തോമസ് മാത്യു

നവോത്ഥാനം എന്നത് ചരിത്രത്തില്‍ ഒരിക്കല്‍ സംഭവിച്ച് ഇല്ലാതായ ഒരു പ്രവണതയോ പ്രസ്ഥാനമോ ആണെന്ന തെറ്റിദ്ധാരണയാണ് ഉള്ളത്. ആ വീക്ഷണം തീരെ ശരിയല്ല. അത് യൂറോപ്പില്‍ ഒരിക്കല്‍ സംഭവിച്ചതില്‍ ഒന്നിന് നമ്മള്‍ കൊടുത്ത പേരാണ്. അതേസമയത്തു തന്നെ ഈ തരത്തിലുള്ള ഉണര്‍വ്വുകള്‍ പല ഘട്ടങ്ങളില്‍ ലോകത്തിലുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്. നമ്മള്‍ സത്യമെന്നും യാഥാര്‍ത്ഥ്യമെന്നും മൂല്യങ്ങളെന്നുമൊക്കെ പറയുന്നവ, ജഡീഭവിച്ച് അന്ധകാരത്തിലേക്ക് വഴുതി പോകുന്ന ഘട്ടങ്ങളില്‍ ഉണ്ടാകുന്ന പുതിയ ഉണര്‍വ്വാണ് നവോത്ഥാനമായി (Renaissance) പ്രത്യക്ഷപ്പെടുന്നത്. ആ മൂല്യങ്ങള്‍ വീണ്ടെടുത്ത് ഒരു പുതിയ ഉണര്‍വ്വ് ലോകത്തില്‍ വരുന്നതാണ് ഇവിടെ സംഭവിക്കുന്നത്. അതില്‍ സംഭവിച്ച ഒന്ന് അസാധാരണമായ ആവിഷ്‌ക്കരണം നടന്നുവെന്നതാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും അറിവിന്റെ എല്ലാ മേഖലകളിലും പുതിയ ഉണര്‍വ്വുണ്ടാകുകയും എല്ലാ മേഖലകളിലും സൃഷ്ടിന്മുഖമായ ഒരു കാലഘട്ടമുണ്ടാവുകയാണെങ്കില്‍ അതാണ് നവോത്ഥാനം എന്ന് പറയുന്നത്. പലപ്പോഴും അത് നിലവിലുള്ളതിനെ നിഷേധിച്ചുകൊണ്ട് പുതിയതിലേക്ക് വരുന്നതാവാം. ബുദ്ധന്റെ കാലത്തൊക്കെ സംഭവിച്ചത് അതാണ്. ജീവിതം അന്ധവിശ്വാസപൂര്‍ണ്ണമായിത്തീര്‍ന്ന ഒരു ഘട്ടത്തില്‍ ബുദ്ധന്‍ അതിനെ ചോദ്യം ചെയ്യുകയും മനുഷ്യകേന്ദ്രീകൃതമായ ഒരു പുതിയ വീക്ഷണം അവതരിപ്പിക്കുകയും ചെയ്തു. നവോത്ഥാനത്തിന്റെ ഒരു മുഖം അതാണ്. മനുഷ്യനിലേക്ക്, വ്യക്തിയിലേക്ക് അത് ചുരുങ്ങി. അവനവന്‍ തന്നെയാണ് അവനവന്റെ വിളക്കാവുന്നത്. എന്റെ ഉള്ളിലെ വെളിച്ചത്തെ ഞാന്‍ പൊലിപ്പിച്ചെടുത്താണ് എനിക്ക് വഴി നടക്കാന്‍ കഴിയേണ്ടത് എന്ന അവബോധം വരണം. ആ സൃഷ്ടി സാധ്യമാകണമെങ്കില്‍ മനുഷ്യവ്യക്തിയെ കുറിച്ചും അവന്റെ നിലീനമായ സിദ്ധികളെക്കുറിച്ചുമുള്ള വലിയ ബോധ്യമുണ്ടാകണം. ഓരോ മനുഷ്യനും അപാരമായ സിദ്ധികളുമായ് ജനിക്കുന്നു. ആ സിദ്ധികളെ പരിപൂര്‍ണ്ണമായും സാക്ഷാത്ക്കരിക്കാനുള്ളതാണ് അവന്റെ കര്‍മ്മജീവിതം എന്നു പറയുന്നത്. ആ കര്‍മ്മജീവിതത്തിന് വിഘാതമായി യാതൊന്നുമുണ്ടാകാതിരിക്കുക എന്നതാണ് ഒരു സമൂഹത്തിന്റെ ശ്രേഷ്ഠമായ ഭാവം. എന്റെ സ്വാതന്ത്ര്യത്തിന്, എന്റെ ആവിഷ്‌കാരത്തിന്, എന്റെ ഞാനായി തീരലിന്റെ പ്രക്രിയയ്ക്ക് വിഘാതമായി യാതൊന്നും സംഭവിക്കാതിരിക്കുക എന്നത് സമൂഹത്തിന്റെ ശ്രേഷ്ഠതയാണ്. അതുകൊണ്ടാണ് മനുഷ്യനാണ് മാനദണ്ഡം എന്നു പറയുന്ന പ്രസിദ്ധനായ പ്രോട്ടോവേഴ്‌സിന്റെ വചനം നവോത്ഥനത്തിന്റെ മുദ്രാവാക്യമായി ആളുകള്‍ സ്വീകരിച്ചത്.
യൂറോപ്പിലെ നവോത്ഥാനവും ഇന്ത്യയിലെ നവോത്ഥാനവും തമ്മിലുള്ള ഒരു വ്യത്യാസം നവോത്ഥാനത്തിന്റെ ഒരു സവിശേഷതയായി സെക്കുലറിസത്തെക്കുറിച്ച് പറയാറുണ്ട്. എല്ലാം മതം കയ്യടക്കിവച്ചിരിക്കുകയാണ്. തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ ലൈബ്രറി കൊള്ളയടിച്ചപ്പോഴാണ് നവോത്ഥാനം ഉണ്ടായതെന്നു പറയപ്പെടുന്നത്. അത് പ്രതീകാത്മകമായ ഒരു കാര്യമാണ്. മൊണാസ്ട്രിയില്‍ സൂക്ഷിച്ചിരുന്ന പുസ്തകങ്ങള്‍ തെരുവിലെ മനുഷ്യന്റെ കയ്യിലെത്തുന്നു. ജ്ഞാനം മനുഷ്യനിലേക്ക് പകരുമ്പോഴാണ് നവോത്ഥാനം ഉണ്ടാകുന്നത്. എല്ലാവരും ജ്ഞാതൃഷ്ണയുള്ളവരായി തീരുന്നു. ഇവിടെ സെക്കുലറിസം എന്നു പറയുന്നത് മതനിരപേക്ഷപമല്ല, മതേതരമായ ഒരു സംസ്‌കൃതിയാണ്. ഇന്ത്യയില്‍ വരുമ്പോള്‍ നമ്മുടെ പരിഷ്‌കൃതികള്‍ മുഴുവന്‍ സംഭവിക്കുന്നത് മതത്തിന്റെയും സമൂഹത്തിന്റെയും അടരുകളിലാണ്. ഇന്ത്യയിലെ ദേശീയ പ്രസ്ഥാനം ആരംഭിക്കുന്നത് സന്യാസിമാരുടെ സമരവുമായിട്ടാണ്. അതുകൊണ്ട് നമ്മുടെ ജാതിവ്യവസ്ഥ മനുഷ്യനെ ഉച്ചനീചത്വമുള്ള പല തട്ടുകളിലായി വിഭജിച്ച സമയത്ത് അത് തട്ടിമാറ്റിക്കൊണ്ട് മനുഷ്യന്റെ സമത്വം എന്ന ആശയത്തിലേക്ക് വന്നു. സമത്വമില്ലാത്തിടത്ത് ജനാധിപത്യം സാധ്യമല്ല. എല്ലാവരും ഒരുപോലെ ആണെങ്കില്‍ മാത്രമേ ജനാധിപത്യം സാധ്യമാവൂ. എല്ലാവര്‍ക്കും ഒരുപോലെ സാധ്യതകള്‍ ഉണ്ട്. അതിനായി അവസരം കൊടുത്താല്‍ എല്ലാവര്‍ക്കും മുമ്പിലേക്ക് വരുവാനുള്ള അവബോധം ഉണ്ടാകും. എല്ലാ മനുഷ്യരുടെയും ആവിഷ്‌ക്കരണത്തിനുള്ള അവസരം ഉണ്ടാക്കുക എന്നത് നമ്മുടെ നവോത്ഥാനത്തിന്റെ പ്രധാനപ്പെട്ട ഒരു വസ്തുതയായിരുന്നു. അതുകൊണ്ട് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ സെക്കുലര്‍ എന്നു പറയുന്നത് മതേതരത്വമല്ല, മതനിരപേക്ഷതയാണ്. യൂറോപ്പിലെ നവോത്ഥാനം മതത്തിനു അന്യമാണ്. ഇവിടെ എല്ലാ മതത്തെയും മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും ബഹുമാനിക്കുവാനുമുള്ള സന്നദ്ധതയാണ് കാണുന്നത്. അന്യമതങ്ങളോട്, അന്യഅഭിപ്രായങ്ങളോട്, അന്യവീക്ഷണങ്ങളോടുള്ള സഹിഷ്ണുത എന്നത് ഇവിടെ വളരെ പ്രധാനമായി തീര്‍ന്നു. അത് ജനാധിപത്യത്തിന്റെ വളരെ അടിസ്ഥാനപരമായ മൂല്യമായി നമ്മള്‍ സങ്കല്പിക്കുന്ന ഒന്നാണ്. തുല്യതയുള്ള ആളുകളുടെ വിയോജിപ്പുകള്‍, ആ വിയോജിപ്പ് നിലനിര്‍ത്തിക്കൊണ്ടുള്ള കൂട്ടായ്മയാണ് സമൂഹത്തെ അര്‍ത്ഥമുള്ളതായിത്തീര്‍ക്കുന്നത്. ഈ പ്രവണതകള്‍ പതുക്കെ പതുക്കെ നമ്മുടെ സമൂഹത്തില്‍ നിന്ന് മാറിപ്പോകുന്നുണ്ട്. സ്വാതന്ത്ര്യം, വ്യക്തിത്വ വികാസം, മറ്റുള്ളവരെ അംഗീകരിക്കാനുള്ള സന്നദ്ധത, സത്യത്തിനു അഭിമുഖമായി സഞ്ചരിക്കാനുള്ള അഭിവാഞ്ജ ഇതെല്ലാം കൂടി ചേര്‍ന്നിട്ടാണ് നവോത്ഥാനം ഉണ്ടാകുന്നത്. മറ്റൊന്ന് നവോത്ഥാനത്തോടൊപ്പം വികസിച്ചു വന്ന ഒന്നാണ് മതോദ്ധാരണ മനോഭാവം ( Revivalism). ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നതില്‍ ഏതാണ് renaissence ഏതാണ് revivalism എന്നു പറയാന്‍ കഴിയാത്ത അവസ്ഥയിലെത്തിയിരിക്കുന്നു. ഏറ്റവും വലിയ മതോദ്ധാരണ മനോഭവമുള്ളവര്‍ എടുത്തുകാണിക്കുന്നത് നവോത്ഥാന നായകന്മാരെയാണ്. ശ്രീനാരായണ ഗുരു, വിവേകാന്ദസ്വാമികള്‍ എന്നിവരെയൊക്കെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. അവരൊക്കെ പറയുന്നത് നവോത്ഥാനത്തിന്റെ കാര്യമല്ല, മറിച്ച് ഏതൊക്കെയോ ചിന്തകള്‍ക്കും മാറ്റങ്ങള്‍ക്കും വിധേയനാക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന ഒന്നായി മാറുന്നു. നമ്മളില്‍ പ്രബലപ്പെടുന്നത് മതോദ്ധാരണ മനോഭവമാണ് നവോത്ഥാനമല്ല. അതില്‍ നവോത്ഥാനത്തിന്റെ ലേബലുണ്ടാകുന്നുവെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
ആഗോളവത്ക്കരണത്തിന്റെ ഒരു വിചിത്രമായ അവസ്ഥ മനുഷ്യന്‍ എന്ന ജീവി ഇല്ലാതാകുന്നുവെന്നതാണ്. ഒരുകാലത്ത് മനുഷ്യന്റെ സ്വപ്‌നമായിരുന്നതെല്ലാം വളരെ വിപരീത അര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമായിത്തീരുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഒരുകാലത്ത്, ഏകലോകം, ലോക പൗരന്‍ എ എന്നതൊക്കെ വലിയൊരു സങ്കല്പമായിരുന്നു. ഇപ്പോള്‍ ഈ ഏക ലോകം ഉണ്ടായത് ലോകമായിട്ടല്ല, വലിയൊരു മാര്‍ക്കറ്റായിട്ടാണ്. മാര്‍ക്കറ്റിന്റെ പ്രത്യേകത അവിടെ മനുഷ്യര്‍ക്ക് യാതൊരു പ്രാധാന്യവുമില്ല, അവിടെ ഇടപാടുകാര്‍ മാത്രമാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഇന്നത്തെ ലോകത്ത് ഇടപാടുകാരല്ലാതെ മനുഷ്യരുമില്ല മനുഷ്യന്റെ ബന്ധങ്ങളുമില്ല; മനുഷ്യബന്ധങ്ങളില്‍ ഉണ്ടാകേണ്ട മൂല്യങ്ങളുമില്ല എന്ന അവസ്ഥയാണ്. എന്റെ വ്യക്തിത്വത്തിനു യാതൊരു പ്രാധാന്യവുമില്ല എന്ന അവസ്ഥയുണ്ടാകുന്നു. ആ തരത്തിലുള്ള വലിയൊരു സംവിധാനം ഉണ്ടാകുകയും അതില്‍ ഞാന്‍ നിസ്സഹായനായി തീരുകയും ചെയ്യുന്ന അവസ്ഥ. രണ്ടാമത് സംഭവിച്ചത് നവോത്ഥാന കാലത്തെ വലിയ മുദ്രാവാക്യം മനുഷ്യന്റേതായ ഒന്നും തങ്ങള്‍ക്ക് അന്യമല്ല എന്നായിരുന്നു. നവോത്ഥാന മനുഷ്യന്‍ എന്ന സങ്കല്‍പമുണ്ടായിരുന്നു. അന്നുള്ള എല്ലാ ജ്ഞാനങ്ങളും നേടിയവനായിരുന്നു. ഇന്ന് നമ്മള്‍ ജീവിക്കുന്നത് സൂപ്പര്‍ സ്‌പെഷ്യാലിറ്റിയുടെ കാലത്താണ്. എന്റെ മണ്ഡലത്തിലുള്ള കാര്യങ്ങള്‍ മാത്രമേ ഞാന്‍ അറിയേണ്ടതുള്ളൂ അതിനു പുറത്തുള്ള കാര്യങ്ങള്‍ അറിയേണ്ടതില്ല. ഒരു പൊതുസമൂഹത്തിലുണ്ടാകുന്ന സംവാദത്തില്‍ ഇടപെടാന്‍ ഞാന്‍ ശക്തനല്ലാതായിത്തീരുന്നു. എനിക്ക് എന്റെ കാര്യം, എന്റെ വിഷയം മാത്രമേ അറിയേണ്ടതുള്ളൂ. ഇത് അറിവിന്റെ നേരെ, ഈ കാലഘട്ടത്തില്‍ വന്നിരിക്കുന്ന സമീപന വ്യത്യാസമാണ്. ഇത് നവോത്ഥാനമൂല്യങ്ങള്‍ക്കെതിരാണ്. എല്ലാം അറിയുക സാധ്യമല്ല എങ്കിലും എല്ലാ അറിവുകളിലേക്കുമുള്ള യാത്ര മനുഷ്യനു ആവശ്യമാണ്.
മറ്റൊന്ന്, മനുഷ്യസ്വാതന്ത്ര്യം വല്ലാതെ ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടമായി മാറി ഇത്. നമ്മള്‍ അറിയാത്ത നിരവധി കാര്യങ്ങള്‍ നമ്മളെ വലയം ചെയ്യുന്നു. 1914 ലാണ് ലോകത്തില്‍ ആദ്യമായി പാസ്‌പോര്‍ട്ട് എന്ന സംവിധാനം ഉണ്ടാകുന്നത്. അതിനു മുമ്പ് ആളുകള്‍ക്ക് എവിടെ വേണമെങ്കിലും പോകാമായിരുന്നു. ഇപ്പോള്‍ എന്തൊക്കെ രേഖകളാണ് വേണ്ടത്. ഇന്ന് അലമാര നിറയെ നമ്മള്‍ കാര്‍ഡുകള്‍ സൂക്ഷിക്കുന്നു. ഇതെല്ലാം അവനവന്റെ സ്വകാര്യതകള്‍ ലോകത്തിനു എറിഞ്ഞു കൊടുക്കുന്ന സാധനങ്ങളാണ്. അതുമാത്രമല്ല ഇപ്പോള്‍ എല്ലാ സ്ഥാപനങ്ങളിലും എഴുതിവച്ചിരിക്കുന്നത് നിങ്ങള്‍ നിരീക്ഷണത്തിലാണെന്നാണ്. പള്ളിയില്‍ വരെ നിങ്ങള്‍ നിരീക്ഷണത്തിലാണ്. എന്തൊരു അസ്വസ്ഥതയുണ്ടാക്കുന്ന അവസ്ഥാവിശേഷമാണ്. എന്റെമേല്‍ നിരന്തരമായി ചാരദൃഷ്ടിയുണ്ടെന്നു പറയുന്ന അവസ്ഥയിലാണ് നമ്മള്‍. ഇത് നമ്മുടെ പെരുമാറ്റത്തെ സ്വാഭാവികമല്ലാതാക്കി തീര്‍ക്കുന്നു. പെരുമാറ്റം സ്വാഭാവികമല്ലാതാകുമ്പോള്‍ നമ്മള്‍ മനുഷ്യനല്ലാതായി തീരുന്നു. ഇത് നമ്മുടെ വ്യക്തിത്വത്തെ നശിപ്പിക്കുന്നു. ഒപ്പം വ്യക്തിത്വം ആവശ്യമില്ല എന്ന അവസ്ഥയിലേക്ക് എത്തിച്ചേരുന്നു. ഇവിടെയെല്ലാമാണ് നവോത്ഥാനമൂല്യങ്ങള്‍ നഷ്ടപ്പെട്ടുവെന്നു പറയുന്നത്. അതുകൊണ്ട് മനുഷ്യന്റെ വീണ്ടെടുപ്പാണ് നവോത്ഥാനത്തിലെ ഏറ്റവും പ്രധാനമായ കാര്യം. മനുഷ്യനെന്നത് വലിയ സാധ്യതയാണ്. ഞങ്ങള്‍ എങ്ങനെയാണ് ചിന്തിക്കേണ്ടത് എന്നത് ഞങ്ങള്‍ തീരുമാനിക്കാം എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോകുന്നു. ഇതൊന്നും മതിലുകെട്ടി പരിഹരിക്കാവുന്ന കാര്യമല്ല. വളരെ ഏകാന്തമായി മനുഷ്യന്‍ ചെയ്യേണ്ട കാര്യങ്ങളാണിത്. സ്വന്തം വീടുകളില്‍ പോലും എനിക്ക് ഞാനായിരിക്കാന്‍ കഴിയുന്നില്ല. എനിക്കു അഭിനയിക്കേണ്ടി വരുന്നു. അഭിനയിക്കുന്ന ജീവിയായി മനുഷ്യന്‍ മാറുന്നു.
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്ഇത് ഗ്ലോബലൈസേഷന്റെ കാലഘട്ടമാണ്. ആ യാഥാര്‍ത്ഥ്യത്തില്‍ നിന്നുവേണം പഴയ നവോത്ഥാന കാലഘട്ടത്തെ, കേരളത്തിലും ബംഗാളിലും ഇന്ത്യയിലുമുണ്ടായ നവോത്ഥാനത്തില്‍ നിന്ന് വ്യത്യസ്തമായി കാ ണേണ്ടതാണ്. സ്വാതന്ത്ര്യം മനുഷ്യകുലത്തിനു ആകെ വേണ്ടതാണ്. മനുഷ്യന്‍ ജീവിച്ചിരിക്കുമ്പോള്‍ മാത്രമേ അവനു സ്വാതന്ത്ര്യം ആവശ്യമുള്ളൂ. അവന്റെ ജീവിതം ജീവിക്കാനുള്ള അവകാശത്തിന്റെ പോരാട്ടമായി ഈ നവോത്ഥാനത്തെ നമ്മള്‍ കാണണം. പ്രത്യേകിച്ച് ഇന്ത്യന്‍ സാഹചര്യത്തില്‍ പരിശോധിക്കുമ്പോള്‍ അങ്ങനെയൊരു നൂല്‍ബന്ധം അതിനുണ്ട്. ഇന്ത്യയുടെ പ്രത്യേകത ഹൈന്ദവ മതത്തിന്റെയും അതിനു കീഴിലുള്ള ഒട്ടേറെ ജാതി-ഉപജാതികളും ഉണ്ടെന്ന സവിശേഷതയാണ്. ഈ സവിശേഷതയില്‍ നിലനിന്നിരുന്ന നന്മയും തിന്മയും ഇഴകലര്‍ന്ന സഹജീവനം, നമ്മുടെ ഇന്ത്യന്‍ സംസ്‌കാരത്തിനും കേരളീയ സംസ്‌കാരത്തിന്റെ ചരിത്രത്തിനുമുണ്ട്. നമ്മുടെ വ്യക്തിസ്വാതന്ത്ര്യത്തിനു അനുസരിച്ച് ജീവിക്കാനുള്ള അവകാശം എന്തുകൊണ്ട് നിഷേധിക്കപ്പെടുന്നു? അല്ലെങ്കില്‍ അത് മുമ്പുള്ളതിനേക്കാള്‍ നമ്മള്‍ അറിയാതെതന്നെ നിരോധിക്കപ്പെടുന്നു എന്നുള്ള വസ്തുതയുണ്ട്. നമുക്ക് രാഷ്ട്രീയത്തെ ഇതില്‍ നിന്നും അകറ്റി നിര്‍ത്താന്‍ പറ്റില്ല. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ ജനാധിപത്യ സമൂഹം അതിന്റേതായ മുന്നേറ്റം നടത്തുന്നുണ്ട്. അതും ഒരു നവോത്ഥാന പ്രക്രിയയാണ്. നവോത്ഥാനം ഒരു മുന്നേറ്റമാണ്. ആ മുന്നോട്ടു പോക്കിനു എതിരായി നമ്മള്‍ കാണുകയും അറിയുകയും ചെയ്യാത്ത തരത്തിലുള്ള പ്രതിരോധങ്ങളും കടന്നാക്രമണങ്ങളും രാഷ്ട്രീയതലത്തില്‍ സംഭവിച്ചുകൊണ്ടിരിപ്പുണ്ട്. ഇതിന് ആഗോളതലത്തില്‍ ഒരു ഐകരൂപ്യം കാണുന്നുണ്ട്. കഴിഞ്ഞ അമേരിക്കന്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ട്രംപ്, മെക്‌സിക്കോവിനും അമേരിക്കയ്ക്കും ഇടയില്‍ മതില്‍ കെട്ടണം എന്നുള്ള ഒരു മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു. കുടിയേറ്റക്കാര്‍ അമേരിക്കയിലേക്ക് വരുന്നത് തടയുന്നതിനുള്ള മുദ്രാവാക്യമായിരുന്നു അത്. അന്ന് ഫ്രാന്‍സീസ് പോപ്പ് പറഞ്ഞത് മനുഷ്യര്‍ക്കിടയില്‍ മതിലുകെട്ടുന്നവന്‍ ഒരു ക്രിസ്തുവിശ്വാസിയല്ല എന്നാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമെന്നു പറയുന്ന അമേരിക്കയിലെ ജനസഭയെല്ലാം മരവിച്ചിരിക്കുകയാണ്. ഇന്ന് കേരളവും ഇരുട്ടിലും മരവിപ്പിലും സ്തംഭനത്തിലുമാണ്. ‘ഞാന്‍ മതില്‍കെട്ടും’. നവോത്ഥാനത്തിലോ ജനാധിപത്യത്തിലോ ‘ഞാനില്ല’. മാനവികതയുടെ നിലനില്‍പ്പിലും മുന്നോട്ടുള്ള ഗതിയിലും ഞാനില്ല, ഞങ്ങളേയുള്ളൂ. ഇതു വളരെ അടിസ്ഥാനപരമായ ഒരു വസ്തുതയാണ്. ജനാധിപത്യത്തെ നയിക്കേണ്ടവര്‍ എന്ന് ‘ഞങ്ങളി’ലേക്കെത്തുന്നോ അത് അമേരിക്കയിലായാലും ഇന്ത്യയിലായാലും കേരളത്തിലായാലും അതിന്റെഫലം ഒന്നുതന്നെയായിരിക്കും.
ജനാധിപത്യ ഭരണാധികാരികളുടെ സുതാര്യമായ തീരുമാനം വരാത്തഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. 2019 ല്‍ ലോകസഭാ തെരഞ്ഞെടുപ്പിനെ സ്വപ്‌നം കാണുകയും ഒരുക്കം നടത്തുകയും ചെയ്യുന്ന തിരക്കിലാണ് രാഷ്ട്രീയനേതാക്കള്‍. കഴിഞ്ഞ ഒക്‌ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിലൂടെ പാര്‍ലമെന്റിനേതാക്കളും, നിലവിലുള്ള ഭരണഘടനയെതന്നെ പൊളിച്ചടുക്കാനുമുള്ള അധികാരങ്ങളോടെ നമ്മുടെ രാജ്യത്ത് നമ്മുടെ സൈന്യം, നമ്മുടെ ആര്‍ബിഐ, ഇന്റലിജന്‍സ് ഏജന്‍സികള്‍ അങ്ങനെയുള്ള എല്ലാ സുരക്ഷാസംവിധാനങ്ങളേയും ഒരു വ്യക്തിയെ കേന്ദ്രീകരിച്ചുള്ള ഒരു സര്‍ക്കാര്‍ ഉത്തരവ് വന്നിട്ടുണ്ട്. അതു നമ്മള്‍ അറിഞ്ഞിട്ടില്ല. നമ്മുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയില്‍ പ്രധാനമന്ത്രി നിയമിച്ചിട്ടുള്ള ഒരാളെ അയാള്‍ക്ക് കീഴില്‍ ക്യാബിനറ്റ് സെക്രട്ടറി അടക്കം നമ്മുടെ ഡിഫന്‍സിന്റെയും ഇന്റലിജന്റ്‌സിന്റേയും ആര്‍.ബി.ഐയുടെയും എല്ലാം നിര്‍ണ്ണായകമായവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സമിതി രൂപപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് എന്തു തീരുമാനവും എടുക്കാന്‍ കഴിയും. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഏറ്റവും അധികം സമയം ചെലവിട്ട്, പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ സഭയില്‍ വന്നിരുന്ന ഒരു പ്രധാനമന്ത്രിയായിരുന്നു. എന്നാല്‍ ഇന്ന് അതു മാറി. ഈയൊരു പശ്ചാത്തലത്തിലാണ് സമൂഹത്തിനകത്ത് നവോത്ഥാനവുമായി ബന്ധപ്പെട്ട പോരാട്ടങ്ങളും സംഘര്‍ഷങ്ങളുമൊക്കെ നടക്കുന്നത്.
ലോകത്താകമാനം തീവ്രവാദപരമായ ഭരണനേതൃത്വങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഈ ഇരുട്ടിന്റെയും നമ്മളൊക്കെത്തന്നെയും ഒറ്റപ്പെടുത്തപ്പെടുന്ന ഭീതിതമായ ഈ കാലത്തിന്റെയും പശ്ചാത്തലം എന്നു കാണാം. നമ്മുടെ രാജ്യത്തെ അടക്കിവാണിരുന്നത് സാമ്രാജ്യത്വ ശക്തികളാണ്. മുതലാളിത്തത്വത്തിന്റെ ഉയര്‍ന്ന രൂപമാണ് സാമ്രാജ്യത്വം എന്ന കാഴ്ച്ചപാട് അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന തരത്തിലുള്ള ഒന്നിനും മൂല്യമില്ലാത്ത എല്ലാം ലാഭത്തിനു വേണ്ടി മാത്രം ഉപയോഗപ്പെടുത്തുന്ന ഒരു സ്ഥിതി ലോകത്താകെ രൂക്ഷമാകുന്നതാണ് മുതലാളിത്തമെന്നും അതിന്റെ ഒരു ഉയര്‍ന്ന രൂപമായി സാമ്രാജ്യത്വം പില്‍ക്കാലത്ത് വരുമെന്നും പറയപ്പെട്ടിട്ടുണ്ട്.
ഇന്ത്യയില്‍ സമീപകാലത്ത് ഒരു ജനവിധി നടന്നുവല്ലോ. ഇത്രയൊക്കെയുള്ള ഈ ഇരുട്ടിനിടയിലും നമ്മളെ നിരീക്ഷിക്കുകയും ദ്രോഹിക്കുകയും ഇവിടെ പരസ്പരം വിഭജനം നടത്തുകയും ചെയ്യുന്ന ഒരു ഭരണാധികാരിയും അദ്ദേഹത്തിന്റെ ഭരണവും ഉണ്ടായിട്ടുപോലും അവരു ഭരിച്ചിരുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ ഭരണം അട്ടിമറിക്കപ്പെട്ടു. ആ ഭരണം അട്ടിമറിച്ചതാരാ ? ഞാന്‍ കരുതുന്നില്ല അതൊരു രാഷ്ട്രീയപാര്‍ട്ടിയാണെന്ന്. അത് അട്ടിമറിച്ചത് അവിടത്തെ കൃഷിക്കാരും യുവാക്കളായിട്ടുള്ള ജനങ്ങളുമാണ്. ഓരോ സ്ഥലത്തും കൃഷിക്കാര്‍ അവരുടെ പ്രതിഷേധ പ്രകടനം നടത്തുന്നു ഇങ്ങനെംയുള്ള കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ നമ്മള്‍ അതിന്റെ ശക്തി മനസ്സിലാക്കിയില്ല. ഇത്തരം മനുഷ്യരുടെ കൂട്ടായ്മയ്ക്ക് കേരളത്തിലായാലും ഇന്ത്യയിലായാലും ലോകത്തിന്റെ ഏതുഭാഗത്തായാലും അതിന് പുതിയ രീതിയിലുള്ള നേതൃത്വവും സംഘടനാരൂപവും കൊടുക്കേണ്ട കാലഘട്ടമാണിത്. അതിനുള്ള നേതൃത്വം ഒരുപക്ഷേ, നമ്മുടെ രാജ്യത്ത്, അല്ലെങ്കില്‍ ലോകത്തിന്റെ പല ഭാഗത്തും കാണുന്നില്ല എന്ന ദു:ഖമുണ്ടാകും. പക്ഷേ, മനുഷ്യരാശിയുടെ ചരിത്രം എടുത്തു പരിശോധിച്ചാല്‍ പുതിയ സാഹചര്യത്തിനൊത്ത് മനുഷ്യന്റെ നന്മയെ വീണ്ടെടുക്കുന്നതിനും മനുഷ്യന്റേതായ ഒരു സമത്വാവസ്ഥയിലുള്ള പുതിയ ലോകം സൃഷ്ടിക്കുന്നതിനും വേണ്ടി ഉള്ള ഒരു പുതിയ പ്രസ്ഥാനം പുതിയ ആഗോളതലത്തില്‍ രൂപപ്പെടുന്നുണ്ട് എന്ന് നമ്മള്‍ കാണാതെ ഇരിക്കുന്നത് ശരിയല്ല. കാരണം ശ്രീനാരായണ ധര്‍മ്മ പരിപാലന സംഘം രൂപപ്പെടുത്തുന്നതിനു മുമ്പ് പോലും തിരുവിതാംകൂറിലും കൊച്ചിയിലുമൊക്കെ ഏറ്റവും അധസ്ഥിതമായ വിഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ സംഘടിച്ചതിന്റെ ചരിത്രം നമുക്ക് കാണാം. അതു ചിലപ്പോള്‍ മുഖ്യധാര ചരിത്രത്തില്‍ ഉണ്ടാകില്ല. നമ്മളിപ്പോള്‍ നവോത്ഥാനത്തിനു മതിലുകെട്ടുമ്പോള്‍ ഹിന്ദുമതത്തില്‍പ്പെട്ട ഏതാനും ജാതിക്കാരെ മാത്രം തെരഞ്ഞെടുത്ത് കെട്ടുമ്പോള്‍ ആ മതില്‍ ഒരിക്കലും ഉറയ്ക്കില്ല.
രേഖാ രാജ്
കേരളം കഴിഞ്ഞ മൂന്നുമാസമായി ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ള, വാക്ക് നവോത്ഥാനം ആയിരിക്കും. വെയില്‍ വന്നു വീഴുന്ന രീതിയിലുള്ള ഒരു സംഗതിയായാണ് നവോത്ഥാനത്തെ പലരും മനസ്സിലാക്കിയിരിക്കുന്നത്. ഒരുപക്ഷേ, അയ്യങ്കാളിയെയും, പൊയ്കയില്‍ അപ്പച്ചനെയും അങ്ങേയറ്റം വി.ടി. ഭട്ടതിരിപ്പാടിനെയും ഒക്കെ ഉദ്ധരിച്ച് സംസാരിക്കുമ്പോഴും, പത്തൊമ്പതാം നൂറ്റാണ്ടില്‍ ആരംഭിക്കുകയും ഇരുപതാം നൂറ്റാണ്ടിന്റെ പകുതികൊണ്ട് തീരുകയും ചെയ്തു എന്ന് പറയുന്ന സാമൂഹിക പ്രതിഭാസത്തെ ഒറ്റയളവില്‍ വിവക്ഷിക്കാന്‍ വേണ്ടിയാണ് നമ്മള്‍ നവോത്ഥാനം എന്ന വാക്കുപയോഗിക്കുന്നത്. നവോത്ഥാനത്തില്‍ തന്നെ പലതരം ധാരകളുണ്ട്. അതില്‍ പ്രബലമായ രണ്ടു ധാരകളുണ്ട്. ഒന്ന് കീഴാളധാര മറ്റൊന്ന് സവര്‍ണ്ണധാര. ഈ രണ്ടിലും പലതരം അടരുകളും വേര്‍തിരിവുകളും കാണാം. ഈ രണ്ടു ധാരകളുടെയും ലക്ഷ്യങ്ങള്‍ രണ്ടായിരുന്നു. കീഴാളരെക്കുറിച്ചുള്ള ഇന്ത്യയിലെ പ്രബല ബോധം എന്നാല്‍ ഈ കീഴാളര്‍ക്ക് /സ്ത്രീകള്‍ക്ക് എന്തോ കുഴപ്പം ഉണ്ടെന്നുള്ളതാണ്. അവര്‍ മാറ്റിനിര്‍ത്തപ്പെടേണ്ടവരാണ് എന്നതായിരുന്നു. അതുകൊണ്ടുതന്നെ മനുഷ്യരായി അവര്‍ പരിഗണിക്കപ്പെടുകപോലും ചെയ്തിരുന്നില്ല. അതായിരുന്നു അന്നത്തെ നോട്ടപ്പാട്. ആ നോട്ടപ്പാടിനെ തിരിച്ചിടാന്‍ കഴിഞ്ഞു എന്നാണ് കീഴാള നവോത്ഥാനത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കുന്നത്. അതിന് സഹായിച്ചത് കൊളോണിയല്‍ ആധുനികതയാണ്. അത് തുറന്നു തന്നിട്ടുള്ള ഒട്ടനവധി അവസരങ്ങള്‍ ഉണ്ടായിരുന്നു. സാങ്കേതികവും ഭരണപരവും ആയ നിത്യജീവിതവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങളുണ്ടായിരുന്നു. മിഷണറി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആശുപത്രികളുടെ ലഭ്യത, വസ്ത്രധാരണത്തിലുള്ള അവകാശം, വ്യക്തിസ്വാതന്ത്ര്യം, വിശ്വാസ പരിഷ്‌കരണങ്ങള്‍, മതത്തിന്റെ കടന്നു വരവ് തുടങ്ങിയവ സമൂഹത്തിലുണ്ടായി. അതുപോലെ പൊതുഗതാഗത സംവിധാനങ്ങള്‍, പൊതു ഇടങ്ങളെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ അതുവരെ അതുണ്ടായിരുന്നില്ല. പൊതു സംസ്‌കാരത്തില്‍ എല്ലാവര്‍ക്കും ഇടപെടാന്‍ പറ്റുമായിരുന്നില്ല. പൊതു ഇടം എന്നു പറയുന്നത് തികച്ചും സവര്‍ണ ഇടമായിരുന്നു. കീഴാള നവോത്ഥാനം ഈ നോട്ടപ്പാടിനെ മറിച്ചിടാന്‍ സഹായിച്ചു. ഇതില്‍ നിന്ന് ലഭ്യമായിട്ടുള്ള പുതിയ ധാരണകളും അറിവുകളും മറ്റുള്ളവര്‍ക്ക് എന്തോ കുഴപ്പമുണ്ടെന്ന് പറയാനായിട്ട് കീഴാളര്‍ക്ക് സാധിച്ചു. അവര്‍ കാഴ്ചയെ തലതിരിച്ചിട്ടു. അതുവരെ നിങ്ങള്‍ നോക്കിയ നോട്ടം തിരിച്ചുനോക്കാന്‍ പറ്റി. എല്ലാവരും പരിഷ്‌കരിക്കപ്പെടേണ്ടതുണ്ട്. സവര്‍ണ്ണര്‍ ഒരു പ്രത്യേകരീതിയില്‍ ഹീനമായിട്ടുള്ള, മനുഷ്യത്വവിരുദ്ധമായ അപരിഷ്‌കൃതമായിട്ടുള്ള ഒരു ജീവിതമാണ് ജീവിച്ചു വരുന്നത്; ആ ജീവിതത്തിന് ഞങ്ങളെ മനുഷ്യനായി കാണാന്‍ ഉള്ള ശേഷി ഇല്ല. അതുകൊണ്ട് നിങ്ങളുടെ മൂല്യങ്ങള്‍ മാറ്റണം എന്നായിരുന്നു അന്നത്തെ മുദ്രാവാക്യം. അതിന് കൊളോണിയല്‍ ആധുനികത സഹായിച്ചിട്ടുണ്ട്.
നവോത്ഥാനം പെട്ടെന്ന് നമ്മുടെ അകത്തുനിന്നും ഉണ്ടായിവന്ന സംഗതിയല്ല. ആന്തരികവും ബാഹ്യവുമായ ഒട്ടനവധി പ്രേരണകളുടെ ഫലമാണ്. അന്നത്തെ നമ്മുടെ സാമൂഹിക ജീവിതത്തിലെ കുഴപ്പങ്ങളെക്കുറിച്ച് മിഷണറി പ്രവര്‍ത്തകര്‍ക്ക് ആശങ്കയുണ്ടായിരുന്നു. അവര്‍ വന്ന് കാണുമ്പോള്‍ വളരെ വിചിത്രമാണ് കാര്യം. കുറെ മനുഷ്യര്‍ തുണി ഉടുക്കുന്നില്ല, കുറേപേര്‍ ലൈംഗികമായ കുത്തഴിഞ്ഞ ജീവിതം നയിക്കുന്നു, കുറേപ്പേരെ മനുഷ്യരായിത്തന്നെ പരിഗണിക്കുന്നില്ല. ഈ കാഴ്ച അവരെ അസ്വസ്ഥരാക്കി. മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന ഒരു മതത്തില്‍ നിന്ന് വരുന്നവരുടെ കാഴ്ചപ്പാടില്‍ അത് അസഹനീയമായിരുന്നു. ജനതയെ പരിഷ്‌കരിച്ച് അവരെ ഭരണ സൗകര്യത്തിനും മറ്റും ഉപയോഗിക്കുക എന്നത് എല്ലാ കോളനി പ്രവര്‍ത്തനങ്ങളുടെയും ഭാഗമാണ്. അതിന്റെ ഭാഗമായി നിര്‍ബന്ധിത പരിഷ്‌കരണം തദ്ദേശീയര്‍ നേരിടേണ്ടി വന്നു. ഇത് സവര്‍ണ്ണര്‍ക്കും കീഴാളര്‍ക്കും ബാധകമായിരുന്നു. ഇവരുടെ ഈ അജണ്ട കീഴാളരുടെ പരിഷ്‌കരണത്തിന് വളരെയധികം സഹായിച്ചു. ടി.എച്ച്.പി. ചെന്താരശ്ശേരിയുമായി നടത്തിയ അഭിമുഖത്തില്‍ പറയുന്ന ഒരു കാര്യം അദ്ദേഹം ആദ്യമായി കൈകൊണ്ടു തൊട്ട പുസ്തകം ബൈബിള്‍ ആണെന്നാണ്. അതിനുമുമ്പ് വിജ്ഞാനം എല്ലാവര്‍ക്കും പ്രാപ്യമല്ലാത്ത, വായിക്കാന്‍ പറ്റാത്ത ഒന്നായിരുന്നു. കാതില്‍ നിന്ന് കാതിലേക്ക് മാത്രം പകര്‍ന്നു കൊടുക്കുന്ന, വളരെ പുണ്യമായി കരുതിയിരുന്ന ഒരു കാര്യമായിരുന്നു അത്. ഒരുപക്ഷേ, അക്ഷരത്തെ ഗുണ്ടര്‍ട്ട് വന്ന് അച്ചടിച്ച് നാട്ടുകാര്‍ക്ക് മുഴുവന്‍ വിതരണം ചെയ്യാന്‍ തുടങ്ങിയതോടുകൂടി ആര്‍ക്കും പ്രാപ്യമായ സംഗതിയായി അതു മാറി. അക്ഷരം സാധ്യമായത് ബൈബിള്‍ വഴിയാണ്. ജ്ഞാനത്തെ കയ്യില്‍ കിട്ടുക എന്നത് ഒരു ചെറിയ കാര്യമല്ല. അങ്ങനെ അതുവരെ ഉണ്ടായിരുന്ന സംഗതികളെ തലതിരിച്ചിട്ട് കാണാന്‍ കഴിയുകയും ചെയ്തു. അതുപോലെ ഭൗതികവും ഭരണപരവുമായിട്ടുള്ള പരിഷ്‌കാരങ്ങള്‍. തീവണ്ടി വന്നു. അതില്‍ സവര്‍ണനും കീഴാളനും ദളിതനും ഒന്നിച്ച് യാത്രചെയ്യാന്‍ പറ്റും. അതുവരെ അവര്‍ക്ക് പങ്കുവയ്ക്കാന്‍ പറ്റിയ ഇടം എന്ന സങ്കല്പം ഉണ്ടായിരുന്നില്ല. ഓരോ സമുദായവും അവരുടേതായ പ്രദേശങ്ങളിലായിരുന്നു കഴിഞ്ഞിരുന്നത്. ഇത്തരം ആന്തരികവും ബാഹ്യവുമായിട്ടുള്ള സമ്മര്‍ദ്ദങ്ങളിലൂടെയാണ് നവോത്ഥാനം കേരളത്തില്‍ വന്നത് എന്നാണ് ഞാന്‍ വിചാരിക്കുന്നത്.
സവര്‍ണ്ണരുടെ ഉദ്ധാരണങ്ങളില്‍ സ്വയം പരിഷ്‌കരിക്കുക, അനുഷ്ഠാനങ്ങളെ നവീകരിക്കുക എന്നതായിരുന്നു പ്രധാനപ്പെട്ട ആവശ്യം. ഇതിനും ഒരു ബാഹ്യവുമായി സമ്മര്‍ദ്ദം ഉണ്ടെന്നാണ് ഞാന്‍ വിചാരിക്കുന്നത്. നിങ്ങള്‍ക്ക് കടല്‍ കടന്നു പോകാന്‍ പാടില്ല. അത് ഹിന്ദു വിശ്വാസമാണ്. കടല്‍ കടന്നുപോകാതെ ബ്രിട്ടനിലെ സര്‍വീസില്‍ നിങ്ങള്‍ക്ക് പ്രവേശിക്കാന്‍ പറ്റില്ല. പന്നിയുടെ നെയ്യ് പുരട്ടിയ തോക്കുപയോഗിച്ച് വെടി വയ്ക്കാന്‍ പറ്റില്ല. പട്ടാളത്തില്‍ ജോലി കിട്ടുകയാണെങ്കില്‍ അത് ചെയ്യണം. അങ്ങനെ പലതരത്തിലുള്ള അതുവരെ നമ്മള്‍ ശീലിക്കാത്ത ചില സംഗതികളില്‍ വെളിച്ചം വന്നു.
നവോത്ഥാനത്തിന്റെ ഫലം ഓരോ സമുദായവും അനുഭവിച്ചത് ഒരു പോലെ ആയിരുന്നില്ല. ചാന്നാര്‍ ലഹള മാറുമറക്കാനുള്ള കലാപമായാണ് ആരംഭിക്കുന്നത്. താഴ്ന്നജാതി സ്ത്രീകള്‍ക്ക് ഉയര്‍ന്ന ജാതി സ്ത്രീകളെപോലെ മാറുമറയ്ക്കാനുള്ള അവകാശത്തിനുവേണ്ടി മിഷനറിമാരുടെ വളരെ ശക്തമായ പിന്തുണ ഉണ്ടായിരുന്നു തിരുവിതാംകൂറില്‍ ഈ സംഗതി നടപ്പിലാക്കാന്‍ വേണ്ടി. വിക്ടോറിയന്‍ സദാചാരം ശീലിച്ച മിഷനറിമാര്‍ക്ക് തുണിയില്ലാതെ നടക്കുക എന്നത് സഹിക്കാന്‍ പറ്റില്ല. അതൊരു കാഴ്ചയുടെ പ്രശ്‌നമായിരുന്നു. അങ്ങനെ സമരം ആരംഭിക്കുന്നു. അന്നത്തെ ഏക ഹിന്ദു രാജ്യമായ തിരുവിതാംകൂറിനു മുകളില്‍ ബ്രിട്ടീഷുകാരുടെ സമ്മര്‍ദമുണ്ടായിരുന്നു. അവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ് മാറുമറയ്ക്കാനുള്ള അവകാശം സ്ത്രീകള്‍ക്ക് അനുവദിക്കപ്പെടുന്നത്. അതും മേല്‍ മുണ്ട് പുതുക്കാനുള്ള സ്വാതന്ത്ര്യമാണ്. കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേയ്ക്കും ബ്ലൗസ് ധരിക്കണം, അതായത് നായര്‍ സ്ത്രീകളെ പോലെ റൗക്ക ധരിക്കാനുള്ള അവകാശത്തിനുവേണ്ടി ചാന്നാര്‍ സ്ത്രീകള്‍ സമരം ചെയ്യാന്‍ തുടങ്ങി. അതുവരെ മേല്‍മുണ്ട് ധരിക്കാനുള്ള അവകാശം സ്വീകരിക്കപ്പെട്ടു. നിങ്ങള്‍ക്ക് മാറുമറച്ചു നടക്കാം. പക്ഷേ, ഒരിക്കല്‍ നിങ്ങള്‍ നായര്‍ സ്ത്രീകളെ പോലെ റൗക്ക ധരിക്കണമെന്ന് പറഞ്ഞപ്പോള്‍ അതിന്റെ സ്വഭാവംമാറി. സവര്‍ണര്‍ ആയിട്ടുള്ളവര്‍ ചാന്നാര്‍ സ്ത്രീകളെ മര്‍ദ്ദിക്കാന്‍തുടങ്ങി. ഞങ്ങളെപ്പോലെ പറ്റില്ല, വിശാലമായ ഒരു ഉദാരതയ്ക്കകത്ത് നിങ്ങള്‍ക്ക് ചില കാര്യങ്ങളൊക്കെ ചെയ്യാം, അല്ലാതെ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കണ്ട എന്ന്. ഞങ്ങള്‍ ചെറിയ ചെറിയ കാര്യങ്ങള്‍ വേണമെങ്കില്‍ നിങ്ങള്‍ക്ക് സാധിച്ചു തരും. അത്തരം ഉദാരതയുടെ ഭാഗമായി സ്ത്രീകള്‍ വേണമെങ്കില്‍ മാറുമറച്ചോട്ടെ അതിനപ്പുറം ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്. അത് വേറെ സംഭവമാണ്. നിങ്ങള്‍ സമത്വമാണ് ആവശ്യപ്പെടുന്നത്. ഉദാരതയും തുല്യനീതിയും തമ്മിലുള്ള വ്യത്യാസമാണത്. അടിമക്ക് ഭക്ഷണം കൊടുക്കുന്ന കാര്യത്തില്‍ ആര്‍ക്കും വിയോജിപ്പ് ഉണ്ടാവില്ല.
മിഷണറിയുടെ ഉദാരതയ്ക്കകത്തായിരുന്നു ആദ്യത്തെ സംഭവം നടന്നത്. രണ്ടാമത്തേത് തുല്യത അവകാശപ്പെടുകയാണ് അതോടെ പ്രശ്‌നം വഷളായി. വളരെ വലിയ കലാപങ്ങള്‍ക്ക് ശേഷമാണ് സ്ത്രീകള്‍ക്ക് മുണ്ടും മേല്‍മുണ്ടും ധരിക്കാനുള്ള അവകാശം കിട്ടുന്നത്. ഇവിടെ തീരുന്നില്ല, ഒരു നൂറ്റാണ്ടോളം കഴിഞ്ഞിട്ടാണ് സ്ത്രീകള്‍ക്ക് കല്ലുമാല പൊട്ടിച്ചെറിയാനുള്ള അവകാശം കിട്ടുന്നത്. അതായത് മറ്റു സ്ഥലങ്ങളിലെപ്പോലെ ഒറ്റയടിക്ക് എല്ലാവരിലും വന്നു പതിച്ച ഒരു സംഗതി ആയിരുന്നില്ല നവോത്ഥാനം. ഓരോ സമുദായവും സവിശേഷമായി പ്രത്യേകം പ്രത്യേകം സമരംചെയ്ത് നേടിയതാണ് കേരളത്തിലെ സാമൂഹിക നീതി. ഒറ്റയടിക്ക് നവോത്ഥാനം എന്ന് പറഞ്ഞ് നമ്മള്‍ മറന്നു കളയുന്നത് ഇതിനകത്തെ സാമൂഹ്യ പ്രക്രിയയുടെ അരിച്ചരിച്ചു വരുന്ന സാമൂഹ്യ നീതിയെക്കുറിച്ചുള്ള ധാരണയാണ്.
സര്‍ക്കാര്‍ വനിതാ മതില്‍ പോലുള്ള കാര്യങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ അതിനൊരു വിപ്ലവാംശം ഉണ്ടാകണമെന്ന് നമുക്ക് ശഠിക്കാന്‍ പറ്റില്ല. പലതരം മുന്നണി ബന്ധങ്ങളുടെ സ്വഭാവം, അതിനകത്തെ നീക്കുപോക്കുകള്‍ അങ്ങനെ പല കാര്യങ്ങളുണ്ട്. പക്ഷേ, സുപ്രീംകോടതിയുടെ വിധി വരുന്നു. അത് നടപ്പാക്കാതിരിക്കാന്‍ ക്രിമിനല്‍ കൂട്ടം വഴിയില്‍ അഴിഞ്ഞാടുമ്പോള്‍ സര്‍ക്കാര്‍ എന്ത് ചെയ്തു? സര്‍ക്കാരിന് അത് നടപ്പിലാക്കുക എന്ന രാഷ്ട്രീയ ഇച്ഛാശക്തി മാത്രമേ വേണ്ടൂ. 55000 പോലീസുകാര്‍ കേരളത്തിലുണ്ട്. പത്തോ പതിനയ്യായിരമോ പോലീസുകാരെ നിയോഗിച്ചാല്‍ തീരാവുന്ന പ്രശ്‌നമേ ഉണ്ടായിരുന്നുള്ളൂ. പോലീസുകാര്‍ കര്‍ശനമായ നടപടി എടുക്കാന്‍ തുടങ്ങിയതുമുതല്‍ പ്രതിഷേധക്കാര്‍ ആരെയും കാണുന്നില്ല. രാഷ്ട്രീയ ഇച്ഛാശക്തി ഇല്ല എന്നതാണ് പ്രശ്‌നം. ഇന്ത്യന്‍ ഭരണഘടനയുണ്ട്. സ്റ്റേറ്റ് മഷനറീസ് ഉണ്ട്. ഇവയുടെ ധര്‍മ്മം കൃത്യമായി ചെയ്താല്‍ തീരാവുന്ന കാര്യങ്ങളെ ഉള്ളു. എത്ര വലിയ ആള്‍ക്കൂട്ടത്തെ വേണമെങ്കിലും നേരിടാം. മറുവശം പരിശോധിച്ചാല്‍ കേരളത്തിലെ ജനകീയ സമരങ്ങളോട് പോലീസുകാര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ് ? ഉദാഹരണത്തിന് അടുത്ത് നടന്ന വൈപ്പിനിലെ സമരം. അവിടെ എങ്ങിനെയാണ് പോലീസ് ഇടപെട്ടത് ? അങ്ങനെ ഏത് സമരം എടുത്തു നോക്കിയാലും നമുക്ക് കാണാന്‍ പറ്റും. ഇത്തരം സമരങ്ങളോട് കാണിക്കുന്നതിന് നാലിലൊന്ന് കാര്‍ക്കശ്യം കാണിച്ചാല്‍ തീരാവുന്നതേയുള്ളൂ ശബരിമല വിധി നടപ്പാക്കാതിരിക്കാന്‍ നടത്തുന്നവരുടെ ആക്രോശം. സര്‍ക്കാരിന് പേടിയാണ്. ഭൂരിപക്ഷ വോട്ട്! ഈ പേടികള്‍ പോലും നേരെചൊവ്വേ രാഷ്ട്രീയം അറിയാവുന്ന ആള്‍ക്കാരോട് സംസാരിച്ചാല്‍ തീരാവുന്ന കാര്യമേയുള്ളൂ.