ഒരു കഥ കവിതയുടെ വീട്ടില്‍! – കെ.വി. ബേബി

1982. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ആ കഥ:- ചോരത്തോറ്റം. കഥാകൃത്ത് : എസ്.വി. വേണുഗോപന്‍ നായര്‍. കഥയ്ക്ക് മൂന്നു ഭാഗങ്ങള്‍. ചെറിയൊരാമുഖം, കുറ്റപത്രം, വിധിന്യായം എന്ന ചെറിയൊരു വാല്‍ക്കഷണം. ആമുഖം കഴിഞ്ഞ് കുറ്റപത്രം (കഥ) എന്ന രണ്ടാം ഭാഗത്തേക്ക് കടന്നതോടെ അന്തരീക്ഷം മാറി. ”കുന്നലനാട്ടിലെ തമ്പുരാന്റെ പുതുമണവാട്ടിക്കുറക്കമില്ല. മണവറ എത്ര ഒരുക്കിയിട്ടും മഞ്ചം എത്ര മാറ്റിയിട്ടും തമ്പുരാട്ടി ഉറങ്ങിയില്ല. പതിനാറു താണ്ടി, പതിനേഴില്‍ നീന്തിത്തുടിക്കുന്ന തമ്പുരാട്ടി. പനങ്കുല മുടിയുള്ള, താഴമ്പൂ നിറമുള്ള, കൈതപ്പൂമണമുള്ള കൊച്ചുപെണ്ണ്. പ്രാണന്‍ പ്രാണനെ ഒന്നുറക്കാന്‍ തമ്പുരാന്‍ വെമ്പി ഉഴന്നു. മധുവിധു പൂത്ത തിരുവാതിരയ്ക്ക് കളമൊഴി തൃക്കാതില്‍ ചൊല്ലിയത്രേ. ഈ കട്ടിലൊന്നും കട്ടിലല്ല. കരിമ്പനകൊണ്ടൊരു കട്ടില്‍ വേണം.” എന്നു വായിച്ചു മുന്നേറുമ്പോള്‍ തോന്നി: ഇത് തനി ഗദ്യമല്ലല്ലോ. പദ്യത്തിന്റെ ഈണതാളങ്ങളില്‍ വാര്‍ന്നുവീണ തനതു ഗദ്യമാണല്ലോ! (തനതു നാടകം പോലെ തനതു ഗദ്യമോ!) ഇത് എനിക്കു പരിചയമുള്ള ഏതോ ഒരു കവിതയുടെ മട്ടിലാണല്ലോ. എങ്കില്‍ ഏതാണ് ആ കവിത? ഓര്‍മ്മയുടെ അറകളിലെ കവിതയടെ ഏടുകള്‍ പരതിപ്പരതി നോക്കവേ, മിന്നല്‍പോലെ ഒരു ബോധോദയം: ഈ കഥ ജിയുടെ ‘ചന്ദനക്കട്ടില്‍’ എന്ന പ്രശസ്ത കഥാകാവ്യത്തിന്റെ മട്ടിലാണ്. ”ചെക്ക് ചെക്ക് പോയട്രി ചെക്കിങ്” എന്നുള്ളില്‍ പറഞ്ഞ് ആ കവിതയുടെ തുടക്കം ഒന്നുറക്കെ ചൊല്ലി നോക്കി.


”വെമ്പലനാട്ടിലെത്തമ്പുരാന്റെ


തമ്പുരാട്ടിക്കൊരു കട്ടില്‍ വേണം.


കട്ടില്‍ കടയുവാനാക്കിഴക്കന്‍


കാട്ടിലെച്ചന്ദനം തന്നെ വേണം.


കഥ ഉറക്കെ വായിച്ചുനോക്കി ഉറപ്പിച്ചു: ഈ കഥ കവിതയുടെ ഈണതാളങ്ങളില്‍ വാര്‍ന്നുവീണ ഒരു തനതുരുപ്പടി.


കുട്ടിക്കാലം. പാഠപുസ്തകങ്ങളിലും മറ്റും ചില കവിതകളുടെ പേരുകള്‍ക്കു തൊട്ടുതാഴെ ബ്രാക്കറ്റില്‍ ഗുണമേറും ഭര്‍ത്താവേ മാമുനീന്ദ്രാ! എ.മ.; മാവേലിനാടു വാണീടും കാലം’ എ.മ., കല്യാണി കളവാണി, എ.മ., ഇത്തിരിപ്പൂവേ ചുവന്ന പൂവേ…എ.മ. ഓമനക്കുട്ടന്‍ ഗോവിന്ദന്‍… എ.മ. എന്നൊക്കെക്കണ്ട് അത്ഭുതപ്പെട്ടു. എന്താണാവോ ഈ എ.മ? എരുമയെ അറിയാം. എ.മ. കുറെക്കാലം കുഴക്കി. പിന്നീടറിഞ്ഞു. എ.മ.യെന്നാല്‍ എന്ന മട്ട്. മട്ടെന്നാല്‍ രീതി. ഇവയൊക്കെ വായ്ത്താരി വൃത്തങ്ങള്‍ എന്നറിയപ്പെടുന്ന നാടോടി ഈണങ്ങളാണുപോലും. ചുരുക്കിപ്പറഞ്ഞാല്‍, എ.മ. കൊണ്ടു സൂചിപ്പിക്കുന്ന വായ്ത്താരികളാണ് പ്രസ്തുത വൃത്തങ്ങളുടെ പേരുകള്‍. അങ്ങനെ ഗുണമേറും ഭര്‍ത്താവേ, മാവേലി നാടുവാണീടും കാലം’ ‘കല്യാണി കളവാണി’ ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ഓമനക്കുട്ടന്‍ എന്നിവയെല്ലാം വായ്ത്താരി വൃത്തങ്ങളുടെ പേരുകളായി.