സ്വാതന്ത്ര്യത്തിന്റെ മനുഷ്യാനുഭവങ്ങൾ – കെ.വേണു/കെ.ജെ. ജോണി

കേരളത്തിന്റെ ബൗദ്ധികമണ്ഡലത്തിൽ ദശകങ്ങളായി ഗൗരവമേറിയ അന്വേഷണങ്ങളാലും രാഷ്ട്രീയ സത്യസന്ധതയാലും വേറിട്ടുനിൽക്കുന്ന വ്യക്തിത്വമാണ് കെ. വേണു. കമ്മ്യൂണിസ്റ്റ് വിമോചനസ്വപ്നങ്ങളുമായിജനാധിപത്യവാദിയായിമനുഷ്യാവകാശപ്രവർത്തകനായി സഞ്ചരിച്ച ഒരു സത്യാന്വേഷകന്റെ മനുഷ്യാനുഭവത്തിന്റെ വിവിധ തലങ്ങളുടെ അഭിമുഖത്തിന്റെ തുടര്‍ച്ച കെ.വേണുവിന്റെ ധൈഷണിക ജീവിതം കൂടുതൽ തെളിച്ചത്തോടെ യാത്ര തുടരുകയാണ്. പ്രപഞ്ചത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുള്ള പുതിയ ഉൾവെളിച്ചവുമായി അദ്ദേഹം പ്രകാശിക്കുകയാണ്.


ഒരു ശാസ്ത്രജ്ഞനാകാൻ ആഗ്രഹിച്ച ആളാണ് കെ.വി. അതിന്റെ ഭാഗമായി ‘പ്രപഞ്ചവും മനുഷ്യനും’ എന്ന ഒരു പുസ്തകം തന്നെ എഴുതി. അതുകഴിഞ്ഞിട്ട് രാഷ്ട്രീയത്തിലേക്കാണ് വരുന്നത്. ഒരു സയന്റിസ്റ്റിനെ നഷ്ടപ്പെട്ടില്ലേ എന്നു പറഞ്ഞാൽ അത് ശരിയാരിക്കുമോ


ശരിയല്ലെന്നാണ് എന്റെ പക്ഷം. കാരണംഞാനന്ന് പി.എച്ച്.ഡി. ഗവേഷണം നടത്തുന്നത് എൻഡോക്രൈനോളജി എന്ന ഹോർമോണുകളെക്കുറിച്ചുള്ള ഒരു പഠനത്തിനാണ്. എൻഡോക്രൈനോളജിയിൽ വിപുലമായ ഗവേഷണമൊക്കെ നടത്തി എന്തെങ്കിലുമൊരു കണ്ടുപിടിത്തം നടത്തി ഒരു എൻഡോക്രൈനോളജിസ്റ്റ് എന്ന രീതിയിൽ അറിയപ്പെടുന്ന ഒരു ശാസ്ത്രജ്ഞനൊക്കെ ആയിക്കൂടായ്കയില്ല. പക്ഷേഅതിനേക്കാളൊക്കെ എത്രയോ വിപുലമായ മേഖലയിലേക്കാണ് എന്റെ അന്വേഷണങ്ങൾ കടന്നത്. എന്റെ ശാസ്ത്രീയാന്വേഷണങ്ങൾ വിപുലമായ മറ്റു മേഖലകളിലേക്കുക്കൂടി വ്യാപരിപ്പിക്കാൻ സാധിച്ചു എന്നതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്. ശാസ്ത്രജ്ഞനാകാൻ പറ്റാത്തതിൽ  നഷ്ടബോധമില്ല. ശാസ്ത്രഗവേഷണത്തിൽമാത്രം ചുരുങ്ങാതെ വ്യത്യസ്തമായ ലോകത്തിലേക്ക് കടക്കാനും അവിടെ ശാസ്ത്രീയ അന്വേഷണങ്ങളൊക്കെ നടത്താനുള്ള അവസരം കിട്ടുകയും ചെയ്തു.


ഈ ശാസ്ത്രീയാന്വേഷണത്തിന്റെ ഭാഗമായി രൂപപ്പെട്ട സാമൂഹിക,രാഷ്ട്രീയ പ്രവർത്തനങ്ങളിൽ എങ്ങനെയാണ് പാളിച്ച വരുന്നത്


ശാസ്ത്രീയമെന്ന് നമ്മൾ സങ്കല്പിക്കുന്നു എന്നേയുള്ളൂ. അതായിക്കൊള്ളണമെന്നില്ലല്ലോ. അത് അനുഭവത്തിൽക്കൂടിയാണ് തെളിയിക്കുക. ഏത് ശാസ്ത്രഗവേഷണവും ആദ്യം ഒരു സാങ്കല്പികമായ സിദ്ധാന്തമായാണ് നടപ്പിലാക്കുന്നത്. പരീക്ഷണത്തിലൂടെയാണ് അത് തെറ്റാണെന്ന് തെളിയുക. അപ്പോൾ വീണ്ടും മാറ്റി പറയണം. അന്നത്തെ മാവോയിസ്റ്റ് വിപ്ലവം വളരെ ശാസ്ത്രീയമായ ഒരു പദ്ധതിയാണെന്ന് ആത്മാർത്ഥമായി വിശ്വസിച്ചുകൊണ്ടാണ് ഞാനതിൽ ഇടപെടുന്നത്. അത് നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത്. ആയത് മാർക്‌സിന്റെ ശാസ്ത്രീയത അതിന്റെ തന്നെ വികസിതരൂപമായ മാവോയിസത്തിന്റെ ഒരു ശാസ്ത്രീയാന്വേഷണം. ചൈനയിൽ വിജയംകണ്ടപ്പോൾ അത് ഇന്ത്യയിൽ പ്രയോഗിച്ചുനോക്കാം എന്നുള്ള രീതിയിലാണ് പ്രവര്‍ത്തിച്ചത്. അതിന്റെ പാളിച്ചകൾ പിന്നീടാണ് മനസ്സിലാകുന്നത്.


സ്വാഭാവികമായും, ചൈനയിലും റഷ്യയിലും നടന്നിരുന്ന കാര്യങ്ങൾ യാഥാർത്ഥ്യമായിരുന്നില്ല എന്നുള്ളത് നമ്മൾ പിന്നീടല്ലേ അറിയുന്നത്.


ചൈനയിലെയും  സോവിയറ്റ് യൂണിയന്റെയും മറ്റു സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയും തകർച്ചയുടെ ചരിത്രം പഠിച്ചിട്ട് അവിടെ എന്താണ് തകരാറ് പറ്റിയത് എന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് മാർക്‌സിസ്റ്റ് ആശയത്തെ മൊത്തം ഞാൻ തള്ളിക്കളയുന്നത്. അപ്പോൾ സ്വാഭാവികമായും ഇന്ത്യയിലും അതിന് പ്രസക്തിയില്ല എന്ന് മനസ്സിലാക്കുകയും അങ്ങനെയാണ് രാഷ്ട്രീയത്തിൽനിന്ന് പൂർണമായും മാറുന്നത്.


കേരളത്തിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ വളരെ പുരോഗമനപരമായ പല കാര്യങ്ങൾ നടപ്പിലാക്കി എന്നാണ് പറയുന്നത്. പക്ഷേ, ഈ ഭൂപരിഷ്‌കരണനിയമം കൊണ്ടുവന്നിട്ടും കേരളത്തിൽ ഇപ്പോഴും അടിസ്ഥാനവർഗത്തിലുള്ള പലർക്കും ഭൂമി കിട്ടിയിട്ടില്ല. വിദ്യാഭ്യാസം ഒരു പരിധിവരെ കിട്ടിയിട്ടുണ്ട്. പക്ഷേ, ആ വിദ്യാഭ്യാസം നമുക്ക് നേടിത്തന്നിട്ടുള്ളത് എന്താണെന്നാണ് കെ.വി. വിലയിരുത്തുന്നത്?


ഭൂപരിഷ്‌കരണത്തെ സംബന്ധിച്ച് എനിക്ക് വേറൊരു അനുഭവം ഉണ്ടായിട്ടുണ്ട്. ഞാൻ ജെ.എസ്.എസിലൊക്കെ പ്രവർത്തിക്കാൻ തുടങ്ങുന്നതിന്റെ ആദ്യഘട്ടത്തിൽഗൗരിയമ്മയുമായി സംസാരിച്ചുതുടങ്ങിയ കാലത്ത് നിങ്ങള്‍ നടപ്പിലാക്കിയെന്നവകാശപ്പെടുന്ന ഭൂപരിഷ്‌കരണനിയമം കൊണ്ട് എന്താണ് യഥാർത്ഥത്തിൽ ഉണ്ടായത് എന്ന് അവരോടു ചോദിക്കുകയുണ്ടായി. കുട്ടനാട്ടിലെ വയലുകളിലെ വരമ്പുകളിൽ വരമ്പുകളിൽ കുടിൽ കെട്ടിയിട്ടാണ് അവിടത്തെ കർഷകത്തൊഴിലാളികൾ താമസിക്കുന്നത്. അവർക്ക് ഒരു ഇഞ്ച് ഭൂമി കിട്ടിയിട്ടില്ല. പിന്നീട് ഒരു പത്ത് സെന്റ് ഒക്കെ കൊടുത്തു എന്നുള്ളത് ശരിതന്നെ. അപ്പോഴും കൃഷിഭൂമി അവർക്ക് കിട്ടുന്നില്ല. ഭൂപരിഷ്‌കരണംകൊണ്ട് ഇതാണ് സംഭവിച്ചത് എന്നു പറഞ്ഞപ്പോൾ അവർ ആകെ ക്ഷുഭിതയായി. പിന്നീട് ഞാനത് സാവകാശത്തിൽ പറഞ്ഞു മനസ്സിലാക്കിക്കൊടുത്തപ്പോൾ അവരത് അംഗീകരിച്ചു. കമ്മ്യൂണിസ്റ്റുകാർ ജാതിവ്യവസ്ഥയെ മനസ്സിലാക്കാതിരുന്നതുകൊണ്ട് പറ്റിയ അബദ്ധമാണത്. വർഗവും ജാതിയും തമ്മിലുള്ള പ്രശ്‌നം എന്താണെന്ന് തിരിച്ചറിയായ്ക. ജാതിവ്യവസ്ഥ പ്രകാരം പാട്ടഭൂമി പിന്നാക്കക്കാർക്കും ന്യൂനപക്ഷങ്ങൾക്കുമേ കൊടുക്കാറുള്ളൂ. പട്ടികജാതിക്കാർക്ക് കൊടുക്കാറില്ല. ജാതിയാണ് കാരണം. അവർ കൃഷിചെയ്യാത്തവരല്ല. അപ്പോൾ, കമ്മ്യൂണിസ്റ്റുകാർ വർഗസമീപനം വച്ചുകൊണ്ട് ജന്മിത്വം ഇല്ലാതാക്കിയപ്പോൾ പാട്ടഭൂമി ജന്മി-കുടിയാൻ എന്നുള്ള വൈരുദ്ധ്യം പരിഹരിച്ചു. പക്ഷേജാതിവ്യവസ്ഥ കാരണം യഥാർത്ഥ കൃഷിക്കാരന് ഭൂമി കിട്ടുന്നില്ല എന്ന അവസ്ഥ വന്നപ്പോൾ കണ്ണടച്ചു. ഇത് മനസ്സിലാക്കാത്തതാണ് കമ്മ്യൂണിസ്റ്റുകാർക്ക് പറ്റിയ അബദ്ധം. ഭൂപരിഷ്‌കരണത്തിന്റെ പരാജയത്തിന്റെ പ്രധാന കാരണം ഇതുതന്നെയാണ്.