ഒറ്റപ്പെടലില്‍ കാലിടറുന്നവരുടെ കനലെഴുത്ത് – ഷീബ ഇ.കെ/ രാജേശ്വരി പി.ആര്‍
സമൂഹത്തില്‍ സ്ഥാനമില്ലാത്തവര്‍ക്കും മാറ്റിനിര്‍ത്തപ്പെടുന്നവര്‍ക്കും അക്ഷരങ്ങളിലൂടെ പുതുജീവന്‍ നല്‍കുന്നു. ആന്തരികവും സാമൂഹികവുമായ പരുവപ്പെടലുകള്‍ക്ക് വിധേയമാകുന്നവരുടെ ജീവിതവ്യഥകളൊട്ടും ചോരാതെ സന്ദിഗ്ധമായി ആവിഷ്‌കരിക്കുന്നു. പുതുതലമുറയില്‍ എഴുത്തിന്റെ പുതുവഴി തീര്‍ത്ത എഴുത്തുകാരിയാണ് ഷീബ ഇ.കെ.
സ്വപ്‌നങ്ങള്‍കൊണ്ടും വിപ്ലവംകൊണ്ടും ഒറ്റപ്പെട്ടുപോയ ഒരുകൂട്ടം മനുഷ്യരുടെ ജീവിതമാണല്ലോ മഞ്ഞനദികളുടെ സൂര്യന്‍ പറയുന്നത്. വിപ്ലവകാരികളെ പരിഹസിക്കുന്ന വര്‍ത്തമാനകാലത്തിനുള്ള മറുപടിയാണ് ഈ നോവല്‍ എന്നു പറയാമോ ?
വേറിട്ട പാതകള്‍ തിരഞ്ഞെടുക്കുന്നവരെ ഒറ്റപ്പെടുത്തുന്ന സമൂഹമാണ് നമ്മുടേത്. അവരുടെ ചിന്തകള്‍, ലക്ഷ്യങ്ങള്‍ ഒക്കെ എല്ലാക്കാലത്തും പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവരുടെ പ്രയത്നങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞ നന്മകളാവട്ടെ, സമൂഹം ലജ്ജയില്ലാതെ സ്വീകരിച്ചിട്ടുമുണ്ട്. വിപ്ലവവും അതുപോലെത്തന്നെയാണ്. പരാജയപ്പെട്ട വിപ്ലവങ്ങള്‍ എന്നും പരിഹസിക്കപ്പെട്ടു. വിജയിച്ച വിപ്ലവങ്ങളുടെ ഗുണങ്ങള്‍ അതേസമൂഹം കുറ്റബോധമില്ലാതെ ആസ്വദിച്ചു. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും നന്മയുള്ള, സമൂഹത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ ആഗ്രഹിക്കുന്ന, അപചയങ്ങളില്‍ വേദനിക്കുന്ന മനുഷ്യരെക്കാണാനിടയായിട്ടുണ്ട്. അന്വേഷിച്ചറിഞ്ഞപ്പോള്‍ മിക്കവാറുംപേരും പഴയ വിപ്ലവകാരികളായിരുന്നു. പലരും കൊടിയ നിരാശയും വേദനയും ഉള്ളിലടക്കി ജീവിക്കുന്നവര്‍. ചിലര്‍ മദ്യത്തില്‍ അഭയം തേടിയവര്‍, മറ്റു ചിലരാവട്ടെ ഭക്തിമാര്‍ഗത്തിലേക്കു തിരിഞ്ഞു. സ്ഥിരമായി പേടിസ്വപ്നങ്ങള്‍ വേട്ടയാടുന്നവരായിരുന്നു ചിലര്‍. ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യം തീവ്രനിരാശകളിലൂടെ കടന്നുപോകുമ്പോഴും ഭൂരിഭാഗംപേരും പുതിയ സൂര്യനുദിക്കുമെന്ന പ്രതീക്ഷ ബാക്കിനിര്‍ത്തുന്നവരായിരുന്നു. അവരിപ്പോഴും സമൂഹത്തിന്റെ പ്രശ്നങ്ങളില്‍ കഴിയുന്നവിധം ഇടപെടുന്നുമുണ്ട്. ജീവിതവും ഭാവിയും ആരോഗ്യവും തുലച്ച് ആര്‍ക്കു വേണ്ടിയാണോ പ്രവര്‍ത്തിച്ചത്, ആ സമൂഹം അവരെ പരിഹസിക്കുന്നത് വല്ലാത്ത വേദനയുണ്ടാക്കി. അത്തരം ചില ജീവിതങ്ങള്‍ പകര്‍ത്തേണ്ട കടമയുണ്ടെന്നു തോന്നി. അങ്ങനെയാണ് മഞ്ഞനദികളുടെ സൂര്യന്‍ എഴുതിയത്..
മാവുള്ളി പ്രഭാകരന്‍ മാസ്റ്റര്‍ എന്ന പഴയ വിപ്ലവകാരിയെ പരിചയപ്പെടുത്തിത്തന്നത് സുഹൃത്തും വിവര്‍ത്തകനുമായ കെ.വി തെല്‍ഹത്ത് ആണ്. ഉപ്പയുടെ സൂഹൃത്തു കൂടിയായിരുന്നു, പ്രഭാകരന്‍ മാസ്റ്റര്‍. കക്കയം ക്യാമ്പിലെ ഭീകരാനുഭവങ്ങളെല്ലാം മാഷ് വിവരിക്കുമ്പോള്‍ മരവിച്ചിരുന്നു പോയിട്ടുണ്ട്. പൊലീസ് മര്‍ദനത്തിന്റെ ഫലമായി കാഴ്ചയില്ലായ്മ അടക്കമുള്ള നിരവധി ആരോഗ്യപ്രശ്നങ്ങള്‍ മാഷ് അനുഭവിച്ചിരുന്നു. നോവലിലെ പത്മസേനന്‍ മാഷ് എന്ന കഥാപാത്രം ഉള്ളില്‍ രൂപമെടുത്തത് പ്രഭാകരന്‍ മാഷുമായുള്ള സംഭാഷണങ്ങളില്‍ നിന്നായിരുന്നു. പുസ്തകത്തിന് ബഷീര്‍ പുരസ്‌കാരം കിട്ടിയപ്പോള്‍ ഏറ്റവും സന്തോഷിച്ചത് മാഷായിരുന്നു. നോവല്‍ ഇറങ്ങി ഒരു വര്‍ഷം തികയുമ്പോഴാണ് അപ്രതീക്ഷിതമായി മാഷ് മരിച്ചത്. കാഴ്ചയില്ലാത്തതിനാല്‍ നിരവധി തവണ ഭാര്യയെക്കൊണ്ട് ആ പുസ്തകം വായിപ്പിച്ചിരുന്നുവെന്നും അതെപ്പോഴും കൂടെക്കൊണ്ടു നടന്നിരുന്നുവെന്നും മാഷിന്റെ ഭാര്യ പറഞ്ഞറിയുമ്പോള്‍ മഞ്ഞനദി എഴുതുക എന്നത് എന്റെ നിയോഗം കൂടിയായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. എന്നോട് ആ കഥകളെല്ലാം പറയാന്‍ വേണ്ടിയായിരിക്കണം അതുവരെ മാഷ് ജീവിച്ചത്.
ആദ്യ നോവലായ ദുനിയയുടെ ഇതിവൃത്തം ഗുജറാത്ത് കലാപമാണല്ലോ? വര്‍ഗീയതയുടെ തീവ്രത കുടുംബബന്ധങ്ങളിലും സമൂഹത്തിലും ഉണ്ടാക്കുന്ന ഭീകരതയെ നോവല്‍ തുറന്നുകാണിക്കുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ ഈ നോവലിനുള്ള പ്രാധാന്യത്തെകുറിച്ച് വ്യക്തമാക്കാമോ?
ദുനിയ പ്രസിദ്ധീകരിച്ചത് 2013 ലാണ്. ഗുജറാത്ത് കലാപവും ഇഷ്റത്ത് ജഹാന്‍ ഷെയ്ക്കിന്റെ മരണവും വര്‍ഗീയതയുമെല്ലാം ഉള്‍പ്പെട്ട നോവലാണ്. വര്‍ഗീയത നമ്മുടെയൊക്കെ ജീവിതങ്ങളില്‍ ഇത്രമാത്രം പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അന്ന് ചിന്തിച്ചിട്ടു പോലുമില്ല. പ്രത്യേകിച്ച് കേരളത്തിലൊന്നും ഒന്നും സംഭവിക്കില്ല എന്ന് അഹങ്കരിച്ചിരുന്നു. പക്ഷേ, ഇന്നു കാണുന്ന അവസ്ഥ ഭീതിജനകമാണ്. പശുവിന്റെ പേരില്‍ മനുഷ്യര്‍ കശാപ്പു ചെയ്യപ്പെടുന്നു. സ്ത്രീകളുടെ അവസ്ഥ വളരെ മോശമാണ്. ദളിത് വിഭാഗങ്ങള്‍ കഠിനമായ പീഡനങ്ങള്‍ അനുഭവിക്കുന്നു. നീതിയും ന്യായവും നോക്കുകുത്തികളാവുന്ന അവസ്ഥയാണ് രാജ്യമെമ്പാടും. കശ്മീരില്‍ ഒന്നരമാസത്തിലധികമായി ജനങ്ങള്‍ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്നു. അസമില്‍ സ്വന്തം ദേശീയത സ്ഥാപിക്കാനാവാതെ ലക്ഷങ്ങള്‍ പുറത്താക്കപ്പെടുന്നു. നാളെ ഇന്ത്യക്കാരാണ് എന്ന് സ്ഥാപിക്കാന്‍ നമ്മളോട് ആവശ്യപ്പെടുന്ന പക്ഷം എന്തു തെളിവാണ് കാണിച്ചു കൊടുക്കാന്‍ കഴിയുക. ഇന്ത്യയില്‍ ജീവിക്കുന്ന ന്യൂനപക്ഷങ്ങളെ ജീവനോടെ ചുട്ടെരിച്ചാലും ആരും ചോദ്യം ചെയ്യാനില്ലാത്ത അവസ്ഥയാണിന്നുള്ളത്. ദുനിയ ഇനി വരാന്‍ പോകുന്ന കാലത്തിന്റെ കഥ കൂടിയാണ്. തകര്‍ന്ന കുപ്പിവളകള്‍ കൊണ്ടുള്ള ഇന്ത്യയാണ് ദുനിയയുടെ കവര്‍ പേജ്. ഇന്ന് ആ ചിത്രം കൂടുതല്‍ പ്രാധാന്യമുള്ളതായിത്തോന്നുന്നു
നമ്മള്‍ മാത്രമല്ല, ലോകം മുഴുവന്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വര്‍ഗീയഭീകരത അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യജന്മം മടുത്തുപോകുന്ന അവസ്ഥ. അടുത്ത ജന്മത്തില്‍ എനിക്ക് ഒരു ചിനാര്‍ മരമോ പര്‍വ്വതമോ ആയി ജനിച്ചാല്‍ മതി.
അടുക്കളയുടെ നാലുചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോകുന്ന സ്ത്രീകഥാപാത്രങ്ങളെയാണല്ലോ ഷീബയുടെ കഥകളില്‍ കൂടുതലായി അവതരിപ്പിക്കുന്നത്. സ്ത്രീയുടെ എല്ലാവിധ മൂല്യങ്ങളും ബലഹീനതകളും ചൂണ്ടിക്കാട്ടുന്ന താങ്കളുടെ കഥകള്‍ പലപ്പോഴും വായനക്കാരന്റെ ഉള്ളം പൊള്ളിക്കുന്നവ കൂടിയാണ്. ഇത്തരം കഥകള്‍ തിരഞ്ഞെടുക്കാന്‍ കാരണം ?
ജീവിതപരിസരത്തു നിന്നു കണ്ടെടുക്കപ്പെട്ടവരാണ് എന്റെ കഥകളിലെ സ്ത്രീകള്‍. ഭൂരിഭാഗം പേരും കുടുംബം, സമൂഹം, സമുദായം തുടങ്ങിയവയോട് കലഹിക്കാനോ സമരസപ്പെടാനോ ആവാതെ വേദനകള്‍ ഉള്ളിലൊതുക്കി ജീവിക്കുന്നവരാണ്. ചിലപ്പോഴൊക്കെ അവരുടെ അസംതൃപ്തികള്‍ പുറത്തേക്കൊഴുകും. അവരില്‍ നല്ല കഴിവുകള്‍ ഉള്ളവരുണ്ട്. അതൊന്നും തിരിച്ചറിയാനോ അംഗീകരിക്കാനോ ആര്‍ക്കും താല്‍പര്യമില്ല. അത്തരം ജീവിതങ്ങളില്‍ നിന്നാണ് കനലെഴുത്ത്, പെണ്ണരശ് പോലുള്ള കഥകളുണ്ടായത്. എന്നാല്‍ എല്ലാ സ്ത്രീകളും അങ്ങനെയുള്ളവരല്ല. കെട്ടുപാടുകളെ വലിച്ചെറിഞ്ഞ് സ്വന്തം ജീവിതത്തിലേക്കു പറന്നുപോകുന്ന സ്ത്രീകളെക്കുറിച്ചും എഴുതിയിട്ടുണ്ട്. പെന്‍ഗ്വിന്‍ ജീവിതം, അതിജീവനം, ലിംഗസമത്വം-സാര്‍വലൗകികത ഒരു തുറന്ന ചര്‍ച്ച തുടങ്ങിയ കഥകളിലെ സ്ത്രീകഥാപാത്രങ്ങള്‍ എല്ലാം ഉള്ളിലടക്കി ഉരുകാന്‍ തയ്യാറുള്ളവരല്ല. അവര്‍ ശക്തരാണ്.
കനലെഴുത്തിലെ മാലിനി നാരായണന്‍ എന്ന കഥാപാത്രംപോലെ പല സ്ത്രീ എഴുത്തുകാരികളും എഴുത്തില്‍ ചുവടുറപ്പിക്കുന്നില്ല. പെണ്ണെഴുത്തുകള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്നതാണോ ഇതിനു പിന്നിലെ കാരണമായി തോന്നിയിരിക്കുന്നത്?
സ്ത്രീയുടെ എഴുത്തു ജീവിതം വളരെ ശ്രമകരം തന്നെയാണ് ഇക്കാലത്തും. ‘മീ ടൈം’ (me time) എന്നത് തീരെക്കുറവാണ് സ്ത്രീകള്‍ക്ക്. മാനസികമായും ഒട്ടും സ്വതന്ത്രയല്ല സ്ത്രീ. അവളുടെ കഴിവുകള്‍ കുടുംബമോ സമൂഹമോ പെട്ടെന്നൊന്നും അംഗീകരിക്കുകയുമില്ല. ഭേദപ്പെട്ട കവിതകള്‍ എഴുതിയിരുന്ന ഒരു പെണ്‍കുട്ടി വിവാഹശേഷം ഭര്‍ത്താവിന് വളരെ പ്രതീക്ഷയോടെ കവിത കാണിച്ചുകൊടുത്തപ്പോള്‍ വല്ലാതെ പരിഹസിക്കപ്പെടുകയും അതോടെ എഴുത്തു നിര്‍ത്തുകയും ചെയ്തതായി പറഞ്ഞറിഞ്ഞിട്ടുണ്ട്. അതേ ഭര്‍ത്താവു തന്നെ അയാളുടെ പേരില്‍ കവിതയെഴുതിക്കൊടുക്കണമെന്നു പറഞ്ഞ് പിന്നീട് അവളെ സമീപിക്കുകയുമുണ്ടായി. അതിനര്‍ത്ഥം ആ കവിത അയാള്‍ അംഗീകരിച്ചിട്ടുണ്ട്. പക്ഷേ, തുറന്നു പറയാന്‍ പറ്റില്ല എന്നു തന്നെയാണ്. പ്രോത്സാഹിപ്പിച്ചാല്‍ അവള്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് പോകുമോ, ചിന്തകള്‍ വളരുമോ എന്നൊക്കെയുള്ള ഭയങ്ങള്‍, വീടും പാചകവും നന്നായി നടന്നു പോകില്ലേ എന്ന സ്വാര്‍ത്ഥത ഇതൊക്കെയാണ് കുടുംബം അംഗീകാരം നല്‍കാത്തതിന്റെ കാരണം. സമൂഹവും ഒട്ടും പിന്നിലല്ല. എന്തെങ്കിലും തുറന്നെഴുതിയാല്‍ അവള്‍ പിഴയാണ്, അല്ലെങ്കില്‍ അത് അവളുടെ അനുഭവമാണ് എന്നായി. ഇതിനുപരിയായി പ്രസിദ്ധീകരിച്ചു കിട്ടാനും മറ്റുമുള്ള ബുദ്ധിമുട്ടുകളും സ്ത്രീകളെ മടുപ്പിക്കുന്നുണ്ട്. എഴുതുന്നതിനേക്കാള്‍ പാടാണ് അത് നല്ല രീതിയില്‍ വായനക്കാരിലേക്കെത്താന്‍. എല്ലാം കൂടിയാവുമ്പോള്‍ സ്വന്തം രചനകളുമായി ആഗ്രഹിക്കുന്ന രീതിയില്‍ മുന്നോട്ടുപോകാനുള്ള സമയമോ സാഹചര്യങ്ങളോ മിക്കവാറും ആളുകള്‍ക്ക് ലഭിക്കുന്നില്ല. പിന്നെ മത്സരങ്ങളും കുതികാല്‍വെട്ടുകളും നിറഞ്ഞ സാഹിത്യലോകത്ത് വേണ്ടത്ര പരിചയങ്ങളില്ലാത്തവര്‍ക്ക് തെളിഞ്ഞുവരാനുള്ള സാഹചര്യങ്ങളും കുറവാണ്. എങ്ങനെയാണ് കഥകള്‍ പത്രാധിപര്‍ക്ക് അയയ്‌ക്കേണ്ടതെന്ന് അറിയാത്ത ധാരാളം സ്ത്രീകളെ കണ്ടിട്ടുണ്ട്. അവര്‍ കരുതുന്നത് ആദ്യം അയയ്ക്കുന്ന രചന തന്നെ പെട്ടെന്ന് അച്ചടിച്ചു വരുമെന്നാണ്. എത്രയോ തിരസ്‌കാരങ്ങള്‍ക്കു ശേഷമാണ് ഒന്നു ചുവടുറപ്പിക്കാനാവുക എന്ന് പലര്‍ക്കും അറിയില്ല. അവര്‍ക്കതിനുള്ള ക്ഷമയും സാഹചര്യങ്ങളുമില്ല.