അനുഭവം സർഗാത്മകമായി എഴുതുമ്പോൾ – എൻ.ഇ. സുധീർ

ഫ്രഞ്ച് എഴുത്തുകാരി ആനി എർണോയ്ക്കാണ് ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്. വേറിട്ടതും അസാധാരണവുമായ ഒരെഴുത്തുലോകം കാഴ്ചവച്ചതിനാണ് അവർ ഈ അംഗീകാരം നേടിയിരിക്കുന്നത്. ഇത് അപ്രതീക്ഷിതമായ വിജയമായിരുന്നില്ല. ഇവരുടെ പേര് ഈ വർഷത്തെ നൊബേൽ പുരസ്കാരത്തിന്  പരിഗണിക്കപ്പെട്ടേക്കുമെന്ന് ആദ്യംമുതലേ പറഞ്ഞുകേട്ടിരുന്നു. സാഹിത്യമെഴുത്തിന്റെ പുതിയൊരു ലോകമാണ് എർണോ കൃതികൾ. എഴുത്തിലൂടെ ആധുനിക മനുഷ്യന്റെ വിചിത്രവും സത്യസന്ധവുമായ മുഖം അവർ കാണിച്ചുതരുന്നു. ഭാവിയെ നോക്കിക്കാണാനുള്ള പ്രാപ്തിയും അവ തരുന്നുണ്ട്. 


വ്യക്തികൾ എന്ന നിലയിലെ നമ്മുടെ അനുഭവങ്ങളുടെ സാമൂഹികമാനങ്ങൾ കാണിച്ചുതരുന്നവയാണ് എർണോയുടെ രചനകൾ. പച്ചയായ ജീവിതയാഥാർത്ഥ്യങ്ങളെ ഓര്‍മകളിലൂടെ അവർ കണ്ടെത്തുകയാണ്. ആധുനികകാലത്തെ സ്ത്രീയവസ്ഥയെ ആഴത്തിൽ നോക്കിക്കാണാനും ഈ രചനകൾ സഹായിക്കുന്നു. അവരുടെ പുസ്തകങ്ങളെ സാഹിത്യത്തിന്റെ ഏതു ഗണത്തിൽ ഉൾപ്പെടുത്തണം എന്ന കാര്യത്തിലേ സംശയമുള്ളൂ. അവയെ ആത്മകഥകളായല്ല, അവർ കണക്കാക്കുന്നത്. അവ ആത്മകഥയ്ക്ക് വിരുദ്ധമായുള്ളവയാണെന്ന് അവർ വാദിക്കുന്നുമുണ്ട്. എന്നാൽ, അവയിലുള്ളത്  അനുഭവങ്ങളാണുതാനും. സ്ത്രീയനുഭവത്തിന്റെ വ്യത്യസ്ത അടരുകൾ. വ്യക്തിയുടെ അനുഭവങ്ങളും കാലത്തിന്റെ അനുഭവങ്ങളും. അതുകൊണ്ടുതന്നെ അവയെ നോവലുകളെന്ന് വിളിക്കാനും അവർ ആഗ്രഹിക്കുന്നില്ല. ഇത്തരം തീർപ്പുകളില്ലായ്മ  സാഹിത്യത്തിനുള്ള ഉന്നത പുരസ്കാരം നേടുന്നതിന് തടസ്സമായില്ല എന്നതാണ് എന്നെ സന്തോഷിപ്പിക്കുന്നത്. 


സ്വന്തം എഴുത്തിനെ അവർതന്നെ നിർവചിച്ചിരിക്കുന്നത് ഇങ്ങനെയാണ്. എഴുത്തായി അവസാനിക്കുക എന്നതാണ് തന്റെ ജീവിതോദ്ദേശ്യം എന്നാണ് അവർ വിശ്വസിക്കുന്നത്. 


“Among all the social and psychological reasons that may account for my past, of one I am certain: these things happened to me so that I might recount them. Maybe the true purpose of my life is for my body, my sensations and my thoughts to become writing, in other words, something intelligible and universal, causing my existence to merge into the lives and heads of other people.” (Happening എന്ന നോവലിൽനിന്ന്.)


എർണോയെ വായിച്ച ധാരാളം പേർ കേരളത്തിലുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളിൽ അവരെക്കുറിച്ച് വന്ന ലേഖനങ്ങൾ വ്യക്തമാക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സച്ചുതോമസ് എഴുതിയ ‘ആനി എർണോ, ജീവിതം സംഭവം’ എന്ന ലേഖനം ഇക്കൂട്ടത്തിൽ വേറിട്ടു നില്ക്കുന്നു. എർണോയുടെ സാഹിത്യലോകത്തേക്കുള്ള മികച്ച ആമുഖമായിരുന്നു, സച്ചുതോമസിന്റേത്. പാരീസ് റിവ്യുവിൽവന്ന അവരുടെ ഡയറിക്കുറിപ്പുകളിൽ നിന്നുള്ള രണ്ട് അനുഭവക്കുറിപ്പുകളും സച്ചുതോമസ് മനോഹരമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി കൊടുത്തിട്ടുണ്ട്. കൂടാതെ, എർണോയുമായി അമേരിക്കൻ എഴുത്തുകാരി  ലോറിൻ എൽകിൻ നടത്തിയ അഭിമുഖത്തിന്റെ പരിഭാഷയും മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഈ ലക്കത്തിലുൾപ്പെടുത്തിയിട്ടുണ്ട്. തീർച്ചയായും  ഈ ലക്കത്തിന്റെ പേരിൽ ആഴ്ചപ്പതിപ്പിന്റെ പത്രാധിപർക്ക്  അഭിമാനിക്കാൻ അവകാശമുണ്ട്. (മാതൃഭൂമി ആഴ്ചപ്പതിപ്പ്- ഒക്ടോബർ 23 ലക്കം)  


ഭാവനയും വിരസതയും 


 “ഭംഗിയായി എഴുതണമെങ്കിൽ വിരസതയിലൂടെ മനസ്സ് പതറി ഞാൻ മതിഭ്രമത്തിലെത്തണം; വിരസതയിലൂടെ മതിഭ്രമത്തിലെത്തണമെങ്കിൽ ജീവിതത്തിന്റെ ഹൃദയാന്തർഭാഗത്തു പ്രവേശിക്കണം. ശബ്ദകോലാഹലങ്ങൾ എന്നെ ആക്രമിച്ച് വീഴ്ത്തുമ്പോൾ, നിരന്തരം ശബ്ദിക്കുന്ന നിരവധി ഫോണുകളുള്ള ഒരു ഓഫീസ് മുറിയിൽ ഇരിക്കുമ്പോൾ, സൂര്യരശ്മിയുടെ തലോടൽ ഏറ്റു കിടക്കുന്ന ഒരു കടൽത്തീരത്ത് സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും നടുവിൽ ഇരിക്കുമ്പോൾ; മഴയിൽ കുതിർന്ന ഒരു ശവസംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കുമ്പോൾ-ഉൾക്കാമ്പ് ഞാൻ തൊട്ടറിയുന്ന നിമിഷത്തിൽ-സത്യമായും ഞാൻ അവിടെയില്ലെന്നും പകരം അവയിൽനിന്ന്‍ അകന്നുമാറി, അവ കാണുക മാത്രമാണെന്നും ചിന്തിച്ചു തുടങ്ങും. ഞാൻ പകൽക്കിനാവ് കാണും. ദുഃഖിതനും ആശയറ്റവനുമാണെങ്കിൽ എന്റെ വിരസതയുടെയും മടുപ്പിന്റെയും ആഴത്തെക്കുറിച്ച് ആലോചിക്കും. എങ്ങനെ ആയാലും എന്റെയുള്ളിലെ സ്വരം എന്നെ മുറിയിലേക്കു മടങ്ങിപ്പോകാനും മേശയ്ക്കരിക്കൽ ഇരിക്കാനും നിർബന്ധിക്കും.”  


നിരന്തരം  എഴുത്തിലേക്ക് പോകുന്നതിനെപ്പറ്റി ഓർഹൻ പാമുക് എന്ന തുർക്കി നോവലിസ്റ്റ് വിശദീകരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ‘Other Colors’ എന്ന ലേഖനസമാഹാരത്തിന്റെ ആമുഖത്തിലാണ് ഈ വിശദീകരണമുള്ളത്. ഇതിപ്പോൾ ഓർത്തെടുക്കാനിടയായത് പാമുക്കിന്റെ ‘Nights of Plague’ എന്ന പുതിയ നോവൽ വായിച്ചതുകൊണ്ടാണ്. കോവിഡ്കാലം പാമുക്കിനെ അസ്വസ്ഥനാക്കുകയും അത് സമ്മാനിച്ച  വിരസതയും ആകുലതകളും അദ്ദേഹത്തെ എഴുത്തുമേശയ്ക്കരികിൽ ഇരിക്കുവാൻ നിർബന്ധിതനാക്കുകയും ചെയ്തു. അങ്ങനെയാണ് പ്ലേഗിന്റെ പശ്ചാത്തലത്തിൽ ഒരു ചരിത്രനോവൽ പിറക്കാനിടയായത്. പല സവിശേഷതകളുമുള്ള ഒന്നാണ് ഈ പുതിയ കൃതി. ഭാവനയിൽ മെനഞ്ഞെടുത്ത ഒരു നോവലിസ്റ്റാണ് പാമുക്കിനു വേണ്ടി ഈ നോവൽ രചിച്ചിരിക്കുന്നത്. മിനാ മിൻങ്കർ എന്നാണ് ആ നോവലിസ്റ്റിന്റെ പേര്. കഥാഖ്യാനം നിർവഹിക്കാനായി യഥാർത്ഥ നോവലിസ്റ്റ് സൃഷ്ടിച്ചെടുത്ത കഥാപാത്രമാണ് നോവലിസ്റ്റ് മിനാ മിൻ മിൻങ്കർ. അവരുടെ ആമുഖത്തോടെയാണ് നോവൽ തുടങ്ങുന്നത്. താനെഴുതുന്നത് ഒരേസമയം ചരിത്രനോവലും നോവൽ രൂപത്തിലെഴുതിയ ചരിത്രവുമാണെന്ന് അവർ ആമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 


1901-ൽ പ്ലേഗ് പൊട്ടിപ്പുറപ്പെട്ടതു മുതലുള്ള ആറുമാസക്കാലം മിൻങ്കേറിയൻ ദ്വീപിൽ നടന്ന സംഭവ വികാസങ്ങളാണ് നോവലിന്റെ മുഖ്യപ്രതിപാദ്യ വിഷയം. മിൻങ്കേറിയ എന്ന ദ്വീപും ഭാവനാസൃഷ്ടിയാണ്. ഓട്ടോമൻ സാമ്രാജ്യത്തിന്റെ കീഴിലെ ഒരു പ്രോവിൻസ് എന്ന നിലയിലാണ് ഈ ദ്വീപിനെ പാമുക് വിഭാവനം ചെയ്തെടുത്തിരിക്കുന്നത്. എന്നാൽ അത് വർത്തമാനകാല തുർക്കിയുടെ ഒരു നേർപരിച്ഛേദമായും വായിച്ചെടുക്കാവുന്നതാണ്. വൈകാരികദേശീയത ഒരു സമൂഹത്തെ എങ്ങനെ മലീമസമാക്കുന്നു എന്നാണ് നോവലിസ്റ്റ് കാണിച്ചുതരുന്നത്. പകർച്ചവ്യാധിയുടെ പിൻബലത്തോടെ ഭരണകൂടം നടത്തുന്ന മനുഷ്യത്വരഹിതമായ ക്രൂരതകളെയും അദ്ദേഹം നോവലിൽ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. ചരിത്രമൂല്യങ്ങളിലേക്കും രാഷ്ട്രീയമൂല്യങ്ങളിലേക്കും ആഴ്ന്നിറങ്ങിക്കൊണ്ടാണ് പാമുക് ഈ ആഖ്യാനത്തെ മുന്നോട്ടു കൊണ്ടുപോവുന്നത്. മനുഷ്യർ നേരിടേണ്ടിവരുന്ന  നിസ്സഹായതകളിൽ മിക്കതും  അധികാരത്താൽ നിർമിക്കപ്പെടുന്നവയാണ് എന്ന വലിയ സത്യത്തെ ഉദ്ഘോഷിക്കുകയാണ് ഈ രചന.  ചരിത്രത്തെ സർഗാത്മകമായി പുനരാവിഷ്കരിക്കുകയാണ് തുർക്കിയുടെ  മഹാനായ ഈ നോവലിസ്റ്റ്. 2006-ൽ നൊബേൽ സമ്മാനം നേടിയ പാമുക്കിന്റെ പത്താമത്തെ നോവലാണ് ‘Nights of Plague’. (Nights of Plague – Orhan Pamuk. – Penguin – Hamish Hamilton) 


ഇത്തരം മേമ്പൊടികൾ ആർക്കുവേണ്ടി ? 


പുസ്തകപ്രസാധനം ശരിക്കും ഒരു കലയാണ്. അതുകൊണ്ടാണ് ലോകത്തിലെ പ്രധാന പ്രസാധകർ പുറത്തിറക്കുന്ന ഓരോ പുസ്തകവും ഓരോ സൗന്ദര്യവസ്തുവായി വേറിട്ടു നില്ക്കുന്നത്. കാഴ്ചയിലും ഉള്ളടക്കത്തിലും അവയിൽ സൗന്ദര്യമുണ്ടായിരിക്കും. പുസ്തകത്തിന്റെ സ്വഭാവത്തിനും  അന്തസ്സിനും ചേരാത്തതായ, അനാവശ്യമായ ഒരു വാക്കുപോലും ഉള്ളടക്കത്തിൽ കടന്നുവരാതിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഉള്ളതു നന്നാക്കുക, അനാവശ്യമായത് കണ്ടെത്തി എടുത്തുകളയുക എന്നതാണ് പുസ്തക എഡിറ്റർമാരുടെ പ്രാഥമികജോലി. എന്നാൽ, കേരളത്തിലെ ചില പ്രസാധകർ ഇതൊന്നും ശ്രദ്ധിക്കുന്നതേയില്ല. ഇപ്പോൾ ഇത് പറയാനിടയാക്കിയത് കോട്ടയത്തെ സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിദ്ധീകരിച്ച പി.എസ്.ശ്രീകലയുടെ ‘സാനുമാഷ്- മലയാളത്തിന്റെ സമഭാവ ദർശനം’ എന്ന ജീവചരിത്രം കാണാനിടയായതുകൊണ്ടാണ്. പത്ത് അധ്യായങ്ങളിലായി എം.കെ.സാനുവെന്ന ബഹുമുഖപ്രതിഭയെ അടുത്തറിയുവാനാണ് ഈ പുസ്തകത്തിലൂടെ ഗ്രന്ഥകാരി ശ്രമിച്ചിട്ടുള്ളത്. അപൂർവമായതും കൗതുകമുളവാക്കുന്നതുമായ പല വിവരങ്ങളും ഈ ഗ്രന്ഥത്തിലുണ്ട്. ഒരു കാര്യം മാത്രം എടുത്തെഴുതാം.