കുടിയേറ്റത്തിൽ  ആശങ്കവേണ്ട   – ഡോ.ടി.പി.ശ്രീനിവാസന്‍

വിദ്യാഭ്യാസത്തിനായി വിദേശത്തുപോവുകയെന്നത് ഒരു കൊളോണിയൽ പാരമ്പര്യമത്രേ. നമ്മുടെ ദേശീയ നേതാക്കളിൽ പലരും വിദേശവിദ്യാഭ്യാസം നേടിയവരാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വളർച്ചയെത്തുടർന്ന് ഭൂരിഭാഗം യുവാക്കളും സ്വദേശത്തുതന്നെ നിലയുറപ്പിച്ച് വിദ്യാഭ്യാസം നേടുകയും ജോലി കരസ്ഥമാക്കുകയും ചെയ്തു. എന്നാൽ, ജനസംഖ്യ വർധിക്കുകയും വിദ്യാഭ്യാസത്തിനും തൊഴിലിനുമായുള്ള മത്സരം കൂടുതൽ കടുത്തതാവുകയും ചെയ്തതോടെ, സമ്പന്നരുടെ മക്കൾ വിദേശത്ത് വിദ്യാഭ്യാസവും തൊഴിലും തേടാൻ തുടങ്ങി. പല വികസിതരാജ്യങ്ങളും കുടിയേറ്റനിയമങ്ങൾ ഉദാരവത്കരിക്കുകയും ചെയ്തു. അവിടെ വേണ്ടത്ര മാനുഷികവിഭവങ്ങളും മാനുഷികമൂലധനവും ഇല്ലായെന്നതാണ് അതിന്റെ കാരണം. അടിസ്ഥാന പ്രഫഷനൽ ബിരുദം നേടിയ അനേകം യുവാക്കൾ അറുപതുകളിൽ അമേരിക്കയിലേക്ക് കുടിയേറിയത് ഉന്നതവിദ്യാഭ്യാസം നേടാനും ജോലി ലഭിക്കാനുള്ള അവസരം ഉറപ്പാക്കാനുമായിരുന്നു. വിദ്യാഭ്യാസത്തിന് കേരളീയർ ഏറ്റവും വലിയ മുൻഗണനയാണ് എല്ലാക്കാലത്തും നല്കിയിട്ടുള്ളത്. മാതാപിതാക്കൾ മക്കൾക്കുവേണ്ടി ഏറ്റവും മികച്ച വിദ്യാഭ്യാസസ്ഥാപനം അന്വേഷിച്ചു കണ്ടെത്തുന്നതിൽ അതീവ താത്പര്യമാണ് കാണിച്ചത്. സാമ്പത്തികശേഷിയുള്ളവർ മെച്ചപ്പെട്ട അവസരങ്ങളും ജീവിതനിലവാരവും തേടി വിദേശത്തേക്കു പോയി. വിദ്യാഭ്യാസം നേടിയ അനേകം യുവാക്കൾ രാജ്യം വിട്ടുപോകുമ്പോഴുള്ള മസ്തിഷ്‌കചോർച്ചയെക്കുറിച്ച് അക്കാലത്ത് ഏറെ ആശങ്കകൾ ഉണ്ടായിരുന്നു. പിന്നീട്, വിദ്യാസമ്പന്നരായ യുവാക്കളുടെ സംഖ്യ വർധിക്കുകയും അവർക്ക് ഇവിടെ തൊഴിൽ ലഭിക്കാത്ത അവസരം സംജാതമാകുകയും ചെയ്തതോടെ വിദേശത്തേക്കു പോകുന്ന യുവാക്കളുടെ എണ്ണം ഗണ്യമായി വർധിച്ചു. ഗൾഫ് രാജ്യങ്ങളിൽ ദേഹാധ്വാനം ഏറെ ആവശ്യമുള്ള തൊഴിലാളികൾക്ക് ഏറെ അവസരം ലഭിച്ചു. ഗൾഫ്‌മേഖലയിലേക്ക് ‘ബ്ലുകോളർ’ ജോലിക്കാരുടെ വലിയ തോതിലുള്ള കുടിയേറ്റത്തിന് ഇത് അവസരം ഒരുക്കി. ഇത് കേരളത്തിന് വലിയൊരു അനുഗ്രഹമായി ഭവിച്ചു. കുടിയേറ്റക്കാർ കേരളത്തിലേക്ക് അയച്ച പണം കേരളത്തിന്റെ സാമ്പത്തികവ്യവസ്ഥയ്ക്ക് വലിയൊരു താങ്ങായി പരിണമിച്ചു. കേന്ദ്രസർക്കാരും ഈ കുടിയേറ്റത്തെ ഔപചാരികമായി പ്രോത്സാഹിപ്പിക്കുകയും, അതിനെത്തുടർന്ന് ഒരു വിദേശകുടിയേറ്റ സംസ്‌കാരംതന്നെ ഇവിടെ ഉടലെടുക്കുകയും ചെയ്തു. പ്രാഥമികവിദ്യാഭ്യാസം ലഭിച്ച കേരള യുവാക്കൾ ‘ബ്ലുകോളർ’ ജോലിക്കായി ഗൾഫിലേക്കു പോകുന്ന പതിവ് ഇന്നും തുടരുന്നു. ‘വൈറ്റ് കോളർ’ തൊഴിലുകളുടെ സംഖ്യയിലും വർധന ഉണ്ടായിട്ടുണ്ട്. ഈ രാജ്യങ്ങളിൽ അവിടത്തുകാർക്കുതന്നെ ജോലി റിസേർവു ചെയ്യുന്ന സ്ഥിതിയുണ്ടായാൽ അനേകം ഇന്ത്യക്കാർക്ക് ജോലി നഷ്ടപ്പെടാം. അങ്ങനെ അവർ സ്വദേശത്തേക്കു മടങ്ങേണ്ടിവരുമെന്ന ആശങ്കയും നിലവിലുണ്ട്. എന്നാൽ, മൊത്തത്തിൽ നോക്കിയാൽ, ഗൾഫുരാജ്യങ്ങളുമായുള്ള ബന്ധം ഇന്ത്യയ്ക്ക് ഏറെ നേട്ടങ്ങൾ സമ്മാനിച്ചിട്ടുണ്ട് എന്നു കാണാം. അതേക്കുറിച്ച് വലിയ ആശങ്ക പുലർത്തേണ്ടതില്ല. തീർച്ചയായും, ഇവിടത്തെ സാമൂഹിക മാറ്റങ്ങളും സാമ്പത്തിക അസമത്വങ്ങളും ഇന്ത്യക്കാർ മതമൗലികവാദികളുടെ ഇരയായിത്തീരുന്നതുമെല്ലാം ഇന്ത്യക്കാരിൽ ആശങ്കയുണർത്തുന്ന കാര്യങ്ങളാണ്.


കേരളത്തിൽ ലഭിക്കുന്ന വിദ്യാഭ്യാസം ലോക നിലവാരത്തിനനുസരിച്ചുള്ളതല്ലായെന്ന തിരിച്ചറിവാണ്, കേരളയുവതയെ വിദേശവിദ്യാഭ്യാസത്തിൽ കൂടുതൽ ഉത്സുകരാക്കിയത്. ആഗോള റാങ്കിംഗിൽ, നമ്മുടെ വിദ്യാഭ്യാസമേഖല വളരെ താഴെയാണ്. സ്വദേശത്തോ വിദേശത്തോ തൊഴിൽ ലഭിക്കാനുള്ള നൈപുണ്യത്തിന്റെ കാര്യത്തിൽ നാം ഏറെ പിറകിലാണ്. പ്രഫഷനൽ വിദ്യാഭ്യാസത്തിനു വേണ്ടത്ര സീറ്റുകൾ ഇവിടെ ലഭ്യമല്ല. ഉദാഹരണം മെഡിക്കൽ മേഖലതന്നെ. തത്ഫലമായി കേരളത്തിൽനിന്ന് എത്രയോ കുട്ടികളാണ് മെഡിക്കൽ ബിരുദം നേടുന്നതിനായി വിദ്യാഭ്യാസച്ചെലവ് കുറഞ്ഞ രാജ്യങ്ങളിലേക്ക് പോകുന്നത്. എന്നാൽ, ഏതാനും ചില രാജ്യങ്ങളിൽനിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ കുട്ടികൾക്ക് ഇവിടെ ജോലി ചെയ്യാൻവേണ്ട മിനിമംയോഗ്യത ഇല്ലായെന്ന പരാതിയുമുണ്ട്. യുദ്ധംമൂലം പഠനം ഉപേക്ഷിച്ച് പോരേണ്ട സ്ഥിതി പല വിദ്യാർത്ഥികൾക്കും ഉണ്ടായി. യുക്രെയിനിൽനിന്ന് മടങ്ങിപ്പോരേണ്ടിവന്ന മെഡിക്കൽ വിദ്യാർത്ഥികളുടെ പ്രശ്‌നം ഒരു വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്. ഇത്തരം അനുഭവങ്ങളുടെ പശ്ചാത്തലത്തിലും മെഡിക്കൽ പഠനത്തിനായി നമ്മുടെ വിദ്യാർത്ഥികൾ എങ്ങോട്ടുപോകാനും തയ്യാറാണെന്നതാണ് സത്യം.


കൂടുതലായി ആഗോളീകരിക്കപ്പെട്ട ലോകത്ത്, ഇന്ത്യയിലെ വിദ്യാർത്ഥികൾ, വിദ്യാഭ്യാസച്ചെലവുകൾ വഹിക്കാൻ പ്രാപ്തരാണെങ്കിൽ വിദേശത്തുപോയി പഠിക്കും. അവരിൽ ഭൂരിഭാഗവും തൊഴിലിനായി സ്വദേശത്തേക്കു മടങ്ങിവരാത്ത സ്ഥിതി ഉണ്ടാകുകയും ചെയ്യും. ഇവിടെ നമുക്ക് വേണ്ടത്ര മനുഷ്യവിഭവശേഷി ഉള്ളതിനാൽ വിദേശത്തേക്കുള്ള നമ്മുടെ വിദ്യാർത്ഥികളുടെ ഒഴുക്ക് നമ്മുടെ രാജ്യത്തിന് ഒരു നേട്ടം തന്നെയാണ്. ജീവിതസായാഹ്നത്തിൽ അവർ സ്വരാജ്യത്തേക്കു മടങ്ങിവരുന്നത് നല്ല സമ്പത്തുകൊണ്ടായിരിക്കും.


നാം സൃഷ്ടിക്കുന്ന ബിരുദധാരികളുടെ സംഖ്യയ്ക്കു സമാനമായി തൊഴിലവസരങ്ങൾ ഉണ്ടാകുന്നില്ലായെന്ന വസ്തുത ഇന്ത്യയിൽ നിലനില്ക്കുന്നു. ഇന്ത്യയിൽ ജോലി ലഭിക്കാത്ത അനേകം ബിരുദധാരികൾ വിദേശങ്ങളിൽ ജോലി തേടാൻ നിർബന്ധിതരാകുന്നു. 2020-ലെ പുതിയ വിദ്യാഭ്യാസനയം വിഭാവനം ചെയ്തതുപോലെ, ആധുനിക, ലിബറൽ, വിവിധ വിഷയാധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായമാണ് ഇത്തരം ഒരു സന്തുലനത്തിനു വേണ്ടത്. എന്നാൽ, ഇതുവരെ കേരളം അതിനെ മാറോടണച്ചിട്ടില്ല. പുതിയ നയത്തിന്റെ പൂർണതോതിലുള്ള നടപ്പിലാക്കലിന് 30 വർഷത്തെ സമയപരിധിയാണ് നിശ്ചയിച്ചിട്ടുള്ളത്. അതിനാൽ, വിദേശവിദ്യാഭ്യാസം നേടാനുള്ള ത്വര തുടരുമെന്നുറപ്പാണ്. ഒപ്പം, നമ്മുടെ രാജ്യത്തുനിന്ന് പണം വിദേശത്തേക്ക് ഒഴുകുന്നതാണ്. ഇത്തരമൊരു ഒഴുക്കിനെ തടയാനുള്ള പ്രതിവിധി ഐ.ഐ.ടി പോലെയുള്ള മികവിന്റെ കേന്ദ്രങ്ങളായ സ്ഥാപനങ്ങൾ, ന്യൂജനറേഷൻ യൂനിവേഴ്‌സിറ്റികൾ സ്ഥാപിക്കുകയെന്നതാണ്. ലോകനിലവാരം ഈ സ്ഥാപനങ്ങൾക്കുണ്ടാവണം.


കുടിയേറ്റം ഒരു നൈസർഗിക പ്രതിഭാസമത്രേ. ആധുനികലോകത്ത്, കുടിയേറ്റത്തെ പാടേ തടയുകയല്ല, നാം ചെയ്യേണ്ടത്. വേണ്ട തോതിലും ഗുണനിലവാരത്തിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിലവസരങ്ങളും ഇവിടെത്തന്നെ സൃഷ്ടിക്കാനായാൽ നമ്മുടെ വികസന ലക്ഷ്യവുമായി അതിനെ ഏകോപിപ്പിക്കാനായാൽ, കൂടുതൽ ആളുകൾ ഇവിടെത്തന്നെ തങ്ങാൻ തയാറാകും. വിദേശത്തുപോയി പഠിക്കുന്ന കാര്യം അവർ ഒന്നുകൂടി ചിന്തിക്കും. വിദേശത്തു പോകാനുള്ള സാഹചര്യവും സമ്മർദവും കുറയുമ്പോൾ നമ്മുടെ ജനസംഖ്യയുടെ വിതരണത്തിൽ ഒരു സന്തുലനാവസ്ഥ വന്നുചേരും. ഇന്ത്യയിലെ ജനസംഖ്യയിൽ ഭൂരിഭാഗവും യുവാക്കളാണെന്ന സത്യം കണക്കിലെടുക്കുമ്പോൾ, ലോകത്തിന്റെ ധിഷണാപരമായ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കേണ്ട ചുമതല അവരുടെ തോളിൽത്തന്നെ ഇരിക്കുമ്പോൾ, ഇന്ത്യയിൽനിന്ന് അനേകം പേർ വിദേശത്തേക്കു കുടിയേറുമെന്നത് വലിയ ആശങ്കയോടെ കാണേണ്ട കാര്യമല്ല. എന്നാലും ഇന്ത്യയ്ക്കുവേണ്ട ധിഷണാശേഷി ഇവിടെ അവശേഷിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

(ഇന്ത്യയുടെ മുന്‍ അംബാസഡറാണ് ലേഖകൻ)


മൊഴിമാറ്റം : മാത്യൂ കുരിശുംമൂട്ടില്‍