എഫ്.എ.സി.ടിയുടെ മനം കവരുന്ന ആദ്യ വര്‍ഷങ്ങള്‍ – ടി.ടി. തോമസ്
നല്ലതും ചീത്തയുമായ വാര്‍ത്തകള്‍ കൊണ്ട് എഫ്.എ.സി.ടി. മാധ്യമങ്ങളില്‍ എന്നും ഉണ്ടായിരുന്നു. വാര്‍ത്തകളുടെ ഈ ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ എഫ്.എ.സി.ടിയുടെ ആരംഭവും കേരളത്തിന്റെ വ്യവസായവത്കരണത്തിനും ഇന്ത്യന്‍ കാര്‍ഷികമേഖലയ്ക്കും അതു നല്‍കിയ സംഭാവനയും വിസ്മരിക്കപ്പെടുന്നു. 1943-ലാണ് എഫ്.എ.സി.ടി (ഫാക്ട്) സ്ഥാപിക്കപ്പെടുന്നത്. അന്ന് തിരുവിതാംകൂര്‍ മഹാരാജാവ്, ശ്രീചിത്തിര തിരുനാള്‍, ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍. 1943-ലെ ബംഗാള്‍ ക്ഷാമം അപഹരിച്ചത് 20 മുതല്‍ 30 ലക്ഷം വരെ ആളുകളുടെ വിലപ്പെട്ട ജീവനാണ്. ഇന്നത്തെ കേരളംപോലെ, അന്നത്തെ തിരുവിതാംകൂര്‍ ഭക്ഷ്യവസ്തുക്കളുടെ ആവശ്യം നിറവേറ്റുന്നതിനു പ്രധാനമായും മറ്റു പ്രവിശ്യകളെയാണ് ആശ്രയിച്ചിരുന്നത്. ഈ ആശ്രയത്വവും ബര്‍മയില്‍ നിന്നുള്ള ഇറക്കുമതിയും കുറച്ചുകൊണ്ടുവരികയെന്നത് തിരുവിതാംകൂറിനെ സംബന്ധിച്ച് ഗൗരവമുള്ള വിഷയമായിരുന്നു. ബംഗാളില്‍നിന്നുള്ള ഇറക്കുമതി ജപ്പാന്‍ നിര്‍ത്തലാക്കുകയുണ്ടായി. ഈ സാഹചര്യത്തില്‍ നെല്ലിന്റെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനുവേണ്ടി ആധുനിക കൃഷിസങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തുകയെന്ന ആശയത്തിനു ഗതിവേഗം വര്‍ധിച്ചു. യൂറോപ്യന്മാരുടെ നിയന്ത്രണത്തിലായിരുന്ന കണ്ണന്‍ദേവന്‍ ഹില്‍പ്രോഡ്യൂസ് തുടങ്ങിയ കമ്പനികള്‍, സ്റ്റീല്‍ നിര്‍മാണക്കമ്പനികളിലൂടെയും ഇറക്കുമതിയിലൂടെയും ലഭിച്ച രാസവളങ്ങള്‍ ഇതിനോടകം ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു.
ആഭ്യന്തരമായി രാസവളം ഉല്‍പാദിപ്പിക്കുവാനുള്ള സാങ്കേതികവിദ്യയോ മൂലധനമോ അസംസ്‌കൃതവസ്തുക്കളോ രാജ്യത്ത് ലഭ്യമായിരുന്നില്ല. എന്നിരുന്നാലും, പള്ളിവാസലില്‍ നിന്നും വൈദ്യുതി ലഭിക്കുമായിരുന്നു. ഒരു രാസവള ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള ചുമതല മഹാരാജാവ് ദിവാനെ ഭരമേല്‍പ്പിച്ചു. അദ്ദേഹം തിരുച്ചിറപ്പള്ളിയില്‍ നിന്നുള്ള വി. ശേഷസായി എന്ന വ്യവസായിയോട് ഇക്കാര്യം ആവശ്യപ്പെട്ടു. അദ്ദേഹത്തിന് മേട്ടൂരില്‍ ഒരു കോസ്റ്റിക്ക് സോഡ പ്ലാന്റ് ഉണ്ടായിരുന്നു. മേട്ടൂര്‍ ജലവൈദ്യുത പദ്ധതിയില്‍ നിന്നുള്ള വൈദ്യുതിയാണ് അവിടെ ഉപയോഗിച്ചിരുന്നത്. ശേഷസായിക്ക് രാസവള ഫാക്ടറി നിര്‍മിച്ചോ, നടത്തിയോ യാതൊരു അനുഭവജ്ഞാനവും ഇല്ലായിരുന്നെങ്കിലും അദ്ദേഹം ഈ വെല്ലുവിളി ഏറ്റെടുത്തു. 1943 സെപ്റ്റംബര്‍ 22-ാം തീയതി. ഫെര്‍ട്ടിലൈസേഴ്‌സ് ആന്റ് കെമിക്കല്‍സ് ട്രാന്‍വന്‍കൂര്‍ എന്ന കമ്പനി ഒരു പബ്ലിക്ക് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 35.3 കോടി രൂപയായിരുന്നു, അധികൃത മൂലധനം. ശേഷസായി സഹോദരന്മാരോടൊപ്പം തിരുവിതാംകൂര്‍, മദ്രാസ് പ്രവിശ്യ, മൈസൂര്‍ സംസ്ഥാനം എന്നിവിടങ്ങളിലെ സര്‍ക്കാരുകളും ആയിരുന്നു മുഖ്യ ഓഹരി ഉടമകള്‍. അവിടുന്നിങ്ങോട്ടുള്ള കമ്പനിയുടെ ജൈത്രയാത്ര പ്രക്ഷുബ്ധവും സംഭവബഹുലവും ആയിരുന്നു.
സസ്യങ്ങള്‍ക്കുവേണ്ട നൈട്രജന്‍ ഫോസ്‌ഫേറ്റ്, പൊട്ടാഷ് എന്നീ മൂന്നു പോഷകങ്ങളും മണ്ണില്‍ ലഭ്യമാണ്. നൈട്രജനും, ഫോസ്‌ഫേറ്റും പൊട്ടാസ്യവും അടങ്ങിയ രാസവളങ്ങള്‍ സസ്യങ്ങള്‍ക്കുവേണ്ട പോഷകങ്ങളുടെ ലഭ്യതയെ വര്‍ധിപ്പിക്കുന്നു. എന്താണ് ഉത്പാദിപ്പിക്കുകയെന്നു തീരുമാനിക്കുകയും, അതിന്റെ ഉല്പാദനത്തിനുവേണ്ട സാങ്കേതികവിദ്യയൊരുക്കുകയെന്നതു
എന്നാല്‍ വലിയ അളവില്‍ വനമേഖലയില്‍ മരക്കരി ഉണ്ടാക്കുക ആപല്‍ക്കരമാണ്. നേരിട്ടു മരംതന്നെ വാതകമാക്കി മാറ്റാനുള്ള സാങ്കേതികവിദ്യയെക്കുറിച്ച് വിദഗ്ധരുമായി ചര്‍ച്ച നടത്തി. അതനുസരിച്ച് പ്ലാന്റിലേക്കു നേരിട്ടു തടിയെത്തിക്കുന്നതിനു തീരുമാനിച്ച്, ഏലൂരില്‍ പെരിയാറിന്റെ അഴിമുഖത്താണ് പ്ലാന്റ് സ്ഥാപിക്കുക. 113 ച. മൈല്‍ വനഭൂമിയാണ് ഫാക്ടിന് സര്‍ക്കാര്‍ നല്‍കിയത്. അങ്ങനെ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രൂപവത്കരിക്കുകയും ഫാക്ടിനുവേണ്ട തടി ലഭ്യമാക്കാന്‍ സാധിക്കുകയും ചെയ്തു. തടി വാതകമാക്കി മാറ്റിക്കൊണ്ടുള്ള പ്രക്രിയയിലൂടെ അമോണിയയും രാസവളവും 15 വര്‍ഷത്തോളം നിര്‍മിക്കുകയും ചെയ്തു. ഫാക്ടിന്റെ ഈ യജ്ഞത്തെ കെമിക്കല്‍ എഞ്ചിനീയറിംഗിന്റെ ഗ്രന്ഥങ്ങളില്‍ ഒരു അനന്യമായ നേട്ടമായും നാഴികക്കല്ലായും വിശേഷിപ്പിച്ചിട്ടുണ്ട്.