റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും – ബന്ധങ്ങളിലെ പ്രശ്‌നങ്ങളും ചരിത്രപശ്ചാത്തലവും – ആര്‍. മോഹന്‍
Print this article
Font size -16+
റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ ഒരുവര്‍ഷം കാലാവധി അവശേഷിക്കെ രാജിവച്ച് ഒഴിഞ്ഞിരിക്കുന്നു. രേഖപ്പെടുത്തിയ കാരണം വ്യക്തിപരമാണെങ്കിലും, കേന്ദ്ര സര്‍ക്കാരിന്റെ ചില നടപടികളോടുള്ള പ്രതിഷേധമാണ് യഥാര്‍ത്ഥ കാരണമെന്ന് വ്യക്തമാണ്.
62 വര്‍ഷങ്ങള്‍ക്കു ശേഷമാണ് (1956 – ല്‍ ബി. രാമറാവുവിന് ശേഷം) ഇങ്ങനെ ഒരു രാജി ഉണ്ടായിരിക്കുന്നത്. റിസര്‍വ്വ് ബാങ്കിന്റെ കരുതല്‍ ധനശേഖര നിര്‍ണ്ണയവും, ബാങ്കിംഗ് മേഖലയുടെ മേല്‍നോട്ടവും ഗവര്‍ണ്ണറുടെയും ബാങ്ക് വിദഗ്ധന്‍മാരുടെയും കയ്യില്‍ നിന്ന് ആര്‍.ബി.ഐ കേന്ദ്രബോര്‍ഡ് അംഗങ്ങളില്‍ ചിലരിലേക്ക് വന്നു ചേരുന്നതായി മാധ്യമ വാര്‍ത്തകള്‍ പ്രചരിക്കവെയാണ് ഈ രാജി.
ഈ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരും കേന്ദ്രബാങ്കും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള ഒരു ഹ്രസ്വവിശകലനമാണ് ലേഖനം.
ഈ കാലഘട്ടത്തില്‍, ഇന്ത്യയില്‍ മാത്രമല്ല, പല രാജ്യങ്ങളിലും അവിടങ്ങളിലെ കേന്ദ്രബാങ്കും ദേശീയ സര്‍ക്കാരുകളും തമ്മില്‍ ധന-പണനയങ്ങളെ സംബന്ധിച്ച് ഉരസലുകള്‍ ഉണ്ടാകുകയാണ്. അമേരിക്കന്‍ ഐക്യനാടുകളില്‍ പ്രസിഡന്റും ഫെഡറല്‍ റിസര്‍വും തമ്മില്‍ പലിശനിരക്ക് വര്‍ദ്ധനയെ ചൊല്ലി പരസ്യമായ വിവാദം ജൂലൈ 2018-ല്‍ ഉണ്ടായി. ടര്‍ക്കിയില്‍ പ്രസിഡന്റ് എര്‍ഡോഗാനും അവിടത്തെ കേന്ദ്രബാങ്കും ഇതേ വിഷയത്തില്‍ വ്യത്യസ്ത ധ്രുവങ്ങളിലാണ്. ഇന്ത്യയില്‍ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സുബ്ബറാവും അന്നത്തെ ധനമന്ത്രി പി. ചിദംബരവും തമ്മില്‍ പലിശനിരക്ക് വര്‍ദ്ധനയെപ്പറ്റി സാരമായ അഭിപ്രായഭിന്നത ഉടലെടുത്തിരുന്നു. സുബ്ബറാവുതന്നെ ഇക്കാര്യം അദ്ദേഹത്തിന്റെ ആത്മകഥയായ ‘Who moved my interest rate’ ഇത് വിശദമാക്കുന്നു. ഡെപ്യൂട്ടി ഗവര്‍ണറുടെ നിയമനത്തിലും സുബ്ബറാവുവിന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കപ്പെടുകയുണ്ടായെന്ന് അദ്ദേഹം എഴുതുന്നു.
കാരണങ്ങള്‍ വിശദമല്ലെങ്കിലും റിസര്‍വ് ബാങ്കിന്റെ ആദ്യ ഗവര്‍ണര്‍ ഓസ്‌ബോണ്‍ എ. സ്മിത്ത് (1935-37) ഒന്നരവര്‍ഷം കാലാവധി അവശേഷിക്കെ രാജിവച്ച് പോകുകയായിരുന്നു. അദ്ദേഹം ഒരു ബാങ്കിംഗ് വിദഗ്ധനായിരുന്നു. പിന്നീടുവന്ന ജെയിംസ് ടെയ്‌ലര്‍ ഐസി.ഡി.എസ്. ഉദ്യോഗസ്ഥനായിരുന്നു. പില്‍ക്കാലത്ത് 1956-ല്‍ ബി. രാമറാവു അക്കാലത്തെ ധനമന്ത്രി ടി.ടി. കൃഷ്ണമാചാരിയുമായുള്ള ഭിന്നതകളെ തുടര്‍ന്ന് സ്ഥാനമൊഴിയുകയായിരുന്നു. രഘുറാം രാജന്‍ കാലാവധി പൂര്‍ത്തിയാക്കിയെങ്കിലും അദ്ദേഹവും സര്‍ക്കാരും തമ്മില്‍ ഭിന്നതകള്‍ ഉണ്ടായിരുന്നു എന്നത് പരക്കെ ചര്‍ച്ച ചെയ്യപ്പെട്ട കാര്യമാണ്. നോട്ടുനിരോധന വിഷയത്തില്‍ അടക്കം അദ്ദേഹത്തിന് വേറിട്ട അഭിപ്രായം ഉണ്ടായിരുന്നത്രെ.
1920-കളില്‍ ഹില്‍ട്ടന്‍ – യംഗ് കമ്മിറ്റി ശുപാര്‍ശ പ്രകാരമാണ് റിസര്‍വ് ബാങ്ക് രൂപംകൊള്ളുന്നത്. റിസര്‍വ് ബാങ്കിന്റെ അടിസ്ഥാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934 ആണ്. അഞ്ചുകോടി രൂപയുടെ മൂലധനവുമായി ഒരു ഓഹരി ബാങ്കായാണ് ആര്‍.ബി.ഐ. രൂപംകൊള്ളുന്നത്. 1949-ല്‍ ആര്‍.ബി.ഐ. ദേശവത്കരിക്കപ്പെട്ടു. റിസര്‍വ് ബാങ്കിന്റെ ഉദ്ദേശ്യലക്ഷ്യം താഴെപറയുന്നതാണ്:
‘to regulate the issue of Bank notes and the keeping of reserve with a view to securing monetary stability in India and generally operate the currency and credit system of the country to its advantage’
സ്വതന്ത്ര ഇന്ത്യയുടെ വികസന നയങ്ങള്‍ കൊളോണിയല്‍ നയങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു. സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം നല്‍കുന്നതില്‍ ബാങ്കിംഗ് മേഖലയ്ക്ക് വലിയ ഒരു സാമൂഹിക ചുമതല നിര്‍വഹിക്കേണ്ടിവന്നു. അതിനായി റിസര്‍വ് ബാങ്കിനും അതിന്റെ മുഖ്യലക്ഷ്യങ്ങള്‍ക്ക് പുറമെ അനവധി പുതിയ ചുമതലകള്‍ ഏറ്റെടുക്കേണ്ടിവന്നു. ഗ്രാമീണ, ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പ ലഭ്യമാക്കല്‍, ബാങ്കിംഗ് സ്ഥാപനങ്ങളെ ജനങ്ങളിലേക്കെത്തിക്കല്‍ എന്നിവ ഇതില്‍പെടുന്നു. പണപ്പെരുപ്പം നിയന്ത്രിക്കല്‍ മുഖ്യകടമയാകുമ്പോള്‍ പലപ്പോഴും പലിശനിരക്കുകള്‍ ഉയര്‍ന്നതായി നിലനിര്‍ത്തേണ്ടിവരുന്നു. സാമ്പത്തിക ഉദാരവത്കരണ നയങ്ങള്‍ പ്രാബല്യത്തിലായ 1990-കള്‍ മുതല്‍, ബാങ്കിംഗ് മേഖലയില്‍ സ്വകാര്യവത്കരണ ശ്രമങ്ങള്‍ ആരംഭിച്ചു. ദീര്‍ഘകാല വായ്പ നല്‍കുന്ന പൊതുമേഖലാ സ്ഥാപനങ്ങളും ഹ്രസ്വകാലവായ്പ നല്‍കുന്ന ബാങ്കുകളും ഏകീകരിക്കപ്പെട്ടു. ധനകാര്യ നയങ്ങളില്‍ നികുതി ലഘൂകരണവും ചെലവി ചുരുക്കലും പ്രകടമായി. ലോകമുതലാളിത്തത്തിലെ പ്രതിസന്ധി പൂര്‍ണ്ണതോതിലല്ലെങ്കിലും ഇന്ത്യയെയും ബാധിച്ചു. കൂടുതല്‍ വായ്പ കുറഞ്ഞ പലിശനിരക്കില്‍ നല്‍കിയാല്‍ സാമ്പത്തിക വളര്‍ച്ച കൂട്ടാമെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ കരുതി. പണപ്പെരുപ്പ നിയന്ത്രണം ലക്ഷ്യമാക്കിയ ആര്‍.ബി.ഐ. ഇതിന് തയ്യാറായില്ല. ഇതാണ് 2009 മുതലുള്ള തര്‍ക്കങ്ങളുടെ തുടക്കം. കിട്ടാക്കടം വര്‍ദ്ധിച്ചതും ആര്‍.ബി.ഐ. എടുത്ത കടുത്ത നടപടികളും രഘുറാം രാജനും സര്‍ക്കാരുമായുള്ള ഭിന്നതയ്ക്ക് ആക്കംകൂട്ടി. ചെറുകിട മീഡിയം വ്യവസായങ്ങള്‍ക്കുള്ള വായ്പാനയം ഇപ്പോഴും ഭിന്നതയ്ക്കുള്ള കാരണമായി തുടരുന്നു. നവംബര്‍ 19-ന് ചേര്‍ന്ന ആര്‍.ബി.ഐ. കേന്ദ്രബോര്‍ഡ് മീറ്റിംഗിലും ഈ വിഷയം ചര്‍ച്ചചെയ്യപ്പെട്ടു.
(ഇപ്പോഴത്തെ തര്‍ക്കത്തിന്റെ മുഖ്യകാരണം റിസര്‍വ് ബാങ്ക് ലാഭത്തിന്റെ) വര്‍ദ്ധിതവിഹിതം കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു (3.6 ലക്ഷം കോടി) എന്നതാണെന്നാണ് വാര്‍ത്തവരുന്നത്. ഇതു കിട്ടിയാല്‍ കേന്ദ്രത്തിന് 2018-19 സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മി ഗണ്യമായി കുറഞ്ഞതായി കാണിക്കാം. ഈ വരവ് നികുതിയേതര വരുമാനമായതിനാല്‍ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാനുള്ള ഭരണഘടനാ ബാധ്യതയുമില്ല. ഇതിന്മേല്‍ തീരുമാനമെടുക്കാനുള്ള സമിതിയുടെ ഘടനയെ സംബന്ധിച്ച് അഭിപ്രായ വ്യത്യാസമുണ്ട്. ആര്‍.ബി.ഐ. ഗവര്‍ണറും കേന്ദ്ര സര്‍ക്കാരും ഇത് ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്നാണ് കേന്ദ്രബോര്‍ഡ് നിര്‍ദ്ദേശം. ലോകത്തെമ്പാടും നികുതി, ചെലവുനയങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളുടെ നയരൂപവത്കരണ മേഖലയിലാണ് സാമ്പത്തികമാന്ദ്യം അനുഭവപ്പെടുമ്പോള്‍ വരവ് കുറയുകയും ചെലവ് കൂടുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ഈ അവസരത്തില്‍ സര്‍ക്കാര്‍ കമ്മി വര്‍ദ്ധിക്കുകയും പൊതുകടം ഉയരുകയും ചെയ്യും. കെയ്‌നീഷ്യന്‍ തത്ത്വങ്ങള്‍ പ്രകാരം ഇത് ഒരു സര്‍ക്കാരിന്റെ മാന്ദ്യകാലത്തെ മുഖ്യകടമയാണ്. കൂടിയ ചെലവുകള്‍ ഉപഭോഗശേഷി ഉയര്‍ത്തുകയും തദ്വാരാ സാമ്പത്തിക വളര്‍ച്ചയ്ക്ക് ത്വരകമാകുകയും ചെയ്യും. വളര്‍ച്ച ഉയരുമ്പോള്‍ നികുതി വരുമാനം വര്‍ദ്ധിക്കുകയും കമ്മിയും കടവും കുറയുകയും ചെയ്യും. സാമ്പത്തി ചാക്രിക ചലനത്തിന്റെ വിരുദ്ധദിശയില്‍ ഒരു സര്‍ക്കാര്‍ മാന്ദ്യകാലത്ത് പ്രവര്‍ത്തിക്കണമെന്നാണ് സാരം. ഇവിടെ കേന്ദ്ര ബാങ്കിന്റെ പിന്തുണ അനിവാര്യമാണ്. പലിശനിരക്ക് കുറയ്ക്കുന്നതുവഴി കൂടുതല്‍ വായ്പ ലഭ്യമാക്കുകയും സര്‍ക്കാര്‍, സ്വകാര്യമേഖലകളെ ഉത്തേജിപ്പിക്കുകയും കേന്ദ്രബാങ്ക് ചെയ്യേണ്ടതാണ് പാശ്ചാത്യരാജ്യങ്ങളില്‍ 2008-ലെ മാന്ദ്യത്തിനുശേഷം പൂജ്യത്തോട് ചേര്‍ന്നു നില്‍ക്കുന്ന പലിശനിരക്ക് കേന്ദ്രബാങ്കുകള്‍ ഉറപ്പാക്കി.