എന്റെ അന്തസ് പാവപ്പെട്ടവന്‍ എന്നു പറയുന്നതാണ് – പെരുമ്പടവം ശ്രീധരന്‍

എന്റെ അന്തസ് പാവപ്പെട്ടവന്‍ എന്നു പറയുന്നതാണ്  – പെരുമ്പടവം ശ്രീധരന്‍

എഴുത്തുകാരുടെ കൂട്ടത്തില്‍ ഏറ്റവും കുറച്ച് സൗഹൃദങ്ങളുള്ള വ്യക്തിയാണ് ഞാന്‍. തികച്ചും ഒറ്റപ്പെട്ട് ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന മനുഷ്യന്‍. പാവപ്പെട്ട ഒരാളാണ് ഞാന്‍. ഒറ്റപ്പെട്ട ഒരാള്‍. എനിക്ക് കൂട്ടായി ഞാന്‍ മാത്രമേയുള്ളൂ. ഞാന്‍ തനിയെ നടന്നുപോകുന്ന ഒരാളാണ്. ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെ… തനിയെ നടന്നുപോകുന്ന മനുഷ്യന്‍. പാവപ്പെട്ടൊരു മനുഷ്യന്‍ എന്നാണ് ഞാന്‍ എന്നെ കുറിച്ച് പറയുന്നത്.


ഇലഞ്ഞിക്കാരനാണ് ഞാന്‍. എറണാകുളം ജില്ലയുടെ ഏറ്റവും തെക്കേ അറ്റത്താണ് ഞാന്‍ ജനിച്ചുവളര്‍ന്ന പെരുമ്പടവം എന്ന ഗ്രാമം. അവിടെ ഏറ്റവും ദരിദ്രമായ ഒരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. എനിക്ക് നാലുവയസ്സുള്ളപ്പോള്‍ എന്റെ അച്ഛന്‍ മരിച്ചു. പിന്നീട് എന്റെ അമ്മ കൂലിപ്പണിയെടുത്തിട്ടാണ് എന്നെ വളര്‍ത്തിയത്. എന്റെ ഏറ്റവും വലിയ അന്തസ് ഞാന്‍ ഒരു പാവപ്പെട്ടവനാണ് എന്നു പറയുന്നതാണ്.


ഇലഞ്ഞി സ്‌കൂളില്‍ എന്നെ മലയാളം പഠിപ്പിച്ചിരുന്നത് ഒരു കന്യാസ്ത്രീയാണ്. വേറെയുമുണ്ടായിരുന്നു അവിടെ കന്യാസ്ത്രീമാര്‍. അന്നുമുതലെ അവരോട് എനിക്ക് സ്‌നേഹമാണ്, ആദരവാണ്.


പഠിക്കാന്‍ വളരെ മോശമായിരുന്നു ഞാന്‍. ആരൊക്കെയോ പഠിച്ചു മുഷിഞ്ഞ പുസ്തകങ്ങളാണ് അമ്മ എനിക്ക് പാഠപുസ്തകങ്ങളായി വാങ്ങിത്തന്നിരുന്നത്. ഉച്ചയ്ക്ക് ഭക്ഷണമില്ല. സ്‌കൂളിലെ കിണറ്റില്‍ നിന്നുള്ള വെള്ളം കോരിക്കുടിച്ചിട്ട് സമീപത്തുള്ള വള്ളിയില്‍ കയറിയിരിക്കുന്ന മദ്ധ്യാഹ്നങ്ങളായിരുന്നു അന്ന് എന്റേത്.


അനുഗ്രഹത്തിന്റെ രണ്ട് പെരുങ്കടലുകള്‍

ഞാന്‍ കവിതയെഴുതുമെന്ന് സ്‌കൂളിലെ ഒരു കൂട്ടുകാരനോട് ഒരിക്കല്‍ പറഞ്ഞു. അവന്‍ എന്നെ ചതിച്ചു. അവന്‍ അത് ഞങ്ങളെ പഠിപ്പിച്ചിരുന്ന ക്ലാസ്സ് ടീച്ചറോട് പറഞ്ഞു. ടീച്ചര്‍ എന്നെ ഒരു കന്യാസ്ത്രീയുടെ അടുത്തേക്ക് കൊണ്ടുപോയി. ആകപ്പാടെ ഒരു വൈരുദ്ധ്യത്തിന്റെ പ്രതീകമായിരുന്നു ഞാന്‍ അപ്പോള്‍. പട്ടിണികൊണ്ട് എല്ലും തോലുമായ കുട്ടി.


‘നീ കവിത എഴുതുമോ’ എന്ന് കന്യാസ്ത്രീയമ്മ എന്നോടു ചോദിച്ചു. ഞാന്‍ മിണ്ടിയില്ല. ശിരസനക്കുക മാത്രം ചെയ്തു. അപ്പോള്‍ കന്യാസ്ത്രീയമ്മ എന്നോട് പറഞ്ഞു, ‘നാളെ വരുമ്പോള്‍ നാലഞ്ചു വരി കവിത എഴുതിക്കൊണ്ടുവരണം.’


ഞാന്‍ ആകെ പരിഭ്രമിച്ചുപോയി. പിറ്റേന്ന് കവിത എഴുതിക്കൊണ്ടുചെന്നില്ലെങ്കില്‍ എന്റെ അനുസരണക്കേട് ഹെഡ്മാസ്റ്ററുടെ അടുത്തെത്തുമെന്ന് ഞാന്‍ ഭയന്നു.


പ്രഗല്‍ഭനാണ് അന്ന് ഞാന്‍ പഠിച്ചിരുന്ന സ്‌കൂളിന്റെ ഹെഡ്മാസ്റ്റര്‍; എബ്രഹാം വടക്കേലച്ചന്‍. ചങ്ങമ്പുഴയുടെ ‘രമണന്‍’ എന്ന കൃതിക്ക് അവതാരിക എഴുതിയയാള്‍. കൈനിക്കരയുടെ ‘കാല്‍വരിയിലെ കല്പ പാദ’ത്തിനുവരെ അവതാരിക രചിച്ചിട്ടുള്ളയാള്‍!


അന്നു വൈകീട്ട് സ്‌കൂളില്‍ നിന്ന് മടങ്ങുമ്പോള്‍ വഴിയില്‍വച്ച് ആരോ എന്നെ പിന്നില്‍നിന്ന് വിളിച്ചു. തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ വീണ്ടും ഭയന്നു. അത് ആ കന്യാസ്ത്രീയമ്മയായിരുന്നു. ഞാന്‍ പരിഭ്രമത്തോടെ അവരുടെ അടുത്തേക്ക് നടന്നുചെന്നു.


അവരുടെ കണ്ണുകളില്‍ അപ്പോള്‍ അനുഗ്രഹത്തിന്റെ രണ്ടു പെരുങ്കടലുകള്‍ നിറഞ്ഞുനില്‍ക്കുന്നത് ഞാന്‍ കണ്ടു. അവര്‍ എന്നെ അടുത്തേക്ക് വിളിച്ചു പറഞ്ഞു, ‘നീ എഴുതണം, നിനക്ക് എഴുതാനുള്ള വാസനയുണ്ട്’ എന്ന്.


മലയാളത്തിന്റെ പ്രിയ കവയിത്രി മേരി ജോണ്‍ തോട്ടം ആയിരുന്നു അത്. സിസ്റ്റര്‍ മേരി ബനീജ്ഞ. അവരുടെയൊക്കെ കാറ്റടിച്ചിട്ടാണ് ഞാന്‍ പിന്നീട് ഇങ്ങനെ എഴുത്തുകാരനായത്. എന്നെ പഠിപ്പിച്ച ഗുരുനാഥന്മാരുടെ അനുഗ്രഹം ഒന്നു മാത്രമാണ് എന്നെ എഴുത്തുകാരനാക്കിയത്. എന്റെ അമ്മയുടെ കണ്ണീരും വേദനയും കണ്ടാണ് ഞാന്‍ വളര്‍ന്നത്.


എഴുത്തിന്റെ ലോകത്തേക്ക്

കവിതയാണ് ഞാന്‍ ആദ്യം എഴുതിയത്. പിന്നീട് ബഷീറിന്റെയും തകഴിയുടെയുമൊക്കെ കഥകള്‍ വായിച്ചപ്പോള്‍ ഞാന്‍ കഥയെഴുത്തിലേക്ക് കടന്നു. കവിത എഴുതിയാല്‍ ഭാവിയുണ്ടാകില്ലെന്ന് എനിക്ക് തോന്നി. അങ്ങനെ കഥയുടെ ലോകത്തേക്ക് വന്നു. ആദ്യം വായിച്ചത് ബഷീറിന്റെ ‘ബാല്യകാല സഖി’ ആയിരുന്നു. ഞാന്‍ ജനിച്ചു വളര്‍ന്ന പെരുമ്പടത്തുനിന്ന് ബഷീറിന്റെ ജന്മദേശമായ വൈക്കത്തേക്ക് 12 കിലോമീറ്ററേയുള്ളൂ.


ബാല്യകാലസഖി വായിച്ചപ്പോഴാണ് ഇസ്ലാം മതത്തെക്കുറിച്ചും ആ സമൂഹത്തെകുറിച്ചും ഞാന്‍ അറിഞ്ഞത്. ‘ബാല്യകാല സഖി’യുടെ വായന പുതിയൊരു ലോകംതന്നെ എനിക്കു മുന്നില്‍ തുറന്നിട്ടു.


എം.പി. പോള്‍ ആണ് ‘ബാല്യകാല സഖി’യുടെ അവതാരിക എഴുതിയത്. ‘ഇത് ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഒരേട്; ഇതിന്റെ വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു’ എന്നാണ് അവതാരികയില്‍ ‘ബാല്യകാലസഖി’യെ കുറിച്ച് എം.പി. പോള്‍ കുറിച്ചിട്ടിരുന്നത്. ബഷീറിന്റെ ആ കൃതി വായിച്ചപ്പോള്‍ എനിക്ക് മുന്നോട്ടു കയറിപ്പോകാന്‍ ഒരു കോണി കിട്ടിയപോലായി.


തുടര്‍ന്ന് ഞാന്‍ നാട്ടിലെ സര്‍പ്പക്കാവിനെ പശ്ചാത്തലമാക്കി ഒരു കഥ എഴുതി. എഴുതിവന്നപ്പോള്‍ അത് ഒരു നോവല്‍ പോലെ വലുതായി. അടുത്തൊരു വീട്ടില്‍ ഒരു കമ്മ്യൂണിസ്റ്റ് നേതാവുണ്ട്. അവിടെ ‘ജനയുഗം’ പത്രം വരുന്ന കാലമാണ്. ഞാന്‍ എന്റെ നോവല്‍ ആ പത്രത്തിന് അയച്ചുകൊടുത്തു. കാപ്പി കുടിക്കാന്‍ എട്ടണ സ്ഥലത്തെ പോസ്റ്റുമാന് നല്‍കി. നോവല്‍ അച്ചടിച്ചുവന്നാല്‍, പോസ്റ്റില്‍ പത്രമെത്തിയാല്‍ നേരെ എനിക്ക് കൊണ്ടുവന്ന് നല്‍കണമെന്ന് ശട്ടംകെട്ടി.


പിന്നെ കാത്തിരിപ്പായിരുന്നു. ഒടുവില്‍ നാലു മാസം കഴിഞ്ഞപ്പോള്‍ ‘ജനയുഗ’ത്തില്‍ ഒരു പരസ്യം കണ്ടു, പെരുമ്പടവം ശ്രീധരന്റെ നോവല്‍ അടുത്ത ലക്കം മുതല്‍ പ്രസിദ്ധീകരിക്കുന്നു എന്ന്!


എഴുതി വന്നപ്പോള്‍ വിശ്വാസത്തിന്റെ നിരര്‍ത്ഥകതയെ കുറിച്ചായിപോയിരുന്നു ആ നോവല്‍. വിശ്വാസവും അനുഭവവും തമ്മിലുള്ള വ്യത്യാസമായിരുന്നു അതില്‍ മുഴച്ചുനിന്നിരുന്നത്. പ്രിസദ്ധീകരിച്ചുവന്നപ്പോള്‍ കാവിന്റെ പേരില്‍ ചിലര്‍ തല്ലാന്‍ വന്നു. ഞാന്‍ അപ്പോള്‍ ഒളിച്ചു നടന്നു.

വഴിത്തിരിവ്

വായനയുടെ ഓണമായിരുന്നു അക്കാലത്ത് എനിക്ക്. ധാരാളം വായിക്കും. നിരന്തരമായ വായന. വഴിയില്‍ കിടക്കുന്ന കീറക്കടലാസ്‌പോലും ഞാന്‍ അങ്ങനെ എടുത്ത് വായിച്ചിട്ടുണ്ട്. അങ്ങനെ നിരന്തരം വായിച്ചുവായിച്ചാണ് എന്നില്‍ എഴുത്തിന്റെ വഴി തെളിഞ്ഞുവന്നത്.

പിന്നീട് ഞാന്‍ മദിരാശിയില്‍ പോയി. സ്‌നേഹിച്ച പെണ്ണിനെയും കൊണ്ടാണ് മദിരാശിക്ക് പോയത്. വിവാഹം കഴിച്ചില്ല. അവള്‍ മരിച്ചുപോയി. മദിരാശിയില്‍ നിന്ന് തിരിച്ചുവന്ന് ഞാന്‍ ഒരു മാസിക തുടങ്ങിയെങ്കിലും അത് പൊളിഞ്ഞുപോയി. തുടര്‍ന്ന് രണ്ടു നോവലുകളെഴുതി അതുമായി തിരുവനന്തപുരത്തിനു പോയി.