നടന്നു തീരാത്ത വഴികള്‍
ആരോ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അതു തേടിയാണ് ഞാന്‍ പോയത്. കണ്ടില്ല. അതിനാല്‍ ഞാന്‍ തന്നെ ഒരു പാതയാകുന്നു. പറന്നു പോയ ഒരു കുരുവി തിരികെ വന്ന് പണ്ടു മറന്നു പോയ ഒരു കൂടിനോട് പരിഭവം പറയുന്നതുപോലെയാണ് യാത്രാനുഭവങ്ങളുടെ പങ്കുവയ്‌ക്കലുകള്‍. വിട്ടുപോയ കൂടിനോട് അതിന് നിത്യവിദ്വേഷമുണ്ടായിരിക്കും. പക്ഷേ ഒരു മധുരം അകലങ്ങളേയും അടുപ്പങ്ങളേയും ചേര്‍ത്തുവയ്‌ക്കും. എഴുന്നേറ്റു നില്‍ക്കുമ്പോള്‍ ഓരോ ആത്മാവിന്റെ ചുറ്റിലും അതിനെ മൂടിനില്‍ക്കുന്ന ഒരു പ്രപഞ്ചത്തിന്റെ കുമിളയുണ്ടായിരിക്കും. ഒന്നു തൊട്ടുനോക്കുക. പൊട്ടിയാല്‍ അനന്തതയുടെ വിഹായസ്സില്‍ നിന്ന് മടങ്ങിവരിക. അതാണ് യാത്ര. അകത്തുനിന്നും പുറത്തേക്കും ഒടുവില്‍ അജ്ഞാതമായ ഋതുഭംഗികളുമായി അകത്തേക്കും. ഇനി ഞാന്‍ സാഞ്ചിയെക്കുറിച്ച് സംസാരിക്കും. ഒരു ഉത്തരേന്ത്യന്‍ വര്‍ഷകാലത്തുടക്കം. ഭോപ്പാലില്‍ നിന്നു വടക്കോട്ട് ഒരു രണ്ടാം ക്ലാസ് തീവണ്ടിയാത്ര. തീവണ്ടി വാതിലില്‍ ഞാനിരുന്നു. അരികില്‍ ഒരു ചെറുപ്പക്കാരന്‍ വന്നിരുന്നു. ഉത്തരേന്ത്യയുടെ കൃഷിഭൂമിയുടെ ഹൃദയം വരണ്ട് കിടക്കുന്നു. എന്തിനാണെന്നറിയില്ല. അവനെന്നോടു പറഞ്ഞു. `പാനീ ബര്‍സാത് ഹോനേ ലഗ് രഹീ ഹേ’. ശുദ്ധമായ ഹിന്ദി. ഞാനവനെ തിരിഞ്ഞുനോക്കി. `ക്യാ’. ആ കുട്ടിയെന്നോട് പറഞ്ഞു. `ദേഖോ നാ. പാനീ ബര്‍സാത് ഹോനേ ലഗ് രഹീ ഹേ.’ ഞങ്ങള്‍ പരിചയപ്പെട്ടു. തീവണ്ടി വളവുകളും തിരിവുകളും തിരിഞ്ഞു. വലതുവശത്ത് ഒരു കുന്നിന്റെ മുകളില്‍ ഒരു അസാധാരണമായ കാഴ്‌ച.
ഞാനവനോട് ചോദിച്ചു. `അതെന്താണ്’. അവന്‍ മറുപടി പറഞ്ഞതിങ്ങനെ. `വോ സ്‌തൂപ് ഹേ’. സംശയത്തോടുള്ള എന്റെ നോട്ടത്തിനും അവന്‍ മറുപടി തന്നതിങ്ങനെ. `വോ സ്‌തൂപ് ഹേ. സാഞ്ചീ കാ സ്‌തൂപ്. ആപ് പഠാ നഹീ?’ ഞാന്‍ നിശബ്ദനായി. സാഞ്ചി ശാന്തബുദ്ധന്റെ വിഹാരമാണ്. ധര്‍മ്മങ്ങളുടെ കാവലിടം. എന്റെ മൗനത്തിനിടയില്‍ അവനെന്നോട് സഹായം ചോദിച്ചു. `സാഞ്ചിയില്‍ ആ തീവണ്ടിക്ക് സ്‌റ്റോപ്പില്ല. പക്ഷേ, അവന്റെ ജ്യേഷ്‌ഠന് അവിടെ ഒരു പച്ചക്കറിക്കടയുണ്ട്. റെയിലുകളില്‍ പണി നടക്കുന്നു. അതുകൊണ്ട് തീവണ്ടിയുടെ വേഗത കുറവായിരിക്കും. ചിലപ്പോള്‍ മൃതവേഗതയും. മൂന്നു ചാക്ക് പച്ചക്കറി ഞങ്ങള്‍ക്കരികിലിരിപ്പുണ്ട്. ഒരു പച്ചക്കറി ചാക്ക് ഞാനെടുത്തിട്ട് പുറത്തേക്ക് ചാടും. ബാക്കി രണ്ടു ചാക്ക് ട്രെയിനില്‍ നിന്ന് തള്ളിയിട്ട് തരാവോ?’ ചേതമില്ലാത്ത ഉപകാരം. അവന്‍ സത്യസന്ധന്‍. പറഞ്ഞതുപോലെ തന്നെ വണ്ടിയുടെ വേഗത കുറഞ്ഞു. ഒരു ചാക്കുമായവന്‍ പുറത്തേക്കു ചാടി. മഹാബുദ്ധന്റെ വിഹാരത്തിനുമുമ്പില്‍ അപ്പോഴെനിക്ക് ധര്‍മ്മവിചാരം. ഞാന്‍ അനങ്ങിയില്ല. ഇളകിത്തുടങ്ങിയ വണ്ടിക്കൊപ്പം അവനോടി. `ഡാലോ നീചേ, ഡാലോ നീചേ’. നിശ്ചേതനായി ഞാനിരുന്നു. ഞാന്‍ അവനെ ഗൗനിച്ചതേയില്ല. അവനോടി വണ്ടിയില്‍ക്കയറി. രണ്ടാമത്തെ ചാക്കും മറിച്ചു. വണ്ടി അതിന്റെ വേഗങ്ങളിലേക്ക് ഉണര്‍ന്നു. മൂന്നാമത്തെ ചാക്കിനോടൊപ്പം അവനും താഴേക്കു മറിഞ്ഞു. ചെരിഞ്ഞ ചരലുകളിലേക്ക് ഉരുണ്ടുരുണ്ടവന്‍ പോയി. അവനെഴുന്നേറ്റു നില്‍ക്കുമ്പോള്‍ നെറ്റിയില്‍ നിന്ന് ഉറവപൊട്ടിയ രക്തനദികളെ ഞാന്‍ കണ്ടു. അവിചാരിതമായി നെറുകയില്‍ വന്നു വീണ ശാപത്തിന്റെ ശക്തിയാല്‍ എനിക്കെന്റെ നില തെറ്റിപ്പോയി. എന്റെ യാത്ര ഒടുങ്ങിയത് കാശിയിലാണ്. ഗംഗയില്‍ ശാസ്‌ത്രീഹഠില്‍ ഞാനിറങ്ങി മുങ്ങി. `അമ്മേ സമസ്‌താപരാധങ്ങളും പൊറുക്കണേ’ എന്നു ഞാന്‍ കരഞ്ഞു. അന്നെന്റെ കണ്ണുനീര്‍പ്പുഴ ഗംഗയില്‍ ലയിച്ചു. സകലപാപങ്ങളും പൊറുക്കുന്ന ദൈവങ്ങളേ, നിത്യശാപത്തിന്റെ നിഴലില്‍ നിന്നും എന്നെ ഒന്ന് പുറത്താക്കി തരാമോ.
`നടന്നു ഞാന്‍ തീര്‍ത്ത കഠിനപാതകള്‍
മാതൃഗര്‍ഭത്തില്‍ നിന്നും ഗാഗുല്‍ത്തായിലേക്ക്
എന്റെ കുരിശില്‍ നിന്ന് വ്യാകുലമാതാവിന്റെ മടിയിലേക്ക്
ശേഷം നടന്നതൊന്നും ഞാനല്ല.
യാത്ര പുരുഷലക്ഷണമാണ്
യാതന അതിലുള്‍ച്ചേര്‍ന്നിരിക്കുന്നു
രാവിന്റെ ഗര്‍ഭത്തിലാണ് പകലുരുവാകുന്നത് എന്ന് പറയപ്പെടുന്നതുപോലെ”
ലൂയിസ് പീറ്റര്‍
Close Window
Loading, Please Wait!
This may take a second or two.