വിലാപങ്ങളെ നൃത്തമാക്കിയവന്‍ – ജോര്‍ജ് ജോസഫ് കെ./ രാജേശ്വരി പി.ആര്‍
ജീവിതാനുഭവങ്ങളെ തീവ്രഭാഷയില്‍ ആവിഷ്‌ക്കരിച്ച് മലയാള ചെറുകഥാ ശ്രേണിയെ കീഴടക്കിയ കഥാകൃത്താണ് ജോര്‍ജ് ജോസഫ് കെ. അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നുകൊണ്ട് വായനക്കാരുടെ ഉള്ളം പൊള്ളിച്ച ഈ കഥാകാരന്റെ കഥകള്‍ക്കൊപ്പം മരണം നിഴല്‍പോലെ സഞ്ചരിക്കുന്നുണ്ടായിരുന്നു. മലയാളിയുടെ വായനയെ തീഷ്ണതയുടെ തലത്തിലേക്ക് ആവാഹിച്ച കഥാകൃത്ത്. അലസതയും അംഗീകാരങ്ങളോടുള്ള താല്പര്യമില്ലായ്മയുമാണ് ഈ മനുഷ്യനെ പുരസ്‌ക്കാരങ്ങളുടെ പടവുകളില്‍ നിന്നും ഒഴിച്ചു നിര്‍ത്തുന്നത്. ജീവിതത്തില്‍ എന്നും പച്ച മനുഷ്യനായി ഒതുങ്ങിക്കൂടുകയാണ് ഈ കഥാകാരന്‍ ഇന്നും.
1. തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍കൊണ്ട് ചെറുകഥാ സാഹിത്യത്തെ പിടിച്ചുലച്ച കഥാകൃത്താണല്ലോ താങ്കള്‍. എന്നാല്‍ ഇപ്പോള്‍ ഏറെക്കാലമായല്ലോ താങ്കള്‍ ഒരു കഥ എഴുതിയിട്ട്. എന്തുകൊണ്ടാണ് എഴുത്തില്‍ നിന്ന് ഇത്രയും അകലാന്‍ ഉണ്ടായ സാഹചര്യം ?
എഴുത്ത് എനിക്ക് ഹരമായ ഒരു സംഗതിയൊന്നുമല്ല ഇപ്പോള്‍. അതുകൊണ്ടുതന്നെ ഇപ്പോള്‍ നാലുവര്‍ഷക്കാലമായി തൃപ്തി ലഭിച്ച ഒരു കഥ ഞാന്‍ എഴുതിയിട്ടുമില്ല. ഇടയ്ക്ക് റേഡിയോ നിലയത്തിലെ ആത്മസുഹൃത്തുക്കളുടെ നിര്‍ബന്ധത്താല്‍ എഴുതിയിട്ടുണ്ട്. അത് സംപ്രേഷണം ചെയ്തിട്ടുണ്ടെങ്കിലും അവ പ്രസിദ്ധീകരിക്കാന്‍ അയച്ചിട്ടില്ല ഇതുവരെ. അടുത്തകാലത്ത് നമ്മുടെ ചെറുപ്പക്കാര്‍ എഴുതുന്ന അതിശക്തമായ കഥകള്‍ വായിക്കുമ്പോള്‍ (സോക്രട്ടീസ് വാലത്ത്, ഫ്രാന്‍സിസ് നൊറോണ, ബിനോയ് തോമസ്, വിനോദ് കൃഷ്ണ) അവരോടൊപ്പം ഓടിയെത്താന്‍ കഴിയാത്ത എന്നിലെ സര്‍ഗ്ഗാത്മപരമായ അലസത അതായിരിക്കാം ഞാന്‍ എഴുത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നത്. ചില ചെറിയ പ്രസിദ്ധീകരണങ്ങള്‍ക്ക് അയച്ച കഥയില്‍ പോലും എന്റെ എഴുത്തിന്റെ പഴയ ശക്തി ഇല്ലായിരുന്നു എന്ന് പലരും പറഞ്ഞതിനാലും ഞാന്‍ എഴുത്തില്‍ നിന്നും പിന്‍തിരിഞ്ഞു. പക്ഷേ, ഉള്ളില്‍ എഴുത്തു നടക്കുന്നുണ്ട്, പുറത്തു വരുന്നില്ലെന്നു മാത്രം.
2. ‘അവന്‍ മരണയോഗ്യന്‍’, ‘കസേരകളി’ തുടങ്ങിയ താങ്കളുടെ കഥകളിലെല്ലാം വിരഹത്തിന്റെ, വേദനയുടെ ഒരു ആന്തല്‍ കാണാനാവുമല്ലോ. ഇതെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ താങ്കളുടെ ജീവിതവുമായി ബന്ധപ്പെട്ടവയാണോ ?
‘അവന്‍ മരണയോഗ്യന്‍’ എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ഒരു സംഭവം തന്നെയാണ്. പത്താംക്ലാസ്സ് പബ്ലിക് എക്‌സാമിനേഷന്‍ നടക്കുമ്പോള്‍ കണക്ക് പരീക്ഷയുടെ അന്ന് ഞാന്‍ എറണാകുളം ലിറ്റില്‍ ഷേണായിസില്‍ പോയി മോണിംഗ് ഷോ കണ്ടു. അതൊരു കൗബോയ് ഇംഗ്ലീഷ് സിനിമയായിരുന്നു. കുറെനാള്‍ മുമ്പ് മരിച്ചു പോയ ക്ലിന്റിസ്റ്റുഡ് എന്ന നടന്‍ അഭിനയിച്ച ചിത്രം. ഞാന്‍ കണക്കു പരീക്ഷ കട്ട് ചെയ്ത് സിനിമയ്ക്ക് പോയ കാര്യം കൂട്ടുകാര്‍ പറഞ്ഞ് അപ്പനറിഞ്ഞിരുന്നു. സത്യത്തില്‍ കണക്ക് എന്റെ ജീവിതത്തില്‍ എന്നും ഒരു ബോറന്‍ വിഷയമായിരുന്നു. അതുകൊണ്ടുതന്നെ ആ പരീക്ഷയുടെ സമയം ഞാന്‍ തീയറ്ററില്‍ ഇരുന്ന് ശരിക്ക് ആസ്വദിച്ചു. ക്ലിന്റിസ്റ്റുഡ് കുതിരപ്പുറത്തു പാഞ്ഞുനടന്ന് എതിരാളികളെ തോക്ക് കൈകളില്‍ കറക്കി വെടിവയ്ക്കുന്നതുകണ്ട് ഞാന്‍ ജീവിതത്തിലെ ബോറടിയെ അകറ്റി നിര്‍ത്തി ആ സമയങ്ങളില്‍. ഞാന്‍ ആ കാലങ്ങളിലാണ് തൃപ്തിയോടെ ജീവിച്ചത്. ഒരു വിലക്കുകളും എന്റെ ജീവിതത്തിന് അതിരുകള്‍ ഇട്ടില്ല. എന്റെ ഉഴപ്പുകൊണ്ട് പത്തില്‍ തോറ്റപ്പോള്‍ അപ്പന്‍ എന്നെ ഒത്തിരി ശകാരിക്കുകയും തല്ലുകയും ചെയ്യുമെന്ന് ഞാന്‍ കരുതി. പക്ഷേ, അപ്പന്‍ എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു. അപ്പന്‍ സ്‌നേഹത്തോടെ എന്റെ തോളില്‍ കയ്യിട്ടിട്ട് ഇങ്ങനെ പറഞ്ഞു: ”തോറ്റല്ലേ? ഞാന്‍ അറിഞ്ഞു ക്ലിന്റിസ്റ്റുഡിന്റെ പടം കണ്ട കാര്യം. പക്ഷേ, ഒന്നുണ്ട് മോനേ തെങ്ങിന്റെ മുകളറ്റം വരെ നെഞ്ചുരച്ച് വലിഞ്ഞു കേറിയിട്ട് തേങ്ങയോ കരിക്കോ പോട്ടെ, ഒരു വെള്ളക്ക (മച്ചിങ്ങ) പോലും പറിക്കാതെ നീ ഇറങ്ങിപ്പോന്നതത്ര മിടുക്കായിട്ട് അപ്പന് തോന്നിയില്ല. നിനക്ക് എന്ത് തോന്നിയെന്ന് എനിക്കറിയില്ല. ങ്ങാ… സാരമില്ല. തീയും വെള്ളവും തിരിച്ചറിയാന്‍ തക്ക പ്രായവും ബുദ്ധിയുമൊക്കെ ആയല്ലോ? ഇനി മോന്‍ മോന്റെ ഇഷ്ടംപോലെ ജീവിക്ക്. ആരും നിന്നെ ഉപദേശിച്ചിട്ട് കാര്യമില്ല. ഉപദേശം ഒരു മഹാബോറാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് നിന്റെ അപ്പനും. എന്നാലും നിന്നോട് ഇത്രയും പറയാതിരുന്നാല്‍ എനിക്കൊരു സുഖവുമില്ല. മോന്റെ ഇഷ്ടംപോലെ ജീവിക്ക്…”
അപ്പന്‍ എന്നെ തല്ലിയില്ല, ഉപദേശിച്ചില്ല. പക്ഷേ, അപ്പന്റെ ആ പറച്ചില്‍ നെഞ്ചിലേറ്റ കൂടം കൊണ്ടുള്ള ഒരടിയായി എനിക്കു തോന്നി. നര്‍മ്മത്തില്‍ ചാലിച്ച ഒരു സുഖമൊന്നുമായിരുന്നില്ല അത്. ഞാന്‍ പിന്നെ പത്താംക്ലാസ്സ് ജയിക്കാന്‍ ടൂട്ടോറിയലിലൊന്നും പോയില്ല. റിസല്‍ട്ട് വന്നതിന്റെ പിറ്റേന്നുതന്നെ കൂലിപ്പണിക്ക് പോയിത്തുടങ്ങി. അയല്‍വാസിയായ കൂട്ടുകാരന്‍ പീറ്റര്‍ വാര്‍ക്കപ്പണിക്കാരനാണ്. ഞാന്‍ അവന്റെ കൂടെക്കൂടി. വാര്‍ക്കപ്പണി ഇല്ലാത്തപ്പോള്‍ എറണാകുളം നഗരത്തിലുടനീളം ഇഷ്ടിക, കുമ്മായം, സിമന്റ്, ചരല്‍ എന്നിവ എത്തിക്കാനായി നെട്ടോട്ടം. എരിവെയിലത്തും മഴയത്തും ഗോപിയോടൊപ്പം ഭാരവണ്ടി വലിച്ച് ജോലി ചെയ്തു. ‘അവന്‍ മരണയോഗ്യന്‍’ എന്ന കഥയെഴുതുവാനിടയായ സംഭവം, എസ്.ആര്‍.എം. റോഡിലെ മദര്‍ തെരേസയുടെ അനാഥമന്ദിര കെട്ടിടത്തിന്റെ പണിക്ക് ഞാന്‍ ചെന്നതോടെയാണ്. ആ കെട്ടിടത്തിന്റെ പണിയില്‍ ഏര്‍പ്പെട്ട ഞാന്‍ കെട്ടിടത്തിന്റെ മുകള്‍നിലയില്‍ നിന്നുംവീണു. ഭാഗ്യത്തിനു ചത്തില്ല. ആശാന്‍ നിലപ്പുറത്തു നില്‍ക്കുന്ന എന്നെ നീളന്‍ പലക വെട്ടിമുറിച്ച കാരണത്തിന് ദേഷ്യത്തില്‍ മുഴക്കോല്‍ വീശി അടിക്കാന്‍ ശ്രമിച്ചു. അത്രേയുള്ളൂ. അടി ഭയന്ന ഞാന്‍ താഴേയ്‌ക്കൊന്നു മലച്ചു. താഴെ വീണ് രണ്ടു പത്തവാരിയെല്ല് ഒടിഞ്ഞു. ആ വീഴ്ചയുടെ അനുഭവമാണ് ‘അവന്‍ മരണയോഗ്യന്‍’ എന്ന കഥയ്ക്ക് നിദാനം. അവന്‍ മരണയോഗ്യനിലെ കഥാപാത്രങ്ങള്‍ തദേവൂസ് ഞാനും, ചവരോ എന്റെ ഒപ്പം ജോലി ചെയ്ത ആശാന്‍ തോമസ് ചേട്ടനുമാണ്. പിന്നീട് ഈ കഥ എം.ജി. യൂണിവേഴ്‌സിറ്റി ബിരുദങ്ങള്‍ക്ക് പാഠ്യവിഷയവുമായി. സ്‌കൂള്‍ ഫൈനല്‍ പാസാകാത്തയാളുടെ കഥ അങ്ങനെ സര്‍വകലാശാലയിലെ കുട്ടികള്‍ പഠിച്ചു എന്നത് മറ്റൊരു തമാശ.
‘കസേരകളി’ എന്നെ നിരന്തരം വിട്ടൊഴിയാത്ത എന്റെ കുടുംബത്തിലെ രോഗപീഡകളാണ് എഴുതിച്ചത്. ക്ലേശങ്ങളും ദുരിതങ്ങളും സാധാരണക്കാരനെ രക്ഷപ്പെടാനാകാത്തവിധം കാണാക്കയങ്ങളിലേക്ക് വലിച്ചു താഴ്ത്തിക്കളയുന്ന അവസ്ഥ ഞാന്‍ ഒത്തിരി അനുഭവിച്ചിട്ടുണ്ട് ജീവിതത്തില്‍. അത് ഒരു കൊന്തയിലെ മുത്തുമണികള്‍ പോലെതന്നെയാണ്. വിശ്വാസി അത് ഉരുട്ടി നിരന്തരം പ്രാര്‍ത്ഥിക്കുംപോലെ അത് തുടര്‍മാനം തന്നെ. വിലാപങ്ങളുടെ മന്ത്രങ്ങളായി ജീവിതത്തില്‍ അത് ഉരുവിട്ടുകൊണ്ടേയിരിക്കും. രോഗം, അതൊരു കസേരകളി തന്നെയായി മാറി. രോഗത്തില്‍ നിന്ന്… മരണത്തില്‍ നിന്ന് ജയിക്കാനുള്ള ഒരു കസേര ഓട്ടമത്സരം.
കഥ എഴുതുമ്പോള്‍ അതില്‍ മരണത്തിന്റെ ഒരു കണിക മിക്കപ്പോഴും ഉള്‍പ്പെടാറുണ്ട്. എനിക്ക് ഒന്നര വയസ്സുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്. ഞാന്‍ ഒമ്പതാമത്തെ കുട്ടിയായിരുന്നു. പത്താമത്തെ പ്രസവം ആശുപത്രിയില്‍ ആയിരിക്കണമെന്ന അമ്മയുടെ ആഗ്രഹത്തെ തുടര്‍ന്ന് വയറ്റാട്ടിയെ ഒഴിവാക്കി ഗവ. ആശുപത്രിയിലായിലേക്ക് പോകുകയായിരുന്നു. പിന്നെ ചേതനയറ്റ ശരീരത്തോടെ ആംബുലന്‍സിലാണ് അമ്മ മടങ്ങി വന്നത്. അമ്മയുടെ മരണഫോട്ടോയുടെ ഫ്രെയിമില്‍ ഞാനും ഉള്‍പ്പെട്ടു പോയി. അമ്മ മരിച്ച് പതിനെട്ട് ദിവസങ്ങള്‍ക്ക് ശേഷം അനിയന്‍ മരിച്ചു. അങ്ങനെ വീണ്ടുമൊരു മരണപ്പന്തല്‍ വീട്ടുമുറ്റത്ത് ഒരുങ്ങി. പിന്നീടങ്ങോട്ട് മരണത്തിന്റെ ഒരു ഘോഷയാത്രതന്നെയായിരുന്നു. എന്നെ വളര്‍ത്തിയ അമ്മായി മരിച്ചു, അപ്പന്റെ അനിയന്‍ മരിച്ചു, പിന്നെ എന്റെ സഹോദരങ്ങള്‍… അങ്ങനെ മരണത്തിന്റെ നിത്യമായ ഒരു താളാത്മക അന്തരീക്ഷമായിരുന്നു വീട്ടില്‍. കഥകളിലെല്ലാം അതിന്റെ തീവ്രതയും ശക്തമായിട്ടുണ്ട്.
3. ജീവിതത്തില്‍ നിഷേധാത്മക നിലപാടിലൂടെ സഞ്ചരിച്ച് ഒടുവില്‍ മരണത്തില്‍ അഭയം തേടാന്‍ ഒരുങ്ങിയിരുന്നല്ലോ. ജീവിതത്തിലേക്കുള്ള രണ്ടാം വരവിനെ കുറിച്ച്, ആ അനുഭവങ്ങളെ കുറിച്ച് എന്താണ് പറയാനുള്ളത്?
മനുഷ്യജീവിതം ശാശ്വതമാകുന്നത് എപ്പോഴും മരണത്തിലൂടെയാണ്. അതുവരെ ആര്‍ക്കും എന്തു കളിയും കളിക്കാം. എന്റെ ജീവിതത്തില്‍ മരണമൊരു നിത്യകൂട്ടുകാരനെ പോലെയായിരുന്നു. അതുകൊണ്ടാണ് ഞാന്‍ രണ്ടുതവണ ആത്മഹത്യാശ്രമം നടത്തിയപ്പോഴും ഒട്ടും ഭയമില്ലാതിരുന്നത്. ജീവിതം മടുക്കുവാന്‍ മാത്രം ഞാന്‍ ജീവിതത്തെ ഒത്തിരി ആസ്വാദിച്ചാസ്വദിച്ച് അങ്ങേയറ്റം അറമാദിച്ചവനാണ്. ഏതു ദുരിതദുഃഖ സാഹചര്യങ്ങളേയും ഒരു സര്‍ക്കസ് കോമാളിയെപ്പോലെ ഞാന്‍ ചിരിച്ചു നേരിട്ടു. സത്യം മറച്ചുപിടിച്ച് മറ്റുള്ളവരെ സത്യത്തില്‍ കളിയാക്കുന്നതിനു തുല്യമാണതെന്ന് പിന്നീടെനിക്കു മനസിലായി. എന്നോടുതന്നെ അവജ്ഞയും പുച്ഛവും തോന്നിത്തുടങ്ങി എനിക്ക് ആ കാലങ്ങളില്‍. എന്നാല്‍ പിന്നെ ഈ കോമാളിവേഷം അങ്ങ് അവസാനിപ്പിക്കുന്നതല്ലേ ഭംഗി എന്നു തോന്നി. അതിന് ഞാന്‍ വിചാരിച്ചാല്‍ ജീവിതം എന്നില്‍ വിരാമമിട്ട് അങ്ങ് പോകില്ലല്ലോ? ഞാന്‍ തന്നെ അത് സ്വയം അവസാനിപ്പിക്കണമല്ലോ? അതിനുവേണ്ടി ഞാന്‍ രണ്ട് ആത്മഹത്യാശ്രമങ്ങള്‍ നടത്തി. ഒന്നു പുഴയില്‍ ചാടി മരിക്കാന്‍, രണ്ട് ഉറക്കഗുളികകള്‍ കഴിച്ചു. പക്ഷേ, എന്റെ രണ്ടു ശ്രമങ്ങളേയും പരാജയപ്പെടുത്തി, സ്‌നേഹനിധികളായ രണ്ടു മനുഷ്യര്‍. മുങ്ങിമരിക്കലിനെ ഒരു പോസ്റ്റുമാനും, ഉറക്കഗുളിക മരണത്തെ എന്റെ രണ്ടാമത്തെ ചേട്ടന്‍ അഗസ്റ്റിനും. അതൊക്കെ പറയാന്‍ പോയാല്‍ ഒരു നീണ്ട കഥ തന്നെ എഴുതേണ്ടിവരും.
ആത്മഹത്യാശ്രമത്തിനു ശേഷമുള്ള ജീവിതത്തിലെ രണ്ടാം വരവിലാണ് ഞാന്‍ എഴുത്തുകാരനായി മാറിയത്. എഴുതിയാലും എഴുതിയാലും തീരാത്തത്ര അനുഭവതീവ്രതയുള്ള ജീവിതം എന്റെ ഹൃദയത്തില്‍ പൊട്ടിത്തെറിക്കാന്‍ വെമ്പല്‍ കൊള്ളുന്ന അഗ്നിപര്‍വ്വതങ്ങളായി മാറി.
ആരും കഥയെഴുതാന്‍ നിര്‍ബന്ധിച്ചില്ല. എഴുത്തിന്റെ ലോകം എന്തെന്നുപോലും അറിയില്ല. ഇടിഞ്ഞുപൊളിഞ്ഞ് നിലംപൊത്താറായ വൈദ്യുതി ഇല്ലാത്ത പഴയ വീട്ടില്‍ കരിപിടിച്ച റാന്തല്‍ വെളിച്ചത്തിലിരുന്ന് ഞാനെഴുതിയ ഡയറിക്കുറിപ്പുകള്‍ക്ക് കഥയുടെ ക്രാഫ്റ്റും ഭാഷയുടെ കരുത്തും ഉണ്ടെന്ന് തിരിച്ചറിഞ്ഞത് എന്റെ സ്‌നേഹിതനായ പി.എഫ്. മാത്യൂസാണ്. പിന്നെ ഞങ്ങളുടെ കോമ്പാറ കോക്കസിലേക്ക് കടന്നുവന്ന ജോസഫ് മരിയന്‍, തോമസ് ജോസഫ്, സോക്രട്ടീസ് വാലത്ത്, സി.ടി. തങ്കച്ചന്‍ എന്നിവര്‍. പക്ഷേ, എന്നെ സമൂഹത്തില്‍ അറിയപ്പെടുന്ന കഥാകാരന്‍ ആക്കാന്‍ എന്റെ ആദ്യ കഥ കണ്ടെത്തിയതും അച്ചടിക്കാന്‍ തെരഞ്ഞെടുത്തതും പണ്ടത്തെ വീക്ഷണത്തിന്റെ സഹപത്രാധിപസ്ഥാനത്തുണ്ടായിരുന്ന എഴുത്തുകാരന്‍ യു.കെ. കുമാരനാണ്. ജോര്‍ജ് ജോസഫ് കെ. എന്ന പേര് സാഹിത്യത്തിന്റെ മുഖച്ചുവരില്‍ കൊത്തിവച്ചുതന്ന യു.കെ.യോട് കടപ്പാടല്ല, തീര്‍ത്താല്‍ തീരാത്ത സ്‌നേഹമാണ്.