മാതൃഭാഷ തിരസ്‌കരിക്കപ്പെടുമ്പോള്‍ – ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍
മാതൃഭാഷയേയും അതിന്റെ ഉപയോഗത്തേയും സംബന്ധിച്ച ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ടിരിക്കയാണല്ലോ… അങ്ങ് വടക്ക്, ഒറ്റ രാജ്യം; ഒറ്റ ഭാഷ എന്ന താത്ത്വികവാദം അരങ്ങു തകര്‍ക്കുമ്പോള്‍ ഇങ്ങ് തെക്ക്, മല്‍സര പരീക്ഷകള്‍ മാതൃഭാഷയിലാക്കാന്‍ ആഴ്ചകള്‍ നീണ്ട സമരമുഖമായിരുന്നു. ഇക്കാര്യത്തിലെ കേരള സര്‍ക്കാറിന്റേയും കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റേയും തീരുമാനം സ്വാഗതാര്‍ഹം തന്നെ. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച്, അധികം വൈകാതെ തീരുമാനം നടപ്പിലാക്കുമെന്ന് നമുക്കു പ്രതീക്ഷിക്കാം.
2011 ലെ ദേശീയ സര്‍വെ പ്രകാരം ഇന്ത്യയിലെ ആകമാന ജനങ്ങളില്‍ 43.63 % പേര്‍ ഹിന്ദി സംസാരിക്കുന്നുണ്ടെങ്കിലും അവരില്‍ 26% പേര്‍ മാത്രമാണ് തനത് ഹിന്ദി അഥവാ ശുദ്ധ ഹിന്ദി സംസാരിക്കുന്നവര്‍. ബാക്കി 17% പേര്‍ സംസാരിക്കുന്നത് ഭോജ്പുരിയുള്‍പ്പെടെയുള്ള ഹിന്ദിയുടെ വകഭേദഭാഷകളാണ്. 56 ശതമാനത്തിലധികം പേര്‍ ഹിന്ദിയുമായി ഒരുപക്ഷേ, കുലബന്ധം പോലുമില്ലാത്ത ഭാഷകള്‍ സംസാരിക്കുന്നു. ഔദ്യോഗികമായി തന്നെ 22 ഭാഷകള്‍ നിലവിലുള്ള നമ്മുടെ രാജ്യത്ത്, 1961 ലെ സെന്‍സസില്‍ തന്നെ 1652 മാതൃഭാഷകള്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അവയില്‍ നൂറുകണക്കിന് നാട്ടുഭാഷകള്‍ക്ക് ലിപി പോലുമില്ലെന്നത്, ഒരു കുറവായല്ല; മറിച്ച് വൈവിധ്യ സംസ്‌കാരങ്ങളുടെ ഇഴയടുപ്പമായാണ് നാം ഇക്കാലമത്രയും വ്യാഖ്യാനിച്ചിരുന്നത്.
ഭാഷാ വൈവിധ്യങ്ങളെ അംഗീകരിക്കുകയും അതാതു പ്രദേശത്തിന്റെ ഭാഷാവൈവിധ്യങ്ങളെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു നാട്ടിലേ, ജനാധിപത്യം വാഴുകയുള്ളൂ.
ആംഗലേയ ഭാഷയുടെ അപ്രമാദിത്വത്തിലാണ് നമ്മുടെ കേരള നാട്. ഭരണഭാഷ മലയാളമായ നമ്മുടെ നാട്ടില്‍ ഇപ്പോഴും പലയിടങ്ങളിലും വ്യവഹാര ഭാഷ ആംഗലേയം തന്നെ. സംസാരിക്കുമ്പോള്‍ നാലു വാക്ക് ആംഗലേയം ഉള്‍പ്പെടുത്തിയില്ലെങ്കില്‍ മാനക്കേട് കരുതുന്ന മലയാളിയുടെ എണ്ണം കൂടിവരുന്നതു ഒരു പരിധിവരെ മാതൃഭാഷയ്ക്ക് ചരമക്കുറിപ്പേകുന്നു. ക്ലാസ്സ് മുറികളിലെ സ്വാഭാവികസംവേദനത്തിന് പോലും മലയാളമുപയോഗിക്കുന്നത് കുറ്റകരമായ അനാസ്ഥയായി വ്യാഖ്യാനിക്കുന്ന ആംഗലേയ മാധ്യമ സ്‌കൂളുകളും ഇതിന് ഉള്‍പ്രേരകമായി എന്നു പറയുന്നതാണ് കൂടുതല്‍ ശരി. സ്‌കൂളിന്റെ ചുവടുപിടിച്ച്, പല മലയാളി കുടുംബങ്ങളിലും ആശയ വിനിമയഭാഷ, ആംഗലേയമാക്കി, ഒരുപക്ഷം മാതാപിതാക്കള്‍, ‘ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേയെറിഞ്ഞു’ കഴിഞ്ഞു. മാതൃഭാഷയും ഭരണഭാഷയും മലയാളമായ കേരളത്തില്‍പ്പോലും പി.എസ്.സി.പരീക്ഷകള്‍ മലയാളത്തിലാക്കാന്‍ സമരം നടന്നുവെന്ന് പറയുമ്പോള്‍ അതെന്തൊരു വിരോധാഭാസമാണ്!
പഠനാവശ്യങ്ങള്‍ക്കും ജോലിയാവശ്യങ്ങള്‍ക്കുമായുള്ള നമ്മുടെ വിദ്യാര്‍ത്ഥികളുടേയും യുവാക്കള്‍ക്കുമിടയിലെ കുടിയേറ്റചിന്ത വലിയതോതില്‍ അവരെ ഹരം കൊള്ളിക്കുന്നുവെന്നത് വസ്തുത തന്നെയാണ്. ഈയിടെയായി യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കന്‍ നാടുകളിലേക്കും കുടിയേറി പാര്‍ക്കുന്നവരില്‍ ഒരു വലിയ പക്ഷം ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നതും അതിലെ ഭൂരിപക്ഷം നമ്മുടെ നാട്ടില്‍ നിന്നുള്ളവരാണെന്നതുംശ്രദ്ധിക്കേണ്ടതുതന്നെ. മഞ്ഞും തണുപ്പുമുള്ള രാജ്യത്തേക്കുള്ള കുടിയേറ്റം പുതുതലമുറയ്ക്കിടയില്‍ വലിയ തരംഗമായി തന്നെ മാറികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, അക്കാരണംകൊണ്ടുതന്നെ ആഗോള ഭാഷയായ ആംഗലേയത്തില്‍ കൂടുതല്‍ പ്രാവിണ്യം നേടുകയെന്നത് പുതുതലമുറയുടെ അടിസ്ഥാന ആവശ്യവുമാണ്. എന്നാല്‍ ആംഗലേയം നന്നായി പഠിച്ചാല്‍ പോര, എല്ലാ വിഷയങ്ങളും ഇംഗ്ലീഷില്‍ തന്നെ പഠിക്കണം എന്ന പൊതുബോധം ഒരു സാംക്രമിക രോഗം പോലെ നമ്മുടെ നാട്ടിലും പരന്നിരിക്കുകയാണ്. ഈ ശാഠ്യത്തില്‍നിന്നു തന്നെയാകണം, ഇവിടെ നമ്മുടെ മലയാളനാട്ടിലും ആംഗലേയ മാധ്യമത്തിലുള്ള വിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രാമുഖ്യവും പ്രാധാന്യവും ലഭിക്കുന്നത്. മാനസികാരോഗ്യ മേഖലയിലെ സംഘടനകളുടേയും ലോകത്താകമാനമുള്ള ഈ മേഖലയിലെ വിവിധപഠനങ്ങളും, ഒരു പരിധിവരെ പഠനാര്‍ത്ഥികളുടെ അനുഭവങ്ങളും സൂചിപ്പിക്കുന്നത് കുട്ടിയുടെ വ്യക്തിത്വവികാസത്തിനും ബോധനശേഷിക്കും ശേഷീ പോഷണത്തിനുമെല്ലാമുതകുന്നത് മാതൃഭാഷയിലുള്ള വിനിമയങ്ങളാണെന്നാണ്. ഈ പശ്ചാത്തലത്തില്‍ ഏതു മാധ്യമം തിരഞ്ഞടുക്കണമെന്നത് കുട്ടിയുടെ ഇഷ്ടത്തിനു വിട്ടുകൊടുക്കണമെന്ന സുപ്രീംകോടതി വിധി സനിഷ്‌കര്‍ഷമായി പരിശോധിക്കപ്പെടേണ്ടതാണ്. അവിടെയും, ഔചിത്യത്തോടും പക്വതയോടുമുള്ള തീരുമാനമെടുക്കാന്‍ കുട്ടിക്കെത്ര പ്രായമാകണമെന്ന ചോദ്യം അവശേഷിക്കുന്നുണ്ട്.
പഠനത്തില്‍ മാതൃഭാഷയ്ക്ക് പ്രാമുഖ്യം കൊടുക്കേണ്ടതിന്റെ ആവശ്യകത?
മാതൃഭാഷയും മറ്റു വിദേശഭാഷകളും സംയോജിപ്പിച്ചു നടപ്പിലാക്കിയ ചില രാജ്യങ്ങളിലെ ഇരു ഭാഷാസമ്പ്രദായ രീതി വിശകലനം ചെയ്യാം.
1. മാലിദ്വീപുകള്‍
മാലി, ഫ്രഞ്ച് കോളനിയായിരുന്നു. ഫ്രഞ്ചുകാര്‍ അവിടം വിട്ടു പോയിട്ടും, ഫ്രഞ്ചു ഭാഷയുടെ സ്വാധീനം അവിടം വിട്ടു പോയില്ലെന്നു മാത്രമല്ല; ഫ്രഞ്ചാണ് ബോധനമാധ്യമമെന്നതുകൊണ്ടുതന്നെ, അവിടത്തെ പഠനിലവാരം വളരെ പരിതാപകരവുമായിരുന്നു. ഇക്കാര്യത്തെ സംബന്ധിച്ച നിരവധി ഗവേഷണങ്ങള്‍ക്കും സര്‍ക്കാര്‍ തലത്തിലെ വിവിധ വകുപ്പുകളുടെ പഠനങ്ങള്‍ക്കുമൊടുവില്‍ ഈ നിലവാരത്തകര്‍ച്ചയ്ക്ക് കാരണം ഭാഷയാണെന്ന തിരിച്ചറിവ് സ്വാഭാവികമായും അവര്‍ക്കുണ്ടായി. പെട്ടെന്ന് ഒരു വൈകാരിക തീരുമാനം എടുക്കാതെ ശാസ്ത്രീയമായി ത്തന്നെ ഈ പ്രശ്‌നത്തെ വിശകലനം ചെയ്യാനും പരിഹാരം കാണാനുമാണവര്‍ നിശ്ചയിച്ചത്. അങ്ങനെ 1979 ലെ അക്കാദമിക വര്‍ഷത്തില്‍ പരീക്ഷണമെന്നോണം മാലിയില്‍ മാതൃഭാഷയ്ക്ക് ആദ്യപരിഗണന നല്കി, ഇരുഭാഷാ പഠനം ആരംഭിച്ചു.