മണ്ണിലും വെള്ളത്തിലും – എം.പി പ്രതീഷ് /കലാചന്ദ്രന്‍

മണ്ണിലും വെള്ളത്തിലും –  എം.പി പ്രതീഷ് /കലാചന്ദ്രന്‍

ഭൂമിയുടേയും മനുഷ്യരുടേയും ജലാര്‍ദ്രമായ വാക്കുകളെ കവിതകളില്‍ രേഖപ്പെടുത്തിയ പുതിയ തലമുറയിലെ വേറിട്ട കവിയാണ് എം.പി.പ്രതീഷ്. ഹരിതലാവണ്യ ദര്‍ശനത്തിന്റെ (Eco-aesthetics) ഭിന്നമായൊരു കൈവഴിയും മൊഴിവഴിയുമാണ് പ്രതീഷിന്റെ കവിതകള്‍, ഒച്ചയും ബഹളവും ആള്‍ക്കൂട്ടവും ആര്‍പ്പുവിളികളും ഇല്ലാതെ, മുഖ്യധാരാ വ്യവഹാരങ്ങള്‍ക്ക് പുറത്ത് നിശബ്ദനായി എഴുതിക്കൊണ്ടിരിക്കുന്ന പ്രതീഷുമായി കവിതയെയും ജീവിതത്തെയും കുറിച്ച് നടത്തിയ സംഭാഷണത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍…


എവിടെ നിന്നാണ് പ്രതീഷ് കവിത കണ്ടെത്തുന്നത്?


ഞാന്‍ പാര്‍ക്കുന്ന ഇടത്തു നിന്നാണ് എന്റെ കവിതകള്‍ ഉണ്ടായി വരുന്നത്. വീട്, പരിസരം, വസ്തുക്കള്‍, പെരുമാറ്റങ്ങള്‍, ജീവജാലങ്ങള്‍, സസ്യങ്ങള്‍ , ഭൂമി, ഋതുക്കള്‍ എന്നിങ്ങനെ പലതില്‍ നിന്നും കവിതയുടെ വിത്തുകള്‍, കണികകള്‍ ശേഖരിക്കുന്നു. അതിനൊപ്പം സങ്കല്പിക്കുന്ന ഇടങ്ങളില്‍ നിന്നുകൂടി നഗരത്തിന്റേതായ പാര്‍പ്പിടങ്ങള്‍, സ്ഥലങ്ങള്‍, വസ്തുക്കള്‍ കവിതയുടെ തുടക്കം കണ്ടെത്തുന്നു എന്നാണ് തോന്നുന്നത്. ആ കണികകളെ, വിത്തുകളെ പതിയെ പരിപാലിച്ച് കവിതയുടെ ആകാരങ്ങളിലേക്ക് കൊണ്ടുപോരാന്‍ ശ്രമിക്കുന്നു.


സമകാലിക കവിതകളുടെ കൂട്ടത്തില്‍ സ്വന്തം കവിതയെ എവിടെയാണ്, എങ്ങനെയാണ് അടയാളപ്പെടുത്തുന്നത്?


‘പൊതു കവിത’ പലപ്പോഴും വൈകാരികമായ ഒരിടത്തെ കാത്തു പോരുന്നുണ്ട്. ഒപ്പം രാഷ്ട്രീയ ശരികളുടെയും സമകാലീനതയുടെയും ഭാരം വഹിക്കുന്നുമുണ്ട്. എന്റെ കവിത മിക്കപ്പോഴും ഇവ രണ്ടിനും പുറത്ത് ജീവിക്കുന്നു. നിശബ്ദതയുടെ (silence) ഒഴിവാക്കാനാവാത്ത ഒരടിയൊഴുക്ക് എന്റെ കവിതകളുടെ പരിമിതിയും സവിശേഷതയുമായിരിക്കാം. മനുഷ്യരുടെ നോട്ടപ്പാടുകളിലുള്ള, നോക്കുശീലത്തിലുള്ള വ്യത്യാസവും പ്രകടമാണ്. മരത്തെ മനുഷ്യ ഛായയില്ലാതെ വെറും മരമായി കാണുന്നതിന്റെ വ്യത്യാസമുണ്ടല്ലോ? ആ വ്യത്യാസം പിന്‍തുടരാന്‍ ‘പൊതു കവിത’യ്ക്ക് കഴിയാറില്ല എന്നതാണ് എന്റെ അനുഭവം.


ആറ്റൂര്‍, ആര്‍.രാമചന്ദ്രന്‍, ജോര്‍ജ്ജ്, പി.രാമന്‍ തുടങ്ങിയ കവികളുടെയൊക്കെ തുടര്‍ച്ചയിലാണ് കെ. ബി. പ്രസന്നകുമാര്‍ പ്രതീഷിന്റെ കവിതയെ അടയാളപ്പെടുത്തിക്കാണുന്നത്. പൂര്‍വ്വ കവികളെ പ്രതീഷിന്റെ കവിതയില്‍ കണ്ടുമുട്ടാനുള്ള സാധ്യത എത്രത്തോളമുണ്ട്?


തീര്‍ത്തും പുതുതായ, വേറിട്ട ഒരു കവിത അസാധ്യമാണ് എന്നാണ് എന്റെ വിചാരം. തൊട്ടുമുമ്പിലത്തെ തലമുറയോടല്ല പലപ്പോഴും നൂറ്റാണ്ടിനുമപ്പുറമുള്ള കവിതയോടാണ് എന്റെ കണ്ണിചേരലും ബന്ധുത്വവും. ബാഷോയിലും ജയശീലനിലും എസ്.ജോസഫിലും എല്ലാം എന്റെ കവിതയുടെ വേരുകള്‍ എനിക്ക് തൊടാനാവുന്നുണ്ട്.


സച്ചിദാനന്ദന്‍ ഇങ്ങനെ നിരീക്ഷിക്കുന്നു; ‘ഈ കവി വന്‍ പ്രമേയങ്ങളെ വിട്ട് വാക്കുകളില്‍ ശില്പം കൊത്തിയെടുക്കുന്നു. കവിതയല്ലാത്തതെല്ലാം ചെത്തിക്കളഞ്ഞ് ഭാഷയെ മൗനത്തോടടുത്തു നില്‍ക്കുന്ന ധ്വനി മൂര്‍ത്തികളാക്കുന്നു.’ ഈ ശില്പവിദ്യയുടെ / കവിത കെട്ടലിന്റെ പ്രക്രിയ എങ്ങനെയാണ്?


ഏറ്റവും ഏകാന്തവും ഏകാഗ്രവും ആയ പ്രവൃത്തിയാണ് എനിക്ക് കവിതയെഴുത്ത് /കവിത കെട്ടല്‍. ഒരു തരിയില്‍ നിന്ന് സ്ഥലവും കാലവും പ്രാണനുമെല്ലാം കെട്ടിയുണ്ടാക്കുന്ന പണി, എനിക്ക് ധ്യാനം തന്നെ. ഏറെ സമയം എഴുത്തുകടലാസിനു മുന്നില്‍ ചെലവിട്ടാണ് തീരെച്ചെറിയ കവിത പോലും ഉണ്ടാവുന്നത്. ഓരോ വാക്കും ചേര്‍ന്ന് വരാനുള്ള കാത്തിരിപ്പുണ്ട്. ഓരോ വരിയും വെട്ടിയും ചെത്തിയും മൂര്‍ച്ചയുള്ളതാക്കുന്നു. എഴുതുമ്പോള്‍ത്തന്നെ എഡിറ്റു ചെയ്യുന്നുണ്ട്. ഞാന്‍ ഏറ്റവും സ്വതന്ത്രനായിരിക്കുന്ന ഒരു സമയം കൂടിയാണ് എഴുത്തുനേരങ്ങള്‍. അബോധത്തിന്റെയും ശരീരത്തിന്റെ തന്നെയും ഉള്‍മൊഴികളെ കേള്‍ക്കുന്ന നേരം.