ജീവിതം സുന്ദരമാക്കാൻ.. – ഡോ. എന്‍. എസ്. സേവിയർ, MD

ജീവിതത്തിന്റെ ഏതവസ്ഥയിലും യഥാർത്ഥ മനഃസാക്ഷിയുടെ (real conscience) വിനിയോഗത്തിലൂടെ ജീവിതം സുന്ദരമാക്കിത്തീർക്കാമെന്ന ആശയമാണ് ഞാനിവിടെ പങ്കുവയ്ക്കുന്നത്.  അമേരിക്കയിലെ അലബാമയിൽ സൈക്യാട്രിസ്റ്റായി മൂന്നു ദശാബ്ദത്തിലേറെ നടത്തിയ പഠനപരീക്ഷണങ്ങളും അനുഭവങ്ങളുമാണ് ഈ പങ്കുവയ്ക്കലിന് ആധാരം. മനഃസാക്ഷിയും അന്തഃകരണശക്തി(superego)യും തമ്മിലുള്ള വേർതിരിവ് അറിയാതെ പലപ്പോഴും നാം ചിന്താകുഴപ്പത്തിലാകാറുണ്ട്. മനഃസാക്ഷിയുടെ പ്രവർത്തനങ്ങളെ പൊതുവേ നിയന്ത്രിക്കുകയും സാമൂഹികനിയമങ്ങൾ അനുസരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ശക്തിയാണ് സൂപ്പർഈഗോ. ചെറുപ്പംമുതലേ, കുടുംബത്തിൽനിന്നും സമൂഹത്തിൽനിന്നും നാം ആർജിച്ചെടുക്കുന്ന മൂല്യവ്യവസ്ഥയും ലോകവീക്ഷണവും പെരുമാറ്റവുമൊക്കെയാണ് സൂപ്പർഈഗോയെ രൂപപ്പെടുത്തുന്നത്.  നിയമബന്ധിതവും അനുഷ്ഠാനപരവുമായ ധാർമികചട്ടക്കൂടാണ് അതിനുള്ളത്. എന്നാൽ, സൂപ്പർഈഗോയോടൊപ്പം യുക്തിയും (reason) അപരചിന്തയും സമന്വയിക്കുമ്പോൾ യഥാർത്ഥ മനഃസാക്ഷി രൂപപ്പെടുന്നു. എല്ലാ മതങ്ങളും അനുശാസിക്കുന്ന സുവർണനിയമം(Golden Rule) യഥാർത്ഥ മനഃസാക്ഷിയുടേതാണ്. “മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ അപ്രകാരം മറ്റുള്ളവരോടും പെരുമാറുക.”


മൗലികവാദമില്ലാത്ത വിശ്വാസവും ദുർവിനിയോഗം ചെയ്യപ്പെടാത്ത അധികാരവും അഹങ്കാരമില്ലാത്ത ആത്മാഭിമാനവും കാർക്കശ്യമില്ലാത്ത ചിട്ടയും വിദ്വേഷം വെടിഞ്ഞ ബന്ധങ്ങളും മുൻവിധികളില്ലാത്ത വിചാരണയും സ്വാർത്ഥതയില്ലാത്ത തീരുമാനങ്ങളും സാഹചര്യബന്ധമായ ധാർമികതയും യഥാർത്ഥ മനഃസാക്ഷിയിൽ നിന്നുടലെടുക്കുന്നു. ദൗർഭാഗ്യമെന്നു പറയട്ടെ, ഉത്തമമായ മനഃസാക്ഷിയെ രൂപപ്പെടുത്തേണ്ട മതങ്ങളും പ്രത്യയശാസ്ത്രങ്ങളും ഇന്ന് വിഭാഗീയതയുടെയും വർഗീയതയുടെയും മതഭ്രാന്തിന്റെയും ‘സൂപ്പർഈഗോ’യാണ് ഊട്ടിയുറപ്പിക്കുന്നത്.


സൂപ്പർഈഗോയുടെ തലം ഉപരിപ്ലവമാണ്; മനഃസാക്ഷിയുടേതാകട്ടെ, ആഴത്തിൽ വേരുകളുള്ളതും. ‘ഹൃദയത്തിൽ ആലേഖനം ചെയ്യപ്പെട്ട നിയമമാണ് ’  മനഃസാക്ഷിയുടേത്. സ്നേഹവും കരുണയും അനുകമ്പയും ധാർമികതയും നീതിബോധവും യഥാർത്ഥ മനഃസാക്ഷിയിലുണ്ട്. സോക്രട്ടീസും സീസറോയും കൺഫ്യൂഷസും ഗാന്ധിജിയും മാർട്ടിൻ ലൂഥറുമൊക്കെ മനഃസാക്ഷിക്കനുസരിച്ച്  ജീവിച്ചവരാണ്.  മഹാഭാരതവും മനുസ്മൃതിയും ബുദ്ധനും ജൈനനും സൗരാഷ്ട്രരും  സിക്കുമതവും പഠിപ്പിക്കുന്ന അടിസ്ഥാനതത്ത്വങ്ങൾ ഹൃദയബന്ധിയാണ്.


മനഃസാക്ഷിക്കനുസരിച്ച് ജീവിക്കുന്നതിന് നാല് മാർഗങ്ങളാണുള്ളത്. ഒന്നാമത്തേത്, അവബോധം(awareness). നടപ്പാക്കാനിരിക്കുന്ന തീരുമാനത്തിന്റെ വരുംവരായ്കകളെക്കുറിച്ചുള്ള ബോധ്യങ്ങളാണിത്. തുറവിയുള്ള മനസ്സും സത്യത്തോടുള്ള ആഭിമുഖ്യവും വിവരശേഖരണവും ഇതിലെ പ്രധാന ഘടകങ്ങളാണ്. രണ്ടാമത്തേത്, തീരുമാനം(decision).  തനിക്കും മറ്റുള്ളവർക്കും ഉപകാരപ്പെടുംവിധം തീരുമാനമെടുക്കുന്നതിന് നാനാവിധ സാധ്യതകളെ വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.അവബോധപ്രക്രിയയിൽ കൈവരിച്ച വിവരങ്ങളും കുടുംബം, മതം, മാധ്യമം, വിദ്യാഭ്യാസം തുടങ്ങിയ മണ്ഡലങ്ങളിൽ നിന്നു ശേഖരിച്ച വസ്തുതകളും നിർദേശങ്ങളും ഈ ഘട്ടത്തിൽ പ്രയോജനപ്പെടുത്തണം. മനുഷ്യജീവിതത്തിലെ പച്ചയായ യാഥാർഥ്യങ്ങളെയും വിശകലനം ചെയ്യേണ്ടതുണ്ട്. മൂന്നാമത്തേത്, പ്രവർത്തനം (action). തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാകണം, പ്രവർത്തനങ്ങൾ. ഏതൊരു തീരുമാനവും പ്രാവർത്തികമാക്കുന്നതിന് ശിക്ഷണം(discipline) അനിവാര്യമാണ്. ആത്മനിയന്ത്രണവും ആത്മധൈര്യവും ജ്ഞാനവും ഉള്‍ക്കാഴ്ചകളും അതിനു സഹായകമാകും. നാലാമത്തേത്, വിലയിരുത്തൽ (reassessment) തീരുമാനങ്ങളും പ്രവർത്തനങ്ങളും വിലയിരുത്തുന്ന പ്രക്രിയയാണിത്. വിലയിരുത്തലിലൂടെ ലഭിക്കുന്ന ഗുണപാഠങ്ങൾ ഭാവി തീരുമാനങ്ങൾ എടുക്കുന്നതിന് ഏറെ സഹായകമാണ്. ഒരു കാര്യം ചെയ്യുന്നതിനു മുൻപും പിൻപും അത് ശരിയോ തെറ്റോ എന്ന് മനസ്സിനെ ബോധ്യപ്പെടുത്തുന്ന അന്തര്‍ശക്തിയാണ് മനഃസാക്ഷി. മനുഷ്യന്റെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും കാരണം അവന്റെ ആവശ്യങ്ങളാണ്. ശാരീരികവും മാനസികവും ബൗദ്ധികവും ആത്മീയവുമായ നാനാവിധ ആവശ്യങ്ങൾ നിവർത്തിക്കുന്നതിന് ഉദാത്തമായ മറുവഴികളുണ്ടെന്ന് മനഃസാക്ഷിയെ ബോധ്യപ്പെടുത്തുകയാണ് പ്രശ്നപരിഹാരം. ക്ലിനിക്കിൽ ചികിത്സ തേടിയെത്തുന്ന അനേകർക്കും, മനസ്സിൽ ഉണങ്ങാത്ത മുറിവുമായി നരകജീവിതം നയിക്കുന്നവർക്കും ദാമ്പത്യജീവിതം തകർന്ന കുടുംബങ്ങള്‍ക്കും  ലഹരിക്കടിമപ്പെട്ടവർക്കും വാർദ്ധക്യത്തിലെ ഏകാന്തതയിൽ ജീവിതം തളയ്ക്കപ്പെട്ടവർക്കും മാനസികരോഗികള്‍ക്കും മനഃസാക്ഷിയുടെ യഥാർത്ഥ വിനിയോഗത്തിലൂടെ പ്രത്യാശയുടെ മറുവഴികൾ കാണിച്ചുകൊടുക്കാനാവുന്നത്  ജീവിതത്തിലെ വലിയൊരു സൗഭാഗ്യമായി ഞാൻ കരുതുന്നു.


(ലേഖകന്‍, പ്രശസ്ത മനഃശാസ്ത്രജ്ഞനും Fulfilment Using Real Conscience, The Two Faces of Religion: A Psychiatrist’s View, The Holy Region: A Wonder of World Religions in Harmony,എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.)