സ്വാന്തെ പാബോ  തിരുത്തിയെഴുതിയ പരിണാമ കഥ – പ്രഫ. എ. മാണിക്കവേലു

ആദിമമനുഷ്യന്റെ ജനിതക ശ്രേണീകരണവുമായി ബന്ധപ്പെട്ട് അസാധ്യമെന്നു കരുതിയ കണ്ടെത്തലുകളാണ് ഗവേഷണത്തിലൂടെ സ്വാന്തെ പുറത്തുകൊണ്ടുവന്നത്.


2022-ലെ നൊബേൽ സമ്മാനം സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞനായ സ്വാന്തെ പാബോ (Svante Pääbo) നേടിയത് ‘വംശനാശം സംഭവിച്ച മനുഷ്യവർഗവും മനുഷ്യപരിണാമവും’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ കണ്ടുപിടിത്തങ്ങൾക്കാണ്. ലോകത്തിലെതന്നെ മികച്ച അംഗീകാരമായ നൊബേൽ സമ്മാനം അടുത്തകാലത്ത് ഒരു വ്യക്തിക്കു മാത്രമായി ലഭിക്കുന്നത് വളരെ വിരളമാണ്. അദ്ദേഹത്തിന്റെ ഗവേഷണം നാം ആരാണെന്നും എപ്രകാരമാണ് മനുഷ്യൻ പരിണമിച്ചതെന്നും,  എവിടെ നിന്നാണ് ഇന്നത്തെ സ്ഥിതിയിൽ എത്തിച്ചേർന്നതെന്നും ചിരപുരാതനമായ ഡി.എൻ.എ, ഇപ്പോഴും നമ്മിലുണ്ടോയെന്നും അവയുടെ ഉപയോഗം എന്തെല്ലാമെന്നും ഈ ഗവേഷണം വ്യക്തമാക്കുന്നു. നൊബേൽ സമ്മാനം അദ്ദേഹത്തിനു ലഭിക്കാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന് വംശനാശം വന്ന ‘ഡെനിസോവ’യെന്ന മനുഷ്യവർഗത്തെക്കുറിച്ചുള്ള കണ്ടെത്തലാണ്. സെൽ ബയോളജിയിൽ പരിശീലനം നേടിയ തന്മാത്രാ പരിണാമ ജനിതകശാസ്ത്രജ്ഞനാണ് (Molecular Evolutionary Geneticist) പാബോ. ഡി.എൻ.എ. വേർതിരിച്ചെടുത്ത് അതിൽനിന്ന് ജീൻ ക്ലോണിംഗ് നടത്തുകയെന്ന ആശയത്തിൽനിന്നാണ് അദ്ദേഹത്തിന്റെ മനുഷ്യപരിണാമത്തെക്കുറിച്ചുള്ള ഗവേഷണം ആരംഭിച്ചത്. ഇതിനായി പുരാതന ഈജിപ്ഷ്യൻ ‘മമ്മിക’ളെയാണ് ഉപയോഗപ്പെടുത്തിയത്. തികച്ചും അസാധ്യമെന്നു കരുതപ്പെട്ടിരുന്ന ഒരു ദൗത്യമായിരുന്നു അത്. എല്ലാ ജീവജാലങ്ങളുടെയും സമ്പൂർണചരിത്രം നമുക്കു പഠിക്കണം എന്നു കരുതുക. അപ്പോൾ ഡി.എൻ.എ. വേർതിരിച്ചെടുക്കാനുള്ള രീതിയും ഇതിനായി എടുക്കുന്ന സാമ്പിളും നിർണായകമാകും. പുരാവസ്തുകേന്ദ്രം, മ്യൂസിയം, ‘മമ്മികൾ’ എന്നിവിടങ്ങളിൽനിന്നു സാമ്പിളുകൾ ലഭ്യമാക്കി തരംതിരിച്ച് ഡി.എൻ.എ. വേർതിരിച്ചെടുക്കുന്നതിൽ പ്രഫ.പാബോ വിജയിച്ചു. ഇതുവഴി, ക്ലോണിംഗും ‘സ്വീക്വൻസിംഗും’ സാധ്യമാണെന്ന്‍ അദ്ദേഹം വിശദീകരിച്ചു.


സ്വാഭാവികമാര്‍ഗത്തിലൂടെയല്ലാതെ ഒരു ജീവിയുടെ തനിപ്പകര്‍പ്പിനെ   സൃഷ്ടിക്കുന്ന പ്രക്രിയയാണ് ക്ലോണിംഗ്. അതിന് ഡി.എൻ.എയുടെ നിർമിതിയും അതിന്റെ ധർമങ്ങളും മനസ്സിലാക്കേണ്ടതുണ്ട്.  ‘സ്വീക്വൻസിംഗ്’ മോളിക്കുലാർ ബയോളജി മേഖലയിൽ ഇന്ന് ഏറെ പ്രചാരത്തിലിരിക്കുന്ന സങ്കേതങ്ങളിലൊന്നാണ്. വളരെ വളർച്ചയേറിയ, നിരവധി പ്രയോഗസാധ്യതകളുള്ള ഒരു സങ്കേതമാണിത്. പൊതുവായിപ്പറഞ്ഞാൽ ഏതൊരു ജീവിവർഗത്തിന്റെയും ഡി.എൻ.എ. മൊത്തം വായിച്ചെടുക്കാനുള്ള കോഡ്ഭാഷയടങ്ങുന്ന ഗ്രന്ഥമാണത്. ഇതിനു സ്ഥിരീകരിക്കപ്പെട്ട രീതിയുമുണ്ട്. ‘ATGC’ എന്നതു മാത്രമാണ് ഈ കോഡ് (code) എന്നിരിക്കേ, സീക്വൻസിംഗിൽ നിരവധി വെല്ലുവിളികളുമുണ്ട്. എന്നാൽ ഈ കണ്ടെത്തലും വിജ്ഞാനവും മികച്ചതാണ്.


രഹസ്യങ്ങളുടെ കലവറ


ഒരിക്കൽ പ്രഫ. സ്വാന്തെ സാമ്പിൾ ശേഖരണം, ഡി.എൻ.എ. വേർതിരിച്ചെടുക്കൽ, ആർക്കിയോളജിക്കൽ സാമ്പിളുകളുടെ സ്വീക്വൻസിംഗ് എന്നിവയിൽ വിജയം കണ്ടശേഷം മനുഷ്യപരിണാമത്തിന്റെ രഹസ്യങ്ങളുടെ കലവറതന്നെ തുറക്കാൻ ആരംഭിച്ചു. മനുഷ്യന്റെ ഉത്ഭവത്തെയും പരിണാമത്തെയും കുറിച്ചുള്ള ധാരണകളെ ഇത് മാറ്റിമറിക്കുകയുണ്ടായി. അതിന് ആദ്യം അദ്ദേഹം ചെയ്തത്, 7000 വർഷം പഴക്കമുള്ള മനുഷ്യമസ്തിഷ്‌കത്തിന്റെ മൈറ്റോകോൺഡ്രിയൽ ഡി.എൻ.എ. ശേഖരിക്കുകയായിരുന്നു. ഫ്‌ളോറിഡയുടെ തെക്കുപടിഞ്ഞാറു ഭാഗത്തുള്ള ലിറ്റിൽ സോൾട്ട് സ്പ്രിംഗ് (Little Salt Spring) എന്ന സ്ഥലത്ത് നടത്തിയ ഉദ്ഖനനത്തിൽനിന്നു ലഭിച്ചതാണ് ഈ മനുഷ്യമസ്തിഷ്‌കം. നരവംശശാസ്ത്രപരമായ കാലഗതി (Sequence) അദ്ദേഹത്തിന്  ലഭിക്കുകയും പുതിയലോകത്തിലെ മനുഷ്യന് മൂന്ന് മാതൃകാവംശ പരമ്പരയുണ്ടെന്നും അദ്ദേഹം റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിനു ലഭിച്ച മറ്റൊരു ആശയം ആദിവാസികളെ സാമ്പിളാക്കുകയെന്നതായിരുന്നു. അങ്ങനെ അമരിന്ത്യൻ ഗോത്രവിഭാഗത്തിൽനിന്ന് 63 വ്യക്തികളെ  തിരഞ്ഞെടുത്ത് പഠിക്കുകയും 28 വംശപരമ്പരയുണ്ടെന്നു കണ്ടെത്തുകയും ചെയ്തു. അവരുടെ ആവിർഭാവം അമേരിക്കയിലേക്ക് മനുഷ്യർ പ്രവേശിച്ചതിനു മുൻപാണെന്ന വസ്തുതയിലേക്കു വെളിച്ചം വീശുന്നതാണീ കണ്ടെത്തൽ. അമേരിക്കയിൽ മനുഷ്യവാസം ആരംഭിച്ചപ്പോൾ നാടകീയമായ ‘ഫൗണ്ടർ ഇഫക്ട്’ ഉണ്ടായിരുന്നുവെന്ന സങ്കല്പത്തെ ശാസ്ത്രീയമായി തകർത്തുകളയുന്നതിന് ഇതുപകരിച്ചു. ന്യൂസിലാന്റിലെ പറക്കാനാവാത്ത, മോവാസ്, കിവി എന്നീ പക്ഷികളെക്കുറിച്ചും ഇറ്റലിക്കും ഓസ്ട്രിയയ്ക്കുമിടയിലുള്ള ടൈറോലീൻ ആൽപ്‌സിനെക്കുറിച്ചും അദ്ദേഹം പഠനംനടത്തി. ഇവയും ശാസ്ത്രരംഗത്ത് മനുഷ്യപരിണാമത്തിന്റെയും ജനിതക കൈമാറ്റത്തിന്റെയും വലിയ മാറ്റത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. 1995-ൽ അദ്ദേഹവും സംഘവും ഡൈനസോറും മനുഷ്യ സ്വീക്വൻസുമായുള്ള ബന്ധത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ തിരുത്തുകയുണ്ടായി. ”ഒരു പുരാതന മാതൃകയുടെ സ്വീക്വൻസ് ഇതുവരെ നിർണയിക്കപ്പെട്ട ഏതെങ്കിലുമൊരു സ്വീക്വൻസിനു സമാനമല്ല; ആ സ്വീക്വൻസിന്റെ പുരാതനമായ ആവിർഭാവത്തിനുള്ള സൂചനയായി അതിനെ കണക്കാക്കാനുമാവില്ല.” അദ്ദേഹം പറഞ്ഞു. പരിണാമ ജനിതകശാസ്ത്ര ഗവേഷകർക്ക് നല്കുന്ന വ്യക്തമായ ഒരു സന്ദേശമാണിത്. പഴയതും ജീവനുള്ള മനുഷ്യസാമ്പിളുകളിലും പ്രഫ.സ്വാന്തെയും കൂട്ടരും നടത്തുന്ന തുടർച്ചയായ ഗവേഷണത്തിന്റെ ഫലമായി പാലിയന്റോളജി (പുരാതന ജീവിവിജ്ഞാനീയം) മേഖലയ്ക്ക് കനപ്പെട്ട സംഭാവനയാണ് നല്കിയിരിക്കുന്നത്. ഒപ്പം പുരാവസ്തുവിജ്ഞാനമേഖലയ്ക്കും ഈ ഗവേഷണം ഒരു മുതൽക്കൂട്ടാണ്. ഈ രണ്ടു വിഷയങ്ങളും മനുഷ്യോത്പത്തിയും ചരിത്രവും പുനർനിർമിക്കുന്ന പ്രക്രിയയിലാണ്, വ്യാപൃതമായിട്ടുള്ളത്. മനുഷ്യന്റെ എല്ലാ ജീനുകളുടെയും മൊത്തം സഞ്ചയമായ ‘ജീൻപൂളി’ൽ വ്യതിയാനമുണ്ടായത്  രണ്ടുലക്ഷം വർഷത്തിനിടയിൽ ആഫ്രിക്കയിലാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.


ഡെനിസോവ


ഡി.എൻ.എ. സ്വീക്വൻസിംഗിന്റെ രീതിശാസ്ത്രം വികസിപ്പിച്ചെടുക്കുന്നതിൽ നടത്തിയ നിരന്തര ഗവേഷണഫലമായി, 1997-ൽ അദ്ദേഹത്തിന്റെ സംഘം പഠിച്ചത്, 1856-ൽ പശ്ചിമജർമനിയിൽനിന്നു കണ്ടെടുത്ത ‘നിയാണ്ടർതാൽ’ വിഭാഗത്തിലെ ഒരു മാതൃകയാണ്. തത്ഫലമായി എത്തിയ നിഗമനം ഇതാണ്: ആധുനിക മനുഷ്യനിലേക്ക് സംഭാവനകളൊന്നും നല്കാതെ നിയാണ്ടർതാൽ മനുഷ്യൻ ഭൂമുഖത്തുനിന്ന് തിരോഭവിച്ചു എന്ന്‍. മൊത്തം 224 വ്യക്തികളെ സാമ്പിളുകളായി നൈൽനദീതാഴ്‌വാരത്തുനിന്ന് എടുത്തുകൊണ്ടു നടത്തിയ പഠനം തന്മാത്രാതലത്തിൽ എപ്രകാരമാണ് മനുഷ്യ ജീൻ കൈമാറ്റം നടക്കുന്നുവെന്ന സമസ്യയ്ക്കുള്ള ഉത്തരം നല്കുന്നുണ്ട്. ആദ്യകാലത്ത് തെക്കുനിന്ന് വടക്കോട്ടുള്ള കുടിയേറ്റത്തെക്കാൾ കൂടുതലും വടക്കുനിന്ന് തെക്കോട്ടുള്ള കുടിയേറ്റമായിരുന്നുവെന്നും അതിന്റെ കാരണം ജനിതക വ്യാപനമായിരുന്നുവെന്നും  സ്വാന്തെ പാബോ പറയുന്നു.


മനുഷ്യവംശത്തിന്റെ ജനിതകത്തെക്കുറിച്ചുള്ള തുടർഗവേഷണത്തിൽ അദ്ദേഹം വിവിധ സാമ്പിളുകൾ ഉപയോഗപ്പെടുത്തുകയുണ്ടായി. 2008-ൽ തെക്കൻ സൈബീരിയയിലെ അൾത്തായ് പർവതത്തിലെ ഡെനിസോവാ ഗുഹയിൽനിന്ന് ഉദ്ഖനനം ചെയ്‌തെടുത്ത ഒരു എല്ലിൻകഷണത്തിൽ നിന്ന് കണ്ടെടുത്തത് അതുവരെ അറിയപ്പെടാതിരുന്ന ഒരു മനുഷ്യവർഗ പ്രതിനിധിയെയാണ്. ഇവരുടെ പൊതുവായ ഒരു പൂർവികനുണ്ടായിരിക്കണം. ശരീരശാസ്ത്രപരമായി ആധുനിക മനുഷ്യനെയും നിയാണ്ടർതാൽ മനുഷ്യനെയും ബന്ധിപ്പിക്കുന്ന ഈ പൊതുപൂർവികൻ ഒരു ദശലക്ഷം വർഷം മുൻപ് ജീവിച്ചിട്ടുണ്ടാവും. നിയാണ്ടർതാൽ മനുഷ്യനെക്കുറിച്ചുള്ള പഠനം വ്യക്തമാക്കിയത്, 1,20,000 വർഷം മുമ്പ് അവർ ആധുനികമനുഷ്യന്റെ പൂർവികരുമായി ഇടപഴകിയിരുന്നുവെന്നത്രേ. നിയാണ്ടർതാൽ ഡി.എൻ.എയുടെ സൂക്ഷ്മാംശങ്ങൾ ആധുനിക മനുഷ്യരിൽ കാണാനാവുമെന്നാണ് മറ്റൊരു നിരീക്ഷണം. ഈ ഗവേഷണഫലങ്ങൾ രോഗപ്രതിരോധശേഷി, പൊരുത്തപ്പെടൽ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും അവയുടെ ഉത്തരം അന്വേഷിക്കാനുള്ള സാധ്യതകൾക്കും വഴി തുറന്നിട്ടുണ്ട്.


സ്വാന്തെയുടെ ഗവേഷണം മനുഷ്യനുപുറത്ത്, രണ്ടുതരം ആഫ്രിക്കൻ കുരങ്ങുകളിലേക്കും വ്യാപിക്കുകയുണ്ടായി. പിഗ്മിചിമ്പാൻസിയെന്ന് മുൻപ് അറിയപ്പെട്ടിരുന്ന ബൊനോബൊയുടെ ജനിതകഘടനയും ചിമ്പാൻസികളും മനുഷ്യരും തമ്മിലുള്ള ബന്ധവും പഠനവിധേയമാക്കി. അദ്ഭുതം തന്നെയെന്നു പറയാം, ഗവേഷണം കണ്ടെത്തിയത്, മനുഷ്യന്റെ മൂന്ന് ശതമാനത്തിലധികം വരുന്ന ജനിതകഘടന കൂടുതൽ പൊരുത്തപ്പെട്ടു നില്ക്കുന്നത് ബൊനോബോയുടെയോ ചിമ്പാൻസിയുടെയോ ജനിതകഘടനയോടത്രേ. ബൊനോബോയും ചിമ്പാൻസിയും തമ്മിൽ ഇത്ര അടുത്ത പൊരുത്തമില്ലായെന്നതും ഏറെ ശ്രദ്ധേയമാണ്.ഓരോ ജീവിവർഗത്തിന്റെയും ജനസംഖ്യാ ചരിത്രവും കുരങ്ങന്മാരുടെ ജീവനെ ബാധിച്ച സവിശേഷ സംഭവങ്ങളും മനുഷ്യരും കുരങ്ങന്മാരും തമ്മിലുള്ള രൂപസാദൃശ്യത്തിനുള്ള കാരണവും മനസ്സിലാക്കുന്നതിന് ഈ ഗവേഷണപഠനം സഹായകമാണ്. വിവിധ സ്പീഷീസുകളെക്കുറിച്ചുള്ള തന്മാത്രാ വിവരശേഖരം ഏതാനും ചോദ്യങ്ങൾക്കും അവസരമൊരുക്കി. മനുഷ്യരും നിയാണ്ടർതാലുമായി പരസ്പര പ്രജനനം നടന്നിട്ടുണ്ടോ എന്നതാണ് ഒരു ചോദ്യം. 2012-ൽ അദ്ദേഹത്തിന്റെ സംഘം നല്കിയ ഉത്തരം, ആധുനികമനുഷ്യരും നിയാണ്ടർതാൽ മനുഷ്യരുമായി പരസ്പര പ്രജനനം നടന്നിട്ടുണ്ടെന്നാണ്. പ്രാചീന ശിലായുഗത്തിന്റെ പൂർവകാലഘട്ടത്തിൽ നിയാണ്ടർതാൽ മനുഷ്യരെ ആധുനിക മനുഷ്യർ തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് നേരിട്ട അവസരത്തിലാണിതു സംഭവിച്ചത്. ആഫ്രിക്കയ്ക്കു പുറത്ത് നിയാണ്ടർതാൽ മനുഷ്യർ വളരാനും വികസിക്കാനുമുള്ള ശ്രമം നടത്തിയിരുന്നു.


യൂറോപ്യന്‍ ജനിതകഘടന


ആധുനിക സ്വീക്വൻസിംഗ് ടെക്‌നോളജി, അദ്ദേഹത്തിന്റെ ഗവേഷണം മറ്റൊരു ഘട്ടത്തിലേക്കുകൂടി നയിക്കുകയുണ്ടായി. ലോകമാസകലമുള്ള ഗവേഷണ സ്ഥാപനങ്ങളും വിഭാഗങ്ങളുമായി അദ്ദേഹം സഹകരിച്ചു പ്രവർത്തിക്കാൻ തുടങ്ങി. അതനുസരിച്ചുള്ള ഗവേഷണ പദ്ധതികളിലൊന്ന് മഞ്ഞുയുഗത്തെ യൂറോപ്പിനെ (Ice age of Europe) കുറിച്ചുള്ളതാണ്. ഇതിന്റെ ഭാഗമായി 45,000 മുതൽ 7000 വർഷം മുൻപുവരെയുള്ള 51 യൂറോപ്യൻസിനെ പഠനവിധേയമാക്കുന്നതാണ്. ആധുനിക മനുഷ്യൻ പുരാതന യൂറോപ്പിൽ ഉണ്ടായിരുന്നുവെന്നതിന് യാതൊരു തെളിവും കണ്ടെത്താനായില്ലയെന്നതാണ് മറ്റൊരു നിരീക്ഷണം. ആധുനിക യൂറോപ്പിന്റെ ജനിതകഘടനയിലേക്ക് സാരമായ സംഭാവന ഇക്കൂട്ടർ നല്കിയിട്ടുള്ളതായി സ്ഥിരീകരണമില്ല. മനുഷ്യവർഗത്തിന്റെ മാറ്റവും കുടിയേറ്റവും യൂറോപ്പിന്റെ ചരിത്രാതീതകാലത്തുതന്നെ പ്രധാനവിഷയങ്ങളാണ്. മനുഷ്യപരിണാമത്തെക്കുറിച്ചുള്ള വിശദമായ വീക്ഷണത്തിനു മുതിരുമ്പോൾ ഈ ചോദ്യംകൂടി ഉയരുന്നുണ്ട്. നിയാണ്ടർതാൽ മനുഷ്യവർഗത്തിൽ നിന്നാണോ, ജനിതകമായ അപകടസാധ്യതയുടെ ഘടകം മഹാമാരിയുടെ കാലത്ത് നാം സ്വീകരിച്ചത്? ഇതിനുള്ള ഉത്തരവും അദ്ദേഹം നല്കിയിട്ടുണ്ട്. നിയാണ്ടർതാൽ മനുഷ്യവർഗത്തിൽനിന്ന് പാരമ്പര്യമായി ആർജിച്ച അപകടസാധ്യത സൗത്ത് ഏഷ്യയിലെ ഏകദേശം 50 ശതമാനം ജനങ്ങൾക്കും അതുപോലെ യൂറോപ്പിലെ 16 ശതമാനം ജനങ്ങൾക്കും ഉണ്ടെന്നാണ് പഠനം കാണിക്കുന്നത്.


ചുരുക്കത്തിൽ, പ്രഫ. സ്വാന്തെപാബോ മനുഷ്യപരിണാമത്തെക്കുറിച്ചുള്ള വലിയ ഒരു സമസ്യയ്ക്കാണ് ഉത്തരം കണ്ടെത്തിയിട്ടുള്ളത്. ജനിതകമാറ്റം, ജനിതകങ്ങളുടെ ആദാനപ്രദാന പ്രക്രിയകൾ എന്നിവയെക്കുറിച്ചുള്ള ഗവേഷണം പുരാതനവും സമകാലികവുമായ  സാമ്പിളുകളും മോളിക്യുലാർ സംവിധാനങ്ങളും ഉപകരണങ്ങളും സങ്കേതങ്ങളും ഉപയോഗിച്ചാണ് നടത്തിയിട്ടുള്ളത്.


2020 ഒക്‌ടോബർവരെയുള്ള കണക്കനുസരിച്ച് പോപ്പുലേഷൻ ജിനോമിക്‌സ് മേഖലയുമായി ബന്ധപ്പെട്ട് 351 പ്രബന്ധങ്ങളാണ് അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേറ്റന്റുകളും അദ്ദേഹത്തിനു സ്വന്തം. മനുഷ്യവർഗത്തെയും ബന്ധപ്പെട്ട ജീവിവർഗത്തെയും കുറിച്ചു മാത്രമല്ല, അദ്ദേഹത്തിന്റെ ഗവേഷണം. വവ്വാലും എലിയും കലമാനും ചോളവും എല്ലാം അദ്ദേഹത്തിന്റെ ഗവേഷണ വിഷയങ്ങളത്രേ. ഈ മുന്നേറ്റങ്ങൾ പുതിയ ഗവേഷണമേഖലകൾക്ക് വാതിൽ തുറക്കുന്നുണ്ട്. രോഗചികിത്സാരംഗത്തും രോഗപ്രതിരോധമേഖലയായ ഇമ്മ്യൂണോ ജിനെറ്റിക്‌സിലും ഇതിന് ഏറെ പ്രസക്തിയും സാധ്യതയുമുണ്ട്.


(ലേഖകന്‍:  പ്രഫസര്‍, ജിനോമിക് സയൻസ് വിഭാഗം, കേരള കേന്ദ്രസർവകലാശാല,കാസര്‍ഗോഡ്‌)


മൊഴിമാറ്റം : മാത്യു കുരിശുംമൂട്ടില്‍