ആഗോളഗ്രാമം മാറുന്ന മാധ്യമ അതിരുകളും ചാനലുകളുടെ പ്രതിസന്ധിയും
തിയോഡര്‍ അഡോര്‍ണയുടെ ‘How to look at television’ എന്ന പഠനം, വ്യക്തിമനസ്സിനെ സംസ്കാരവ്യവസായം എങ്ങനെയെല്ലാം സ്വാധീനിക്കുന്നു എന്നതിന്റെ സാക്ഷ്യമാണ്. കമ്പോള ടെലിവിഷന്‍ കാണികള്‍ക്ക് നല്‍കുന്നത് ഉല്പന്നങ്ങളാണ്; കച്ചവടമാണ് അതിന്റെ ആത്യന്തിക ലക്ഷ്യം. യഥാര്‍ത്ഥകലയുടെ വ്യാജപ്രതീതിയാണ് അവിടെ അവതരിപ്പിക്കുന്നത്. ഓരോ പരിപാടിയും കമ്പോളത്തിന്റെ ദാഹവും വിശപ്പും ശമിപ്പിക്കുന്ന വിനോദരസങ്ങളുടെ ആഘോഷമാണ്. ഉത്സവങ്ങളുടെ ലഹരിമോന്തിയ കൊളാഷുകളില് ബഹുജനത്തെ മയക്കിക്കിടത്തുന്ന ദൃശ്യ-ശബ്ദങ്ങള്‍ വിനോദഭാവനയുടെ ആകാശങ്ങളില്‍ പുത്തന്‍ കുടമാറ്റങ്ങളാണ് നടത്തുന്നത്. അവിടെ വാര്‍ത്തകളും വിനോദങ്ങളായി; റിയാലിറ്റി ഷോ. യാഥാര്‍ത്ഥ്യം `ഷോ’ ആയതോടെ, `യാഥാര്‍ത്ഥ്യ’ത്തിന്റെയും `ഷോ’യുടെയും അതിരുകള്‍ ഇല്ലാതായി. ടെലിവിഷന്‍ മൊത്തത്തില്‍ ഒരേ ഒരു ഭാഷ സൃഷ്ടിച്ചു; വിനോദത്തിന്റെ ഭാഷ. ആ ഭാഷയുടെ ഭാഷണമായി ടെലിവിഷന്‍. ബഹുജനം വിനോദഭാഷണത്തില് മയങ്ങിവീണപ്പോള്‍, വിനോദകലയുടെ പരമ്പരാഗത മൂല്യഘടനകളാണ് ഇളകിയാടിയത്. ഏതു കലയും ടെലിവിഷന്റെ രസച്ചരടിലേക്ക് കോര്‍ത്തിണക്കപ്പെട്ടു. പാരമ്പര്യകലകളെ ടെലിവിഷന്‍ പുനര്‍നിര്‍വചിച്ചു. ജനപ്രിയഭാവനകളായിരുന്നു അതിന്റെ ആട്ടപ്രകാരം നിര്ണയിച്ചുത്. മലയാള ടെലിവിഷനില്‍ ഈ ദൃശ്യപരിവര്ത്തനം ഇന്ന് അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയിട്ടുണ്ട്. വിശേഷിച്ച് ബഹുജനപ്രകാശനത്തിന്റെ അഞ്ചാമിടം (ഫിഫ്ത്ത് എസ്റ്റേറ്റ്) ആയി നവമാധ്യമങ്ങള്‍/സമൂഹമാധ്യമങ്ങള്‍ രൂപപ്പെട്ടതോടെ. സ്വയം പ്രകാശനത്തിനായി ബഹുജനത്തിന് തുറന്നുകിട്ടിയ സൈബറിടം ടെലിവിഷന്റെ ഉള്ളടക്കസങ്കല്പങ്ങളെ കൂടുതല്‍ വിനോദവല്കരിച്ചു. ആധികാരികത, നൈതികത, ധാര്‍മികത, സമതുലനത തുടങ്ങിയ മാധ്യമമൂല്യങ്ങളൊന്നും നിലനില്‍ക്കുന്ന ഇടമല്ല സമൂഹമാധ്യമങ്ങളുടേത്. വ്യവസ്ഥാരഹിതമായ നാടോടിത്തഭാവനകളും വായാടിത്തത്തിന്റെ ആഖ്യാനങ്ങളും സൈബര്‍ മാധ്യമസമൂഹത്തെ ഏറിയ പങ്കും അകംപൊള്ളയായ വിനോദങ്ങളുടെ കേളീരംഗമാക്കി. ടെലിവിഷന്‍ അടക്കമുള്ള എല്ലാ മാധ്യമങ്ങളെയും ആ സൈബര്ലീലകള് ആവേശിച്ചിരിക്കുന്നു. നാളിതുവരെയില്ലാത്ത മാധ്യമസ്വാതന്ത്ര്യമാണ്, നവമാധ്യമങ്ങള്‍ തുറന്നുതന്നത്. എന്നാല്‍ അതിന്റെ ലീലാഭാവം വിശ്വാസ്യത അടക്കമുള്ള മാധ്യമമൂല്യങ്ങളെ നിരാലംബമാക്കി. സാങ്കേതികവിദ്യയുടെ അതിസ്ഫോടനാത്മകതയില് മാധ്യമങ്ങള്‍ അതിനനുസരിച്ച് സുതാര്യതയും യാഥാര്ത്ഥബോധവും ഉള്‍ക്കൊള്ളേണ്ടതായിരുന്നു. എന്നാല്‍ അതിസാങ്കേതികത അതിവൈകാരികതയിലേക്കും അയാഥാര്ത്ഥ്യത്തിലേക്കുമാണ് ബഹുജനത്തിന്റെ മാധ്യമാഭിരുചിയെ തലകുത്തനെ നിര്‍ത്തിയത്.
നവമായ മാധ്യമാഖ്യാനങ്ങളുടെ അനുഭവലോകം തുറന്നതോടെ ടെലിവിഷന്‍ വിജ്ഞാനം വിനോദം വിജ്ഞാനാധിഷ്ഠിത വിനോദം എന്ന ദൃശ്യവിനിമയ പാരമ്പര്യത്തെ വലിയൊരു പരിധിവരെ ഉപേക്ഷിക്കേണ്ടിവന്നു. തല്‍സ്ഥാനത്ത് അതിവിനോദഭാവനയുടെ കൂടിയാട്ടം മേല്‍ക്കൈ നേടി. ഇത്തരമൊരു മാധ്യമസന്ദര്ഭത്തിലാണ് വാര്‍ത്തകളില്‍ വിനോദത്തിന്റെ പുളകപ്പൂക്കളുണ്ടായത്; ദുശ്യവാര്ത്താഖ്യാനം കച്ചവട സിനിമയിലെ സ്റ്റണ്ട് രംഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന വിനോദരസഭാവങ്ങളിലേക്ക് പരിവര്‍ത്തിക്കപ്പെട്ടത്. അതോടെയാണ് വാര്‍ത്താവതാരകര്‍ – വിധികര്‍ത്താക്കള്‍ – ജഡ്ജിമാര്‍ – ആയി മാറിയത്. യാഥാര്‍ത്ഥ്യത്തെ ചവിട്ടിമെതിച്ചുകൊണ്ട്, ആള്ക്കൂട്ടകാമനകളുടെ കൂക്കുവിളിയിലേക്കും ആര്ത്തട്ടഹാസങ്ങളിലേക്കും നിലയ്ക്കാത്ത കയ്യടിയിലേക്കും ദൃശ്യവര്ത്തമാനങ്ങളും അതിന്റെ കര്‍ത്തൃത്വങ്ങളും വേഷംമാറിയപ്പോള്‍ തകര്‍ന്നുവീണത് വസ്തുനിഷ്ഠബോധ്യങ്ങളും വിനിമയമൂല്യങ്ങളുമായിരുന്നു. അച്ചടിമാധ്യമങ്ങള്‍ വര്‍ഷങ്ങളായി പടുത്തുയര്‍ത്തിയ മൂല്യവ്യവസ്ഥയേയും ധാര്മ്മികനിലവാരത്തെയും അപ്പാടെ സ്തംഭിപ്പിച്ചു, ഇലക്ട്രോണിക് – ഇന്റര്‍നെറ്റ് ദൃശ്യ-നവമാധ്യമ സംസ്കാരം. മൊത്തത്തില്‍ ശരിയെന്നോ തെറ്റെന്നോ വേര്‍തിരിക്കാനാവാത്ത ശ്ലീലമെന്നോ അശ്ലീലമെന്നോ തിട്ടപ്പെടുത്താനാകാത്ത, കഥയെന്നോ ജീവിതമെന്നോ അതിരിടാനാകാത്ത, വാര്‍ത്തയെന്നോ വിനോദമെന്നോ തരംതിരിക്കാനാകാത്ത ആഗോളബൃഹദ്സമൂഹം രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു.
യാഥാര്‍ത്ഥ്യത്തെ യാഥാര്‍ത്ഥ്യമായി അവതരിപ്പിക്കുമ്പോള്‍ ബഹുജനമനസ്സുകളില് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് വിരസതയായിരിക്കും എന്ന ഉത്കണ്ഠയാണ് അതിഭാവുകത്വം മുറ്റിയ ദൃശ്യനാടകങ്ങളിലേക്കും ഹാസ്യാത്മക കോമാളിത്ത രസാഖ്യാനങ്ങളിലേക്കും ടെലിവിഷന്‍ നിര്‍മ്മിതികള്‍ രൂപം മാറുന്നതിന് പ്രേരണയായത്. `24×7 ഫണ്‍’ എന്നതാണ് ഇപ്പോള്‍ ചാനല്‍ ഷോകളുടെ പൊതുസ്വഭാവം. അതിനായി ഏതു ദൃശ്യമാര്ഗ്ഗവും അവലംബിച്ചതോടെ വീടുകളില്‍ നിറഞ്ഞത്, ദൃശ്യമാലിന്യങ്ങളാണ്. പൊതുവായി, ഏതെങ്കിലും വിധം സംസ്കരിക്കാന്‍ സാധിക്കാത്തവിധം പെരുകുന്ന ആ മാലിന്യങ്ങള്‍, ഉറവിടത്തില്‍ത്തന്നെ സംസ്കരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്നത് ടെലിവിഷന്സെറ്റുകള് വീട്ടില്‍നിന്ന് പുറന്തള്ളപ്പെടും എന്നതാണ്. അല്ലെങ്കില്‍തന്നെ വിവരസാങ്കേതികവിദ്യ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന നൂതനമായ ഇന്ദ്രജാലങ്ങള്‍ ടെലിവിഷന്‍ അടക്കമുള്ള പരമ്പരാഗത മാധ്യമങ്ങളെ ഇലക്ട്രോണിക് കുപ്പകളാക്കിക്കൊണ്ടിരിക്കുകയാണ്. സ്മാര്‍ട്ട്ഫോണുകള്‍ `കൈസ്ക്രീനി’ലേക്ക്/വിരല്‍ത്തുമ്പിലേക്ക് സ്ഥലകാലബന്ധമില്ലാത്തവിധം വിനിമയം അനായാസം സാധ്യമാക്കിക്കൊണ്ടിരിക്കുന്നു. മാറുന്ന മാധ്യമ അതിരുകള്‍ (Changing LOC of media) മാറുന്ന വിനിമയ സങ്കല്പത്തിന്റെ മാത്രമല്ല, മാറുന്ന ലോകത്തിന്റെ അതിരുകള്‍ കൂടിയാണ്. ഡിജിറ്റല്‍ ദേശീയതയില്‍ ലോകം ഒരൊറ്റ വിരല്‍ത്തുമ്പിലേക്ക് ചുരുങ്ങിവരികയാണ്. ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് തനതായ ഒരു മാധ്യമജൈവികത മലയാള ടെലിവിഷന്‍ ചാനലുകള്‍ക്ക് അനിവാര്യമായിരിക്കുന്നു. അതിനായി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ഫ്രെയിമുകള്‍ക്കുള്ളില്‍ നിന്ന് ടെലിവിഷന്റെ വാര്‍ത്തയും വിനോദവും പുറത്തിറങ്ങേണ്ടിയിരിക്കുന്നു. ഇപ്പോള്‍ ഓരോ ഫ്രെയിമും നിശ്ചിതമായ ഫോര്‍മുലകള്‍ കൊണ്ട് നിര്‍മ്മിതമാണ്. പ്രേക്ഷക അഭിരുചികളെ താല്‍ക്കാലികമായി അതിനു സ്വാധീനിക്കാന്‍ കഴിയുന്നു. എന്നാല്‍ ഒരു സ്വതന്ത്ര മാധ്യമം എന്ന നിലയില്‍ ടെലിവിഷനെ അത് പരുവപ്പെടുത്തിയെടുക്കുകയില്ല. മൂന്നുപതിറ്റാണ്ട് പിന്നിട്ടിട്ടും ഇതാണ് മലയാള ടെലിവിഷന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ടെലിവിഷന്‍ സ്വതന്ത്രമായ അസ്തിത്വം ഉറപ്പിച്ചിട്ടില്ല എന്നതിന്റെ ഏറ്റവും നല്ല പ്രത്യക്ഷമാണ്, ജനപ്രിയ ചലച്ചിത്രങ്ങളുടെ സംപ്രേഷണം ഇല്ലാതെ ചാനലുകള്‍ക്ക് നിലനില്ക്കാന് കഴിയാത്തത്. സംസ്കാരവ്യവസായത്തിന്റെ ഉല്‍പ്പന്നങ്ങളാണ് സിനിമയും ടെലിവിഷനും. ഇന്ന് അവ പരസ്പരരപൂരകങ്ങളാണ്. എന്നാല്‍ ടെലിവിഷന്‍ നിര്‍മ്മിക്കുന്ന ചലച്ചിത്രങ്ങള്‍, മിനിസ്ക്രീനിന് പുറത്തേക്ക് വളരുന്നില്ല. അങ്ങനെ വളര്‍ന്നിട്ടുള്ള സന്ദര്‍ഭങ്ങളുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്റെ `മതിലുകള്‍’, `നാലു പെണ്ണുങ്ങള്’, അരവിന്ദന്റെ `കുമ്മാട്ടി’ എന്നിവ മിനിസ്ക്രീനിനുവേണ്ടി – ദൂരദര്‍ശനുവേണ്ടി – നിര്‍മ്മിക്കുകയും `ബിഗസ്ക്രീനി’ന്റെ കലയിലേക്ക് വളരുകയും ചെയ്തവയാണ്. അത് പരസ്പരാശ്രിതത്വത്തിന്റെ – കൊടുക്കല്‍ വാങ്ങലിന്റെ – കമ്പോളസംസ്കാരത്തില്‍ നിന്ന് രൂപപ്പെട്ടതല്ല. മറിച്ച് ടെലിവിഷന്റെ സ്വതന്ത്രാസ്തിത്വത്തില്നിന്ന് വളര്‍ന്നുവന്നതാണ്. ഇതില്‍നിന്നും ഭിന്നമായി, സ്വതന്ത്രമായി നിര്‍മ്മിക്കപ്പെട്ട ചലച്ചിത്രങ്ങള്‍, അതിന്റെ വാണിജ്യപരമായ നിലനില്‍പ്പിനായി, തിരഞ്ഞെടുക്കപ്പെട്ട ഒരു കച്ചവട ഇടമായിട്ടാണ് ടെലിവിഷനെ പരിഗണിക്കുന്നത്. ഇത് ടെലിവിഷന്‍ മാധ്യമത്തെയല്ല, ചലച്ചിത്രം എന്ന മാധ്യമത്തെയാണ്, സഹായിക്കുന്നത്. എന്നാല്‍ അത്തരത്തില്‍ സംപ്രേഷണം ചെയ്യുന്ന ചലച്ചിത്രങ്ങള്‍ ടെലിവിഷന്റെ താല്‍ക്കാലിക റേറ്റിംഗ് ദാഹത്തെ ശമിപ്പിക്കുന്നു. അതോടെ, ടെലിവിഷന്‍ ചലച്ചിത്രങ്ങളെ കൂടുതല്‍ ആശ്രയിക്കുകയും സ്വയം നിര്‍മ്മിതമായ ദൃശ്യാഖ്യാനങ്ങളില്നിന്ന് പിന്തിരിയുകയും ചെയ്യുന്നു. ബഹുജന മനസ്സുകളിലുള്ള ചലച്ചിത്ര സ്വാധീനത്തെ ടെലിവിഷന്‍ ആശ്രയിച്ചതോടെ ചലച്ചിത്രങ്ങള്‍ മാത്രമല്ല, ചലച്ചിത്ര സംബന്ധിയായ ഏതുതരം രസികത്തങ്ങള്ക്കും ടെലിവിഷനില്‍ ഇടം നല്കി. ഇത് വിനോദചാനലുകളില്‍ മാത്രമല്ല, വാര്‍ത്താധിഷ്ഠിത പരിപാടികളുടെ ദൃശ്യസങ്കലനങ്ങളില് വരെ ചലച്ചിത്ര ക്ലിപ്പുകളായും ചലച്ചിത്രഗാനങ്ങളായും പടര്‍ന്നു കയറിയിരിക്കുന്നു.
ചലച്ചിത്രങ്ങള്‍ എന്ന പോലെ വിനോദ ടെലിവിഷന്റെ പ്രധാന ഉള്ളടക്കങ്ങളിലൊന്ന് സീരിയലുകളാണ്. സാഹിത്യകൃതികളെ ടെലിവിഷന്‍ പരമ്പരകളാക്കിയിരുന്ന ഒരു ദൃശ്യഭൂതകാലം മലയാള ടെലിവിഷനുണ്ട്. എന്നാല്‍ സോപ്പ് ഓപ്പറയുടെ ജനപ്രിയഭാവങ്ങള് അവയ്ക്ക് പകര്‍ന്നു നല്കാന് സാധിച്ചില്ല. അതോടെ സ്ത്രീപരമ്പരകളുടെ കണ്ണീര്ജന്മങ്ങള് പലരൂപത്തിലും ഭാവത്തിലും നിര്‍മ്മിക്കപ്പെട്ടു. എന്നാല്‍ അവയൊന്നും ടെലിവിഷന്‍ ചാനലുകള്‍ സ്വന്തമായി നിര്‍മ്മിച്ചതായിരുന്നില്ല. ടെലിവിഷന്‍ പ്രോഗ്രാം നിര്‍മ്മാണ കമ്പനികളില്‍നിന്ന് വിലയ്ക്കുവാങ്ങിയവയായിരുന്നു. അതോടെ കണ്ണീര്‍പരമ്പരകളുടെ ആഖ്യാന നിര്‍മ്മിതിയില്‍ ടെലിവിഷന്‍ യാതൊരു പങ്കും ഉത്തരവാദിത്വവും ഇല്ലാതായി. ഈ ഉത്തരവാദിത്വമില്ലായ്മയുടെ അടുത്ത ഘട്ടമാണ് അന്യഭാഷാ സീരിയലുകളുടെ റീമേക്കുകള്‍, മലയാള സീരിയല്‍ രംഗം കയ്യടക്കിയത്. അതിനാടകീയതയുടെ ആ ദൃശ്യവിജയം, മൊഴിമാറ്റ സീരിയലുകളുടെ സംപ്രേഷണത്തിന് വഴിവച്ചു. ഇത് മലയാള ടെലിവിഷന്റെ ജനപ്രിയ വിനോദഭാവനയെ മൂടിയിരുന്ന ആലസ്യത്തിന്റെ പ്രത്യക്ഷമാണ്.
മലയാള ടെലിവിഷന്‍ ഇന്ന് നേരിടുന്ന പ്രധാന പ്രതിസന്ധി, വിനോദചാനലുകളുടെ മാറുന്ന രസസന്ധികളല്ല, മറിച്ച് വിനോദചാനലുകളോട് മത്സരിച്ച് അവടെ പിന്നിലാക്കാന്‍ ശ്രമിക്കുന്ന ദൃശ്യവാര്‍ത്താ ചാനലുകള്‍, എത്തിപ്പിടിക്കുന്ന പുത്തന്‍ ആഖ്യാനതന്ത്രങ്ങളാണ്. വാര്‍ത്തയെ സംബന്ധിച്ചിടത്തോളം ഓരോ ആഖ്യാനവും, പ്രേക്ഷകരില്‍ നിര്‍മ്മിക്കുന്ന ഉള്ളടക്കഫലം പ്രധാനമാണ്. വസ്തുനിഷ്ഠതയില്‍ ഊന്നിനിന്നുകൊണ്ടുള്ള സത്യബോധനം വാര്ത്താവിനിമയത്തില്നിന്ന് നഷ്ടപ്പെടാന്‍ പാടില്ല. എന്നാല്‍ വിപണിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായി വിനോദഭാവന വാര്ത്താഖ്യാനത്തിന്റെ അന്തര്ധാരയാകുമ്പോള്, വാര്‍ത്ത നിശ്ചിതമായ ഒരു ക്രമത്തിനകത്തുകൂടി മാത്രം സൃഷ്ടിക്കപ്പെടുന്ന ഉല്പന്നമായി മാറുന്നു. ചാനല്‍ ചര്‍ച്ചകള്‍ കുറ്റിയില്‍ കെട്ടിയ മാതിരി ചില പ്രത്യേക പ്രമേയങ്ങള്ക്കുള്ളിലും പോക്കറ്റുകളിലും ചുറ്റിത്തിരിയുന്നത് ശ്രദ്ധിക്കുക. ചര്‍ച്ചയുടെ ജനാധിപത്യ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന നടപടിയാണിത്. മാത്രമല്ല അതിഥികളുടെ വായ്മൂടിക്കെട്ടുംവിധം പ്രതിപക്ഷ ബഹുമാനമില്ലാതെ അവതാരകര്‍ നിര്‍ത്താതെ ശബ്ദിച്ചുകൊണ്ടിരിക്കുകയും, ചര്‍ച്ച എന്നത് അവതാരകരുടെ പ്രസംഗവൈഭവത്തിന്റെ വേദിയായി ചുരുങ്ങുകയും ചെയ്യുന്നത്, വാസ്തവത്തില്‍ എതിര്‍സ്വരങ്ങളെ മാത്രമല്ല, ബഹുജനാഭിപ്രായത്തെ നിശബ്ദമാക്കുന്ന തന്ത്രം കൂടിയാണ്. പക്വവും ഉത്തരവാദിത്വപൂര്‍ണ്ണവും ആകേണ്ട ദൃശ്യവാര്ത്താവതരണം അത്തരത്തില്‍ അധഃപതിക്കുമ്പോള്‍, മാധ്യമമെന്ന നിലയില്‍ ടെലിവിഷന്‍ വാര്‍ത്താ ചാനല്‍ നിര്‍വഹിക്കേണ്ട വിനിമയ ധര്‍മ്മങ്ങളില്‍നിന്ന് ബഹുദൂരം അകന്നുപോകുകയാണ്. ഇതിനെല്ലാം ആധാരമായിരിക്കുന്നത്, ശരിയായ വാര്‍ത്താവബോധം ബഹുഭൂരിപക്ഷം ചാനല്‍ പ്രവര്‍ത്തകര്‍ക്കും ഇല്ല എന്നതാണ്.
ദൃശ്യവാര്ത്തയെ സംബന്ധിച്ച് അതിന്റെ ഉള്ളടക്ക നിര്‍മ്മിതിയെപ്പറ്റി, ദൃശ്യ-ശബ്ദ സംയോജനത്തെപ്പറ്റി, ആഖ്യനത്തില്‍ പാലിക്കേണ്ട മിതത്വത്തെപ്പറ്റി, ആത്യന്തികമായി അത് പ്രേക്ഷകര്‍ക്ക് പകരേണ്ട സത്യബോധത്തെപ്പറ്റി – ശരിയായ ദിശയിലുള്ള ബോധവല്‍ക്കരണവും പരിശീലനവും ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ക്ക് കാലാകാലങ്ങളില്‍ നല്‍കേണ്ടതുണ്ട്. ഇത് ദൃശ്യവാര്‍ത്താ സ്ഥാപനങ്ങളോ സര്‍ക്കാര്‍ സംവിധാനങ്ങളോ ആലോചിക്കേണ്ട കാര്യമാണ്. അപ്പോള്‍ മാത്രമേ നവമായൊരു ദൃശ്യവാര്ത്താസംസ്കാരം രൂപപ്പെടുകയുള്ളൂ.
ഇതിനകം ടെലിവിഷന്‍ നവമായൊരു ഭാഷയും ഭാഷണവും രൂപപ്പെടുത്തിയിട്ടുണ്ട്. അതിന്റെ വാക്കുകള്‍ ക്രമപ്പെടുത്തിയിരിക്കുന്ന ചിഹ്നവ്യവസ്ഥ ടെലിവിഷനെ ഒരു ഭാഷാചിഹ്നമാക്കി മാറ്റിയിരിക്കുന്ന സാഹചര്യത്തില്‍ അതുല്‍പ്പാദിപ്പിക്കുന്ന അര്‍ത്ഥങ്ങള്‍ക്ക് സമൂഹത്തെ സ്വാധീനിക്കാന്‍ കഴിയുന്നതാണ്. അതുകൊണ്ടാണ് രാഷ്ട്രീയപ്രവര്‍ത്തകര്‍, വിശേഷിച്ച് തിരഞ്ഞെടുപ്പുവേളകളില്‍, അച്ചടി മാധ്യമങ്ങളേക്കാള്‍ ദൃശ്യമാധ്യമങ്ങളെ ഉപയോഗിക്കുന്നത്/ഉപയോഗപ്പെടുത്തുന്നത്. ഭാഷ എന്നത് ടെലിവിഷനില്‍ ശരീരഭാഷകൂടി ചേര്‍ന്നതാണ്. `ഇമേജ്’ എന്നത് ഇവിടെ ആദര്‍ശാത്മകം മാത്രമല്ല, പ്രകടനാത്മകം കൂടിയാണ്. അതുകൊണ്ടാണ് മിക്ക നേതാക്കന്മാരും ടെലിവിഷനെ ആനന്ദിപ്പിക്കും വിധമുള്ള പ്രസംഗങ്ങളും ഭാവപ്രകടനങ്ങളും നടത്തുന്നത്. ഇത് രാഷ്ട്രീയനേതൃത്വത്തിന് ടെലിവിഷന്‍ പകര്‍ന്നുനല്‍കിയ ഭാഷയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍, ഇന്ത്യന്‍-ഇംഗ്ലീഷ് ചാനലുകളുടെ ഭാഷ സംസാരിക്കാനറിയുന്നവര്‍ രാഷ്ട്രീയനേതൃത്വത്തിലേക്ക് കടന്നുവന്നത് ഓര്‍ക്കുക. ഇതെല്ലാം മാധ്യമനിര്മ്മിതമായി മാറിയിരിക്കുന്ന നവസാമൂഹികതയുടെ ദൃശ്യാനുഭവങ്ങളാണ്. ഈ പശ്ചാത്തലത്തില്‍ ടെലിവിഷന്റെ ഉള്ളടക്ക നിര്‍മ്മിതി ജാഗ്രതാപൂര്ണ്ണമായിരിക്കേണ്ടതുണ്ട്. വിശേഷിച്ച് വാര്‍ത്താവിനിമയ സംസ്കാരത്തില്‍ യാഥാര്‍ത്ഥ്യം കലങ്ങിമറിയുന്നത് അപകടകരമായ ദൃശ്യപ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
പൊതുവേ ചലച്ചിത്രം, ടെലിവിഷന്‍, സൈബര്‍/സമൂഹമാധ്യമങ്ങള്‍ ഇവയെയെല്ലാം ബന്ധിപ്പിക്കുന്ന ഇന്റര്‍നെറ്റ് സംവിധാനമുള്ള സ്മാര്‍ട്ട്ഫോണ്‍, അതിന്റെ കൈസ്ക്രീനില് തെളിയുന്ന ആഗോളഗ്രാമം – മാര്‍ഷല്‍ മക്ലൂഹന് വര്‍ഷങ്ങള്‍ക്കുമുമ്പ് സൂചിപ്പിച്ച ആഗോളഗ്രാമം ഇന്ന് ആഗോളനഗരമായി വികസിച്ചു കഴിഞ്ഞു. എങ്കിലും ആ സങ്കല്പനത്തിന്റെ അടിസ്ഥാന മാധ്യമസംവേദന സങ്കല്പങ്ങള്ക്ക് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ യാഥാര്‍ത്ഥ്യത്തെ പൂര്‍ണ്ണമായും സംവേദനം ചെയ്യാന്‍ സാധിക്കുന്ന ദൃശ്യാഖ്യാനമായി വാര്‍ത്താ സംപ്രേഷണവും വിനോദത്തെ പൂര്‍ണമായും മാലിന്യമുക്തമാക്കുന്ന ദൃശ്യാഖ്യാനമായി വിനോദപരിപാടികളും മാറേണ്ടതുണ്ട്. കമ്പോളത്തിന്റെ മൃഗതൃഷ്ണകളെ മാറ്റിത്തീര്‍ക്കാന്‍ നടത്തുന്ന ശ്രമമാണ് സംസ്കാരവ്യവസായത്തിലെ യഥാര്‍ത്ഥ ദൃശ്യവിപ്ലവം. അത് മാധ്യമനവോത്ഥാനത്തിന്റെ പുത്തന്‍ ചിഹ്നങ്ങളെ വ്യവസ്ഥപ്പെടുത്തും. ഇത്തരമൊരു മാറ്റം അനിവാര്യമായി വരുന്നത്, മാധ്യമങ്ങള്‍ അതിന്റെ തനതു ചലനാത്മകതയില്‍ നിന്ന് തലകുത്തിവീണതുകൊണ്ടാണ്. മാധ്യമങ്ങള്‍ മാധ്യമങ്ങള്ക്കുവേണ്ടിയല്ല, സമൂഹത്തിനുവേണ്ടിയാണ് നിലകൊള്ളേണ്ടത്. ഉപഭോഗയുക്തിയിലൂടെ മാത്രം സമീപിക്കുമ്പോള്‍ മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായ അസ്തിത്വം ഇല്ലാതെ പോകുന്നു. അതാണ് മലയാള ടെലിവിഷന്‍ ചാനലുകള്‍ക്ക് സംഭവിച്ചുപോയത്. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും!
ടി.കെ. സന്തോഷ്കുമാര്‍
Close Window
Loading, Please Wait!
This may take a second or two.