തിരശ്ശീലയെ നനച്ച മഴക്കാഴ്ചകള്‍ – ബിപിന്‍ചന്ദ്രന്‍

തിരശ്ശീലയെ നനച്ച മഴക്കാഴ്ചകള്‍ – ബിപിന്‍ചന്ദ്രന്‍

”ജാലകച്ചില്ലില്‍ ഓര്‍ക്കാപ്പുറത്ത് വന്നു വീഴുന്ന മഴ

നയന്‍: ഹായ് മഴ….

ഉണ്ണിമായയുടെ റിയാക്ഷന്‍ പുച്ഛം കലര്‍ന്ന ഭാവം.

ഉണ്ണിമായ: മുമ്പ് കണ്ടിട്ടില്ലേ….?

ഉണ്ണിമായയുടെ മൂക്ക് പിടിച്ച്

നയന്‍: വെക്കല്ലേ….

നയന്‍താര പോയി ജാലകം തുറന്നു 

അവളുടെ മുഖത്ത് മഴത്തുള്ളികള്‍ 

നയന്‍: എന്റെ വരവ് ആഘോഷിക്കുകയാവും.

പുരാണത്തില് കേട്ടിട്ടില്ലേ ഋശ്യശൃംഗന്റെ കഥ..

ഋശ്യശൃംഗയാണ്. നയന്‍താര ഋശ്യശൃംഗ”

(ആറാം തമ്പുരാന്‍ – രഞ്ജിത്)


മുന്നൂറ്റി അറുപത്തിയഞ്ച് ദിവസവും മഴനിഴല്‍ പ്രദേശത്ത് വസിക്കുന്ന മലയാളികള്‍ മഴയെപ്പറ്റി എത്രയോ പറഞ്ഞ് നാവു കുഴഞ്ഞവരാണ്. എന്നിട്ടും മഴ നമ്മെക്കൊണ്ട് പറയിപ്പിച്ചു കൊണ്ടേയിരിക്കുന്നു. മധുമഴ, മൗനമഴ,പുതുമഴ, പനിമഴ, തോരാമഴ, തീരാമഴ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വിശേഷങ്ങളുടെ അകമ്പടിയോടെ അത് വാക്കുകളില്‍ നിറഞ്ഞു പെയ്തുകൊണ്ടേയിരിക്കുന്നു. കളിയിലും കാര്യത്തിലും കഥയിലും കവിതയിലും വരയിലും തിരയിലുമൊക്കെയത് പടരുന്നു. ”മഴയുടെ തന്ത്രിയാല്‍ മീട്ടി നിന്നാകാശം മധുരമായാര്‍ദ്രമായ് പാടി’ എന്നൊക്കെ കാല്പനികതയില്‍ കുളിച്ചു കയറിയതു മാത്രമല്ല നമ്മുടെ മഴയനുഭവങ്ങള്‍. മഴയുടെ മോഹനഭംഗികളെപ്പറ്റി വാചകമടിച്ച ഒരു ചങ്ങാതിക്ക് ചായക്കട ബെഞ്ചിലിരുന്ന ഒരു ചേട്ടന്‍ കൊടുത്ത മറുകോഡ് മേഘമല്‍ഹാറിനേക്കാള്‍ വലിയ മഴമുദ്രയായി മനസ്സില്‍ ചിരിനനവ് പതിപ്പിച്ചും കിടപ്പുണ്ട്.


”അത്ര ചന്തമാണെങ്കില് കെട്ടി കൂടെപ്പൊറുപ്പിക്ക്, ഒരു മാതിരി മറ്റേടത്തെ മഴ”. ഇതും പറഞ്ഞിട്ട്, ദിവസങ്ങളായി പണിക്കുപോകാന്‍ പറ്റാഞ്ഞതിന്റെ പങ്കപ്പാടിലായിരുന്ന ചേട്ടന്‍ തിരിമുറിയാതെ പെയ്യുന്ന മുതുമഴയുടെ തിരുനെഞ്ചത്തേക് കാര്‍ക്കിച്ചൊരു തുപ്പും വച്ചുകൊടുത്തു. എന്നെങ്കിലും ഒരു സിനിമയില്‍ ഈ സീന്‍ ഉള്‍ക്കൊള്ളിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്.


മഴ എന്നൊന്നില്ലായിരുന്നെങ്കില്‍ സിനിമാക്കാരെന്ത് ചെയ്‌തേനെ.? പെട്ടുപോയേനെ. പാട്ടെഴുത്തുകാരാണെങ്കില്‍ പണിനിര്‍ത്തിപ്പോയേനെ. പാട്ടിന്റെ പാടവരമ്പുകളെ ജലാര്‍ദ്രങ്ങളാക്കാന്‍ ഇറങ്ങിവന്ന വാക്കിന്റെ മഴനൂലേണികള്‍ എത്രയെത്ര! മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകള്‍ മണ്ണിന്റെ മനസ്സില്‍ മാത്രമല്ല സിനിമയുടെ മടിയിലുമുണ്ടനവധി. തിരശ്ശീലയെ നനച്ച കാഴ്ചകളെക്കുറിച്ചും പറയുന്നവരൊക്കെ തുടങ്ങുന്നത് തൂവാനത്തുമ്പികളില്‍ നിന്നാകാം. കത്തുകള്‍ക്കൊപ്പം ക്ലാര മണ്ണാറത്തൊടി ജയകൃഷ്ണനില്‍ മഴയായി ചിതറിയതിന്റെ ഓര്‍മ്മകള്‍ അയവിറക്കി മടുത്തിട്ടില്ലിന്നും മലയാളികള്‍. വെള്ളിത്തിരയുടെ വെളിച്ചത്തില്‍ നിന്നു വിട്ടുപോയിട്ട് ആണ്ടുകള്‍ കഴിഞ്ഞിട്ടും മാണ്ഡ്യയുടെ മണ്ണില്‍ നിന്ന് പാര്‍ലമെന്റിലേക്ക് ജയിച്ചുകയറിവന്ന സുമതലയെ മലയാള മാധ്യമങ്ങള്‍ ആഘോഷിച്ചത് പഴയ ഓര്‍മ്മകള്‍ തോരാത്തതുകൊണ്ടുതന്നെയാണ്. മലയാളം പേശുന്ന വംശത്തെ മഴയെടുത്തുപോകുന്ന കാലംവരെ ‘മേഘം പൂത്തു തുടങ്ങി’ എന്ന പാട്ട് ആരെങ്കിലുമൊക്കെ മറക്കാതിരിക്കുന്നുണ്ടാകും. വൈശാലി പോലൊരു മഴക്കഥ ലോകസിനിമയിലെങ്ങുമുണ്ടാകില്ലെന്നു വിശ്വസിക്കുന്ന ചിലര്‍ എവിടെയെങ്കിലുമൊക്കെ അവശേഷിക്കുന്നുണ്ടാകാം.


കണങ്കാല്‍ പോലും പുറത്തു പ്രദര്‍ശിപ്പിക്കാന്‍ മടിയുള്ള കുല കന്യാരത്‌നങ്ങളെ  ‘കഞ്ജബാണന്‍ തന്റെ പട്ടം കെട്ടിയിരിക്കുന്ന മതിമോഹിനികളായ മഞ്ജുളാംഗികളാക്കി നൊടിനേരം കൊണ്ട് പരിവര്‍ത്തിപ്പിക്കാന്‍ സിനിമാക്കാരെ മഴപോലെ മറ്റൊന്നും തുണച്ചിട്ടുണ്ടാകില്ല. അകംപുറം കാണുന്ന ആടകളില്‍ നനഞ്ഞൊട്ടി ആടിയും പാടിയും നടന്ന നായികമാരുടെ ഉടല്‍വടിവുകള്‍ തണുപ്പല്ല പെയ്യിച്ചതെന്നുമാത്രം. എല്ലാ കാലത്തും ഏതെങ്കിലുമൊക്കെ കഥകളില്‍ ആരെങ്കിലുമൊക്കെ ആസക്തികളുടെ അഗ്നിക്കുള്ള എണ്ണ പകര്‍ന്നുകൊണ്ടിരുന്നു. പവിഴമഴയായും പനിനീര്‍മഴയായും പൂന്തേന്‍മഴയായും ചെന്തീമഴയായും തെളിനീര്‍മഴയായും ഇളനീര്‍മഴയായുമൊക്കെ സ്‌ക്രീനില്‍ പെയ്തു തകര്‍ത്തിട്ടുണ്ടെങ്കിലും പാട്ടുസീനുകളില്‍ പലപ്പോഴും എരിഞ്ഞുപടര്‍ന്നിരുന്നത് തോരാത്ത മോഹമഴയായിരുന്നു. അഴകിയ രാവണനിലെ ഭാനുപ്രിയയെ കണ്ണാലളന്നെടുക്കുന്ന തിരക്കില്‍ കൈതപ്രം നമ്പൂതിരി മഴയെപ്പറ്റി വിസ്തരിച്ചതൊന്നും കേള്‍ക്കാന്‍ പലര്‍ക്കും കാതില്ലാതായിപ്പോയത് അതുകൊണ്ടാണ്. എല്ലാക്കാലത്തും കാഴ്ചകള്‍ അങ്ങനെയൊക്കെത്തന്നെയെന്ന് ഉറപ്പിച്ചങ്ങ് പറയാനും കഴിയില്ല. നനഞ്ഞൊട്ടാത്ത എത്രയോ സിനിമഴകള്‍ കണ്ണിലും കാതിലും കനവിലും നിനവിലും പലവിധത്തില്‍ പെയ്തുകൊണ്ടേയിരിക്കുന്നുണ്ടിപ്പോഴും.


മഴയെ പാട്ടിലാക്കാന്‍ പറ്റിയ ഭാഷ തമിഴാണെന്നു തോന്നിയിട്ടുണ്ട് പലപ്പോഴും. ‘എന്‍ ശ്വാസക്കാറ്റേ’ എന്ന പൊട്ടപ്പടത്തില്‍ പോലും പാട്ടിന്റെ വരികള്‍ ഓര്‍മ്മയുടെ കോശങ്ങളില്‍ പട്ടയം പതിപ്പിച്ച് സ്ഥിരം പൊറുതിയായതില്‍ തമിഴ് മൊഴിയഴകിന് വലിയൊരു പങ്കുണ്ട്. ‘ചിന്നചിന്ന മഴൈത്തുളികള്‍ സേര്‍ത്തു വയ്‌പേനോ മിന്നലൊളിയില്‍ നൂലെടുത്ത് കോര്‍ത്തു വയ്‌പേനോ’ എന്ന് എം.ജി. ശ്രീകുമാര്‍ പാടിയത് മാതൃഭാഷയിലേക്ക് മാറ്റിയെഴുതിയാല്‍ എന്തൊരു ബോറായിരിക്കും. ‘പുതുവെള്ളൈമഴൈ ഇങ്ക് പൊഴിയിന്‍ട്രത്’ എന്ന റഹ്മാനീണം ഉണ്ണിമേനോന്റെ ശബ്ദത്തില്‍ മുഴങ്ങുമ്പോഴൊക്കെയും അരവിന്ദ്‌സ്വാമിയും മധുബാലയും മഞ്ഞിലൂടെ കെട്ടിപ്പിടിച്ചു നടന്ന കാശ്മീര്‍ കുന്നകളല്ല മനസ്സിലേക്കോടിവരുന്നത്. കൊടൈക്കനാലിലേക്കുള്ള കയറ്റങ്ങളാണ്. പത്താം ക്ലാസിലെ വിനോദയാത്ര അങ്ങോട്ടായിരുന്നു. എട്ടില്‍ പഠിക്കുമ്പോള്‍ത്തന്നെ അവിടെ പോയിട്ടുണ്ടെങ്കിലും പത്തിലെ സ്റ്റഡിടൂറാണ് കൊടൈകുന്നുകളെ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാക്കിത്തീര്‍ത്തത്. പോകുന്നയന്ന് വൈകുന്നേരമാണ് കാഞ്ഞിരപ്പള്ളിയിലുള്ള പാട്ട്കടയിലെ പോപ്പച്ചന്‍ ചേട്ടന്‍ ‘റോജ’ എന്ന തമിഴ് പടത്തിലെ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തുതരുന്നത്. കൂട്ടുകാരില്‍ ആരും അതുവരെ ആ പാട്ടുകള്‍ കേട്ടിരുന്നില്ല. ആദ്യമായി എവറസ്റ്റിനു മുകളില്‍ കയറിയ ഹിലാരിയുടെ ആവേശത്തോടെയാണ് മണിരത്‌നം പടത്തിന്റെ പാട്ടു കാസറ്റുമായി പള്ളിക്കൂടത്തില്‍ പാഞ്ഞുചെന്നത്. പക്ഷേ, പറഞ്ഞുവച്ചിരുന്ന വീഡിയോ കോച്ച് ടൂറിസ്റ്റ് ബസ്സ് വരില്ലെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത ഞങ്ങളുടെ സഞ്ചാര സ്വപ്നങ്ങളെ പാതാളക്കുഴിയിലേക്ക് പറിച്ചെറിഞ്ഞു. ഒടുവില്‍ അധ്യാപകര്‍ എവിടെയൊക്കെയോ വിളിച്ചു പറഞ്ഞു വരുത്തിയ വണ്ടിയില്‍ കയറി യാത്ര തുടങ്ങിയപ്പോഴേക്ക് ഒരുപാട് വൈകിയിരുന്നു. ബസ്സിലേക്ക് കയറിയപാടെ ഡ്രൈവറ് ചേട്ടന്റെ കൈയിലേക്ക് കാസറ്റാണ് എടുത്തുകൊടുത്തത്. ഒരുപാട് താമസിച്ചതുകൊണ്ട് പാട്ടും തിമിര്‍ക്കലുമൊക്കെ നാളെ മതി, വേണമെങ്കില്‍ ഒരു സിനിമയിടാമെന്ന് ഏതോ അരസികന്‍ അധ്യാപകന്‍ സുഗ്രീവാജ്ഞ പുറപ്പെടുവിച്ചു. അതുകൊണ്ട് ഓടിയോടിത്തേഞ്ഞ ഏതോ വീഡിയോ കാസറ്റ് വള്ളി വി.സി.പിയുടെ പൂപ്പല്‍ പിടിച്ച ഹെഡ്ഡുമായി പടവെട്ടിത്തെളിയിച്ചു  കാട്ടിത്തന്ന സിനിമയുടെ ദൃശ്യങ്ങളില്‍ കണ്ണുമിഴിച്ചിരുന്ന് ഞങ്ങള്‍ കുട്ടിക്കാനവും കുമളിയും കമ്പവും തേനിയുമൊക്കെ കടന്നു. പിന്നെ പതിയ കിടന്നുറങ്ങി.


കണ്ണ് തുറക്കുമ്പോള്‍ ഊത്ത് എന്നൊരു മലമ്പ്രദേശത്ത് ചായ കുടിക്കാന്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു വണ്ടി. പുറത്ത് പല്ലും താടിയെല്ലും കൂട്ടിയിടിക്കുന്ന തണുപ്പ്. അരിച്ചരിച്ച് വരുന്ന വെളിച്ചത്തില്‍ വെളുത്ത മഞ്ഞിന്റെ വിരി പാലാഴിപോലെ പരന്നു കിടക്കുന്നതു കണ്ടു. ചായച്ചൂടിന്റെ സുഖത്തില്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിനൊപ്പം ഡ്രൈവര്‍ റോജയെ പാട്ടുപെട്ടിയിലേക്കിട്ടു. കണ്ണില്‍ മഞ്ഞിന്റെ മായാജാലം, കാതില്‍ റഹ്മാന്റെ ശബ്ദജാലം. ഉള്ളിലും വെളിയിലും ഒരുപോലെ പൊഴിഞ്ഞു പുതുവെള്ളൈമഴൈ. മനുഷ്യനും പ്രകൃതിയും ചേര്‍ന്ന് മനസ്സിലുണ്ടാക്കിത്തന്നയാ മാജിക്കല്‍ മഴ എഫക്ടിനെ കെടുത്താനോ കുറയ്ക്കാനോ കാലത്തിനിനിയും കഴിഞ്ഞിട്ടില്ല.