വിചാരജാഡ്യത്തിനെതിരെ കാവല്‍നിന്ന മലയാള മനസ്സിന്റെ ജാഗ്രത – . തോമസ് മാത്യു

വിചാരജാഡ്യത്തിനെതിരെ കാവല്‍നിന്ന മലയാള മനസ്സിന്റെ ജാഗ്രത – . തോമസ് മാത്യു

പിഴ പറ്റാത്ത ഉത്തരങ്ങളല്ല, പൊറുതി തരാത്ത ചോദ്യങ്ങളാണ് മനുഷ്യനാണെന്നതിന്റെ ഉറപ്പ് എന്ന് വിശ്വസിക്കുകയും വിചാരജാഡ്യത്തിലേക്കു വഴുതാതെ കാവല്‍ നില്‍ക്കുകയും ചെയ്ത മലയാള മനസ്സിന്റെ ജാഗ്രതയാണ് സി.ജെ.


ജനനം: 1918 നവംബര്‍ 14, മരണം: 1960 ജൂലൈ 14.


അങ്ങനെ ഭൂലോകവാസത്തിന് അനുവദിച്ചുകിട്ടിയ മൊത്തം ആയുസ് 41 വര്‍ഷവും 9 മാസവും. ഈ കണക്കില്‍നിന്ന് ഏതു മനുഷ്യജീവിക്കും ജന്മാവകാശമായി കിട്ടുന്ന നിസ്സഹായ ശൈശവം, ബാലാരിഷ്ടതകള്‍, വിദ്യാഭ്യാസം തുടങ്ങിയവയ്ക്ക് കുറവ് ചെയ്യാവുന്ന ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ബാക്കിവരുന്നത് എത്ര? പതിനാറുവര്‍ഷവും ഒന്‍പതു മാസവും. ഇക്കാലവും ആരോഗ്യസൗഖ്യങ്ങള്‍ അല്ലലില്ലാതെ ആസ്വദിക്കുകയായിരുന്നില്ല. ഇടയ്ക്കിടയ്ക്ക് ഒരു തലവേദനയുടെ സന്ദര്‍ശനം ഉണ്ടായിരുന്നു. അതിന് പുറം ചികിത്സയില്ല. ഭക്ഷണം ഉപേക്ഷിച്ച് കടുപ്പംകൂട്ടി ചായ കുടിച്ചാല്‍ അതിനേക്കാള്‍ നല്ല ചികിത്സ തലവേദനയ്ക്കില്ലെന്ന് കഥാനായകന്‍ കണ്ടുപിടിച്ചിട്ടുണ്ടായിരുന്നു. ആ പരീക്ഷണം ആവര്‍ത്തിച്ച് തെളിവുറപ്പിക്കാന്‍ ധാരാളം അവസരങ്ങള്‍ ലഭിച്ചിരുന്നുതാനും! ഒടുക്കം സ്പ്രിങ് അയഞ്ഞ ഗ്രാമഫോണ്‍പോലെ തന്റെ മസ്തിഷ്‌ക വ്യാപാരങ്ങള്‍ ഇഴഞ്ഞു തുടങ്ങിയിരിക്കുന്നു എന്നു ബോധ്യമായപ്പോള്‍ സ്‌നേഹിതന്മാരുടെ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങി വെല്ലൂര്‍ക്കു പോകാന്‍ അദ്ദേഹം സന്നദ്ധനായി. അവിടെ വച്ചാണ് തലച്ചോറില്‍ ഒരു ട്യൂമര്‍ വളര്‍ന്ന് അപകടഘട്ടത്തില്‍ എത്തിയിരിക്കുന്നു എന്ന് കണ്ടുപിടിച്ചത്. അതു നീക്കം ചെയ്യാന്‍ വേണ്ടിയുള്ള ശസ്ത്രക്രിയയ്ക്കിടയില്‍ ഈ ദുര്‍ബല പഞ്ജരത്തിനുള്ളിലെ പാര്‍പ്പുപേക്ഷിക്കാന്‍ പ്രാണന്‍ തീരുമാനിച്ചു.


ഞാന്‍ പറയുന്നത് സി.ജെ. തോമസിന്റെ കാര്യമാണ്. 1948-ലാണ് സി.ജെയുടെ രണ്ടു കൃതികള്‍ പ്രസിദ്ധീകരിക്കുന്നത്. എന്നുവച്ചാല്‍ അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തിന്റെ ദൈര്‍ഘ്യം പന്ത്രണ്ടുവര്‍ഷമേയുള്ളൂ. ഈ പന്ത്രണ്ടു വര്‍ഷത്തിനിടയില്‍ സ്വതന്ത്രകൃതികളായും തര്‍ജ്ജമകളായും തിരക്കഥയായും അദ്ദേഹം പ്രസിദ്ധം ചെയ്തത് ഇരുപത്തിനാല് കൃതികളാണ്. പുസ്തകരൂപത്തില്‍ സമാഹരിക്കാതെ പത്രമാസികകളില്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി ചിതറിക്കിടക്കുന്നവ അസംഖ്യമാണ്. കിട്ടിയേടത്തോളം രചനകള്‍ ചേര്‍ത്ത് കേരള സാഹിത്യ അക്കാദമി ഒരു ബൃഹദ് വാല്യം പ്രസിദ്ധീകരിക്കുകയുണ്ടായി. ”മേഘജ്യോതിസ്സുതന്‍ ക്ഷണിക ജീവിത”മെന്നും ”കാലം കുറഞ്ഞ ദിനങ്ങളെങ്കിലും അര്‍ത്ഥദീര്‍ഘം” എന്നുമുള്ള കവിവാക്യങ്ങള്‍ ഓര്‍ക്കാതെ പോകുവതെങ്ങനെ?


നാടകങ്ങളുടെയും നാടകവിവര്‍ത്തനങ്ങളുടെയും മറ്റും കഥ നില്‍ക്കട്ടെ. സി.ജെയുടെ ഉപന്യാസങ്ങള്‍ മാത്രം പരിഗണിച്ചാല്‍ നമ്മുടെ മനസ്സില്‍ ഊറിയുറയുന്ന പ്രതീതി എന്തായിരിക്കും?


നാനാവിഷയങ്ങളെക്കുറിച്ച് പണ്ഡിതോചിതമായ ഗവേഷണ പ്രബന്ധങ്ങള്‍ രചിച്ച് ഭാഷാസാഹിതിയെ പരിപോഷിപ്പിച്ച ഒരു വിദ്വാന്‍രൂപത്തെ സി.ജെ.യില്‍ അദ്ധ്യാഹരിക്കാന്‍ സാധിക്കുകയില്ല. അദ്ദേഹം അതിനു സമ്മതിക്കുകയുമില്ല. ‘ഇവന്‍ എന്റെ പ്രിയപുത്ര’നില്‍ ആമുഖമായി അദ്ദേഹം കുറിച്ചു: ”പണ്ഡിതമായ ഉപന്യാസങ്ങളല്ല ഇവ. അത്രയ്ക്ക് വ്യുത്പത്തി എനിക്കില്ല…” പിന്നെ എന്താണ് അവ? സി.ജെ. തന്നെ പറയട്ടെ: ”ഏതെങ്കിലും സനാതനസത്യത്തിലോ സംഘനിയമാവലിയുടെ ചട്ടക്കൂട്ടിലോ ചെന്നെത്തുവാന്‍ പറ്റാത്ത ചിന്തകളാണ് ഈ പുസ്തകത്തിലുള്ളത്. എന്നു പറഞ്ഞാല്‍, ഇവയെല്ലാം അന്വേഷണങ്ങള്‍ മാത്രമാണെന്ന്. അതും ഒരു അപകട മനസ്സിന്റെ അന്വേഷണം…” അതേ, സി.ജെ. തോമസ് അന്വേഷകനായിരുന്നു. നിതാന്തമായ അസ്വാസ്ഥ്യങ്ങള്‍ പേറി സാഹസികമായ അന്വേഷണത്തില്‍ അദ്ദേഹം മുഴുകി. ഭദ്രമായ നിഗമനങ്ങളില്‍ അദ്ദേഹം എത്തിയില്ല; എത്താന്‍ ആഗ്രഹിച്ചുമില്ല. ഭദ്രമെന്നു കരുതി മുറുകെ പിടിച്ച നിഗമനങ്ങള്‍ മിഥ്യയാണെന്നു തെളിയുന്നത് സി.ജെ.യുടെ ജീവിതത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.


കോട്ടയം സി.എം.എസ്. കോളേജില്‍ ഇന്റര്‍മീഡിയറ്റ് ക്ലാസില്‍ പഠിക്കാന്‍ പോയ സി.ജെ. തോമസ് ധരിച്ചിരുന്നത് ശെമ്മാശന്റെ കുപ്പായമാണ്. യാക്കോബായ സഭയിലെ ശ്രേഷ്ഠപുരോഹിതനായ പിതാവിന്റെ അഭിലാഷമായിരുന്നു ഈ മകന്‍ പുരോഹിതനാകണമെന്നത്. പിതാവിന്റെ അഭീഷ്ടം നിറവേറ്റാന്‍ ഇഷ്ടമില്ലാഞ്ഞിട്ടും പുരോഹിതവേഷം കെട്ടാന്‍ സി.ജെ. സമ്മതിച്ചതാണെന്ന് തെറ്റിദ്ധരിക്കേണ്ടാ. തനിക്കു ബോധ്യമില്ലാത്ത ഒരു കാര്യം ആരുടെയെങ്കിലും പ്രീതിക്കുവേണ്ടിയോ ആരെയെങ്കിലും പ്രീതിപ്പെടുത്താന്‍ വേണ്ടിയോ ചെയ്യാന്‍ കഴിയുന്ന മാനസികഘടന ആയിരുന്നില്ല സി.ജെ.യുടേത്. ബൈബിളും അത് ഉന്നയിക്കുന്ന അസ്തിത്വ സമസ്യകളും ഉദാത്തതയെ പ്രത്യക്ഷീകരിക്കുന്ന ഭാഷയും സി.ജെയെ എങ്ങനെയെല്ലാം വശീകരിച്ചു എന്ന് അദ്ദേഹത്തിന്റെ രചനകള്‍ പറഞ്ഞുതരും. എന്നാല്‍, മതം എന്ന സ്ഥാപനവും അതിന്റെ നീക്കുപോക്കില്ലാത്ത ചട്ടങ്ങളും സി.ജെക്ക് ഒതുങ്ങിക്കൂടാന്‍ പറ്റിയ ഇടമായിരുന്നില്ല. അത് തിരിച്ചറിഞ്ഞ നിമിഷം അദ്ദേഹം കുപ്പായമൂരി ‘നീ ചട്ട തയ്പിച്ചോ’ എന്നു പറഞ്ഞ് സഹോദരിക്കു സമ്മാനിച്ചു. മനുഷ്യനെക്കുറിച്ചുള്ള തന്റെ സ്വപ്നങ്ങള്‍ വിരിഞ്ഞു യാഥാര്‍ത്ഥ്യമാവുക കമ്മ്യൂണിസത്തിലായിരിക്കും എന്നാണ് അദ്ദേഹം പിന്നീട് കണ്ടെത്തിയത്. കമ്മ്യൂണിസത്തിന്റെ പ്രത്യക്ഷമുഖം സ്റ്റാലിനിസത്തിന്റേതാണെന്ന് കണ്ടപ്പോള്‍ അദ്ദേഹം അവിടെനിന്നു വിടചൊല്ലി. ഒരിടത്തും ഉറയ്ക്കാത്ത ചപലവൃത്തിയെന്ന് അധിക്ഷേപിച്ചവരോട് സി.ജെ. പറഞ്ഞു’ ”ഞാന്‍ ഒരു കുപ്പായം ഊരിയത് മറ്റൊരു കുപ്പായത്തില്‍ ചെന്നു കയറാനല്ല.”