നിയമങ്ങള്‍ ഭരണഘടനാനുസൃതമാണോ? – ഡാനിയേല്‍ പാപ്പച്ചന്‍ (Rtd. Judge)
ഭരണഘടനയാണ് ഇന്ത്യയുടെ പരമപ്രധാനമായ നിയമസംഹിത. നിയമനിര്‍മാണം, നിയമനിര്‍മാണ സമിതിയുടെ അല്ലെങ്കില്‍ ലെജിസ്ലേച്ചറിന്റെ അധികാരപരിധിയില്‍ മാത്രം വരുന്നതുമാണ്. എന്നാല്‍ അപ്രകാരം ക്രോഡീകരിക്കുന്ന നിയമം ഭരണഘടനാനുസൃതമാണോ എന്നു പരിശോധിക്കുന്നതിനുള്ള അധികാരം ഇന്ത്യന്‍ ഭരണഘടനയുടെ 32-ാം അനുച്ഛേദപ്രകാരം സുപ്രീംകോടതിക്കും 226-ാം അനുച്ഛേദപ്രകാരം ഹൈക്കോടതികള്‍ക്കും നല്‍കിയിട്ടുണ്ട്. നിയമനിര്‍മാണം ഭരണാഘടനാനുസൃതമാണോ എന്നു പരിശോധിക്കുമ്പോള്‍ ജുഡീഷ്വല്‍ മുന്‍ഗണനയുടെ (Judicial Precedents) അടിസ്ഥാനത്തില്‍ ജഡ്ജ് മെയ്ഡ് ലോ തന്നെ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് കൊളീജിയം സിസ്റ്റം ഓഫ് അപ്പോയിന്റ്‌മെന്റ് ഓഫ് ജഡ്ജസ് ഓഫ് സുപ്രീംകോര്‍ട്ട് ആന്റ് ഹൈകോര്‍ട്ട്. നിലവിലുള്ള നിയമങ്ങളുടെ വ്യാഖ്യാനത്തിലൂടെയാണ് ഇപ്രകാരമുള്ള നിയമസംഹിത രൂപപ്പെടുന്നത്. സുപ്രീംകോടതിയിലേയും ഹൈക്കോടതികളിലേയും ജഡ്ജിമാരുടെ നിയമനം ഇപ്പോള്‍ നടന്നുവരുന്ന രീതി ഇതിനൊരു ഉദാഹരണമായി പറയാവുന്നതാണ്. ഈ ജഡ്ജിമാരുടെ നിയമനങ്ങള്‍ ഇപ്പോള്‍ നടക്കുന്നത് സുപ്രീംകോടതിയിലും അതാത് ഹൈക്കോടതികളിലും രൂപീകൃതമായിട്ടുള്ള മുതിര്‍ന്ന ജഡ്ജിമാരുടെ ഒരു കൊളീജിയത്തിന്റെ തീരുമാനപ്രകാരമാണ്. എന്നാല്‍ കൊളീജിയമെന്ന സമ്പ്രദായം ഇന്ത്യന്‍ ഭരണഘടനയില്‍ എങ്ങുംതന്നെ പറഞ്ഞിട്ടില്ല. ഭരണഘടന 124-ാം അനുച്ഛേദപ്രകാരം സുപ്രീംകോടതിയിലെയും 217-ാം അനുച്ഛേദപ്രകാരം ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനം നടത്തേണ്ടത് ഇന്ത്യന്‍ പ്രസിഡന്റാണ്. അപ്രകാരമുള്ള നിയമനങ്ങളില്‍ ചീഫ് ജസ്റ്റീസ് ഓഫ് ഇന്ത്യയുടെ ഉപദേശം തേടണമെന്നു മാത്രമേ ഭരണഘടനയില്‍ പറയുന്നുള്ളൂ.
എന്നാല്‍ 1990 നു ശേഷം സുപ്രീംകോടതിയില്‍ നിന്നുണ്ടായ ചില വിധിന്യായങ്ങളുടെ അടിസ്ഥാനത്തില്‍ ഉന്നതനീതിപീഠങ്ങളിലെ ജഡ്ജിമാരുടെ നിയമനങ്ങള്‍ ഇപ്പോള്‍ നടന്നു വരുന്നത് സുപ്രീംകോടതിയിലും ഹൈക്കോടതികളിലും നിലവിലുള്ള മുതിര്‍ന്ന ജഡ്ജിമാരുടെ കൊളീജിയത്തിന്റെ തീരുമാനപ്രകാരം മാത്രമാണെന്ന്തന്നെ പറയാം. കൊളീജിയത്തിന്റെ തീരുമാനം പുന:പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കൊളീജിയത്തോട് ആവശ്യപ്പെടാം. എന്നാല്‍, കൊളീജിയം തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചു നിന്നാല്‍ കേന്ദ്രസര്‍ക്കാരിന് മറിച്ചൊരു തീരുമാനമെടുക്കാന്‍ ഇപ്പോള്‍ നിലവിലുള്ള സുപ്രീംകോടതി വിധികളുടെ അടിസ്ഥാനത്തില്‍ സാധ്യമല്ല.
Collegium system of appointment of judges ഭരണഘടനയില്‍ വിവക്ഷിക്കാത്തയൊരു സമ്പ്രദായമാണെന്നുള്ളതുകൊണ്ട് അതിനെ സംബന്ധിച്ച് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ വന്നിട്ടുണ്ട്. മേല്‍പറഞ്ഞ സുപ്രീംകോടതിയുടെ വിധിന്യായങ്ങളുടെ അടിസ്ഥാനത്തില്‍ സുപ്രീംകോടതിതന്നെ ക്രോഡീകരിച്ച് കേന്ദ്രസര്‍ക്കാരിലേക്ക് അയച്ച ഒരു Memorandum of procedure (ധാരണാപത്രം) ന്റെ അടിസ്ഥാനത്തിലാണ് ഈ നിയമനങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ സുപ്രീംകോടതി തയ്യാറാക്കിയ ഈ ധാരണാപത്രം കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായി അംഗീകരിച്ചതായും മനസ്സിലായിട്ടില്ല. ഈ കാരണംകൊണ്ടായിരിക്കണം കൊളീജിയം ശിപാര്‍ശചെയ്ത ഏതാണ്ട് 500 ഓളം ജഡ്ജിമാരുടെ നിയമനം തീര്‍പ്പുകല്പ്പിക്കാതെ കിടക്കുന്നത്. Collegium system of appointment of judges ഭരണഘടനയില്‍ പറയാത്ത ഒരു കാര്യമായതുകൊണ്ട് ഇതിനോട് പൂര്‍ണമായും യോജിക്കാന്‍ കഴിയുകയില്ല. വേണ്ടത്ര സുതാര്യതയില്ല എന്നുള്ളതും ഈ നിയമനരീതിയുടെ ഒരു പോരായ്മയായി ചൂണ്ടിക്കാണിക്കാനാകും.
നിയമനിര്‍മാണ സമിതിയെ മറികടന്ന് ജഡ്ജ് മെയ്ഡ് ലോ തന്നെ ഉണ്ടായിട്ടുണ്ടെന്ന് പറയുന്നതിലേക്കാണ് ഉന്നതനീതിപീഠങ്ങളിലെ ജഡ്ജിമാരുടെ നിയമനങ്ങളെക്കുറിച്ച് മുകളില്‍ പരാമര്‍ശിച്ചത്. പാര്‍ലമെന്റോ മറ്റു നിയമനിര്‍മാണ സമിതികളോ ഉണ്ടാക്കുന്ന നിയമങ്ങള്‍ പര്യാപ്തമല്ലാതെ വരുമ്പോഴാണ് ഇങ്ങനെയുള്ള ജഡ്ജ്‌മെയ്ഡ് ലോ വേണ്ടിവരുന്നത്. നിയമനിര്‍മാണ സമിതികള്‍ സന്ദര്‍ഭത്തിനനുസരിച്ച് ഉയരുകയാണ് ഇവിടെ ആവശ്യമായിട്ടുള്ളത്.
നിയമനിര്‍മാണ സമിതി അല്ലെങ്കില്‍ ലെജിസ്ലേച്ചര്‍ ഉണ്ടാക്കുന്ന നിയമങ്ങള്‍ ഭരണഘടനാനുസൃതമാണോ എന്നു പരിശോധിക്കുന്നതിനുള്ള അധികാരം ഭരണഘടനാ കോടതികളായ സുപ്രീംകോടതിക്കും ഹൈക്കോടതിക്കും ഉണ്ടെന്ന് പറഞ്ഞുവല്ലോ. അടുത്തകാലത്ത് ഉന്നതനീതിപീഠങ്ങളില്‍ നിന്നുണ്ടായ ചില വിധികള്‍ ഭരണകൂടത്തിന്റെ താല്പര്യം സംരക്ഷിക്കുന്നരീതിയിലല്ലേ എന്ന വിമര്‍ശനം കേള്‍ക്കുന്നുണ്ട്. ഭൂരിപക്ഷ അഭിപ്രായമല്ല ഭരണഘടനയാണ് കോടതിയെ നയിക്കേണ്ടതെന്ന അഭിപ്രായവും ഉയര്‍ന്നു വരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങള്‍ പൂര്‍ണമായും ശരിയാണെന്ന് പറയാന്‍ സാധിക്കില്ല. ഓരോ കേസിലും അതിന്റെതായ സാഹചര്യങ്ങള്‍ കൂടി കോടതിക്ക് കണക്കിലെടുക്കേണ്ടതുണ്ട്. കോടതിക്ക് ഒരിക്കലും തെറ്റുപറ്റാന്‍ പാടില്ലയെന്ന് ശഠിക്കാനും പാടില്ല. അങ്ങനെ തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ അതു കോടതിയെ തന്നെ ബോധ്യപ്പെടുത്തുകയെന്നുള്ളതാണ് ജനാധിപത്യമൂല്യങ്ങള്‍ക്കും സ്വതന്ത്രമായ ജുഡീഷ്വറിയുടെ നിലനില്‍പ്പിനും കരണീയമായ മാര്‍ഗം.