സംഗീതത്തിന്റെ സൗന്ദര്യശാസ്ത്രം – മനു അച്ചുതത്ത് / രേണുക അരുണ്‍
സംഗീതാനുഭവങ്ങള്‍ രൂപപ്പെടുന്നതെങ്ങിനെ ?
ഏതു കല ആസ്വദിക്കണമെങ്കിലും അതില്‍ നമ്മുടേതായ ഒരു പരിശ്രമം കൂടെ ഉണ്ടെങ്കിലേ ആ കല പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കഴിയൂ. നമ്മുടെ നാട്ടില്‍ ധാരാളം കഥകളി ആസ്വാദകരുണ്ടല്ലോ? അവരെല്ലാം തന്നെ അതിന്റെ സംഗീതവും വാദ്യവും മുദ്രയും കഥാസന്ദര്‍ഭവും മനസ്സിലാക്കിതന്നെയാണ് കഥകളി ആസ്വദിക്കുന്നത്. ഏതു കലയും ആസ്വദിക്കാന്‍ ഒരല്പം പരിശ്രമം ആസ്വാദകന്റെ ഭാഗത്തുനിന്നും അവശ്യം ഉണ്ടായിരിക്കണം. സംഗീതാനുഭവങ്ങള്‍ ഉണ്ടാവാന്‍ ശ്രോതാവ് ഒരു സംഗീതജ്ഞനാവേണ്ടതില്ല.
എന്റെ അച്ഛനൊക്കെ കേട്ടുകേട്ടാണ് സംഗീതം മനസ്സിലാക്കാന്‍ തുടങ്ങിയത്. എറണാകുളത്തുള്ള സംഗീതസഭകള്‍, കാസറ്റുകള്‍, ആകാശവാണി ഇതിലൂടെയൊക്കെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് കേട്ടു. ആദ്യം പാട്ട് എന്ന നിലയില്‍ അത് കേള്‍ക്കുന്നു. പതിയെ കൃതി മനസ്സിലാവുന്നു. പിന്നീട് രാഗങ്ങള്‍ തിരിച്ചറിയുന്നു. അതേ രാഗത്തിലുള്ള പാട്ടുകള്‍ തിരിച്ചറിയുകയും ഓരോ രാഗത്തിന്റെ പ്രത്യേകതയും സംഗീതത്തിന്റെ സാങ്കേതികത്വവും മനസ്സിലാക്കുന്നു. പടിപടിയായി സംഗീതം പഠിക്കാതെതന്നെ അവരൊക്കെ ഇതെല്ലാം സ്വായത്തമാക്കി. തനിയാവര്‍ത്തനത്തില്‍ മൂന്നു വട്ടം മുക്തായ്പ്പ് വായിച്ചു നിര്‍ത്തുന്നു എന്നതുപോലുള്ള സംഗതികളെല്ലാം അവര്‍ മനസ്സിലാക്കുന്നത് ക്രമാനുഗതമായ ഈ ഒരു പ്രക്രിയയിലൂടെയാണ്. ആകാശവാണിയുടെ സംഭാവന എടുത്തുപറയേണ്ടതാണ്.
കേള്‍വി ജ്ഞാനം സംഗീതത്തില്‍ വളരെ നന്നായി ഉണ്ടെങ്കില്‍ മാത്രമേ നന്നായി അവതരിപ്പിക്കാന്‍ കഴിയൂ. പ്രത്യേകിച്ച് കര്‍ണാടക സംഗീതത്തില്‍. പാടുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഒരുപോലെ സന്തോഷം ലഭിക്കുന്ന കൊടുക്കല്‍ വാങ്ങലുകളുടെ അതിശയ വേദികളാണ് സംഗീതക്കച്ചേരികള്‍. എം.എസ്. സുബ്ബുലക്ഷ്മി സദസ്സുമായി നിമിഷങ്ങള്‍ക്കുള്ളില്‍ സാധര്‍മ്മ്യത്തിലാവുന്ന കാഴ്ച ശരിക്കും അത്ഭുതപ്പെടുത്തുന്നതാണ്. ഗായകര്‍ സ്വയം മറന്ന് പാടുകയും ശ്രോതാക്കള്‍ അതേ നിറവില്‍ അത് അനുഭവിക്കുകയും ചെയ്യുന്നത് വളരെ സംതൃപ്തി പകരുന്ന കാര്യമാണ്.
കര്‍ണാടക സംഗീതത്തിലെ ഭക്തി
നമ്മുടെ ശാസ്ത്രീയ സംഗീതം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒന്ന്, ദക്ഷിണേന്ത്യയിലെ കര്‍ണാടക സംഗീതം. രണ്ടാമത്തേത്, ഉത്തരേന്ത്യയിലെ ഹിന്ദുസ്ഥാനി സംഗീതം. ഹിന്ദുസ്ഥാനി സംഗീതം സ്വരപ്രധാനമാണ്, കര്‍ണാടക സംഗീതം ഭാവപ്രധാനവും. ആരംഭദശയില്‍ ഈ വ്യത്യാസമുണ്ടായിരുന്നിരിക്കാന്‍ വഴിയില്ല. എന്നാല്‍ കഴിഞ്ഞ നാനൂറോളം വര്‍ഷങ്ങളായി കര്‍ണാടക സംഗീതത്തിന്റെ ശക്തി അതിന്റെ സ്വഭാവസമൃദ്ധി തന്നെയാണ്. സാഹിത്യത്തിലെ വികാരലോകത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍പോലെ സംഗീതത്തിനകത്തെ വികാരങ്ങളെപ്പറ്റി അധികം ആരും സംസാരിക്കാറില്ല. അത് പലപ്പോഴും ഭക്തിയില്‍ തട്ടി തടഞ്ഞുനിന്നു. ഭക്തി ശരിക്കും പിന്നീടാണ് വന്നത്. സംഘകാലത്തെല്ലാം ഭക്തിയേക്കാള്‍ ഉപരിയായി സംസ്‌കൃതിയെ അടയാളപ്പെടുത്താനാണ് ശ്രമിച്ചിട്ടുള്ളത്. ഭക്തിപ്രസ്ഥാനത്തിന്റെയും ഭാഷാസാഹിത്യത്തിന്റെയും ഭാവാത്മകതയില്‍ ഊന്നിയുള്ള വികാസഘട്ടമാണ് തുടര്‍ന്ന് നടന്നത്. കര്‍ണാടക സംഗീതത്തിലെ കീര്‍ത്തനങ്ങളില്‍ ഏറേയും രചിച്ചിട്ടുള്ളത് ത്യാഗരാജന്‍, പുരന്ദരദാസന്‍ തുടങ്ങിയ മഹാഭക്തന്മാരാണ്. സ്വാഭാവികമായും അവരുടെ ഹൃദയത്തില്‍ തുളുമ്പിനിന്ന ഭക്തിഭാവം അവരുടെ കൃതികളേയും ഭക്തി നിര്‍ഭരമാക്കി.
ഭക്തിയെ ഗദ്യമാക്കി മാറ്റി അതില്‍ സംഗീതം കൂടി ചേരുമ്പോളാണ് കേള്‍ക്കാനുള്ള സുഖവും ആലാപന സൗകര്യവും എല്ലാം വരുന്നത്. ആത്മീയ പ്രബുദ്ധതയ്ക്കുവേണ്ടിയുള്ള നല്ല ഒരു ഉപാധിയാണ് സംഗീതം. ത്യാഗരാജസ്വാമികളൊക്കെ വലിയ വലിയ ദര്‍ശനങ്ങള്‍ വളരെ ലളിതമായി കൃതികളിലൂടെ പറഞ്ഞുവച്ചിട്ടുണ്ട്. തത്ത്വചിന്താപരമായ ഒരുപാട് കാര്യങ്ങള്‍ ആ തലമുറയിലെ ആളുകള്‍ അവരുടെ കൃതികളില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ത്യാഗരാജകൃതികളില്‍ രാജാവിനെ വരെ വിമര്‍ശിക്കുന്നതായും നമുക്ക് കാണാം. ദര്‍ശനം, വിമര്‍ശനം, ആത്മവിമര്‍ശനം ഒക്കെ നടത്തിയിട്ടുള്ളവരാണ് നമ്മുടെ വാഗ്ഗേയകാരന്മാര്‍. ഈശ്വരസാന്നിദ്ധ്യം അറിയാനും അനുഭവിക്കുവാനും ആസ്വദിക്കുവാനുമുള്ള വഴിയൊരുക്കുക, അതായിരുന്നു സംഗീതത്തിന്റെ ദൌത്യം എന്ന് വിശ്വസിച്ചിരുന്നു.
ടി.എം. കൃഷ്ണ ഒരിക്കല്‍ പറയുകയുണ്ടായി ഭക്തി, സംഗീതത്തിന് അകത്തും പുറത്തും നിറഞ്ഞുനില്‍ക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന് അങ്ങേയറ്റം നാസ്തികനായിരുന്നുകൊണ്ട് തന്നെ ഒരു കൃതി ആലപിക്കാന്‍ കഴിയുമെന്ന്. പക്ഷേ, കൃഷ്ണാ നീ ബേഗനേ ബാരോ.. പാടി വരുമ്പോള്‍ തന്റെ കണ്ണുനിറയും. ഗായകര്‍ക്ക് ആ ഭാവം (ഭക്തി) ഇല്ലാതെതന്നെ പാടാന്‍ സാധിക്കും എന്നും അദ്ദേഹം പറയുന്നു. ഈശ്വരവിശ്വാസമുള്ള വ്യക്തിയായതുകൊണ്ട് ഒരു പ്രത്യേക ആരാധനാമൂര്‍ത്തിയെപ്പറ്റിയൊക്കെ പാടുമ്പോള്‍ എനിക്കത് അനുഭവപ്പെടാറുണ്ട്.
സംഗീതത്തിലെ ആത്മീയത
സംഗീതം മോക്ഷമാര്‍ഗ്ഗമായിട്ടാണ് ഭാരതീയര്‍ കരുതുന്നത്. സുവിശേഷ സംഗീതവും അതുതന്നെയാണ് ഉദ്ദേശിക്കുന്നത്. വിദേശീയരും അങ്ങനെതന്നെ കരുതുന്നുണ്ട്. ഗോസ്പലില്‍ നിന്നാണ് റോക്ക് ആന്‍ഡ് റോള്‍ ശാഖ വരെ എത്തിനില്‍ക്കുന്നുത്. സാക്ഷാത്കാരം തന്നെയാണ് അവരും ഉദ്ദേശിക്കുന്നത്. ആരാധനാലയവുമായി ബന്ധപ്പെട്ട് തന്നെയാണ് അതെല്ലാം വരുന്നത്. ആഫ്രിക്കന്‍ അടിമകള്‍ അവരുടെ ഒരു സംസ്‌കൃതിയുടെ ഭാഗമായി, പൈതൃകമായി കിട്ടിയ സംഗീതം ആത്മാവിഷ്‌കാരത്തിനായി ഉപയോഗിച്ച് വന്നിരുന്നതാണ് പിന്നീട് പള്ളികളിലേക്ക് എത്തിയത്. ബീറ്റില്‍സ് ഒക്കെ നമ്മുടെ ഹിമാലയത്തില്‍ വന്ന് സംഗീതത്തില്‍ അലിഞ്ഞിട്ടുള്ള ഭാരതത്തിന്റെ ആത്മീയതയെ അനുഭവക്കുകയുണ്ടായിട്ടുണ്ട്. അവരുടെ വീക്ഷണത്തില്‍ ഭാരതം ആത്മീയതയുടെ ഉറവിടമാണ്.
വേദങ്ങള്‍ എല്ലാം ചൊല്ലുന്നത് സംഗീതാത്മകമായിട്ടാണ്. നമ്മുടെ പാരമ്പര്യം അതാണ് തെളിയിക്കുന്നത്. സംഗീതത്തില്‍, നമ്മള്‍ നല്ലൊരു സമ്പ്രദായം ഉണ്ടാക്കിവച്ചിട്ടുണ്ട്. അറേബ്യന്‍ സംഗീതത്തിന്റെയെല്ലാം കലര്‍പ്പുകള്‍ ഉണ്ട് എന്നാലും ശാസ്ത്രീയമായിട്ടാണ് അത് ചിട്ടപ്പെടുത്തിവച്ചിരിക്കുന്നത്. തത്ത്വചിന്തകര്‍ പറയുന്നത് സാക്ഷാത്ക്കാരത്തിനായി സംഗീതത്തെ ഉപകരണമാക്കാം എന്നുതന്നെയാണ്. പക്ഷേ, അതിനേക്കാളുപരി സംഗീതത്തിന്റെ സൗന്ദര്യശാസ്ത്ര ബോധത്തില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍. ആത്മീയത എന്നു പറയുന്നത് വേറെയൊരു ചിന്താസരണിയാണ്. അതിനു മതവുമായോ ഭക്തിയുമായോ ഒരു ബന്ധവുമില്ല. ആത്മീയതയെ പോഷിപ്പിക്കുന്ന ഒന്നുതന്നെയാണ് സംഗീതം.
ഹിന്ദുസ്ഥാനിയില്‍ നിന്ന് പത്തു രാഗം, കര്‍ണ്ണാട്ടിക്കില്‍ നിന്ന് പത്തു രാഗം, പിന്നെ നവരസങ്ങള്‍, ചോദ്യാവലി കൊടുത്ത് ഓരോ രാഗങ്ങള്‍ പാടുമ്പോള്‍ തോന്നുന്ന വികാരങ്ങളെപ്പറ്റി ചോദിക്കുക എന്നീ തരത്തിലുള്ള പഠനങ്ങളല്ലാതെ ആത്മീയത,ദര്‍ശനം,സംഗീതം ഇവ മൂന്നും ചേര്‍ന്നുള്ള ഒരു സമഗ്രപഠനം ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. വലിയ പാട്ടുകാരെപ്പറ്റി വിലയിരുത്തുമ്പോള്‍പോലും പാട്ടു കേള്‍ക്കുന്ന സുഖം, അല്ലെങ്കില്‍ ഭക്തി, ലയം ഇവയല്ലാതെ അതിന്റെ സാങ്കേതികത, സൗന്ദര്യാത്മകതയൊന്നും എടുത്തുപറഞ്ഞ് വിശേഷിപ്പിക്കുന്നതായിട്ട് സാധാരണ കാണാറില്ല. ഇന്ത്യന്‍ സംഗീതമാണ് ശാസ്ത്രീയദൃഷ്ടിയില്‍ എറ്റവും ഉദാത്തമായത് എന്ന് പറയാനാവില്ല. ഇക്വഡോര്‍, പെറു എന്നിവിടങ്ങളിലെ ഗോത്രസംഗീതമൊക്കെ നമ്മളെ ഒരു ഉന്മാദത്തിലേക്ക് കൊണ്ടുപോവുന്നുണ്ട്.
നമുക്ക് ഒരുപാട് ഋഷിമാരും സംസ്‌കൃതവും വേദങ്ങളും ഒക്കെ ഉള്ളതുകൊണ്ടാവാം സംഗീതത്തിലെ ആത്മീയത അന്വേഷിച്ച് പാശ്ചാത്യര്‍ ഇന്ത്യയിലേക്ക് വരുന്നത്. പണ്ട് അമ്പലങ്ങളായിരുന്നു കലയുടെ സംസ്‌കാരത്തിന്റെയും വലിയ അരങ്ങ്. കബീര്‍ദാസിന്റെയും മീരയുടെയുമെല്ലാം സംഗീതത്തിന്റെ മൂലധാതു ഭക്തിയാണ.് ആത്മീയമായി മാത്രമല്ല മാനസിക ആരോഗ്യത്തിനും സംഗീതം ഒരുപാട് സഹായിക്കുന്നുണ്ട്. സമൂഹത്തിലെ പല ഉച്ചനീചത്വങ്ങളെയും കവച്ചുവെച്ച് അതിനുമപ്പുറം ഒരു പൊതുവായ ഇടം ഉണ്ടാക്കിയെടുക്കാന്‍ സംഗീതത്തിന് സാധിക്കാറുണ്ട്.
സാമ്പ്രദായിക ചട്ടക്കൂടുകളെ ഭേദിച്ചുകൊണ്ടുള്ള അവതരണം
ഞാന്‍ ഫ്യൂഷന്‍ ചെയ്യുന്നത് ഒരു സഹകാരിതയ്ക്കു വേണ്ടിയാണ്. അതെ, സംഗീതപരമായി ഒരാളുടെ കംഫര്‍ട്ട് സോണില്‍നിന്ന് പുറത്ത് പോകേണ്ടത് പ്രധാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. സോളോ കച്ചേരികള്‍ ചെയ്യാന്‍ എളുപ്പമാണ്. കുട്ടിക്കാലം മുതലുള്ള പരിശീലനം അതാണ്. എന്നാല്‍, മറ്റൊരാളുടെ / വേറൊരു രീതിയിലുള്ള സംഗീതചിന്തകളുമായി വേദി പങ്കിടുക, ആകര്‍ഷകവും മനോഹരവുമായ എന്തെങ്കിലും അവതരിപ്പിക്കുക, അതാണ് വെല്ലുവിളി. മികച്ചൊരു പാട്ടുകാരിയാണെന്ന് കാണിക്കാനുള്ള മത്സരവേദിയായല്ല ഞാനതിനെ കാണുന്നത്. സൗന്ദര്യാത്മകമായി എന്തെങ്കിലും അവതരിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം. വ്യത്യസ്ത സംഗീതജ്ഞരോടും പദ്ധതികളോടും വേദിപങ്കിടുന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്. സഹകലാകാരന്മാരുടെ പ്രകടനത്തോട് വളരെ തുറന്ന സമീപനമാണ് എന്റേത്.
വയലിനൊരു പാശ്ചാത്യ സംഗീതോപകരണമാണ്.