‍പതു രാജ്യങ്ങളെയും (ബൊളീവിയ, ബ്രസീല്‍, കൊളംബിയ, ഇക്വഡോര്‍, ഗയാന, ഫ്രഞ്ച് ഗയാന, പെറു, വെനിസ്വേല, സൂരിനാം) ജനവിഭാഗങ്ങളെയുമാണ് പ്രതിനിധീകരിച്ചത്. ആദിവാസികളും ആഫ്രിക്കന്‍ വംശജരും കര്‍ഷകരുമടക്കം 33 ദശലക്ഷം ആളുകള്‍ ആമസോണ്‍ റീജിയനിലുണ്ട്. ഭൂഖണ്ഡകേന്ദ്രീകൃത സമീപനത്തില്‍നിന്ന് വ്യത്യസ്തമായി ആമസോണ്‍ ജനതയോടും ആ ഭൂപ്രദേശത്തോടുമുള്ള സിനഡിന്റെ കരുതല്‍ ലോകവ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. ‘പച്ചാമാമ’ വിവാദം സിനഡിന് പതിവിലേറെ മാധ്യമശ്രദ്ധ നല്കി. ആമസോണ്‍ സിനഡിനെ സംബന്ധിച്ച കാലികചര്‍ച്ചകളില്‍ ഏറിയപങ്കും, കേരളത്തിലടക്കം, ഇത്തരത്തിലുള്ള വിവാദങ്ങളില്‍ കുടുങ്ങിപ്പോകുകയും സിനഡ് മുന്‍പോട്ട്‌വച്ച ഉദാത്തമായ ദര്‍ശനങ്ങളെ മറന്ന് പല നിര്‍ദേശങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തുവെന്നത് ദൗര്‍ഭാഗ്യകരമാണ്.
ഒക്‌ടോബര്‍ 26-ാം തീയതി പ്രസിദ്ധീകരിച്ച ആമസോണ്‍ സിനഡിന്റെ ഔദ്യോഗിക രേഖയ്ക്ക് അഞ്ച് അദ്ധ്യായങ്ങളാണുള്ളത്. സമഗ്രപരിവര്‍ത്തനത്തിന് ആമസോണ്‍ ജനതയുടെയും ഭൂപ്രകൃതിയുടെയും നിലവിളി കേള്‍ക്കണമെന്ന ആഹ്വാനമാണ് ഒന്നാം അദ്ധ്യായം. മുറിവേറ്റ ഇടവും ജനങ്ങളുമാണ് ആമസോണിലുള്ളത്. പ്രകൃതിചൂഷണം, കോര്‍പ്പറേറ്റ് മേധാവിത്വം, സെക്‌സ് ടൂറിസം, അവയവക്കച്ചവടം, അഭയാര്‍ത്ഥി പ്രവാഹം, ആദിവാസികളുടെ പുനരധിവാസം തുടങ്ങിയ ഗൗരവമേറിയ പ്രശ്‌നങ്ങളാണ് ഇക്കൂട്ടര്‍ അഭിമുഖീകരിക്കുന്നത്. ഇരകളിലധികവും സ്ത്രീകളും കുട്ടികളും പിന്നെ പ്രകൃതിയുമാണ്. വനനശീകരണത്തിന്റെ തോത് 17 ശതമാനത്തിന് മുകളിലാണ്.
തുടര്‍ന്നുള്ള അദ്ധ്യായങ്ങള്‍ അജപാലനപരവും സാംസ്‌കാരികവും പാരിസ്ഥിതികവും സഭാത്മകവുമായ മണ്ഡലങ്ങളില്‍ പരിവര്‍ത്തനം ലക്ഷ്യമാക്കി പുതുവഴികള്‍ തേടാനുള്ള ക്ഷണമാണ്. അജപാലനരംഗത്തെ സുപ്രധാന നിര്‍ദേശങ്ങളിലൊന്ന് ആമസോണ്‍ മുഖമുള്ള സഭയുടെ രൂപീകരണമാണ് (Church with an Amazonian face). ആമസോണ്‍ ജനത അനുഭവിക്കുന്ന ദാരിദ്ര്യത്തിനും രോഗത്തിനും അനീതിക്കും അക്രമത്തിനും നേരെ കണ്ണടയ്ക്കാന്‍ സഭയ്ക്ക് കഴിയില്ല. അവരെ കേള്‍ക്കുന്നതിലാകണം സഭയുടെ മുന്‍ഗണന. ആദിവാസികളുടെയും അഭയാര്‍ത്ഥികളുടെയും സ്ത്രീകളുടെയും യുവജനങ്ങളുടെയും മുഖം സഭയില്‍ പ്രതിഫലിക്കണമെന്നര്‍ത്ഥം.
ആമസോണ്‍ പ്രദേശത്തെയും അതുള്‍ക്കൊള്ളുന്ന ജനവിഭാഗത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തെയും സഭ ആദരിക്കണമെന്ന നിര്‍ദേശമാണ് പ്രധാനമായും സാംസ്‌കാരിക പരിവര്‍ത്തനം (Cultural conversion) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സഭ സംസ്‌കാരങ്ങളുമായി നിരന്തരം സംവദിക്കേണ്ടതുണ്ട്. സഭയുടെ ദൈവശാസ്ത്രപഠനം പാരമ്പര്യങ്ങളെയും മിത്തുകളെയും കലാരൂപങ്ങളെയും പ്രതീകങ്ങളെയും പ്രയോജനപ്പെടുത്തണം. ഭാഷയും സംസ്‌കാരവും ചരിത്രവും പഠിക്കുന്നതിന് ഗവേഷണസ്ഥാപനങ്ങള്‍ ആരംഭിക്കണമെന്ന നിര്‍ദേശവുമുണ്ട്.
ആഗോളപരിസ്ഥിതി വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ ആമസോണ്‍ സിനഡ് ആഗ്രഹിക്കുന്നത് ഒരു പാരിസ്ഥിതിക പരിവര്‍ത്തനമാണ് (Environmental conversion). പരിസ്ഥിതിയും സാമൂഹികനീതിയും സമന്വയിക്കുന്ന ദര്‍ശനമാണതിലുള്ളത്. ഫ്രാന്‍സീസ് പാപ്പ 2015ല്‍ പ്രസിദ്ധീകരിച്ച ‘ലൗദാത്തോസീ’ എന്ന ചാക്രികലേഖനത്തിന്റെ അന്തസ്സത്തയിലൂന്നിയ നീതിബോധമാണത്. ഈ നീതിവ്യവസ്ഥയില്‍ പാവപ്പെട്ടവന്റെ കണ്ണീരും പ്രകൃതിയുടെ രോദനവും ശ്രദ്ധിക്കപ്പെടും. പ്രകൃതിയോടിണങ്ങിയ വികസനമാതൃകകള്‍ രൂപപ്പെടും. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയും പാര്ശ്വവത്ക്കരിക്കപ്പെട്ടവരു
സഭാത്മക പരിവര്‍ത്തനത്തിന് (Synodal conversion) ഉതകുന്ന കാലോചിതമായ ചില പരിഗണനകള്‍ അവസാന അധ്യായത്തിലുണ്ട്. സഭയുടെ നടത്തിപ്പിലും നയരൂപവത്കരണത്തിലും സ്ത്രീ-പുരുഷ ഭേദമെന്യേയുള്ള പങ്കാളിത്തത്തെ സ്ഥിരീകരിക്കുന്ന നിര്‍ദേശങ്ങളാണവ. ദൈവജനമാണ് സഭ എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ദര്‍ശനത്തിന്റെ തുടര്‍ച്ചയായി ഇതിനെ കാണാം. സഭാ-ദൗത്യ നിര്‍വഹണപ്രക്രിയയില്‍ സ്ത്രീകള്‍ക്കുള്ള സവിശേഷ പരിഗണന അവര്‍ക്ക് ഡീക്കന്‍പട്ടം നല്‍കണമെന്ന സിനഡിന്റെ താല്പര്യത്തില്‍നിന്ന് വ്യക്തമാണ്. ആമസോണിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് വിവാഹിതരുടെ പൗരോഹിത്യത്തിനുള്ള സാധ്യതതയും ശുപാര്‍ശചെയ്യപ്പെടുകയുണ്ടായി.