നാം നമ്മുടെ ഭരണഘടനയെ യഥാര്‍ത്ഥത്തില്‍ കൈവിട്ടോ? – സെഡ്രിക്ക് പ്രകാശ് എസ്.ജെ.

കൃത്യം 70 വര്‍ഷം മുന്‍പ് 1949 നവംബര്‍ 26-ാം തീയതി ഇന്ത്യയുടെ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി അംഗീകരിച്ച് ‘നാം എന്ന ജനത’യ്ക്കായ് നല്‍കിയതാണ് വിലപ്പെട്ട ഭരണഘടന. ഓരോ ഇന്ത്യന്‍ പൗരന്റെയും വിശുദ്ധഗ്രന്ഥം. മൗലികാവകാശങ്ങളുടെയും നിര്‍ദേശകതത്ത്വങ്ങളുടെയും പ്രതിരോധത്തിന്റെ കോട്ട. ആരോഗ്യമുള്ള ഒരു ജനാധിപത്യഭരണസമ്പ്രദായത്തിനു അവശ്യംവേണ്ട മൂന്നുപാധി. നീതി സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങള്‍ക്കെല്ലാം ഊന്നല്‍ നല്‍കുന്ന ഭരണഘടനയുടെ ആമുഖം, ഒരു പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യ നിലനില്‍ക്കുമെന്നുള്ള പ്രതിബദ്ധതകൂടി പ്രകടമാക്കിക്കൊണ്ട് ഭരണഘടനയുടെ ദര്‍ശനവും അതിന്റെ ആന്തരികസ്വഭാവവും അന്തഃസത്തയും വ്യക്തമാക്കുന്നു. അതിസൂക്ഷ്മങ്ങളായ കാര്യങ്ങളുടെപോലും വിശദാംശങ്ങള്‍ നല്‍കുന്ന നമ്മുടെ ഭരണഘടനയെ അനന്യമാണെന്നു നിസ്സംശയം വിശേഷിപ്പിക്കാം. കോണ്‍സ്റ്റിറ്റിയുവന്റ്  അസംബ്ലിയിലെ പുരുഷന്മാരും സ്ത്രീകളും വച്ചുപുലര്‍ത്തിയ ദര്‍ശനത്തിന്റെ ഫലമായി നമ്മുടെ ഭരണഘടനയെക്കുറിച്ച് യഥാര്‍ത്ഥത്തില്‍ നമുക്കെല്ലാം അഭിമാനിക്കാന്‍ സാധിക്കുന്നുണ്ട്. കാരണം അത് ഭാവിയെ ലക്ഷ്യംവയ്ക്കുന്നതും എല്ലാവരെയും സമാശ്ലേഷിക്കുന്നതും നമ്മുടെ ബഹുത്വാത്മകമായ സഞ്ചിതസംസ്‌കാരത്തെ ആദരിക്കുന്നതുമാണ്.


അനേകവര്‍ഷം ഇത്തരമൊരു ശ്രേഷ്ഠമായ ഭരണഘടനയാല്‍ നാം നയിക്കപ്പെട്ടു.  ഇപ്പോഴും നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍, ഇന്ന് അവിശ്വസനീയമായ സംഭവങ്ങളാണ് മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. 2019 മെയ്‌വരെയുള്ള കഴിഞ്ഞ അഞ്ചുവര്‍ഷം അത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ക്ക് നാം സാക്ഷ്യംവഹിച്ചു. രണ്ടാം തവണയും അധികാരത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ (തിരഞ്ഞെടുപ്പ് സത്യസന്ധമായിരുന്നില്ലായെന്ന് അനേകര്‍ വിശ്വസിക്കുന്നു) തുടങ്ങിയതു മുതല്‍ ജനസംഖ്യയുടെ നല്ലൊരു വിഭാഗം ജനങ്ങള്‍ സംസാരിക്കാന്‍ പറ്റാത്തവിധം തരിച്ചുനില്‍ക്കുന്ന അവസ്ഥയിലാണ്. ചിന്താശീലരായ അനേകര്‍ ഇന്ന് ചോദിക്കുന്ന ചോദ്യം ഇതാണ്: ”നാം നമ്മുടെ ഭരണഘടനയെ യഥാര്‍ത്ഥത്തില്‍ കൈവിട്ടോ?”


നവംബര്‍ 23-ാം തീയതി അര്‍ധരാത്രി മുതല്‍ അതിരാവിലെവരെ മഹാരാഷ്ട്രയിലെ രാജ്ഭവനില്‍ നടന്ന സംഭവം കൃത്യമായ ഒരുത്തരം നല്‍കുന്നുണ്ട്. ”അതെ. നാം ഭരണഘടനയെ ഉപേക്ഷിച്ചതായി കരുതേണ്ടിയിരിക്കുന്നു.” ഭരണഘടനാപരമായ പാരമ്പര്യവും ഔചിത്യവും കാറ്റില്‍ പറത്തിക്കൊണ്ട്, കാബിനറ്റ് മീറ്റിംഗ് കൂടാതെ, പ്രമേയം ഇല്ലാതെ മഹാരാഷ്ട്രയിലെ പ്രസിഡന്റ് ഭരണം റദ്ദാക്കിയ രീതി എങ്ങനെയാണ് വിശദീകരിക്കാനാവുക? അല്പസമയത്തിനുള്ളില്‍ ധൃതിപിടിച്ച് അര്‍ഹതയില്ലാത്ത ഒരാളെ അടുത്ത മുഖ്യമന്ത്രിയായി ഗവര്‍ണര്‍ സത്യപ്രതിജ്ഞ ചെയ്യിച്ചു.


അടിയന്തരഘട്ടങ്ങളില്‍ ഏര്‍പ്പെടുത്താന്‍ ചില വ്യവസ്ഥകള്‍ നിയമത്തിലുണ്ടെങ്കിലും ഇത്തരത്തിലൊരു ധൃതിപിടിച്ച പ്രവര്‍ത്തനം – ഭരണഘടനയുടെ ഒരു പിച്ചിച്ചീന്തല്‍ – മുന്‍പൊരിക്കലും ഇന്ത്യയിലുണ്ടായിട്ടില്ല. എങ്ങനെയാണ് ഇതിനെ നീതിമത്കരിക്കാനാവുക? എന്‍സിപിയിലെതന്നെ ഒരു കരിങ്കാലിയുടെ പിന്തുണയോടെയാണ് ഇത്തരമൊരു നാണംകെട്ട പ്രവൃത്തി ഉണ്ടായത്. നിരവധി അഴിമതിക്കേസുകളില്‍ പ്രതിയായ അദ്ദേഹത്തെ ജയിലിലടയ്ക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചുവരികയായിരുന്നു! എന്നാല്‍ അത്ഭുതമെന്നുതന്നെ പറയട്ടെ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാന ആന്റി കറപ്ഷന്‍ ബ്യൂറോ അദ്ദേഹത്തിനെതിരെയുള്ള എല്ലാ അഴിമതിക്കേസുകളും ഒന്നിച്ചവസാനിപ്പിച്ചു. മഹാരാഷ്ട്രകേസ് സുപ്രീംകോടതിയില്‍ വരുകയും, ഏവരും പ്രതീക്ഷിച്ചതുപോലെ, ജുഡീഷ്യറിയുടെ നിഷ്പക്ഷത തെളിയിച്ചത്, ജനങ്ങളുടെമേല്‍ അന്യായമായി പ്രതിഷ്ഠിച്ച ഒരു മുഖ്യമന്ത്രിക്ക് അസംബ്ലിയില്‍ ഭൂരിപക്ഷം തെളിയിക്കാതെ അധികാരത്തില്‍ തുടരാനാവില്ല എന്ന് വിധിക്കുകയും ചെയ്തുകൊണ്ടായിരുന്നു.


പ്രസിഡന്റും  ഗവര്‍ണറും ജുഡീഷ്യറിയും അര്‍ഹിക്കുന്ന ഗൗരവത്തോടെ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളെ കാണുന്നില്ലെങ്കില്‍ ‘നാം എന്ന ജനത’ ആരിലേക്കാണുപോവുക? കാലത്തിന്റെ ചുവരെഴുത്തുകള്‍ ഒരാള്‍ കാണാത്തതോ വായിക്കാത്തതോ അല്ല പ്രശ്‌നം. സാവധാനം വളരെ കൃത്യതയോടെ തന്നെ ഇവയെല്ലാം സംഭവിക്കുന്നുണ്ടായിരുന്നു. ഭരണഘടനയുടെ അന്തഃസത്തയ്ക്ക് നിരക്കാതെ പല കാര്യങ്ങളും സംഭവിച്ചിട്ടുണ്ട്. എന്നാല്‍, മഹാരാഷ്ട്രയില്‍ നിന്നുള്ള ഈ ഏറ്റവും അടുത്ത സംഭവത്തെ അവസാനത്തെ ഒരു പിടിവള്ളിയായി വിശേഷിപ്പിക്കാം. നാം ഉന്നയിക്കേണ്ട ചോദ്യമിതാണ്: ഭരണഘടന പിച്ചിച്ചീന്തുന്ന ഫാസിസ്റ്റുശക്തികളെ തടയാന്‍ നമുക്ക് ധൈര്യം ഉണ്ടോ? ഇന്ത്യയെന്ന സങ്കല്പത്തെയും അതിന്റെ ബഹുത്വാത്മകസ്വഭാവത്തെയും തകര്‍ക്കാന്‍ അവര്‍ സര്‍വശക്തിയുമുപയോഗിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.


ഭരണഘടനയുടെ  അനുശാസനങ്ങള്‍ക്ക് തികച്ചും വിരുദ്ധമാണ് ദേശീയപൗരത്വ രജിസ്റ്റര്‍. പൗരത്വ രജിസ്റ്ററിനോടൊപ്പമുള്ള പൗരത്വഭേദഗതിബില്ലും നിഷ്പക്ഷമല്ല എന്നു ഒറ്റ നോട്ടത്തില്‍ത്തന്നെ കാണാനാവും. രേഖകളൊന്നുമില്ലാത്ത എല്ലാവര്‍ക്കും (മുസ്ലീങ്ങളൊഴികെ) പൗരത്വം വാഗ്ദാനം ചെയ്യുന്ന ഈ ബില്‍ രാഷ്ട്രത്തെത്തന്നെ ഛിന്നഭിന്നമാക്കാന്‍ പോന്നതാണ്. രാജ്യത്തിന്റെ വിഭജനംകൊണ്ടുണ്ടായ മുറിവുകള്‍ക്ക് അത് വാതില്‍തുറന്നു കൊടുക്കുകയാവും ഫലം. ഭരണഘടനയുടെ മതനിരപേക്ഷ-ജനാധിപത്യമൂല്യങ്ങളുടെ തകര്‍ച്ചയ്ക്കുതന്നെ അതു വഴിവയ്ക്കും. ദേശമാസകലം സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കാന്‍ തുടങ്ങിയാല്‍ സഹനത്തിന്റെയും അനീതിയുടെയും സ്‌ഫോടനാത്മകമായ ഒരു സ്ഥിതിവിശേഷമായിരിക്കും ഇന്ത്യയില്‍ സംജാതമാവുക.