വിജയികളുടെ ഘോഷയാത്ര – എം.വി. ബെന്നി
സ്‌കൂള്‍ ക്ലാസ്സുകളിലെ പരീക്ഷാഫലം അറിയുമ്പോള്‍ തന്നെ വിജയികളുടെ വീടുകളില്‍ ആരവം ഉയരും. മധുരം വിളമ്പല്‍, അഭിനന്ദനങ്ങള്‍, ആലിംഗനങ്ങള്‍ എന്നിങ്ങനെ. തൊട്ടുപിന്നാലെ പരിസരങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയരും. തീര്‍ച്ചയായും സ്‌കൂള്‍ ക്ലാസ്സിനു മുന്നിലും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉണ്ടാകും. പിന്നെ, നാട്ടിലെ റെസിഡന്‍സ് അസോസിയേഷനുകള്‍, സമുദായ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജന സംഘടനകള്‍ തുടങ്ങി അഭിനന്ദന പ്രവാഹങ്ങള്‍ നീളും.
അതൊക്കെ സ്വാഭാവികമാണ്. വിജയിക്കുന്ന കുതിരകള്‍ക്ക് പന്തയം വയ്ക്കാന്‍ ആളുണ്ടാകുന്നത് തികച്ചും സ്വാഭാവികം. വിജയികളുടെ നേര്‍ക്ക് സമൂഹത്തിന്റെ ശദ്ധ പതിയാനും അത് കാരണമാകും. വിജയികള്‍ ജ്ഞാനികളോ ജ്ഞാനികള്‍ ആകാന്‍ ഇടയുള്ളവരോ ആണ്. അവരെ പൊതുസ്വത്തായി വേണം സമൂഹം കാണക്കാക്കാന്‍. അവര്‍ക്ക്‌മേല്‍ പതിയുന്ന വിശേഷാല്‍ പരിഗണനയും നല്ലത് തന്നെ. പക്ഷേ, അതിനിടയില്‍ പരാജിതര്‍ എങ്ങോട്ട് പോകുന്നു എന്ന് ആരും അന്വേഷിക്കാറില്ല. അതത്ര ശരിയായ നടപടിയല്ല. അവരും ഈ ഭൂമിയില്‍ ജനിച്ചവര്‍ ആണല്ലോ. ശ്രദ്ധയുടെ ഒരു ചെറിയ മണല്‍ത്തരി അവരുടെ മേലും പതിയണമല്ലോ.
അതുകൊണ്ടാണ് ഓര്‍മ്മകള്‍ കടന്നുവരുന്നത്. ഷഷ്ടിപൂര്‍ത്തിയുടെ പടിവാതിലില്‍ എത്തിനില്‍ക്കുന്ന ഞങ്ങളെ പോലുള്ളവര്‍ക്കും ചിലത് പറയാന്‍ ഉണ്ടാകുമല്ലോ. അവിവേകം ആണെങ്കിലും ആത്മകഥയുടെ ഒരു ചെറു ചീള് ഞാനും ഇവിടെ രേഖപ്പെടുത്തട്ടെ. ശ്രീനാരായണഗുരു സ്ഥാപിച്ച ഒരു സ്‌കൂളില്‍ 1975 ല്‍ ആണ് ഞാന്‍ എസ്. എസ.് എല്‍. സി. പരീക്ഷ എഴുതിയത്. ഞാന്‍ പത്താംക്ലാസ് പാസായ വര്‍ഷം ഞങ്ങളുടെ വിജയശതമാനം കേവലം എട്ട് ശതമാനം മാത്രമായിരുന്നു. ഏറെക്കുറെ കൂട്ടത്തോല്‍വി തന്നെ. പരീക്ഷ എഴുതിയ 255 പേരില്‍ പാസായത് 20 പേര്‍. അവരില്‍ നിന്ന് എം.എ പാസ്സായത് ഞാന്‍ മാത്രം. വേണമെങ്കില്‍ സ്‌കൂളിന് മുന്നില്‍ എന്റെ ഒരു പൂര്‍ണ്ണകായ പ്രതിമതന്നെ സ്ഥാപിക്കാമായിരുന്നു!
എങ്കിലും ഇതുപോലുള്ള സ്വീകരണ പരിപാടികളൊന്നും അക്കാലങ്ങളില്‍ പതിവില്ലായിരുന്നു. സ്വീകരണ പരിപാടികളിലെ കഥാനായകനായ ഫ്‌ളക്‌സ് അന്നു കണ്ടുപിടിക്കപ്പെട്ടിട്ടില്ല! റെസിഡന്‍സ് അസോസിയേഷനുകളും അന്ന് നാട്ടിലില്ല. സമുദായ സംഘടനകളോ രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജന സംഘടനകളോ സംഘടിപ്പിക്കുന്ന സ്വീകരണ സമ്മേളനങ്ങളും അന്ന് പകര്‍ച്ചവ്യാധി പോലെ വ്യാപകമായിട്ടില്ല.
വീട്ടുകാരും പരിസരവാസികളും അവരുടെ ആഹ്ലാദം അറിയിക്കും. പഠിപ്പിച്ച അധ്യാപകരില്‍ ആരെയെങ്കിലും കണ്ടാല്‍ അവരും ചെറുവാക്കുകളില്‍ സ്‌നേഹം പകരും. പത്താംക്ലാസ് കഴിഞ്ഞാല്‍ അന്ന് പഠനം കോളജ് ക്ലാസ്സില്‍ ആണല്ലോ. അതുകൊണ്ട് ഇനി ഏത് കോളജിലേക്കാണ്, എന്നും അധ്യാപകര്‍ അന്വേഷിക്കും. അത്രമാത്രം!
ജീവിതം അതിഭാവുകത്വം നിറഞ്ഞ ഒരു തമിഴ് സിനിമപോലെ അന്നു മാറിയിട്ടില്ല. സ്വീകരണ സമ്മേളനങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ട് ആരുടേയും നെടുങ്കന്‍ പ്രസംഗങ്ങളും കേള്‍ക്കേണ്ടി വന്നില്ല. പൂച്ചെണ്ടുകളും പൊന്നാടകളും കിട്ടിയതുമില്ല. ഒരു സിനിമയില്‍ നടന്‍ ദിലീപ് അവതരിപ്പിച്ച ഒരു കഥാപാത്രം പറയുന്നതുപോലെ ഞാന്‍ ഒരു സംഭവമാണ് എന്ന് വിജയികള്‍ക്കാര്‍ക്കും തോന്നിയതുമില്ല!
എങ്കിലും എനിക്ക് ആ സ്‌കൂളിനെ കുറിച്ച് ചില നല്ല ഓര്‍മ്മകളുണ്ട്. അത് കേവലം ഭംഗിവാക്കായി പറയുന്നതല്ല. പിന്നീട് എന്റെ രണ്ടു മക്കളേയും ഞാന്‍ ആ സ്‌കൂളില്‍ തന്നെയാണ് പഠിപ്പിച്ചത്. അവിടെ പഠിച്ച മകള്‍ ഇപ്പോള്‍ സര്‍ക്കാര്‍ കോളജില്‍ ഇംഗ്ലീഷ് അധ്യാപികയാണ്. മകന്‍ ലണ്ടനില്‍ ഭേദപ്പെട്ട നിലവാരത്തിലും.
ഞാന്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ ഹെഡ്മാസ്റ്റര്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍ ആയിരുന്നു. പിന്നീട് പലതവണ ഞങ്ങളുടെ എം.എല്‍.എ ആയ അതേ പീതാംബരന്‍ മാസ്റ്റര്‍. ഈ തൊണ്ണൂറാം വയസ്സിലും അദ്ദേഹം എന്‍.സി.പി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയാണ്. അതൊന്നുമല്ല ഞങ്ങള്‍ക്ക് പ്രധാനം. അദ്ദേഹത്തിന് പീതാംബരന്‍ എന്നു പേരുവിളിച്ചത് ശ്രീനാരായണഗുരു ആയിരുന്നു! അപ്പോള്‍, ഞങ്ങളുടെ സ്‌കൂള്‍ സ്ഥാപകന്‍ ശ്രീനാരായണഗുരു, അദ്ദേഹം നാമകരണം നിര്‍വ്വഹിച്ച പീതാംബരന്‍ മാസ്റ്റര്‍ ഞങ്ങളുടെ ഹെഡ്മാസ്റ്റര്‍!
അക്കാലങ്ങളില്‍ പതിവുള്ളതുപോലെ ഞങ്ങളുടെ പഠനകാലങ്ങളും പ്രക്ഷുബ്ദമായിരുന്നു. സമരമില്ലാത്ത ദിവസമില്ല. അധ്യാപകര്‍ മഹത്തായ പാഠങ്ങള്‍ നല്ല രീതിയില്‍ പഠിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അതിലൊന്നുമായിരുന്നില്ല കുട്ടികള്‍ക്ക് താല്പര്യം. കുട്ടികള്‍ എല്ലാ ദിവസവും സമരത്തിനുള്ള കാരണങ്ങള്‍ തേടി. സ്വാഭാവികമായും വിജയ ശതമാനം കുറഞ്ഞു.