ഇരുപത്തൊന്നു വയസ്സുകാരാ വാ തുറക്കൂ -ഡോ. ജേക്കബ് തോമസ് ഐ.പി.എസ്.

ഇരുപത്തൊന്നു വയസ്സുകാരാ വാ തുറക്കൂ  -ഡോ. ജേക്കബ് തോമസ് ഐ.പി.എസ്.

മനുഷ്യ സമുദായത്തിന്റെ ചട്ടക്കൂടിനെത്തന്നെ ദുര്‍ബലമാക്കുന്ന വിധത്തില്‍ അഴിമതി വിപുലവും സങ്കീര്‍ണ്ണവും ആയിത്തീര്‍ന്നിരിക്കുന്നു ഇന്ന്. അഴിമതിയുടെ പരിണിതഫലമായി ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങളില്‍ ഏറ്റവും അധികം യാതന അനുഭവിക്കുന്നത് കൈക്കൂലി കൊടുത്ത് ആരെയും സ്വാധീനിക്കാന്‍ ശേഷിയില്ലാത്ത പാവപ്പെട്ടവരാണ്. അഴിമതി ഒരുതരത്തില്‍ അടിച്ചമര്‍ത്തലാണ്. ഇത്തരം അടിച്ചമര്‍ത്തലുകളെ ഇല്ലായ്മ ചെയ്യാന്‍ സാധിക്കുമോ? അതോ അഴിമതി ഒഴിവാക്കാനാവാത്ത ഒരു സംഗതി ആണോ? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ അഴിമതിയുടെ ചില അടിസ്ഥാന കാരണങ്ങള്‍ നാം ആദ്യം തിരിച്ചറിയണം.

അഴിമതി എന്ത് എന്നുള്ള നിര്‍വചനം നമുക്കാദ്യം അറിയേണ്ടതുണ്ട്. അഴിമതിയെപ്പറ്റി പല വ്യക്തികളോട് ചോദിച്ചാല്‍ പലവിധത്തിലുള്ള കാഴ്ചപ്പാടുകളും, നിര്‍വ്വചനങ്ങളുമാണ്  കിട്ടുക. വക്കീലിനോട് ചോദിച്ചാല്‍ അഴിമതി നിരോധന നിയമമനുസരിച്ചുള്ള മറുപടിയും സാമൂഹ്യപ്രവര്‍ത്തകനോട് ചോദിച്ചാല്‍ സാമൂഹ്യ സാംസ്‌കാരിക മാനമനുസരിച്ചുള്ള മറുപടിയും ഒരു ലോകബാങ്ക് ഉദ്യോഗസ്ഥനോടു ചോദിച്ചാല്‍ ലോകബാങ്കിന്റെ അഴിമതിയെക്കുറിച്ചുള്ള ഒരു നിര്‍വചനവും നമുക്ക് കിട്ടും. ഒരു ചരിത്രകാരനോട് ചോദിച്ചാല്‍ ചരിത്രപരമായ നിര്‍വചനം ആയിരിക്കും കിട്ടുക. ഒരു മനഃശാസ്ത്രജ്ഞനോട് ചോദിച്ചാല്‍ മനഃശാസ്ത്രപരമായ വ്യക്തിത്വ വിശകലനത്തിലൂടെയായിരിക്കും അയാള്‍ അഴിമതിയെക്കുറിച്ച് നിര്‍വചിക്കുന്നത്. ജന്മനാ നമ്മള്‍ അഴിമതിക്കാരനാണെന്നും ജന്മനാ നമ്മില്‍ ഒരു മൃഗീയ വാസന  ഉണ്ടെന്നും അതിനെ തടഞ്ഞുനിര്‍ത്താന്‍ വേണ്ടി സാമൂഹ്യമായും നിയമപരമായും കുറെ ചിട്ടവട്ടങ്ങളും അരുതായ്മകളും ഉണ്ടാക്കിവച്ചിട്ടുണ്ടെന്നും മനഃശാസ്ത്രജ്ഞന്‍ പറയും.  അതുകൊണ്ടാണ് നമ്മള്‍ അത്തരം മൃഗീയവാസനകള്‍ക്കടിമപ്പെടാതെ ജീവിക്കുന്നതെന്നും.

എന്തുകൊണ്ടാണ് ആളുകള്‍ സത്യസന്ധര്‍ ആയിരിക്കുന്നതിനുപകരം അഴിമതിക്കാരാവുന്നത്? ചിലര്‍ക്കത് കാര്യം നേടാനുള്ള എളുപ്പമാര്‍ഗമാണ്. ചിലര്‍ക്കത് ഏതെങ്കിലും ശിക്ഷയില്‍നിന്നും രക്ഷനേടാനുള്ള സൗകര്യപ്രദമായ വഴിയാകാം. വേറെ ചിലര്‍ക്ക് പൊങ്ങച്ചത്തിനുള്ള ഉപാധിയാകാം. ഒരു ഉദ്യോഗസ്ഥന് പുതുവത്സരത്തിന്റെ സമയത്ത് വിലകൂടിയ ഒരു കേക്ക് സമ്മാനമായി കൊടുക്കുന്നത് ചിലര്‍ക്ക് തെറ്റല്ല. വേറെ ചിലര്‍ക്ക് തെറ്റാകുകയും ചെയ്യുന്നു. ആ ഉദ്യോഗസ്ഥന് സമ്മാനം തന്ന ആളിനോട് ചെറിയ പക്ഷപാതിത്വം തോന്നുമെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ നീതിപൂര്‍വ്വമായ കര്‍ത്തവ്യനിര്‍വഹണത്തില്‍ അത് വിലങ്ങുതടിയാവുമെന്നും കരുതുന്നു. ഇന്ന് സമൂഹത്തെയാകെ ഗ്രസിച്ചിരിക്കുന്ന അഴിമതിയെന്ന വിപത്തിനെപ്പറ്റി കൂടുതല്‍ അറിയാന്‍ സോഷ്യല്‍ മാര്‍ക്കറ്റിംഗില്‍ ധാരാളമായി ഉപയോഗിക്കുന്ന ഒരു രൂപകം വളരെ ഉപകാരപ്രദമാണെന്നു തോന്നുന്നു. ലോറന്‍സ് വാലക്ക്, ലോറി ഡോര്‍ഫ്മാന്‍, സൂഡന്‍ സൊറന്‍സബര്‍ തുടങ്ങിയവര്‍ നടത്തിയ പഠനത്തിലാണിത് വിവരിക്കുന്നത്. ആ കഥ ഇങ്ങനയാണ്:  ഇത് ലോകത്ത് എവിടെയും നടക്കാവുന്നതാണ്. നമ്മള്‍ വലിയ വെള്ളപ്പൊക്കത്തിന്റെയും പേമാരിയുടെയും ദുരിതം അനുഭവിച്ചവരാണ്. അത്തരം ഒരു സാഹചര്യമാണ് വാലക്കും കൂട്ടരും വിവരിക്കുന്നത്. ഒരു സാമൂഹ്യപ്രവര്‍ത്തകനും മറ്റു രണ്ടുപേരും ഒരു വെള്ളപ്പൊക്ക സമയത്ത് നദീതീരത്ത് നില്‍ക്കുമ്പോള്‍ ഒരാള്‍ രക്ഷിക്കാന്‍ വേണ്ടി നിലവിളിച്ച് ഒഴുകിവരുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഒന്നാമത്തെയാള്‍ കരയ്ക്കുനിന്ന് അയാളെ ശകാരിക്കുകയാണ് – ഹേയ്, നിങ്ങള്‍ക്ക് നീന്താന്‍ അറിയില്ലേ? നീന്തി കരയ്ക്കു കയറൂ. രണ്ടാമത്തെയാള്‍ എങ്ങനെയാണ് നീന്തി രക്ഷപെടേണ്ടത് എന്ന് പഠിപ്പിച്ചു കൊടുക്കാന്‍ നോക്കി. മൂന്നാമനായ ആള്‍ ഉടനെ വെള്ളത്തില്‍ ചാടി അയാളെ പിടിച്ച് കരയ്‌ക്കെത്തിക്കുകയും ചെയ്തു. ഇത് ആ പുഴയുടെ താഴെയുള്ള ഭാഗത്ത് നടന്ന കാര്യമാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും ആള്‍ക്കാര്‍ ഒഴുകിവരാന്‍ തുടങ്ങി. അതോടെ ആള്‍ക്കാരെ രക്ഷിച്ചെടുക്കല്‍ ദുഷ്‌ക്കരമായി. അപ്പോഴാണ് അവര്‍ക്ക് മനസിലായത് ഇങ്ങനെ ഓരോരുത്തരായി രക്ഷിച്ചെടുക്കാന്‍ സാധ്യമല്ല. കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഇങ്ങനെ ഒഴുകിവരുന്നതിന്റെ മൂലകാരണം എന്താണെന്നറിയണം. കൂടുതല്‍ ഗവേഷകര്‍, കൂടുതല്‍ നാട്ടുകാര്‍, കൂടുതല്‍ സാമുഹ്യസേവകര്‍ എല്ലാവരും ആ പുഴതീരത്ത് ഇരുന്നു ആലോചിച്ചു. ഓരോരുത്തര്‍ക്കും ഓരോ ആശയങ്ങള്‍, അഭിപ്രായങ്ങള്‍. ഈ സംഭവം രക്ഷാപ്രവര്‍ത്തനം നടക്കുന്നത് പുഴയുടെ downstream ലാണ്. ഓരോരുത്തരും ഓരോ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്നു. എങ്ങനെ കാര്യക്ഷമമായി ആയി രക്ഷാപ്രവര്‍ത്തനം നടത്താം എന്ന് എന്‍ജിനീയര്‍മാര്‍ ആലോചിച്ച് അതിനുവേണ്ട യന്ത്രങ്ങളൊക്കെ ഉണ്ടാക്കി. വേറെ ഒരു കൂട്ടര്‍ പുഴയുടെ മുകള്‍ഭാഗത്തേക്കുപോയി. അങ്ങനെ പോകുമ്പോഴാണ് അവിടെ ഒരു പരസ്യബോര്‍ഡ് അവരുടെ ശ്രദ്ധയില്‍പ്പെടുന്നത്. അതിലിങ്ങനെ എഴുതിവച്ചിരുന്നു. ‘Jump in, the water’s great’ അപ്പോള്‍ ഈ ബോര്‍ഡ് കണ്ടാണ് ആള്‍ക്കാര്‍ വെള്ളത്തില്‍ ചാടുന്നത് എന്നു മനസിലായി. വിനോദസഞ്ചാരികള്‍ ജലക്രീഡ നടത്തുക സ്വാഭാവികമാണല്ലോ. അതിനാണല്ലോ നമ്മുടെ പുഴ, കായല്‍ത്തീരങ്ങളിലെല്ലാം മനോഹരങ്ങളായ റിസോര്‍ട്ട് പണിതുവച്ചിരിക്കുന്നത്. അവര്‍ക്ക് അത് ബിസിനസ് ആണ്. പക്ഷേ, ആ ബിസിനസിനുവേണ്ടുന്ന മറ്റുള്ളവരുടെ സുരക്ഷയ്ക്കുവേണ്ട യാതൊരു മുന്‍കരുതലും ഇല്ല. വെള്ളത്തിലിറങ്ങുന്നവരെ രക്ഷപ്പെടുത്താനുള്ള യാതൊരു ഉപകരണമോ മറ്റു സംവിധാനങ്ങളോ ഇല്ല. എന്തിന് ഒരു മുന്നറിയിപ്പ് ബോര്‍ഡുപോലും ഇല്ല. ഇത്തരം സംരംഭങ്ങള്‍ക്ക് ലൈസന്‍സ് കൊടുക്കുന്ന റെഗുലേറ്റിംഗ് ഏജന്‍സി ആരാണ്? അപ്പോള്‍ റീംി േെൃലമാ ല്‍ ഒരാള്‍ ഒഴുകിയെത്തുന്നതിന്റെ പൂര്‍ണ ഉത്തരാവാദിത്തം ൗുേെൃലമാ ലുള്ള ആള്‍ക്കാര്‍ക്കാണ്. ഗവേഷകര്‍ വീണ്ടും മുകളിലേക്ക് പോയി. നേരത്തേ കണ്ട സാമൂഹ്യസമ്പ്രദായമല്ല  അവിടെ ചെന്നപ്പോള്‍ കണ്ടത്. അവിടെ ജീവിതം ദുസ്സഹമാണ്. ജീവിക്കാന്‍ ബുദ്ധിമുട്ടായതു കാരണം ചിലര്‍ പുഴയില്‍ ചാടുന്നു. അപ്പോള്‍ ഈ സോഷ്യല്‍ സിസ്റ്റംസ് – സാമൂഹ്യക്രമങ്ങള്‍ മോശമാക്കിയതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്? അതിന്റെയും മുകളിലാണ്. അതായത് ഏറ്റവും upstream ല്‍. അത് നമ്മുടെ ഗവണ്‍മെന്റ്, കുത്തക മുതലാളിമാര്‍ പിന്നെ മാധ്യമങ്ങള്‍ ഇങ്ങനെയുള്ള മൂന്ന് വിഭാഗങ്ങളാണ്. ഗവണ്‍മെന്റ് എന്നു പറയുമ്പോള്‍ അതിലെ മൂന്നു വിഭാഗങ്ങളും ഉള്‍പ്പെടും. (Legislative, Judiciary, Executive). ഗവേഷകര്‍ ഇവരെ State എന്ന വാക്കാണ് ഉപയോഗിച്ചത്. ഒരു ജനാധിപത്യസംവിധാനത്തില്‍ ഇതു മൂന്നും കൂടിയതാണല്ലോ ‘State’.

മാധ്യമങ്ങളുടെ ഇടപെടല്‍ എന്നത് വളരെ വിശാലമായ ഒരു കാര്യമാണ്. മാധ്യമങ്ങള്‍ നിലനില്‍ക്കുന്നത് മൂലധന വിപണിയുമായി ബന്ധപ്പെട്ടുകൊണ്ടാണ്. മാധ്യമങ്ങളില്‍ ബിസിനസ് സ്ഥാപനങ്ങള്‍ പരസ്യം കൊടുക്കുന്നു. അവര്‍ തന്നെയാണ് പല പരിപാടികളുടെയും പ്രായോജകരും. മാധ്യമങ്ങള്‍ക്ക് സാമ്പത്തികമായി ലാഭത്തില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഇത്തരം സ്വകാര്യ വാണിജ്യ സ്ഥാപനങ്ങളുടെ പരസ്യം കിട്ടണം. എന്നാല്‍മാത്രമേ മിടുക്കരായ ജോലിക്കാരെ നല്ല ശമ്പളം കൊടുത്തു നിര്‍ത്താന്‍ സാധിക്കൂ. സ്വകാര്യ സ്ഥാപനങ്ങളെ കൂടാതെ അതാതുകാലത്തെ ഗവണ്‍മെന്റും മാധ്യമങ്ങള്‍ക്ക് പരസ്യം കൊടുക്കാറുണ്ട്. പരസ്യം ഉണ്ടാക്കാന്‍ വേണ്ടിയും പരസ്യം കൊടുക്കാന്‍ വേണ്ടിയും ഒരു വകുപ്പുതന്നെയുണ്ട്. അതായത് നമ്മള്‍ തിരഞ്ഞെടുത്തു വിടുന്ന പ്രതിനിധികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ നല്ലതാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നത് സ്വകാര്യ സ്ഥാപനങ്ങള്‍  അനുവര്‍ത്തിക്കുന്ന അതേ വിപണന തന്ത്രത്തിലൂടെയാണ്. പക്ഷേ, അത് നമ്മുടെ പൈസ ഉപയോഗിച്ചാണ് എന്നുമാത്രം. മാധ്യമങ്ങള്‍ എത്രമാത്രം സുതാര്യമാണ്? മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങളിലെ അവകാശവാദങ്ങളെല്ലാം സത്യമാണോ?പരസ്യദാതാക്കളായ സ്ഥാപനത്തിന്റെയും വ്യക്തികളുടെയും ഏതെങ്കിലും കൊള്ളരുതായ്മകള്‍ നമ്മളെ മാധ്യമങ്ങള്‍ അറിയിക്കാറുണ്ടോ? ഒരു ജനാധിപത്യ സംവിധാനത്തിലെ ധര്‍മ്മമനുസരിച്ചാണോ മാധ്യമങ്ങളുടെ പ്രവര്‍ത്തനം? അല്ല. അവര്‍ക്ക് അങ്ങനെ പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല. അവര്‍ക്ക് സ്വകാര്യ/പൊതുസ്ഥാപനങ്ങളുടെ പൈസ ഉണ്ടെങ്കിലേ മുന്നോട്ടുപോകാന്‍ പറ്റൂ. ഒരുതരം സാമ്പത്തികവിധേയത്വം ആണ് കാരണം.