മതവും വിമര്‍ശനാത്മക ആത്മീയതയും – സുനില്‍ പി. ഇളയിടം
കാപ്പനച്ചന് വാസ്തവത്തില്‍ കേരളത്തില്‍ ഇരുപതാം നൂറ്റാണ്ടില്‍ ജനിച്ച ഏറ്റവും വലിയ ചിന്തകരിലൊരാളാണ്. കാപ്പനച്ചനോട് കേരളീയ സമൂഹവും ക്രൈസ്തവസഭാ സമൂഹവും ആദരവോ നീതിയോ പുലര്‍ത്തിയതായി ഞാന്‍ കരുതുന്നില്ല. ഇരുപതാം നൂറ്റാണ്ടിലെ തന്നെ ലോകത്തിലെ ഏറ്റവും ശ്രദ്ധേയരായ ചിന്തകരുടെ നിലവാരത്തില്‍ നില്ക്കാന് ശേഷിയുള്ള ഒരാളെ ഏതെങ്കിലും തരത്തില്‍ ആദരപൂര്‍വ്വം പരിഗണിച്ചതിന്റെ അടയാളങ്ങളൊന്നും നമ്മുടെ സമൂഹത്തിലില്ല. അദ്ദേഹത്തിന്റെ മുഴുവന്‍ ഗ്രന്ഥങ്ങളും നമുക്കു ലഭ്യമല്ല. എത്രയോ കാലമായി കാപ്പനച്ചന് നമ്മുടെ സംവാദ വിചാര മണ്ഡലങ്ങളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട അദൃശ്യമായ ഒരു സാന്നിധ്യമാണ്.
വാസ്തവത്തില്‍ നമ്മുടെ ദൈവശാസ്ത്ര വിചാരത്തെ അതിന്റെ ഔപചാരികവും ധാര്‍മികവുമായ അതിര്‍ത്തികളില്‍ നിന്ന് മോചിപ്പിച്ച്, അതിനെ പുതുതായി കണ്ടെത്തുവാന്‍ നടത്തിയ ശ്രമങ്ങളുടെ, പ്രത്യേകിച്ചും ദാര്‍ശനികവും രാഷ്ട്രീയവും നൈതികവുമായ തലങ്ങളെ മുന്‍നിര്‍ത്തി, അതിനെ പുതുതായി കണ്ടെടുക്കാന്‍ നടത്തിയ ശ്രമങ്ങളുടെ ഒപ്പം തന്നെ ദൈവശാസ്ത്രത്തെ പ്രകൃതി ബോധത്തിലേക്ക്, ലൈംഗികതാ സങ്കല്പ്പത്തിലേക്ക്, വിമോചനത്തിലേക്ക് ഒക്കെ കൂട്ടിയിണക്കിയതിന്റെ വലിയൊരു പാരമ്പര്യമാണ് കാപ്പനച്ചന്. കേസരിയെപ്പോലെ കാപ്പനച്ചന് നിന്നിടത്തുനിന്നയാളല്ല. ഒരാശയത്തെ ആവര്ത്തിച്ചുകൊണ്ടിരുന്നയാളല്
ഒരു സമൂഹത്തെ നീതിപൂര്‍ണവും ബഹുസ്വരവുമായ ഉള്‍ക്കൊള്ളലില്‍ അധിഷ്ഠിതവുമായി പരിവര്‍ത്തനപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ അതിനൊത്ത് പ്രവര്‍ത്തിക്കാനുള്ള ആന്തരികമായ ഇച്ഛയുടെ, പേരാണ് വിമര്‍ശനാത്മക ആത്മീയത(Critical Spirituality) യെന്ന് ഫിയോണ ഗാഡ്നര്‍ എന്ന ഗ്രന്ഥകാരന് വിശദീകരിക്കുന്നുണ്ട്. ഈ സങ്കല്പം മതത്തെ മുന്‍നിര്‍ത്തിയല്ല. മതത്തിനുമപ്പുറം പോകുന്ന പല തലങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ്; വിദ്യാഭ്യാസം, പ്രകൃതി, രാഷ്ട്രീയ സാമൂഹിക ഇടപെടല്‍ എന്നിങ്ങനെ. മതം എന്താണ് എന്നതിന് സര്‍വ്വസമ്മതമായ ഒറ്റ ഉത്തരം ഇല്ല. പലതരം ഉത്തരങ്ങളും പല പരിപ്രേക്ഷ്യങ്ങളും അതിനു സംഭാവന ചെയ്തിട്ടുണ്ടെങ്കിലും മതത്തെ സാമൂഹിക ശാസ്ത്രത്തിന്റെ സാമാന്യ പരിപ്രേക്ഷ്യത്തില്‍ നോക്കിക്കാണാനാണ് ഞാനിവിടെ ശ്രമിക്കുന്നത്.
സാമൂഹിക ശാസ്ത്രപരമായ ചിന്തയ്ക്ക് പൊതുവിലുള്ള പരാധീനതയായി എനിക്കു തോന്നിയിട്ടുള്ളതും പലരും സൂചിപ്പിച്ചിട്ടുള്ളതുമായ കാര്യം, മതാനുഭൂതി അടക്കമുള്ള ആശയാനുഭൂതികളുടെ ഭാവശക്തിതലത്തെ സൈദ്ധാന്തികമായി ഉള്‍ക്കൊള്ളാനോ അതിനെ ഒരു അടിസ്ഥാനഘടകമായി പരിഗണിക്കുന്ന ഒരു വിശകലനസമീക്ഷ വികസിപ്പിച്ചെടുക്കാനോ, പൊതുവില്‍ കേവല വസ്തുവാദപരമായ നമ്മുടെ സാമൂഹിക ശാസ്ത്രവിശകലനം പലപ്പോഴും വിജയിച്ചിട്ടില്ല എന്നതാണ്. അതുകൊണ്ട് ഒരു കൃതി അല്ലെങ്കില്‍ അനുഭവം ഒരാളില്‍ ഉളവാക്കുന്ന അനുഭൂതിക്ക് ഭൗതികമായ ഒരു തലം ഉണ്ടോ എന്ന് ആരായാന്‍, ആ തലം എങ്ങനെയാണ് ശക്തിസ്വരൂപമായ് സമൂഹത്തില്‍ ഇടപെടുന്നതെന്ന് പരിശോധിക്കാന്‍ പൊതുവില്‍ നമ്മുടെ സാമൂഹിക ശാസ്ത്രത്തിന്റെ മുഖ്യധാരവഴി അപര്യാപ്തമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. മതത്തെ കുറിച്ചുള്ള ഒരു പഴയ ചര്‍ച്ചയില്‍ മാര്‍ക്സ് പറയുന്ന ഒരു നിരീക്ഷണം ഒരു ജനതയ്ക്കുമേല്‍ പിടിമുറുക്കിക്കഴിഞ്ഞാല്‍ ആശയങ്ങള്‍ ഭൗതിക ശക്തികളാണ് എന്നാണ്. ഇത് ആശയങ്ങളെ സംബന്ധിച്ച് മാത്രമുള്ള കാര്യമല്ല. നമ്മില്‍ പ്രവര്‍ത്തിക്കുന്ന ഏതനുഭൂതിക്കും ഭൗതികമായ ഒരു ശക്തിതലമുണ്ടെന്ന് അംഗീകരിച്ചില്ലെങ്കില്‍, മനുഷ്യജീവിതത്തില്‍ ആഴത്തില്‍ പ്രവര്‍ത്തിക്കുന്ന അത്യന്തം പ്രബലമായ ശക്തിമണ്ഡലങ്ങളെ, നമ്മുടെ പരിഗണനകള്‍ക്ക് പുറത്തുവച്ച് അതിനു അനുബന്ധഘടകങ്ങളായി പരിഗണിക്കുന്ന ഒരു വീക്ഷണത്തിലേക്ക് പോകേണ്ടിവരും.
നമ്മുടെ മുഖ്യധാര സാമൂഹിക ശാസ്ത്രസമീക്ഷകളില് ഏറിയപങ്കും ഈ അനുഭൂതി തലത്തേയും ആശയാനുഭവതലത്തേയും മിക്കവാറും അനുബന്ധരൂപത്തില്‍ കാണാനാണ് പൊതുവെ നമ്മെ പരിശീലിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് മതത്തെ സാമൂഹികശാസ്ത്രപരമായി നോക്കുക എന്നു പറയുന്നതോടെ മതമെന്ന സ്ഥാപനത്തിന്റെ ചരിത്രത്തിലെ രൂപപ്പെടല്‍, അതിന്റെ സ്ഥാപനസംവിധാനങ്ങള്‍, അധികാരബന്ധങ്ങള്‍ ഇത്തരം ഘടകങ്ങളൊക്കെ പരിഗണനാ വിഷയമായി വരും എന്നത് ശരിയാണെങ്കിലും, അതുളവാക്കുന്ന അനുഭൂതിയുടെ പ്രതലമെന്താണ്, അത് സമൂഹത്തില്‍ ഏതെങ്കിലും നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നത് മതത്തിന്റെ സാമൂഹികശാസ്ത്രപരമായ ചര്‍ച്ചകളില്‍ അത്ര പ്രധാനമായി വരില്ല. ഈ പരിമിതിയെക്കൂടി നാം മറികടക്കേണ്ടതുണ്ട്.
മതം എന്നത് അടിസ്ഥാനപരമായി ഒരു പ്രക്രിയാപരമായ ഒന്നാണെന്നു കാണാം. അതൊരു പ്രക്രിയയാണ് പക്ഷേ സത്തയല്ല. മതത്തെ സത്താപരമാക്കാനും അതിനെ അതിന്റെ ഏതെങ്കിലും അംശങ്ങളെ സത്താപരമായി ഉറപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ വളരെക്കൂടുതല്‍ മതയാഥാസ്ഥിതികത്വം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അതിനെതിരെ മതത്തിനകത്ത് എടുക്കാനുള്ള നിലപാട് ഇതിനെ ഒരു പ്രക്രിയയായി കാണണം എന്നു തന്നെയാണ്. ഇത് മതത്തില്‍ മാത്രമല്ല ചരിത്രത്തില്‍ ഇടപെടുന്ന ഏത് ശക്തിയും അടിസ്ഥാനപരമായി പ്രക്രിയാപരമായിരിക്കും. ഈ ശക്തി എന്നത് വ്യക്തികള്‍ പോലുമാകും. ഗാന്ധിജി എന്നു പറയുന്നത് ഒരു പ്രക്രിയയുടെ പേരാണ്, ഒരാളുടെ പേരല്ല. പ്രക്രിയാപരമായി സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ അല്ലെങ്കില്‍ സാമൂഹിക യാഥാര്‍ത്ഥ്യത്തോളം വലുതായിത്തീര്‍ന്ന മനുഷ്യരെ കാണേണ്ടതുണ്ട്. പ്രക്രിയാപരമായ മനസ്സിലാക്കല്‍ വളരെ പ്രധാനപ്പെട്ടതാണ്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ സമീപനത്തില്‍ പ്രക്രിയാപരം എന്നതിനേക്കാള്‍ സത്താവത്ക്കരണത്തിനുള്ള ഒരു അടിസ്ഥാനവാസന വളരെക്കൂടുതലാണ്. ഒരു പ്രക്രിയയെ ഏതെങ്കിലും ചില അടിസ്ഥാനങ്ങളിലേക്ക് കൊണ്ടുവന്ന് അവിടെ ഉറപ്പിക്കുക. അതിനിടയിലുള്ള വലിയ വൈരുദ്ധ്യങ്ങളെ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കി അങ്ങനെ വിപുലമായ, വൈവിധ്യപൂര്‍ണമായ യാഥാര്‍ത്ഥ്യങ്ങളെ കേവലയാഥാര്ത്ഥ്യങ്ങളാക്കി മാറ്റുക.
മതം കേവല യാഥാര്‍ത്ഥ്യമല്ല, കേവലം ആരാധനയല്ല, കേവലം ദൈവശാസ്ത്രപരമോ അനുഷ്ഠാനരൂപമോ അല്ല. പല ഘടകങ്ങള്‍ കൂടികലര്‍ന്ന് ചരിത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രക്രിയയാണ് എന്നാണ് മതത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ ഒരു വീക്ഷണം. ഇങ്ങനെ പ്രക്രിയാപരമായ ഒരു സാമൂഹിക യാഥാര്‍ത്ഥ്യമായി മതത്തെ കാണുന്നതോടൊപ്പംതന്നെ മതം പ്രദാനം ചെയ്യുന്ന ഭാവശക്തിയെ (Affectivity) പ്രധാനമായി കാണണം. ഇതു രണ്ടും തമ്മില്‍ പരസ്പര വൈരുദ്ധ്യം വേണ്ടത്ര ഉണ്ടാകും. ഈ വൈരുദ്ധ്യം ഉള്ളപ്പോള്‍ തന്നെ ഇവ തമ്മില്‍ കൊടുക്കല്‍ വാങ്ങലുകള്‍ ഉണ്ട്. ഇത് പരിഗണിച്ചില്ലെങ്കില്‍ മതത്തിന്റെ ഭാവശക്തി തലത്തെ പരിഗണിച്ചില്ലെങ്കില്‍ മതമെന്നത് യുക്തിവാദം കരുതുന്നതുപോലെ ആളുകളുടെ വിവരമില്ലായ്മയാണെന്നതിലേക്ക് എത്തിച്ചേരും. അതുകൊണ്ടാണ് കുറച്ചുകൂടി ക്ലാസ്സുകള്‍ എടുത്താല്‍ ലോകം ശരിയാകും എന്നാ ധാരണ.
മതത്തില്‍ പങ്കുചേരുന്ന ഘടകങ്ങള്‍:
മതത്തിന് സവിശേഷമായ സ്ഥാപന സംവിധാനങ്ങള്‍ ഉണ്ട്. ചരിത്രത്തിലുടനീളം മതമെന്നത് ഒരു സ്ഥാപന സംവിധാനവുമായി ബന്ധപ്പെട്ട്, അധികാരവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. സമീപകാലത്ത് മതത്തെ രാഷ്ട്രാധികാരത്തിനും രാഷ്ട്രീയസംഘാടനത്തിനുമുള്ള ഉപാധിയാക്കിക്കൊണ്ട് മതരാഷ്ട്രങ്ങളും മതരാഷ്ട്രീയവും ഒക്കെ ഈ സ്ഥാപനത്തിന്റെ മാരകമായ രൂപത്തിലുള്ള ഘടകമായി വളരുന്നുവെന്ന് കാണാം.
പ്രഫസര്‍ വിപിന്‍ ചന്ദ്ര അദ്ദേഹത്തിന്റെ ‘കമ്മ്യൂണിസം ഇന്‍ മോഡേണ്‍ ഇന്ത്യ’ എന്ന ഗ്രന്ഥത്തിന്റെ ആരംഭത്തില്‍ വര്‍ഗീയത എന്ന ചോദ്യത്തിന് ലളിതമായി ഉത്തരം പറയുന്നുണ്ട്. ഒരു മതത്തില്‍ വിശ്വസിക്കുന്നു എന്നതുകൊണ്ട് അതില്‍ വിശ്വസിക്കുന്നവരുടെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക സാമ്പത്തിക താല്പര്യങ്ങള് എല്ലാം ഒന്നുതന്നെയാണ് എന്ന് കരുതുന്നതാണ് വര്‍ഗീയത. നമ്മുടെ സ്വത്വത്തിന്റെ വൈവിധ്യത്തിന് (Multiplicity) മുകളില്‍ മതത്തിന്റെ ഏകാത്മകമായ സ്വത്വത്തെ അടിച്ചേല്‍പ്പിക്കുകയും അതുകൊണ്ട് മറ്റെല്ലാ അംശങ്ങളെയും നിര്‍വചിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതോടെ വര്‍ഗീയത ശക്തമാകുന്നു. മള്‍ട്ടിപ്ലിസിറ്റി എന്നതിനെ അസാധ്യമാക്കികൊണ്ട് മതപരമായ നമ്മുടെ സ്വത്വത്തെ ഇല്ലാതാക്കുന്ന മട്ടില്‍ അവതരിപ്പിക്കുന്നിടത്ത് വര്‍ഗീയത രംഗത്തെത്തും. ഇന്ത്യയിലാകമാനം ഇതു കാണാന്‍ സാധിക്കും. സംസ്കാരം, ഭാഷ, ദേശബോധം, രാഷ്ട്രസ്നേഹം സര്‍വതും മതംകൊണ്ട് നിര്‍വചിക്കാനുള്ള മാരകമായ ശ്രമങ്ങളാണ് നടക്കുന്നത്.